വാഷിങ്ടൺ: യു.എസ്. സെനറ്റിലെ മറ്റ് ഫർണിച്ചറിനെപ്പോലെ തന്നെയാണ് ഈ മേശയും. വ്യത്യസ്ത വിഷയങ്ങളിൽ വാഗ്വാദങ്ങളും തമ്മിൽ തല്ലും നടക്കുമ്പോൾ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളെ തമ്മിൽ ചേർത്തു നിർത്തുന്ന ഇടമാണ് ഈ മേശ. കാരണമെന്താണല്ലേ, ഈ മേശയുടെ അറയ്ക്കുള്ളിൽ നിറയെ മിഠായികളാണ്. ചോക്കലേറ്റുകളും കോലുമിഠായികളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഇടമാണിത്.
അരനൂറ്റാണ്ടിലേറെയായി സെനറ്റംഗങ്ങളെ ചേർത്തുനിർത്തുന്ന ഇടം. റിപ്പബ്ലിക്കൻ അംഗങ്ങളാണ് ഈ മിഠായി അറയുടെ സൂക്ഷിപ്പുകാർ.
റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഇരിക്കുന്ന ഭാഗത്ത് കയറിച്ചെല്ലുന്ന വാതിലിനു സമീപത്തായാണ് ഈ മേശയുടെ സ്ഥാനം. മേശയുടെ അറ എപ്പോഴും മിഠായികളാൽ നിറഞ്ഞിരിക്കണമെന്നുള്ളത് നിർബന്ധമാണ്.
സഭയിൽ ആഴമേറിയ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾ നടക്കുമ്പോഴും അറയ്ക്കുള്ളിൽ മിഠായി ഉണ്ടെന്ന് ഉറപ്പുവരുത്തണം.
നിലവിൽ ഈ മേശ ഉപയോഗിക്കുന്നത് പെൻസിൽവാനിയയിൽനിന്നുള്ള സെനറ്റംഗം പാറ്റ് ടൂമെയ് ആണ്. മേശയുടെ അറ നിറയെ ഇപ്പോഴും എപ്പോഴും നിറഞ്ഞിരിക്കുമെന്ന് ഉറപ്പുതരുന്നതായി ടൂമെയ് പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത ചൂടുപിടിച്ച ചർച്ചകളിൽ അംഗങ്ങളുടെ വിശപ്പകറ്റുക എന്നതല്ല ഈ മിഠായി കൊണ്ട് അർത്ഥമാക്കുന്നത്.
സെനറ്റംഗങ്ങളിൽ മൂന്നിലൊന്ന് പേരു 70 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരാണ്. അതിനാൽ, ചെറിയ സമയങ്ങളിൽ അംഗങ്ങളെ ഉത്സാഹഭരിതരായി നിർത്താനാണ് ഈ മിഠായിപ്പെട്ടി കൊണ്ട് ഉദ്ദേശിക്കുന്നത്.
മണിക്കൂറുകൾ നീണ്ട സമ്മേളനങ്ങളിൽ സെനറ്റംഗങ്ങളെ ഊർജസ്വലതയോടെ നിലനിൽത്തുന്നതിനാണ് ഈ മിഠായി വിദ്യയെന്നും പെൻസിൽവാനിയയിൽനിന്നുള്ള സെനറ്റംഗം സാന്റോറിയം കഴിഞ്ഞ വർഷം ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
2020-ൽ മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേയുള്ള ആദ്യ ഇംപീച്ച്മെന്റ് നടപടികൾ നടക്കുന്ന സമയത്ത്, വലിയ പെട്ടികളിൽ മിഠായികൾ ടൂമെയ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയെന്നതായിരുന്നു. 2015 മുതൽ മിഠായി മേശയുടെ ചുമതലയും പരിപാലനവും ടൂമെയ്യുടെ ഉത്തരവാദിത്വം ആണ്.
കാലിഫോർണിയയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റംഗമായ ജോർജ് മുർഫിയാണ് 1968-ൽ ആദ്യമായി മിഠായി മേശയ്ക്ക് തുടക്കമിട്ടത്. നടനും ഡാൻസറുമൊക്കെയായിരുന്നു അദ്ദേഹം. തന്റെ മേശവലിപ്പിൽ മിഠായികൾ സൂക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഇരിപ്പിടം മാറ്റിയപ്പോഴെല്ലാം മിഠായിയും ഒപ്പം കൊണ്ടുപോയി. അവസാനം അദ്ദേഹം മിഠായികൾ സൂക്ഷിച്ച സ്ഥലത്താണ് ഇപ്പോൾ മിഠായികളിരിക്കുന്നത്. ജോർജ് മുർഫിയ്ക്കുശേഷം ഒട്ടേറെ റിപ്പബ്ലിക്കൻ സെനറ്റംഗങ്ങൾ ഈ മിഠായി അറയുടെ ഉത്തരവാദിത്വം വഹിച്ചു.
1980 കാലഘട്ടം വരെ സെനറ്റിൽ മേശവലിപ്പിൽ മിഠായി സൂക്ഷിക്കുന്ന വിവരം പുറംലോകം അറിഞ്ഞിരുന്നില്ല. വാഷിങ്ടണിൽനിന്നുള്ള സെനറ്റംഗമായ സ്ലേഡ് ഗോർട്ടൺ താൻ ഇരിക്കുന്നത് മിഠായി മേശയ്ക്ക് അരികിലാണെന്ന് പറഞ്ഞപ്പോഴാണ് സെനറ്റിൽ അങ്ങനെയൊരു സംഭവമുള്ളതായി എല്ലാവരും അറിയുന്നതു തന്നെ. സെനറ്റിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിന് അനുമതി ഇല്ലാത്തതിനാലാണ് ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചത്.
Content highlights: the history of us senate sweet candy desk heres all you need to know