തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുമ്പുതന്നെ ക്രമക്കേടുകൾ കണ്ടെത്തിയ സഹകരണ സ്ഥാപനങ്ങളുടെ എണ്ണം 49. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ സഹകരണ മേഖലയിലെ ക്രമക്കേടുകളുടെ ആഴം പുറത്തുവന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പി.കെ. ബഷീർ എംഎൽഎയാണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഇതിലാണ് 49 സഹകരണ സംഘങ്ങളിൽ ക്രമക്കേട് നടന്നതായി സർക്കാർ സമ്മതിച്ചിരിക്കുന്നത്. 25 വലുതും ചെറുതുമായ സഹകരണ ബാങ്കുകളിൽ ഉൾപ്പെടെയാണ് ക്രമക്കേടുകൾ നടന്നതായി മന്ത്രി നൽകിയ മറുപടിയിൽ പറയുന്നത്. ക്രമക്കേടുകളുമായിബന്ധപ്പെട്ട് ഇത്രയും സ്ഥാപനങ്ങളിൽ നിന്നായി 68 പേർക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറയുന്നു.
അതേസമയം 2019ൽ തന്നെ അന്നത്തെ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന മറുപടിയാണ് മന്ത്രി നൽകിയിട്ടുള്ളത്. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകളെപ്പറ്റി 2019ൽ അന്നത്തെ സഹകരണവകുപ്പ് മന്ത്രിക്ക് പരാതി കിട്ടിയിട്ടും നടപടി സ്വീകരിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് അൻവർ സാദത്ത്, കെ. ബാബു, സജീവ് ജോസഫ്, എ.പി.അനിൽകുമാർ എന്നീ എംഎൽഎമാർ സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും ഇപ്പോൾ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചുവെന്നുമാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്.
2019ൽ തന്നെ പരാതി ലഭിച്ചിട്ടും അതിന്മേൽ ശക്തമായ നടപടി ഉണ്ടാകാതിരുന്നതാണ് കരുവന്നൂർ ബാങ്ക് ക്രമക്കേട് ഇത്രയധികം ഗുരുതരമാകാൻ കാരണം. ബാങ്കിലെ ക്രമക്കേട് പരസ്യമായതോടെയാണ് സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കാൻ നിർബന്ധിതരായത്. നിലവിൽ കേരളത്തിൽ സഹകരണ നിയമപ്രകാരം സഹകരണ ബാങ്കുകൾ ഉൾപ്പെടെ 16,112 സംഘങ്ങളാണ് ഉള്ളത്. സർക്കാർ നടപടികളിലെ സുതാര്യതയില്ലായ്മ സഹകരണ മേഖലയുടെ നട്ടെല്ലൊടിക്കാൻ കാരണമാകും
മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ പറഞ്ഞ ക്രമക്കേടുകൾ കണ്ടെത്തിയ സഹകരണ സ്ഥാപനങ്ങൾ
ചിറയിൻകീഴ് താലുക്ക് ഓട്ടോ തൊഴിലാളി സഹകരണ സംഘം
നെടുമങ്ങാട് ടൗൺ ഹോട്ടൽ സഹകരണ സംഘം
കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘം,
പള്ളിച്ചൽ കോ-ഓപ്പറേറ്റീവ് അഗ്രികൾചറൽ സഹകരണ സംഘം
ഇളവനിക്കര വനിതാ സഹകരണ സംഘം, കാഞ്ഞിരംകുളം കൺസ്യൂമർ സഹകരണ സംഘം
വെൺകുളം റസിഡൻസ് വെൽഫയർ സഹകരണ സംഘം
കൊല്ലയിൽ പഞ്ചായത്ത് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സഹകരണ സംഘം
പള്ളിച്ചൽ ഫാർമേഴ്സ് സഹകരണ സംഘം
നെയ്യാറ്റിൻകര കാർഷിക മൃഗസംരക്ഷണ മത്സ്യകർഷക വെൽഫെയർ സഹകരണ സംഘം
മുക്കന്നൂർ സർവീസ് സഹകരണ ബാങ്ക്
മണീട് സഹകരണ ബാങ്ക്
കർത്തേടം സർവീസ് സഹകരണ ബാങ്ക്
സുൽത്താൻബത്തേരി കാർഷിക താലൂക്ക് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്
വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക്
കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം
ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്ക്
വണ്ണപ്പുറം സർവീസ് സഹകരണ ബാങ്ക്
കട്ടപ്പന നഗരസഭാ വനിതാ സഹകരണ സംഘം
മഹാത്മാഗാന്ധി മൾട്ടിപർപ്പസ് സഹകരണ സംഘം
ആലത്തൂർ ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് സഹകരണ സംഘം
കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം
കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക്
കുമരകം സർവീസ് സഹകരണ ബാങ്ക്
ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക്
ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക്
ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക്
തലപ്പലം സർവീസ് സഹകരണ ബാങ്ക്
കണ്ണിമല സർവീസ് സഹകരണ ബാങ്ക്
ചെങ്ങന്നൂർ സർവീസ് സഹകരണ ബാങ്ക്
കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്
കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക്
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക്
കുന്നമംഗലം മേഖലാ കാർഷിക വെൽഫെയർ സഹകരണ സംഘം
ഫറോക്ക് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സഹകരണ സംഘം
ക്ലാപ്പന സർവീസ് സഹകരണ ബാങ്ക്
നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്
ആദിച്ചനല്ലൂർ റൂറൽ സഹകരണ സംഘം
മൈലം പഞ്ചായത്ത് ജനസേവിനി വനിതാ സഹകരണ സംഘം
നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്
മയ്യനാട് സർവീസ് സഹകരണ ബാങ്ക്
ത്രിക്കരുവ പഞ്ചായത്ത് റസിഡൻസ് വെൽഫെയർ സംഹകരണ സംഘം
അബ്ദുൽ റഹിമാൻ നഗർ സർവീസ് സഹകരണ ബാങ്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൻഷനേഴ്സ് സഹകരണ സംഘം
പരപ്പനങ്ങാടി പട്ടികജാതി സർവീസ് സഹകരണ സംഘം
മോങ്ങം അർബൻ സഹകരണ സംഘം
നെടിയിരുപ്പ് വനിതാ സഹകരണ സംഘം
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്
Content Highlights:V. N. Vasavan on co operative bank frauds