ഭക്ഷണം ബാക്കിയായാൽ ഫ്രിഡ്ജിൽ വെക്കുകയോ ചൂടാക്കി ഉപയോഗിക്കുകയോ അല്ലാതെ തരമില്ല. എന്നാൽ എത്ര സമയം ഇവ ഫ്രിഡ്ജിൽ വെക്കാം എന്നത് പ്രധാനമാണ്. തണുപ്പിച്ച് ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ ചില കരുതൽ വേണമെന്നാണ് ആയുർവേദ ഡോക്‍ടറായ വരലക്ഷ്മി യനമന്ദ്ര പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വരലക്ഷ്മി ഇതുസംബന്ധിച്ച് കുറിച്ചിരിക്കുന്നത്.
ഫ്രഷ് ആയ ഭക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും 24 മണിക്കൂർ പഴകിയവ പരമാവധി ഒഴിവാക്കണമെന്നും പറയുന്നതിൽ കാര്യമുണ്ടെന്നു പറഞ്ഞാണ് വരലക്ഷ്മി കുറിക്കുന്നത്. ഒരിക്കൽ ഭക്ഷണം പാകം ചെയ്‌യുമ്പോൾ അതിൽ നനവുണ്ടായിരിക്കും. അത് ഫ്രിഡ്ജിൽ വെക്കുമ്പോഴുമുണ്ടാവും. അതുവഴി ബാക്റ്റീരിയയ്‍ക്കും മറ്റു രോഗകാരികളായ വസ്തുക്കൾക്കും വളരാനുള്ള ഇടമൊരുക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു.
ഓരോ ഭക്ഷണവും സൂക്ഷിക്കുന്നതിൽ വ്യത്യസ്ത മാർഗനിർദേശങ്ങളുമുണ്ടാവും. അത് ഉറപ്പു വരുത്തണം. ഫ്രിഡ്ജിൽ വച്ച ഭക്ഷണം നന്നായി ചൂടാക്കേണ്ടതുണ്ട്. പക്ഷേ ഇതുവഴി അവശ്യ പോഷകങ്ങൾ നഷ്ടമാകും. ഇനി തെറ്റായ രീതിയിലാണ് ഇവയുടെ പുനരുപയോഗമെങ്കിൽ ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ടെന്നും വരലക്ഷ്മി കുറിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അക്കമിട്ട് പറയുന്നുമുണ്ട് അവർ. പാകം ചെയ്ത ഭക്ഷണം 90 മിനിറ്റിനകം അവ തണുത്തതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കണം എന്നതാണ് ആദ്യത്തേത്. ഒരുതവണയിൽ കൂടുതൽ ചൂടാക്കരുത്. പുറത്തെടുത്ത് വീണ്ടും ചൂടാക്കുമ്പോൾ നന്നായി ചൂടായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മൈക്രോവേവിൽ ചൂടാക്കുന്നത് അഭികാമ്യമല്ല, ഇറച്ചിയും പാലുൽപ്പന്നങ്ങളും മത്സ്യങ്ങളുമൊക്കെ ഫ്രിഡ്ജിൽ വെക്കുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്.
Content Highlights: Should Leftover Food be Stored in Fridge?