കഴിഞ്ഞ 20 വർഷമായി വടക്കൻ ഓസ്ട്രേലിയയിലുടനീളം ജനവാസമേഖയിലെത്തുന്ന ഭീമൻ ഉരഗങ്ങളെ പിടിച്ച് കാട്ടിലേക്ക് മാറ്റുന്ന മാറ്റ് റൈറ്റിന്റെ മകനാണ് ലിറ്റ് ബാൻജോ. അടുത്തിടെ റൈറ്റ് തന്റെ മകനെ രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ പരിചയപ്പെടുത്തി. എങ്ങനെയാണ് പാമ്പുകളുമായി ഇടപഴകുക എന്ന് ബാൻജോയെ പഠിപ്പിക്കാനായിരുന്നു ഇത്.
പുൽത്തകിടിയിൽ വമ്പൻ പാമ്പിനെ കൊണ്ടുവന്നപ്പോൾ ബാൻജോയ്ക്ക് ഭയത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. മാത്രമല്ല പാമ്പിന്റെ വാൽ പിടിച്ച് പുൽത്തകിടിയിലേക്ക് വലിക്കുകയായിരുന്നു ബാൻജോ. “അവനെ പാമ്പിനെ പുറത്തെടുത്ത് പുൽത്തകിടിയിലേക്ക് വലിച്ചിടൂ” എന്ന് പിതാവ് ബാൻജോയോട് പറയുന്നത് വിഡിയോയിൽ കേൾക്കാം.”സൂക്ഷിക്കുക, പാമ്പ് നിന്നെ കടിക്കും. നീ അതിന്റെ വാലിലുള്ള പിടി വിട്ടേക്ക്,” എന്നും പിതാവ് ബാൻജോയോട് പറയുന്നുണ്ട്. ബാൻജോയ്ക്ക് പക്ഷെ പക്ഷെ കൂസലൊന്നുമില്ല. കളിയ്ക്കാൻ ഒരു കൂട്ടുകാരനെ കിട്ടിയതുപോലെ തുള്ളിച്ചാടുന്ന ബാൻജോയാണ് വിഡിയോയിൽ നിറയെ.
ഇൻസ്റ്റാഗ്രാമിൽ 3.7 ലക്ഷത്തിലധികം വ്യൂകളുമായി ബാൻജോയും തന്റെ പുതിയ കൂട്ടുകാരനും ഇപ്പോൾ വൈറലാണ്. പിതാവ് മാറ്റ് റൈറ്റിന് സ്വന്തമായി ഒരു ടിവി ഷോയുണ്ട്. ‘മോൺസ്റ്റർ ക്രോക്ക് റേഞ്ചർ’ എന്ന പരിപാടിയിൽ ഭീമൻ മുതലകളെ അനായാസം കൈകാര്യം ചെയ്യുന്നതായി കാണാം. ഈ പരമ്പരയിൽ അധികം താമസമില്ലാതെ മകൻ ബാൻജോയെയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് മാറ്റ്.