കണ്ണൂർ: പരമ്പരാഗത ഭക്ഷണശീലങ്ങളുപേക്ഷിച്ച് മറുനാടൻ ഭക്ഷണങ്ങളെ തീൻമുറികളിലേക്കെത്തിക്കുന്ന മലയാളികളെ പഴയ ഭക്ഷണസംസ്കൃതിയെ ഓർമിപ്പിക്കുകയാണ് കണ്ണൂരിലെ കെ.ടി.ഡി.സി. ഹോട്ടൽ ലൂംലാൻഡ്.
ഉത്തര മലബാറുകാർ ‘കുള്ത്ത്’ എന്ന് വിളിക്കുന്ന പഴങ്കഞ്ഞി ആവശ്യക്കാർക്ക് വിളമ്പിയാണ് ഹോട്ടൽ ലൂംലാൻഡ് ആരോഗ്യപ്രദമായ ഭക്ഷണപ്പഴമയെ ഓർമിപ്പിക്കുന്നത്. ഒക്‍ടോബർ ഒന്നുമുതൽ ഇവിടെനിന്ന് ആവശ്യക്കാർക്ക് ‘കുള്ത്ത്’ കിട്ടുന്നുണ്ട്.
രാവിലെ ഏഴുമുതൽ 12 വരെയാണ് ‘കുള്ത്ത്’ കിട്ടുന്ന സമയമെന്നും ഇതിനായി ധാരാളംപേർ വരുന്നുണ്ടെന്നും ഹോട്ടൽ മാനേജർ സുർജിത്ത് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പഴഞ്ചോറ്, കട്ടത്തൈര്, ചെറിയ ഉള്ളി, കാന്താരി, ഇഞ്ചി, ചമ്മന്തി, അച്ചാർ, ചുട്ട പപ്പടം, വാട്ടിയ മുളക്, കപ്പ എന്നീ വിഭവങ്ങൾ അടങ്ങിയ വെജിറ്റബിൾ ‘കുള്ത്തി’ന് 80 രൂപയാണ് വില. കപ്പയ്‍ക്ക് പകരം മീൻ മുളകിട്ടത് വേണമെങ്കിൽ 100 രൂപ. പാചകം ചെയ്‌യുന്നതും വിളമ്പുന്നതും മൺപാത്രങ്ങളിൽ. ജയയോ മട്ടയോ ആണ് ഉപയോഗിക്കുന്ന അരി.
പുലർച്ചെ എഴുന്നേറ്റ് ‘കുള്ത്ത്’ കുടിച്ച് ജോലിക്ക് പോയിരുന്ന ശീലം മലയാളികൾക്കുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവരും അതിരാവിലെ ജോലിക്ക് പോവുന്നതിനാൽ ഭക്ഷണം തയ്‌യാറാക്കാനൊന്നും സമയംകിട്ടില്ല. അതിനാൽ തലേന്നത്തെ അത്താഴം മിച്ചംവെച്ച് രാവിലെ കഴിക്കും. തണുപ്പ് എന്നതിന് പകരം ‘കുളുപ്പം’ എന്ന വാക്ക് പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. അതിനാൽ തണുത്തത് എന്ന അർഥത്തിലാണ് ‘കുള്ത്ത്’ എന്ന വാക്കുണ്ടായത്.
‘കുള്ത്ത്’ മത്സ്യക്കറിവെച്ച മൺചട്ടിയിലിട്ട് കട്ടത്തൈരും പച്ചമുളകും കൂട്ടിക്കുഴച്ച് കഴിച്ചതിന്റെ സ്വാദ് നാവിൽ സൂക്ഷിക്കുന്നവരാണ് പഴമക്കാർ. പ്രഭാതഭക്ഷണം പലഹാരങ്ങളായി മാറിയിട്ട് 50 വർഷമേ ആയിട്ടുള്ളൂവെന്നാണ് പറയുന്നത്.