ഏറെ ഇഷ്ടക്കാരുള്ള ഇന്ത്യൻ തെരുവുഭക്ഷണമാണ് പാനീ പൂരി. വിവിധ സംസ്ഥാനങ്ങളിൽ ഗോൽഗപ്പ, പുച്ക്ക തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. മകളുടെ പിന്നാളിനോടനുബന്ധിച്ച് ഭോപ്പാലിലുള്ള ഒരു തട്ടുകട ഉടമ സൗജന്യമായി നൽകിയത് അടുത്തിടെ വാർത്തയായിരുന്നു. എന്നാൽ, മധ്യപ്രദേശിലെ നാഗ്പുരിൽനിന്നുള്ള തട്ടുകട ഉടമയും അദ്ദേഹത്തിന്റെ പാനീപുരിയുമാണ് ഇപ്പോൾ ചാറ്റ് പ്രേമികളുടെ മനം കവർന്നിരിക്കുന്നത്.
ബാഹുബലി പാനീപൂരിയെന്നാണ് ഈ വ്യത്യസ്ത വിഭവത്തിന് നൽകിയിരിക്കുന്ന പേര്. യൂട്യൂബ് ഫുഡ് ബ്ലോഗറായ ലക്ഷ് ദധ്വാനിയാണ് തട്ടുകട ഉടമയെ പരിചയപ്പെടുത്തിയിരിക്കുന്നത്. 46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് 32 ലക്ഷത്തിലധികം പേരാണ്.
നാഗ്പുരിലെ പ്രതാപ്നഗർ സ്വദേശിയായ ചിരാഗ് കാ ചാസ്ക എന്നയാളാണ് ബാഹുബലി പാനീപൂരി ഉണ്ടാക്കി നൽകുന്നത്. പൂരിയിലേക്ക് സാധാരണ നിറയ്ക്കാറുള്ള ചട്നികളും പാനിയും നിറയ്ക്കും അതിനുശേഷം വേവിച്ച് ഉടച്ച ഉരുളകിഴങ്ങ് സിലിണ്ടർ രൂപത്തിൽ പൂരിയുടെ മുകളിൽ നിറയ്ക്കും . ഇതിലേക്ക് തൈര്, ബൂണ്ടി, സേവ്, മാതളപ്പഴം എന്നിവ ചേർക്കും.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വെറൈറ്റി പാനീപൂരി എങ്ങനെ കഴിക്കുമെന്നു കൂടി വീഡിയോ എടുത്ത് കാണിക്കണമെന്ന് ഒരാൾ കമന്റുചെയ്തു. ഒരു കടിയിൽ കഴിക്കാൻ പറ്റാത്ത പാനീപൂരി ഈ ലോകത്തുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മറ്റൊരാൾ പറഞ്ഞു.
Content Highlights: viral video this bahubali pani puri has grabbed the attention of chaat lovers