തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരേശക്തമായ പ്രതിരോധമൊരുക്കുമ്പോൾ ആരും കോവിഡ് വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം ഡോസ് വാക്സിൻ എടുക്കാൻ ഇനി കുറച്ചുപേർ മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ ആവശ്യത്തിന് വാക്സിൻ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ വാക്സിനേഷൻ കേന്ദ്രങ്ങളും ലഭ്യമാണ്. 1200 ഓളം വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്താകെ സർക്കാർതലത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പല വാക്സിനേഷൻ കേന്ദ്രങ്ങളിലും ആൾക്കാർ തീരെ കുറവാണെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ ഒന്ന് മുതൽ 5 വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താൽ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 5,65,432 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 1,28,997 പേർ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. ആരും വാക്സിനേഷനോട് വിമുഖത കാണിക്കരുത്. ഇനിയും വാക്സിൻ എടുക്കാനുള്ളവർ ഉടൻ തന്നെ കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തോ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനം പേർക്ക് (2,48,50,307) ആദ്യ ഡോസും 42.83 ശതമാനം പേർക്ക് (1,14,40,770) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,62,91,077 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. കേന്ദ്രത്തിന്റെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യപ്രകാരം പതിനെട്ടര ലക്ഷത്തോളം പേരാണ് വാക്സിനെടുക്കാനുള്ളത്. അതിൽ തന്നെ കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേർക്ക് 3 മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതി. അതിനാൽ ഇനി എട്ടര ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്.
കോവിഡ് വാക്സിൻ എടുത്താൽ കോവിഡ് വരാനുള്ള സാധ്യത കുറയ്ക്കുകയും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 1,22,407 കോവിഡ് കേസുകളിൽ, 11 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി അല്ലെങ്കിൽ ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെയുള്ള കാലയളവിൽ ശരാശരി 1,42,680 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 12, 12, 24, 10, 8, 13 ശതമാനം വീതം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതിനെല്ലാം കാരണം വാക്സിനേഷൻ കൂടിയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ കാലവും സംസ്ഥാനത്തിന് അടച്ചിടാനാകില്ല. ജനങ്ങളുടെ ജീവനും ജീവനോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. കോളേജുകൾ തുറന്നു തുടങ്ങി. സ്കൂളുകളും അടുത്തമാസം ആദ്യത്തോടെ തുറക്കും. ആ സമയത്ത് കുറച്ചുപേർ വാക്സിൻ എടുക്കാതെ വിമുഖത കാണിച്ച് മാറി നിൽക്കുന്നത് സമൂഹത്തിന് തന്നെ ആപത്താണ്. അതിനാൽ ബാക്കിയുള്ളവർ എത്രയും വേഗം ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കണം-മന്ത്രി പറഞ്ഞു.
content highlights:Its dangerous that some people reluctant to get vaccinated says health minister