ബ്രെഡിനുള്ളിൽ ഉരുളകിഴങ്ങ് നിറച്ച റോളും ചിക്കൻ റോളും ഒരു പക്ഷേ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. ചിക്കൻ കീമ നിറച്ച വെറൈറ്റി ബ്രെഡ് റോൾ തയ്‌യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- വെളിച്ചെണ്ണ
- ജീരകം-കാൽ ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂൺ
- സവാള (നന്നായി അരിഞ്ഞത്)- ഒരെണ്ണം
- ഉപ്പ്-ആവശ്യത്തിന്
- മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
- മുളക് പൊടി-ഒരു ടീസ്പൂൺ
- ജീരകം പൊടിച്ചത്-ടീസ്പൂൺ
- ബ്രെഡ് മുറിച്ചത്-അഞ്ച് എണ്ണം
- പുതിനയില-ആവശ്യത്തിന്
- മല്ലിയില-ആവശ്യത്തിന്
- പച്ചമുളക്-2 എണ്ണം
- വേവിച്ച ചിക്കൻ കീമ-ഒരു കപ്പ്
- വേവിച്ചുടച്ച ഉരുളകിഴങ്ങ്-ഒരെണ്ണം
- നാരങ്ങാ നീര്-ഒരു ടീസ്പൂൺ
- മുട്ട നന്നായി അടിച്ച് പതപ്പിച്ചത്-ഒരെണ്ണം
- ബ്രെഡ് പൊടി-ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
പാൻ അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയശേഷം ജീരകം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. കൂട്ട് നന്നായി വഴന്നുവന്നതിനു ശേഷം മഞ്ഞൾപ്പൊടി, ജീരകം പൊടിച്ചത് എന്നിവ ചേർത്തിളക്കുക. നന്നായി കൂട്ടിയോജിപ്പിച്ചശേഷം തീ കെടുത്തി തണുക്കാൻ അനുവദിക്കുക.
ബ്രെഡ് കഷണങ്ങൾ ഓരോന്നുമെടുത്ത് ചപ്പാത്തി പലകയിൽവെച്ച് നന്നായി പരത്തിയെടുക്കുക.
കുഴിയുള്ള ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് വഴറ്റിവെച്ച കൂട്ടും പുതിനയിലയും മല്ലിയിലയും അരിഞ്ഞുവെച്ച പച്ചമുളകും ചേർത്ത് നന്നായി ചേർത്തിളക്കുക. ഇതിലേക്ക് ചിക്കൻ കീമയും ഉരുളക്കിഴങ്ങ് ഉടച്ചതും നാരങ്ങാ നീരും ചേർത്ത് ഇളക്കുക. ഈ കൂട്ട് ബ്രെഡിനുള്ളിലേക്ക് നിറച്ചശേഷം നന്നായി പൊതിഞ്ഞെടുക്കുക.
ചീനച്ചട്ടിയോ ഫ്രൈയിങ് പാനോ എടുത്ത് നന്നായി ചൂടായശേഷം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് നേരത്തെ തയ്‌യാറാക്കിവെച്ച ബ്രെഡ് എടുത്ത് ചെറുതീയിൽ വേവിച്ചെടുക്കുക.
Content highlights: recipe chicken keema bread roll