തൃശൂർ> കറുത്ത ഗൗണും തൊപ്പിയും തെറിച്ചു. മെഡിക്കൽ ബിരുദദാരികളുടെ ബിരുദദാന ചടങ്ങിന് കേരളീയ വേഷം. കേരള ആരോഗ്യ സർവകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങിലാണ് പുതുവേഷം അണിഞ്ഞത്. ബിരുദദാനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമദ്ഖാനും സർവകലാശാല അധികൃതരുമെല്ലാം മുണ്ടും ജുബയുമാണ് ധരിച്ചത്. നീളമുള്ള കസവുവേഷ്ടിയും അണിഞ്ഞു.
ബിരുദം നേടി പുറത്തിറങ്ങുന്ന ആൺകുട്ടികൾവെള്ള അല്ലെങ്കിൽ ഇളം മഞ്ഞ മുണ്ടും ജുബയുമാണ് ധരിച്ചത്. കസവുവേഷ്ടിയും അണിഞ്ഞു. പെൺകുട്ടികൾസെറ്റ് സാരിയും ജാക്കറ്റുമാണ് ധരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനാൽ റാങ്ക് ജേതാക്കൾ മാത്രമാണ് നേരിട്ടെത്തി ബിരുദം ഏറ്റുവാങ്ങിയത്. 14,229 വിദ്യാർഥികളാണ് ബിരുദം പൂർത്തിയാക്കി ആരോഗ്യസേവനത്തിനായി കർമരംഗത്തേക്കിറങ്ങിയത്.
യൂറോപ്പ്യൻ ശൈലിയായ ഗൗണും തൊപ്പിയും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലും തുടർന്നു. ഇതു മാറ്റണമെന്ന് 2019ൽ യുജിസി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് മാറ്റം. ഇത്രയും കാലം ബിരുദദാന ചടങ്ങിന് ചൈന്നൈയിലെ സ്വകാര്യകമ്പനിയാണ് വാടകക്ക് ഗൗണും തൊപ്പിയും എത്തിച്ചിരുന്നത്. ബിരുദദാന ചടങ്ങുകൾക്ക് കേരളീയ വേഷം ധരിക്കുമ്പോൾ കേരളത്തിലെ കൈത്തറി വ്യവസായത്തിന് സഹായകമാവും.