പല സ്ത്രീകളും ആർത്തവ ശുചിത്വത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഈ സമയത്തെ ശുചിത്വക്കുറവും ചില അശ്രദ്ധകളുമെല്ലാം വലിയ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. എന്നാൽ ഇത്തരം കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നിട്ടും ഇവയെല്ലാം അവഗണിക്കുന്നവർ ഒരുപാട് പേര് നമുക്കിടയിലുണ്ട്. അതെ സമയം ശുചിത്വം എങ്ങനെ വേണമെന്നതിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരും ഒട്ടും കുറവല്ല. കാരണം എന്ത് തന്നെയായാലും ഇത് ഏറെക്കാലം നീണ്ടുനിൽക്കുന്ന പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും.
ആർത്തവ ശുചിത്വം
മാസത്തിൽ നാല് മുതൽ എട്ടു ദിവസം വരെ സ്ത്രീകളിൽ ആർത്തവ രക്തസ്രാവം ഉണ്ടാകും . ഇത് എത്ര ദിവസം നിലനിൽക്കുന്നുവെന്നതും രക്തത്തിന്റെ അളവും ഓരോ സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിയ്ക്കും. ഈ ദിവസങ്ങളിൽ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ സാനിറ്ററി പാഡുകളോ മെൻസ്ട്രൽ കപ്പുകളോ ഉപയോഗിക്കുന്നവർ അവ വൃത്തിയായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഇവ ഉപയോഗിക്കുന്നതിലെ തെറ്റായ രീതികൾ വലിയ അപകടമുണ്ടാക്കും.
ആർത്തവ ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.
പാഡ് മാറ്റേണ്ട സമയം
ഓരോ നാല് മുതൽ ആറ് മണിക്കൂറിലും പാഡുകൾ മാറ്റണം. എത്ര നല്ല സാനിറ്ററി നാപ്കിൻ ആണെങ്കിലും ആറ് മണിക്കൂറിൽ കൂടുതൽ നേരം ഉപയോഗിക്കാതിരിയ്ക്കാനായി ശ്രദ്ധിയ്ക്കുക. അധിക രക്സ്തസ്രാവം ഉള്ളവരാണെങ്കിൽ നാല് മണിക്കൂറിൽ കൂടുതൽ ഒരേ പാഡ് ഉപയോഗിക്കാതിരിക്കുക. തുടർച്ചയായി ഒരു നാപ്കിൻ തന്നെ ഉപയോഗിക്കുന്നത് ഗർഭാശയ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. യാത്ര ചെയ്യുമ്പോൾ പോലുള്ള എതെങ്കില്ലും പ്രത്യേക സാഹചര്യത്തിൽ അതിനു കഴിഞ്ഞില്ലെങ്കിൽ മാത്രം പരമാവധി എട്ടു മണിക്കൂർ വരെ ഒരേ നാപ്കിൻ ഉപയോഗിക്കാം. അതിൽ കൂടുതൽ നേരം ഒരു കാരണവശാലും ഉപയോഗിക്കരുത്.
പുനരുപയോഗിക്കാവുന്നവ നന്നായി വൃത്തിയാക്കുക
സാനിറ്ററി നാപ്കിൻ സൗകര്യപ്രദമാല്ലാത്തവർ കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പ് പോലുള്ള ഉൽപ്പന്നങ്ങളെ ആശ്രയിക്കാറുണ്ട്. ഇത് ഓരോ തവണയും ഉപയോഗത്തിന് ശേഷം നന്നായി കഴുകി ഉണക്കിയെടുക്കണം. ഓരോ മാസത്തെയും ആർത്തവ ദിനങ്ങൾ പൂർത്തിയായ ശേഷം ഇവ ചൂടുവെള്ളമുപയോഗിച്ച് കഴുകി അണുവിമുക്തമാക്കണം. വെയിൽ തട്ടുന്ന തരത്തിൽ ഉണക്കിയെടുക്കുന്നതാണ് നല്ലത്.
യോനീ ഭാഗം വൃത്തിയാക്കുക
യോനിയിലൂടെ തുടർച്ചയായി രക്ത സ്രാവമുള്ളതിനാൽ പുറം ഭാഗങ്ങളിൽ രക്തത്തിന്റെ അംശം നിലനിൽക്കാൻ സാധ്യതയുണ്ട്. പാഡ് മാറ്റുന്ന സമയങ്ങളിലെല്ലാം അവ പൂർണമായും നീക്കം ചെയ്യുന്ന തരത്തിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഒരുപാട് വീര്യം കൂടിയ സോപ്പോ ലോഷനുകളോ ഉപയോഗിക്കരുത്. ഇന്റിമേറ്റ് വാഷ് പോലുള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുവെള്ളവും നേർപ്പിച്ച സോപ്പുവെള്ളവും ഉപയോഗിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. കഴുകുമ്പോൾ യോനിയുടെ മുകൾ ഭാഗത്ത് നിന്ന് തുടങ്ങി പുറകിലേക്കുള്ള ദിശയിൽ കഴുകാൻ ശ്രമിയ്ക്കുക. ഒരിയ്ക്കലും പിറകു വശത്ത് നിന്ന് തുടങ്ങി മുൻ വശത്തേയ്ക്ക് കഴുകാതിരിക്കുക. ഇത് അനുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
രണ്ടു നാപ്കിനുകൾ വേണ്ട
അമിത രക്തസ്രാവമുള്ള ചില സ്ത്രീകളിലെ പ്രവണതയാണ് രണ്ടു നാപ്കിനുകൾ ചേർത്ത് വെയ്ക്കുക എന്നത്. ഇത് സൗകര്യപ്രദമാണ് എന്ന് തോന്നാമെങ്കിലും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു രീതി കൂടിയാണ് ഇത്. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കൂടുതൽ രക്തം പുറംതള്ളുന്നതിനാൽ അത്ര തന്നെ അപകട സാധ്യതയും കൂടുതലാണ്. നാപ്കിൻ മാറ്റേണ്ട സമയം നീട്ടി കിട്ടുമെങ്കിലും രണ്ടു നപ്കിനുകളിലുമായി ധാരാളം രക്തം കെട്ടിക്കിടക്കും. അതിനാൽ ഈ പ്രവണത പിന്തുടരുന്നവരാനെങ്കിൽ ഉടൻ ഉപേക്ഷിക്കുക.
അടിവസ്ത്രം വൃത്തിയുള്ളതാകണം
നാപ്കിനുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നത് പോലെ തന്നെ വൃത്തിയുള്ള അടിവസ്ത്രങ്ങളും ധരിയ്ക്കാനായി ശ്രദ്ധിക്കണം. രക്തം നപ്കിനിൽ മാത്രമേ പടരുന്നുള്ളൂ എന്ന ധാരണയിൽ അടിവസ്ത്രങ്ങൾ മാറ്റാൻ മടിയ്ക്കുന്ന പലരും ഉണ്ട്. അതിനാൽ കൃത്യമായ ഇടവേളകളിൽ അടി വസ്ത്രങ്ങളും മാറ്റാനായി ശ്രദ്ധിയ്ക്കുക. ഇതോടൊപ്പം ആർത്തവ ദിനങ്ങളിൽ വായു സഞ്ചാരം ലഭിക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിയ്ക്കാനും ശ്രദ്ധിയ്ക്കണം.
കുളിയ്ക്കുന്നത് മുടക്കേണ്ട
ആർത്തവ ദിനങ്ങളിൽ രണ്ടു നേരവും വൃത്തിയായി കുളിയക്കാനായി ശ്രദ്ധിയ്ക്കുക. ശുചിത്വം ഉറപ്പാക്കുന്നതിനും ആർത്തവത്തിന്റെ ഭാഗമായുള്ള ക്ഷീണവും പ്രശ്നങ്ങളും ഒഴിവാക്കുന്നതിനും രണ്ടു നേരവും കുളിയ്ക്കുന്നത് നല്ലതാണ്.
പാഡ് എപ്പോഴും കരുതാം
കൃത്യമാല്ലാതെ ആർത്തവം സംഭവിയ്ക്കുന്നവരുണ്ട്. ചിലർക്ക്പ്രതീക്ഷിച്ച ദിവസത്തെക്കാൾ ഏറെ നേരത്തെയും ചിലർക്ക് വൈകിയുമൊക്കെ സംഭവിയ്ക്കാം. അതിനാൽ ഇത്തരം ആളുകൾ യാത്ര ചെയ്യുന്ന അവസരങ്ങളിൽ കയ്യിൽ ആവശ്യത്തിനു നാപ്കിൻ, ശുചിത്വം ഉറപ്പിയ്ക്കാൻ ലോഷൻ, ടവൽ, ആരോഗ്യകരമായ ഭക്ഷണം എന്നിവ കയ്യിൽ കരുതുന്നതാണ് നല്ലത്. പെട്ടെന്ന് ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ മറ്റെന്തെങ്കിലും പകരമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.