മലപ്പുറം: അരി സമ്പുഷ്ടീകരിക്കുന്നതിന് ശാസ്ത്രീയമായ നിബന്ധനകൾ കൊണ്ടുവരാൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ തീരുമാനം. ഇതിനായി ഒരു വിദഗ്ധപാനൽ രൂപവത്‌കരിക്കും. 2024 വർഷത്തോടെ പോഷകദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സമ്പുഷ്ടീകരണം.
നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഇന്ത്യക്കാർക്ക് ഭക്ഷണത്തിലൂടെ ആറുമുതൽ എട്ടുശതമാനംവരെ മാത്രമേ പ്രോട്ടീൻ ലഭിക്കുന്നുള്ളൂ. അത് അപര്യാപ്തമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് കൂടുതലാളുകൾ ഉപയോഗിക്കുന്ന അരിയിൽ അധികപോഷകങ്ങൾ ചേർത്ത് വിപണിയിലിറക്കുന്നത്. ഇതിന് ചില പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുമതിനൽകിയിട്ടുണ്ട്.
ഇരുമ്പ്, ഫോളിക്, വിറ്റാമിൻ ബി 12, സിങ്ക് തുടങ്ങിയവയാണ് അരിയിൽ ചേർക്കുക. ഇത് അരിയുടെ മുകളിൽ പാളികളായോ അരിയുടെ രൂപത്തിലോ ചേർക്കും. നിലവിൽ അരിയുടെ സമ്പുഷ്ടീകരണനിരക്ക് 1:50 മുതൽ 1:200 വരെയാണ്. ഇതിൽ മാറ്റംവേണമോ എന്ന് വിദഗ്ധസമിതി തീരുമാനിക്കും.
മറ്റു ഭക്ഷ്യവസ്തു പായ്‍ക്കറ്റുകളിൽ അതിലെ കൊഴുപ്പിന്റെയും ഗ്ലൂക്കോസിന്റെയും കലോറിയുടെയും അളവ് സൂചിപ്പിക്കുന്നപോലെ അരിച്ചാക്കിനു മുകളിലും വേണമോ എന്നും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിനായി ഉപഭോക്താക്കളുടെ അഭിപ്രായം അറിയാൻ സർവേ നടത്താൻ അഹമ്മദാബാദ് ഐ.ഐ.എമ്മിനോട് ഫസ്സായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനു ശേഷമേ സമ്പുഷ്ടീകരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കൂ. അതേസമയം സമ്പുഷ്ടീകരണം ഗുണംചെയ്‌യില്ലെന്നും ദോഷമുണ്ടാക്കുമെന്നുമുള്ള വാദമുണ്ട്. നാടൻ നെല്ലിനങ്ങളിൽ പലതിലും ആവശ്യത്തിനുള്ള പോഷകങ്ങളുണ്ടെന്നാണ് അവരുടെ അഭിപ്രായം.
Content Highlights: Extra nutrients should be added to the rice, Food, Health