പൊറോട്ടയ്ക്കൊപ്പമോ ബ്രെഡിനൊപ്പമോ കഴിക്കാൻ ഒരടിപൊളി ഹൈദരാബാദി മട്ടൻ കീമയുടെ രുചികൂട്ട് പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങൾ
മട്ടൻ കീമ -500 ഗ്രാം
എണ്ണ -2 ടേബിൾ സ്പൂൺ
സവാള(നന്നായി അരിഞ്ഞത്) -2 എണ്ണം
പച്ചമുളക്(നെടുകെ പിളർന്നത് ) -2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മുളക്പൊടി -അര ടീസ്പൂൺ
തക്കാളി(ചെറുതായി അരിഞ്ഞത്)-3 എണ്ണം
ഗരംമസാല -അരടീസ്പൂൺ
കുരുമുളക് പൊടി,കോൺഫ്ളോർ -അര ടീസ്പൂൺ
വെള്ളം -ഒന്നരകപ്പ്
മല്ലിയില -ആവശ്യത്തിന്
ഉണങ്ങിയ ഉലുവ ഇല-ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
നന്നായി കൊത്തിയരിഞ്ഞ മട്ടൺ കഴുകി വൃത്തിയാക്കി വെള്ളം കളയുന്നതിനായി അരിപ്പയുള്ള പാത്രത്തിലേക്ക് മാറ്റിവെക്കുക. പാകം ചെയ്‌യാനുപയോഗിക്കുന്ന പാത്രമോ അല്ലെങ്കിൽ പ്രഷർ കുക്കറോ എടുത്ത് എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. അതിനുശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകൂടി ചേർത്തിളക്കുക. നന്നായി വഴറ്റിശേഷം ഈ കൂട്ടിലേക്ക് മട്ടൺ ചേർത്തുകൊടുക്കാം. ഇത് നന്നായി വറുത്തെടുക്കണം. ഇറച്ചിലെ വെള്ളം മുഴുവനും വറ്റിയെന്ന് ഉറപ്പുവരുത്തുക. ഇതിലേക്ക് ഉപ്പ്, മഞ്ഞപ്പൊടി, മുളകുപൊടി എന്നിവകൂടി ചേർത്ത് ഏതാനും മിനിറ്റുനേരം വേവിക്കാം. എണ്ണ ഇറച്ചിയുടെ വശങ്ങളിൽ വരുന്നതുവരെ വേവിച്ചെടുക്കണം.
തക്കാളി, ഗരംമസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് തക്കാളി മൃദുവാകുന്നതുവരെ ഇളക്കി വേവിച്ചെടുക്കുക. ഇത് കീമയിലേക്ക് ചേർത്തു നൽകാം. ഇതിലേക്ക് ഒന്നരകപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കികൊടുക്കാം. കുക്കറിന്റെ അടപ്പ് വെച്ച് മൂടിയശേഷം ചെറുതീയിൽ മൂന്ന് വിസിൽ അടിപ്പിച്ച് വേവിക്കുക. പ്രഷർ കുക്കറല്ല പാകം ചെയ്‌യാൻ എടുത്തതെങ്കിൽ മട്ടൺ നന്നായി വേകുന്നതു വരെ കാത്തിരിക്കണം.
മല്ലിയിലയും ഉലുവയിലയും ചേർത്തശേഷം കീമയിൽ ഇളക്കിച്ചേർക്കുക. കീമയിൽ ഇനിയും വെള്ളം അവശേഷിക്കുന്നുണ്ടെങ്കിൽ അത് കൂടി വറ്റിച്ചെടുക്കണം.
ഹൈദരാബാദ് ശൈലിയിലുള്ള മട്ടൺ കീമ റെഡി.
Content highlights: recipe hyderabadi mutton keema south indian recipe