എല്ലാവർഷവും ഒക്‍ടോബർ ഒന്നാണ് അന്താരാഷ്ട്ര കാപ്പിദിനമായി ആചരിക്കുന്നത്. കാപ്പികർഷകർ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിയുക, കാപ്പിയോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നിവയാണ് ഈ ദിനമാചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.
ജപ്പാനിലാണ് കാപ്പിക്കുവേണ്ടി ആദ്യമായി ഒരു ദിവസം മാറ്റിവെച്ചു തുടങ്ങിയത്. ലോകമെമ്പാടും കാപ്പി കയറ്റുമതി ചെയ്‌യുന്നതിനെ പ്രോത്സാഹിപ്പിച്ച അവർ കാപ്പിക്കുരു ഉത്‌പാദിപ്പിക്കുന്ന കർഷകരെ അഭിനന്ദിക്കാനുമായാണ് കാപ്പിദിനം ആചരിച്ചു തുടങ്ങിയത്.
ലോകമെമ്പാടും ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി. പാലിനും ക്രീമിനും പഞ്ചസാരയ്‍ക്കുമൊപ്പം കാപ്പി കൂടി ചേർത്തുള്ള വ്യത്യസ്ത വിഭവങ്ങൾ ഇന്ന് ലഭ്യമാണ്.
1963-ൽ ലണ്ടനിലാണ് ഇന്റർനാഷണൽ കോഫീ ഓർഗനൈസേഷൻ നിലവിൽ വന്നത. 2015-നാണ് അന്താരാഷ്ട്ര കാപ്പിദിനമായി ഒക്‍ടോബർ ഒന്നിനെ ആദ്യമായി പ്രഖ്യാപിക്കുന്നത്.
അൽപം ചരിത്രം
1983 മുതൽ സമാനമായരീതിയിലുള്ള ആചരണം ജപ്പാൻ തുടക്കമിട്ടിരുന്നു. ഓൾ ജപ്പാൻ കോഫീ അസോസിയേഷനാണ് അതിന് ചുക്കാൻ പിടിച്ചത്. 2005-ൽ യു.എസും ദേശീയ കാപ്പി ദിനം ആചരിച്ചുതുടങ്ങി. 1997-ൽ ചൈനയിലെ ഇന്റർനാഷണൽ കോഫീ അസോസിയേഷൻ കാപ്പിദിനം ആചരിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ തായ്വാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും കാപ്പിദിനം ആചരിച്ചിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് തായ്വാൻ കാപ്പി ദിനം ആഘോഷിച്ചത്. 2015-ൽ ഒക്‍ടോബർ ഒന്നിന് ഇന്റർനാഷണൽ കോഫീ അസോസിയേഷൻ ഔദ്യോഗികമായി കാപ്പിദിനം പ്രഖ്യാപിച്ചതോടെ ലോകമെമ്പാടും ഈ ദിനം പ്രാധാന്യത്തോടെ ആചരിക്കാൻ തുടങ്ങി.
ദിനത്തിന്റെ പ്രധാന്യം
ലോകമെമ്പാടും കാപ്പിയ്‍ക്ക് ഏറെ ആരാധകരുണ്ടെങ്കിലും അവ ഉത്‌പാദിപ്പിക്കുന്ന കർഷകരെക്കുറിച്ചും അവർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആർക്കുമറിയില്ല. കാപ്പിക്കുരു കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സാമ്പത്തിക അസ്ഥിരതയെക്കുറിച്ചും ജനങ്ങളോ ബോധവത്‌കരിക്കുക എന്നതാണ് ഈ ദിനമാചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. കാപ്പിയുടെ സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്. കാപ്പികൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങളൊരുക്കി കാപ്പി പ്രേമികളും ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
Content Highlights: international coffee day 2021 all about its date history and significance