ന്യൂഡൽഹി: 2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
രണ്ട് ലക്ഷം ടെർമിനലുകൾ 2022 ഡിസംബറോടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. യാഥാർഥ്യ മാവുമ്പോൾ ചിലപ്പോൾ അതിൽ കുറയാം. എന്നാൽ സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ഒന്നും ഉണ്ടാവുകയുമില്ല. സ്പേസ് എക്സിലെ സ്റ്റാർലിങ്ക് ഇന്ത്യ കൺട്രി ഡയറക്‍ടർ സഞ്ചയ് ഭാർഗവ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ സ്റ്റാർലിങ്ക് ഉണ്ട്. കൂടുതൽ പ്രീ ഓർഡറുകളും ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു.
ബുധനാഴ്ചയാണ് ഇദ്ദേഹം സ്റ്റാർലിങ്ക് ഇന്ത്യയുടെ മേധാവിയായി ചുമതലയേറ്റത്. നേരത്തെ ടെസ്ലയിയിലും ഇലോൺമസ്ക് സ്ഥാപിച്ച പേമന്റ് സേവനമായ പേ പാലിലും പ്രവർത്തിച്ചിട്ടുണ്ട്.
അനുമതിക്കായുള്ള എല്ലാ അപേക്ഷകളും സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ പരിഗണനയ്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം സ്പേസ് എക്സ് സന്ദർശിച്ചതിന് ശേഷം കമ്പനിയുടെ ഇന്ത്യയിലെ പദ്ധതികളെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുമെന്ന് ഭാർഗവ പറഞ്ഞു.
2020 ലാണ് പബ്ലിക് ബീറ്റാ പരീക്ഷണത്തിനായി സ്റ്റാർലിങ്ക് സേവനം തുറന്നുകൊടുത്തത്. ബീറ്റാ പരീക്ഷണത്തിനായി അപേക്ഷിച്ച ഇന്ത്യക്കാർക്ക് എന്ന് മുതൽ ടെർമിനലുകൾ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.