കുടുംബം, കുട്ടികൾ, ഓഫീസ്, ജോലിത്തിരക്ക് ഇതിനിടെ സ്വന്തം ആരോഗ്യകാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും. ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കുപരി ആർത്തവസംബന്ധമായ പ്രശ്നങ്ങളും പ്രസവസങ്കീർണതകളും ഹോർമോൺ വ്യതിയാനങ്ങളും കുറച്ചൊന്നുമല്ല അവരെ വലയ്ക്കുന്നത്. അടുത്തിടെ നടത്തിയ പഠനങ്ങളിൽ സ്ത്രീകളിൽ ഹൃദ്രോഗങ്ങൾ ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. സ്ത്രീകളുടെ ഹൃദയാരോഗ്യം പരിരക്ഷിക്കാൻ സഹായിക്കുന്ന ഏതാനും പഴങ്ങൾ ഇതാ…
വാൾനട്ട്
ഷെയ്ക്കുകളിലും കേക്കുകളിലും സാലഡിലുമൊക്കെ സാധാരണ ചേർക്കാറുള്ളതാണ് വാൾനട്ട്. എന്നാൽ, ഹൃദയസംരക്ഷണത്തിൽ വാൾനട്ടിലുള്ള പ്രധാന്യത്തെ കുറിച്ച് ഏറെപേർക്കും അറിയില്ല. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായടങ്ങിയ വാൾനട്ട് ശരീരത്തിലെ നീർക്കെട്ടുകളെ ഇല്ലാതാക്കുമെന്ന് പറയുന്നു. വാൾനട്ട് ദിവസവും കഴിക്കുന്നത് ഒട്ടേറെ ഹൃദയരോഗങ്ങളെ പടിക്കുപുറത്ത് നിറുത്താൻ സഹായിക്കുമെന്നും പഠനത്തിൽ കൂട്ടിച്ചേർക്കുന്നു.
ബ്ലൂബെറി
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കോശങ്ങളുടെ നിർമാണത്തിലും കേടുപാടുകൾ തീർക്കുന്നതിനും ബ്ലൂബെറികൾ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും ബ്ലൂബെറി 150 ഗ്രാം കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളിൽ 15 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
ആപ്പിൾ
സ്ഥിരമായി ആപ്പിൾ കഴിക്കുന്ന സ്ത്രീകളിൽ കൊറോണറി സംബന്ധമായ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത 13 മുതൽ 22 ശതമാനം വരെ കുറവായിരിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
നാരങ്ങ
നാരങ്ങ കുടുംബത്തിൽപ്പെട്ട ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നാരങ്ങ വർഗത്തിൽപ്പെട്ട പഴങ്ങൾ ഉത്തമമാണ്. ഡി.കെ. പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഹീലിങ് ഫുഡ്സ് എന്ന പുസ്തകത്തിൽ നാരങ്ങയിലടങ്ങിയിരിക്കുന്ന ഹെസ്പെരിഡിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് രക്തസമ്മർദം, ധമനികൾക്കു കട്ടികൂടുന്ന അവസ്ഥ, ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് ഹീലിങ് ഫുഡ്സിൽ വിവരിക്കുന്നു.
നിലക്കടല
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നിലക്കടല ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച സ്രോതസ്സാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനൊപ്പം ചീത്ത കൊളസ്ട്രോളിന്റെ അളവ് താഴ്ത്തി നിറുത്തുന്നു.
Content highlights: world heart day 2021 5 fruits and dry fruits that may help improve womens heart health