കൊച്ചി: സമ്പൂർണ വാക്സിനേഷൻ നേട്ടവുമായി എറണാകുളം ജില്ല. ഇതോടൊപ്പം മുഴുവൻ അതിഥി തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് ലഭ്യമാക്കിയതോടെ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് നൂറ് ശതമാനം കൈവരിക്കുന്ന ആദ്യ ജില്ലയാവുകയാണ് എറണാകുളം.
ജില്ലയിലെ 79,197 അതിഥി തൊഴിലാളികളാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 4313 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ജില്ലയിൽ പുതിയതായി എത്തുന്ന തൊഴിലാളികൾക്കുള്ള വാക്സിനേഷൻ തുടരുകയാണ്. ആകെ 83510 തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചു. ജില്ലയിലെ വിവിധ തൊഴിലുടമകൾ സ്വകാര്യ ആശുപത്രികൾ മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന നേരിട്ടും അതിഥി തൊഴിലാളികൾക്ക് നൽകിയ 31302 ഡോസ് ഉൾപ്പടെയാണിത്. 148 ക്യാമ്പുകളാണ് വാക്സിനേഷനായി നടത്തിയത്.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് എന്നിവ ഒരുമിച്ചാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
2021 ജനുവരി 16 നാണ് ജില്ലയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ വാക്സിൻ നൽകിയത്. ആദ്യഘട്ടത്തിൽ 73000 ഡോസ് വാക്സിൻ ജില്ലക്ക് ലഭ്യമായതിൽ 1040 ഡോസ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കും 71,290 ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പ്രവർത്തകർക്കുമാണ് നൽകിയത്.ജില്ലയിലെ 14 ബ്ലോക്കുകളിലായി 260 വാക്സിൻ സെന്ററുകൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്സിൻ സെന്ററുകളായി ഉൾപ്പെടുത്തി.
പട്ടികവർഗക്കാർക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 7089 പേർക്കും വാക്സിൻ നൽകി. ഭിന്നശേഷിക്കാർക്കു വേണ്ടി നടപ്പാക്കിയ ഡിസ്പൽവാക്സ് മുഖേന 55443 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. എച്ച്.ഐ.വി. ബാധിതർക്കായി നടത്തിയ ആർട് വാക്സ് മുഖേന 411 പേരിലും വാക്സിനെത്തി. വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 21662 ആളുകൾക്കും വാക്സിൻ നൽകി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ 57 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. മാതൃകവചം പദ്ധതിയിലൂടെ 8699 ഡോസ് കൈമാറി ഗർഭിണികൾക്കും വാക്സിന്റെ സുരക്ഷ നൽകി.
രണ്ടാംഘട്ട ലോക്ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ ജില്ലയിൽ നടത്തിയ വിവരശേഖരണത്തിൽ കണ്ടെത്തിയത് 77991 അതിഥി തൊഴിലാളികളെയാണ്. ഇപ്പോൾ അതിലേറെ തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞു. ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് കൂടുതൽ തൊഴിലാളികൾ ജില്ലയിലേക്കെത്തിയിട്ടുണ്ട്. അവരെ കൂടി കണ്ടെത്തി വാക്സിനേഷൻ നൽകുന്നതിനുള്ള ശ്രമം തുടരുകയാണ്. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് , തൊഴിൽ വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ആദ്യ ഡോസ് വാക്സിനേഷൻ നൂറ് ശതമാനം പൂർത്തിയാക്കിയതെന്ന് ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് പറഞ്ഞു.
Content Highlights:Ernakulam district completes first dose of covid vaccination