ദക്ഷിണേന്ത്യയിൽ ഏറെ പ്രചാരമുള്ള കറികളിലൊന്നാണ് രസം. രസം ഉണ്ടാക്കുമ്പോൾ പല വ്യത്യസ്തമായ രുചിഭേദങ്ങൾ പലരും പരീക്ഷിക്കാറുണ്ട്. ഇത്തവണ കൈതച്ചക്ക ചേർന്ന വ്യത്യസ്തമായ രസം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- തുവരപരിപ്പ് -അരക്കപ്പ്
- നന്നായി അരിഞ്ഞ പൈനാപ്പിൾ-ഒരു കപ്പ്
- തക്കാളി -ഒന്ന്(ചെറുതായി അരിഞ്ഞത്)
- കടുക് – ഒരു ടേബിൾ സ്പൂൺ
- കറിവേപ്പില -ഒരു തണ്ട്
- ജീരകം -രണ്ട് ടീസ്പൂൺ
- കുരുമുളക് -ഒരു ടീസ്പൂൺ
- വെളുത്തുള്ളി -അഞ്ച് അല്ലി
- വറ്റൽ മുളക് -3 എണ്ണം
- കായം -ഒരു നുള്ള്
- ഉപ്പ് -ആവശ്യത്തിന്
- രസം പൊടി(ആവശ്യമുണ്ടെങ്കിൽ മാത്രം) -ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി -ഒരു ടീസ്പൂൺ
- വെള്ളം -ഒന്നരകപ്പ്
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് കുക്കറിലിട്ട് അഞ്ചു വിസിൽ അടിപ്പിച്ച് വേവിക്കുക. ഇത് മാറ്റിവെക്കുക. ജീരകവും കുരുമുളകും വെളുത്തുള്ളിയും മിക്സിയിലിട്ട് പൊടിച്ചുവെക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന കൈതച്ചക്കയിൽ മുക്കാൽ ഭാഗത്തോളമെടുത്ത് നന്നായി അരച്ചെടുക്കുക. തക്കാളിയും ചെറുതായി മിക്സിയിലിട്ട് അരച്ചെടുക്കുക
ഒരു പാനിൽ വെളിച്ചെണ്ണയെടുത്ത് ചൂടായി കഴിയുമ്പോൾ കടുക് പൊട്ടിക്കണം. ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലും കായവും ചേർത്ത് ഇളക്കുക. ഈ കൂട്ടിലേക്ക് അരച്ചുവെച്ച ജീരകവും കുരുമുളകും വെളുത്തുള്ളിയും ചേർക്കുക. ഇത് നന്നായി ചേർത്തിളക്കിയശേഷം ഒരു മിനിറ്റ് നേരം വേവിക്കുക. അതിനുശേഷം അരച്ചുവെച്ച തക്കാളി ചേർക്കാം. ഇത് നന്നായി വേവിക്കണം.
ഇതിലേക്ക് അരച്ചുവെച്ച കൈതച്ചക്കയും നേരത്തെ വേവിച്ച തുവരപരിപ്പുംകൂടി ചേർത്ത് നന്നായി ഇളക്കി ചേർക്കാം. ഒന്നരക്കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ബാക്കിയുള്ള കൈതച്ചക്ക കൂടി ചേർക്കുക. അടുപ്പിൽ നിന്ന് വാങ്ങിയ ശേഷം മല്ലിയില വെച്ച് അലങ്കരിച്ച് വിളമ്പാം.
Content highlights: pineapple rasam recipe