അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) വീണ്ടും കോവിഡ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി. നടരാജന് കോവിഡ് സ്ഥിരീകരിച്ചു. സാധാരണ താരങ്ങള്‍ക്ക് നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞത്. നിലവില്‍ രോഗലക്ഷണങ്ങളില്ലാത്ത നടരാജന് ഐസൊലേഷനില്‍ പ്രവേശിച്ചതായി ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നടരാജനുമായി ഒരു താരത്തിന് അടക്കം ആറ് പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നത്. ഓള് റൗണ്ടര്‍ വിജയ് ശങ്കര്‍, ഹൈദരാബാദ് ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വന്നന്, ലോജിസ്റ്റിക്സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ് ബോളര്‍ പെരിയസ്വാമി ഗണേശന് എന്നവരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആറ് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു.
ഇന്ന് രാവിലെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ മറ്റ് എല്ലാ താരങ്ങളും നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇന്ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് – ഡല്‍ഹി ക്യാപിറ്റല്‍ മത്സരം മുടങ്ങില്ലെന്നും അധികൃതര്‍ അറിയിച്ചു.
2021 മേയ് മാസം തുടക്കത്തിലാണ് ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ കളിക്കാരില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ടൂര്‍ണമെന്റ് താത്കാലികമായി ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്ത്യക്ക് (ബിസിസിഐ) നിര്‍ത്തിവയ്ക്കേണ്ടി വന്നു. പിന്നീട് യുഎഇയിലേക്ക് വേദി മാറ്റുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാം ഘട്ടത്തിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയാവുകയാണ്.
Also Read: IPL 2021, DC vs SRH Predicted Playing XI: ആദ്യ പകുതിയുടെ ക്ഷീണം മാറ്റാൻ ഹൈദരബാദ്, ഒന്നാമതാകാൻ ഡൽഹി; സാധ്യത ഇലവൻ അറിയാം
The post ഐപിഎല്ലില്‍ വീണ്ടും കോവിഡ്; ഹൈദരാബാദ് താരം ടി. നടരാജന് പോസിറ്റീവ് appeared first on Indian Express Malayalam.