ഊണിനൊപ്പം ഒരടിപൊളി ചിക്കൻ കൊണ്ടാട്ടം ആയോലോ? നല്ല എരിവുള്ള ഈ സ്പെഷ്യൽ വിഭവം എളുപ്പത്തിൽ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകകൾ
- ചിക്കൻ(എല്ലില്ലാത്തത്)- 500 ഗ്രാം
- സവാള അരിഞ്ഞത്- ഒരു കപ്പ്
- കറിവേപ്പില – ഒരു തണ്ട്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിൾ സ്പൂൺ
- കശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
- കോൺഫ്ളോർ- 2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി- ഒരു ടീസ്പൂൺ
- ചെറുനാരങ്ങാ നീര്- ഒരു ടേബിൾ സ്പൂൺ
- വറ്റൽ മുളക് – അഞ്ച് എണ്ണം
- സോയ സോസ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് വൃത്തിയായി കഴുകിയ ചിക്കനെടുക്കുക. ഇതിലേക്ക് ചെറുനാരങ്ങാ നീര്, സ്വൽപം ഉപ്പ്, മുളക് പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ളവർ എന്നിവ ചേർത്ത് നന്നായി ഇളക്കി ചേർത്ത് വെക്കുക. ചിക്കനിൽ ഈ കൂട്ട് നന്നായി ചേർന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ചിക്കൻ അരമണിക്കൂർ നേരം മാറ്റിവെക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് മസാല പുരട്ടിവെച്ച ചിക്കൻ അതിൽ വറുത്തെടുക്കുക. രണ്ടുവശവും ചെറുതീയിൽ നന്നായി വറത്തെടുക്കണം.
മറ്റൊരു പാൻ എടുത്ത് അതിൽ കറിവേപ്പില, വറ്റൽ മുളക്, ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവയിട്ട് വറുത്തെടുക്കണം. സവാള ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കണം. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഇത് നന്നായി ചേർത്തിളക്കുക. അതിനുശേഷം സോയ സോസ് ഇതിലേക്ക് ചേർക്കുക. മസാല വല്ലാതെ വരണ്ടിരിക്കുന്നു എന്ന് തോന്നുണ്ടെങ്കിൽ ഇതിലേക്ക് സ്വൽപം വെള്ളം ചേർത്തു കൊടുക്കാം. നേരത്തെ വറുത്തുവെച്ചിരിക്കുന്ന ചിക്കനിലേക്ക് മസാലക്കൂട്ട് ചേർത്തതിനുശേഷം പത്ത് മിനിറ്റ് നേരം വേവിക്കുക. ഉച്ചയ്ക്കത്തെ ഊണിന് ചിക്കൻ കൊണ്ടാട്ടം ചൂടോടെ വിളമ്പാം.
Content highlights: chiken kondattam south indian recipe