ചോറും കറികളുമൊക്കെ ഉണ്ടാക്കാനുള്ള സമയമില്ലെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കോളിഫ്ളവർ റൈസ് പരീക്ഷിക്കാവുന്നതാണ്. കോളിഫ്ളവർ തന്നെയാണ് ഇതിൽ അരിക്ക് പകരം ഉപയോഗിക്കുന്നത്.
ചേരുവകൾ
- കോളിഫ്ളവർ-1
- വെണ്ണ- 3 ടേബിൾ സ്പൂൺ
- വെളുത്തുള്ളി- 1 അല്ലി
- ജീരകം- അര ടീസ്പൂൺ
- മല്ലി- അര ടീസ്പൂൺ
- ഗരംമസാല- അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
- ഇഞ്ചി- 1 ഇഞ്ച്
- ചുവന്ന മുളക്- 1
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകുപൊടി- കാൽ ടീസ്പൂൺ
- നാരങ്ങ-1
- മല്ലിയില- കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
കോളിഫ്ളവർ കഷ്ണങ്ങളായി എടുത്ത് ഒരു ബ്ലെൻഡറിലിട്ട് അടിക്കുക. അരിയുടെ പരുവത്തിൽ ആക്കിയതിനുശേഷം ഒരു പാത്രത്തിൽ വെണ്ണ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളിയും മുളകും ഇഞ്ചിയും ചേർത്ത് വഴറ്റുക. ശേഷം ജീരകവും മല്ലിപ്പൊടിയും ഗരംമസാലയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് കോളിഫ്ളവർ ചേർത്ത് പത്തുമിനിറ്റോളം ഇളക്കി വേവിക്കുക. ഇനി നാരങ്ങാനീരൊഴിച്ച് മല്ലിയില കൊണ്ടലങ്കരിച്ച് വിളമ്പാം.