മൊഴി രേഖപ്പെടുത്താൻ എത്തിയെങ്കിലും ബിഷപ്പ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്ഥലത്തില്ല എന്ന അറിയിപ്പ് ബിഷപ്പിൽ നിന്നും ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ സെക്രട്ടറിയും സ്ഥലത്തില്ല. ഇവർ തിങ്കളാഴ്ച മാത്രമേ തിരികെ എത്തുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
അന്വേഷണം ആരംഭിച്ച് മാസങ്ങൾക്ക് ശേഷമാണ് പോലീസ് ബിഷപ്പ് ധർമരാജ് റസാലത്തിൻ്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. ധ്യാനത്തിന് നേതൃത്വം നൽകിയവരെ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ച് ധ്യാനം നടന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും വ്യക്തമാക്കുന്ന കളക്ടറുടെ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു.
കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ നടന്ന ധ്യാനത്തിന് നേതൃത്വം നൽകിയ വ്യക്തി എന്ന നിലയ്ക്കാണ് ബിഷപ്പിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നത്. ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ നടന്ന ധ്യാനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് 450 ആളുകൾ പങ്കെടുത്തു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കപ്പെടാതെ നടന്ന ധ്യാനത്തിൽ പങ്കെടുത്ത നാലോളം വൈദികൾ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ടുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ബിഷപ്പടക്കമുള്ള 80 വൈദികർക്ക് കൊവിഡ് ബാധയുണ്ടായെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ചട്ടം ലംഘിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ സംഘാടകർക്കും വൈദികർക്കും എതിരെ പോലീസ് കേസെടുത്തിരുന്നു. സംഘാടകരായ ബിഷപ്പ് ധർമരാജ് റസാലം, സഭാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടരി റ്റി. റ്റി പ്രവീൾ, സെക്രട്ടറി എന്നിവർക്കെതിരാണ് കേസിലെ മുഖ്യപ്രതികൾ.
സംഭവം വിവാദമാകുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ ദേവികുളം സബ് കളക്ടർ അന്വേഷണം നടത്തി ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് കളക്ടർ സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ധ്യാനം സംഘടിപ്പിക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാനെന്ന് അറിയാമായിരുന്നിട്ടും സിഎസ്ഐ സഭാ ധ്യാനം സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനിടെയാണ് പ്രോട്ടോക്കോൾ ലംഘിച്ച് വൈദികരുടെ നേതൃത്വത്തിൽ ധ്യാനം നടന്നത്. ധ്യാനം നടന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ധ്യാനത്തിൽ പങ്കെടുത്ത ചില വൈദികർ കൊവിഡ് ബാധിച്ച് മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ച വൈദികരുടെ ആരോഗ്യനില മോശമായ അവസ്ഥയിലായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ധ്യാനം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ പ്രതികരണം നടത്താൻ സഭാ തയ്യാറായിരുന്നില്ല.