എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ് സ്പൈസി മസാലക്കറി. സോയചങ്ക്സ്, ഗ്രീൻപിസ്, പിന്നെ ഉരുളക്കിഴങ്ങുമാണ് പ്രധാന ചേരുവകൾ. ചോറ്, ചപ്പാത്തി, അപ്പം എന്നിവയ്ക്കൊപ്പം മികച്ച കോമ്പിനേഷനാണ്.
ചേരുവകൾ
- ഉരുളകിഴങ്ങ് 2 എണ്ണം
- സോയ ചങ്ക്സ് 50 ഗ്രാം
- ഗ്രീൻ പീസ് 1/2 കപ്പ്
- ചിരകിയ തേങ്ങ 1 കപ്പ്
- ചെറിയ ഉള്ളി 8 എണ്ണം
- സവാള 2 എണ്ണം
- തക്കാളി 1
- പച്ചമുളക് 3 എണ്ണം
- ഇഞ്ചി 1 ടേബിൾസ്പൂൺ
- വെളുത്തുള്ളി 1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
- മല്ലിപൊടി 2 ടീസ്പൂൺ
- മുളക് പൊടി 1 1/2 ടീസ്പൂൺ
- ഗരം മസാല 1/2 ടീസ്പൂൺ
- തേങ്ങാക്കൊത്ത്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നാളികേരം വറുത്തെടുക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചിരകിയ തേങ്ങയും 3 ചെറിയ ഉള്ളിയും ചേർത്ത് ബ്രൗൺ നിറമാകുന്നു വരെ വറുക്കുക, തേങ്ങ ബ്രൗൺ നിറമായാൽ ഇതിലേക്ക് മഞ്ഞൾ പൊടി,മല്ലിപൊടി , മുളക് പൊടി എന്നിവ കൂടി ചേർത്ത് വറുത്തെടുക്കുക .ഈ തേങ്ങാ കൂട്ട് തണുത്തു വന്നാൽ വെള്ളം ചേർക്കാതെ അരച്ച് വെക്കണം. സോയാചങ്ക്സ് തിളച്ച വെള്ളത്തിൽ ഇട്ടു രണ്ടു മിനിറ്റ് തിളപ്പിച്ച ശേഷം തണുത്ത വെള്ളത്തിൽ ഇട്ടു കഴുകി പിഴിഞ്ഞ് എടുത്തു വെക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉരുളക്കിഴങ്ങു മുറിച്ചത് ചേർത്ത് ഒന്ന് വറുത്തെടുക്കണം ,ഉരുളക്കിഴങ്ങു വറുത്തു കോരിയ അതേ വെളിച്ചെണ്ണയിലേക്കു സോയ ചങ്ക്സ് കൂടി ചേർത്ത് വറുത്തു മാറ്റിവെക്കണം. അതേ പാനിൽ കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടായാൽ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് ,കറി വേപ്പില എന്നിവ ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ തേങ്ങാകൊത്തു കൂടി ചേർത്ത് വഴറ്റുക .ഉപ്പ് കൂടി ചേർക്കാം ഈ സമയത്ത്. ശേഷം സവാളയിലിക്കു മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി എന്നിവ ചേർത്ത് ഒന്ന് വഴറ്റിയ ശേഷം തക്കാളി കൂടി ചേർത്ത് വഴറ്റണം.
തക്കാളി വഴന്നു വന്നാൽ വറുത്തെടുത്ത ഉരുളക്കിഴങ്ങും സോയാചങ്ക്സും ആവശ്യത്തിന് വെള്ളവും ചേർത്ത് പാൻ ഒന്ന് മൂടി വെച്ച് വേവിക്കാം .ഉരുളക്കിഴങ്ങു പകുതി വേവായാൽ ഗ്രീൻപീസ് കൂടി ചേർത്ത് വേവിക്കണം. (ഉപ്പ് ചേർക്കാൻ മറക്കണ്ട ) എല്ലാം വെന്തു വന്നാൽ വറുത്തരച്ച തേങ്ങാ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ഒന്ന് കൂടി പാൻ അടച്ചു വെക്കാം. ഇനി പാൻ തുറന്നു ഗരം മസാല കൂടി ചേർത്ത് ഇളക്കിയ ശേഷം കറി സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചെറിയ ഉള്ളിയും വേപ്പിലയും ചേർത്ത് മൂപ്പിച്ചു മസാല കറിയിലേക്കു ചേർത്ത് കൊടുക്കാം. ടേസ്റ്റി ആയ സദ്യ സ്പെഷ്യൽ മസാല കറി തയ്യാർ
Content Highlights: Spicy masala curry recipe