കോവിഡ് മഹാമാരിക്കാലം ഏറെ ബാധിച്ചത് നമ്മുടെ പ്രായമായ ആളുകളെയാണ്. രണ്ട് വർഷമായി പ്രിയപ്പെട്ടവരെ കാണാതെ വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാനാവാതെ, എന്തിനേറെ തങ്ങളുടെ കുടുംബത്തിൽ പുതുതായി പിറക്കുന്ന അംഗങ്ങളെ ഒന്ന് ഓമനിക്കാൻ പോലും അവസരം ലഭിക്കാത്ത പ്രായമായവർ ഏറെ നമുക്കു ചുറ്റുമുണ്ട്. എന്നാൽ തങ്ങളുടെ കൊച്ചുമക്കളെ കാണാൻ കഴിയാത്ത മുത്തശ്ശനെയും മുത്തശ്ശിയെയും സന്തോഷിപ്പിക്കാൻ ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ജപ്പാൻകാർ. കുഞ്ഞ് ബാഗുകൾ നിറയെ അരിയാണ് ഈ സന്തോഷസമ്മാനം.
വെറുതേ അരി കൊടുക്കുകയല്ല. ഡാക്കിഗോകോചി എന്നാണ് ഈ അരിസഞ്ചിയുടെ പേര്. കുഞ്ഞുങ്ങളെ നനുത്ത തുണിയിൽ പൊതിഞ്ഞു വയ്ക്കുന്നതുപോലെ അതേ ആകൃതിയിലും വലിപ്പത്തിലുമാണ് ഈ അരി ബാഗ് തയ്യാറാക്കുന്നത്. കുട്ടികളെ പുതപ്പിക്കുന്ന പുതപ്പ് ഉപയോഗിച്ചാണ് ബാഗിന്റെ നിർമാണം. ചിലർ ബാഗിന്റെ മുകൾഭാഗത്ത് കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രവും പ്രിന്റ് ചെയ്യും. തങ്ങളുടെ കൊച്ചുമക്കളെ കൈയിൽ എടുക്കുന്നതുപോലെ തന്നെ പ്രായമായവർക്ക് തോന്നും വിധമാണ് ഈ സമ്മാനങ്ങൾ ഒരുക്കുന്നത്. കുഞ്ഞുങ്ങളുടെ അതേ ഭാരത്തിലാണ് അരി ഇതിൽ നിറയ്ക്കുന്നത്.
പുതുതായി മാതാപിതാക്കളാവുന്നവർ തങ്ങളുടെ കുടുംബത്തിലെ പ്രായമായവർക്ക് ഈ കസ്റ്റമൈസ്ഡ് ബാഗുകൾ അയക്കുന്നത് വ്യാപകമായിരിക്കുകയാണ് എന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രായമായവർക്ക് മാത്രമല്ല പുതിയ കുഞ്ഞുങ്ങളെ കാണാനും കൈയിലെടുക്കാനും ആഗ്രഹിക്കുന്ന ബന്ധുക്കൾക്കും ഈ കുഞ്ഞുബാഗുകൾ സമ്മാനമായി അയക്കുന്നവരുണ്ട്.
ജാപ്പനീസ് ഓൺലൈൻ മാർക്കറ്റിങ് സൈറ്റായ യോഷിമിയയാണ് ഈ കുഞ്ഞ് അരി ബാഗുകൾക്ക് പേരുകേട്ടിരിക്കുന്നത്. ധാരാളം ആളുകൾ ഈ മൃദുലമായ കുഞ്ഞിനെപ്പോലെ തോന്നുന്ന അരിബാഗുകൾക്ക് ഓർഡർ നൽകുന്നുണ്ടെന്ന് അവർ പറയുന്നു. പല നിറങ്ങളിലും പ്രിന്റുകളിലും എല്ലാം ഈ ബാഗുകൾ ലഭിക്കും. 3.5 കിലോ ബാഗിന് 3,500 യെൻ (2,355.68 രൂപ) വില.
Content Highlights: New Japanese parents are sending relatives bags of rice that feel like babies