അരി കൊണ്ട് തയ്യാറാക്കുന്ന ചായ എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിയുന്നുണ്ടോ? എങ്കിൽ രുചിയിൽ കേമനായ ഇതിന്റെ ആദ്യത്തെ കവിൾ കുടിക്കുമ്പോൾ തന്നെ മുൻവിധികളെല്ലാം തകർന്ന് പോവും. വറുത്തെടുത്ത് അരി കൊണ്ട് തയ്യാറാക്കുന്ന ഇവയിൽ തേയില പേരിന് പോലും ചേർക്കില്ല
കട്ടൻ ചായയോട് സമാനമായ ഇവ തയ്യാറാക്കുന്നത് വറുത്തെടുത്ത അരി കൊണ്ടാണ്. ചുവന്ന അരി അല്ലെങ്കിൽ കറുത്ത അരി എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത് മേഘാലയയിൽ പിറവി കൊണ്ട് ഇവന്റെ യഥാർത്ഥ നാമം ചാ ഖൂ എന്നാണ്. ചായ എന്ന് അർത്ഥം വരുന്ന ചാ അതോടൊപ്പം അരി എന്ന് അർഥമുള്ള ഖു അങ്ങനെയാണ് ഈ പേര് ഉത്ഭവിച്ചത്. മേഘാലയയിലെ ടൂറിസം രംഗത്ത് ഈ ചായയ്ക്ക് പ്രാധാന്യമേറെയാണ്.
ഇതിന് സമാനമായ ചായ ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് ഭാഗത്ത് ധാരാളമുണ്ട്. ജപ്പാനിൽ ഇതിന് സമാനമായ ചായ തയ്യാറാക്കുന്നുണ്ട്. ബ്രൗൺ നിറത്തിലുള്ള അരികൊണ്ടാണ് ഇവ തയ്യാറാക്കുന്നത് ജെൻമൈച്ച എന്നാണ് അവിടത്തെ പേര്. പ്രത്യേകം ബ്ലെൻഡ് ചെയ്തെടുത്ത ഗ്രീൻ ടിയും ഇതിൽ ചേർക്കും.
അസാമിൽ ഇതേ ചായ സാഹ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭക്ഷണശേഷം ദഹനം എളുപ്പമാക്കാൻ ഈ ചായ കുടിക്കുന്ന പതിവ് അവർക്കുണ്ട്.ബ്രിട്ടീഷുകാർ ഈ മേഖലകളിൽ തേയില ചായ കൊണ്ടു വരുന്നത് വരെ അരി ചായയ്ക്ക് മികച്ച പ്രചാരം ഈ ഗ്രാമങ്ങളിലുണ്ടായിരുന്നു. ഷില്ലോങ്ങിലായിരുന്നു ഈ ചായക്ക് ആരാധകർ ഏറെ. മഞ്ഞ് കാലത്ത് ഇവിടെ ഈ ചായ ഒഴിവാക്കാവാത്തതാണ്. എന്നാൽ പതിയെ തേയില ചായ കൂടെ കളം പിടിക്കുകയായിരുന്നു.
പരമ്പരാഗതമായി ഈ ചായയിൽ പഞ്ചസാരയോ യാതൊരു മധുര പദാർത്ഥങ്ങളോ ഉപയോഗിക്കാറില്ല. എന്നാൽ കാലം മാറിയതോടെ ഇപ്പോൾ ഇതിൽ മധുരം ചേർക്കാൻ തുടങ്ങി. ആന്റിഓക്സിഡന്റുകളും മിനറലുകളും വിറ്റാമിനുകളും ധാരാളമടങ്ങിയ അരി ചായ ആരോഗ്യത്തിനും മികച്ചതാണ്. ചർമത്തിലെചുളിവുകൾ അകറ്റാൻ ഇവ നല്ലതാണ്. കഫീൻ അടങ്ങാത്ത ചായ ആയതിനാൽ മറ്റ് ദൂഷ്യവശങ്ങളും ഇല്ലെന്ന് പറയാം.
അരി ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
അരി ചെറുതീയിൽ നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ടോളം തിളപ്പിക്കുക. ചൂടോട് കൂടി തന്നെ കുടിക്കുന്നതാണ് നല്ലത്. ജപ്പാൻ. കൊറിയ എന്നിവിടങ്ങിൽ ഈ ചായയിൽ ഗ്രീൻ ടീ ഇട്ടാണ് കുടിക്കുക
Content Highlights: About rice tea