ചക്കകാലം ടാറ്റാ പറഞ്ഞ് പോയെങ്കിലും അടുക്കളയിൽ ചക്കക്കുരു ഇല്ലാതെയിരിക്കില്ല. എങ്കിൽ അടിപൊളി വിഭവം തന്നെ തയ്യാറാക്കാം ചക്കക്കുരു തല്ലത്തോരൻ. വേവിച്ച ചക്കക്കുരു അമ്മിയിൽ ഇട്ട് പൊടിച്ചെടുക്കുന്നത് കൊണ്ടാണ് ഈ പേര്. അമ്മിയില്ലെന്ന വിഷമം വേണ്ട മിക്സിയിൽ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കാം. വെളുത്തുള്ളിയുടെ നല്ല മണം ഈ വിഭവത്തിന്റെ പ്രത്യേകതയാണ്.
ചേരുവകൾ
- ചക്കക്കുരു 20 എണ്ണം
- തേങ്ങ അര കപ്പ്
- ജീരകം ഒരു ടീസ്പൂൺ
- വെളുത്തുള്ളി 8
- മുളകുപൊടി ഒന്നര ടീസ്പൂൺ
- മഞ്ഞൾപ്പൊടി അല്പം
- കടുക്, ഉഴുന്ന്, രണ്ട് വറ്റൽമുളക്, കറിവേപ്പില, വെളിച്ചെണ്ണ – താളിക്കാൻ ആവശ്യമായത്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കക്കുരു ചുരണ്ടി ഉപ്പ് ചേർത്ത് ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് മുഴുവനോടെ കുക്കറിൽ തുടരേതുടരേ രണ്ട് വിസിൽ അടിക്കുന്നത് വരെ വേവിയ്ക്കാം, വലിയ തീയിൽ തന്നെ വേവിയ്ക്കാം.ചക്കക്കുരു മാത്രം ഊറ്റി എടുത്തു ചൂടാറാൻ വെയ്ക്കുക.ശേഷം മിക്സിയിൽ ഏതാനും സെക്കണ്ടുകൾ മാത്രം കറക്കി, പൊടിച്ചെടുക്കുക… വെള്ളം ചേർക്കരുത്.. കൂടുതൽ അരഞ്ഞും പോവരുത്.
അമ്മിക്കല്ലിൽ വെച്ച് കുഴവി കൊണ്ട് ഇടിക്കുന്നതാണെത്രെ പരമ്പരാഗതമായി ചെയ്യുന്നത്…തേങ്ങ ജീരകം വെളുത്തുള്ളി മുളക്പൊടി മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ തരുത്തരുപ്പായി പൊടിച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി താളിക്കാനുള്ള ചേരുവകൾ മൂപ്പിക്കുക
പൊടിച്ച ചക്കക്കുരു ചേർത്ത് നന്നായി ഇളക്കുക.ഉടനെ തന്നെ തേങ്ങ കൂട്ടും ചേർത്തിളക്കി ചെറുത്തീയിൽ അടച്ചു വെച്ച് പാകം ചെയ്യാം..
ഇടയ്ക്കിടെ ഇളക്കി കൊടുക്കാം… ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം…
നന്നായി മൊരിഞ്ഞു വരുമ്പോൾ വാങ്ങി വെയ്ക്കാം
Content Highlights: Chakkakuru thallithoran recipe