കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി ശിഹാബ് തങ്ങൾ നടത്തിയ വാർത്താ സമ്മേളനം തടസ്സപ്പെടുത്തിയ റാഫി പുതിയകടവിലിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമർശനം നടത്തിയതാണ് റാഫിയെ പ്രകോപിപ്പിച്ചത്.
മുഈൻ അലി മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് റാഫി അസഭ്യ വർഷവുമായി ചാടിയെണീറ്റത്. ലീഗിൽ നിന്ന് എല്ലാമായിട്ട് പാർട്ടിയെ തള്ളിപ്പറയുന്നോ എന്നായിരുന്നു റാഫിയുടെ ചോദ്യം. മുഈൻ അലിയെ യൂസ്ലെസ് എന്നടക്കം വിളിച്ച് റാഫി അധിക്ഷേപിച്ചിരുന്നു.
2004 ൽ ഇന്ത്യാവിഷൻ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് റാഫി. ഐസ് ക്രീം പാർലർ കേസിൽ റജീന വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധത്തിനിടെ ഇന്ത്യാവിഷൻ ഓഫീസിനു നേരെയും മാധ്യമ പ്രവർത്തകർക്കു നേരെയും അന്ന് കല്ലേറുണ്ടായിരുന്നു.