ഈ ആഴ്ച ഞാനും എന്റെ കുടുംബവും സ്ട്രോബെറി പറിക്കുവാനായി സ്ട്രോബെറി തോട്ടത്തിൽ പോയിരുന്നു. അങ്ങനെ സ്ട്രോബെറി പറിക്കൽ തകൃതിയായി നടക്കുമ്പോൾ ആണ് എന്റെ കടുകുമണിയുടെ (മൂന്നര വയസുകാരി മകൾ) ചോദ്യം, സ്ട്രോബെറിയിൽ എന്ത് മാത്രം കുത്തുകൾ ( Dots ) ആണെന്ന്. എന്റെ ഒട്ടുമിക്ക ഫുഡ് ആർട്സിലും ഞാൻ ഉപയോഗിക്കുന്ന ഒന്നാണ് സ്ട്രോബെറി, എന്നിട്ടും അപ്പോഴാണ് അതിന്റെ തൊലിയിലുള്ള ചിത്രപ്പണി കാര്യമായി ശ്രദ്ധിച്ചത്.
വീട്ടിൽ എത്തിയതിനു ശേഷം ഞാൻ സ്ട്രോബെറി എടുത്തു വച്ച് കാര്യമായി നോക്കിയിട്ടാണ് പിന്നീട് സ്ട്രോബെറിയെ കുറിച്ച് വിശദമായി വായിച്ചതും മനസ്സിലാക്കിയതും. അങ്ങനെ ഞാൻ മനസിലാക്കിയ കുറച്ചു രസകരമായതും, കൗതുകകരവുമായ ചില വസ്തുതകളാണ് ഇന്നത്തെ ലേഖനം. ഏഷ്യൻ രാജ്യങ്ങളിൽ സ്ട്രോബെറിയെ വിളിക്കുന്നത് ഫലങ്ങളുടെ രാജ്ഞി എന്നാണ്. അത് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങൾ മാനിച്ചാണ് അതിനെ അങ്ങനെ വിളിക്കുന്നത്.
പോഷകഗുണ വസ്തുതകൾ
സ്ട്രോബെറി എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് ചുവന്നതും, മൃദുവായതും, സത്തുള്ളതുമായ വളരെ ചെറിയ ഒരു ഫലത്തെകുറിച്ചാണ്. എന്നാൽ വൈറ്റമിൻ സി, കെ എന്നിവയുടെ നല്ലൊരു ഉറവിടമാണ് സ്ട്രോബെറി. ഫൈബർ, ഫോളിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയും സ്ട്രോബെറിയിലുണ്ട്. സ്ട്രോബെറിയുടെ കടും ചുവപ്പു നിറത്തിനു കാരണം അതിൽ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റ്സ് & ഫ്ളവനോയ്ഡ്സ് (phytonturients and flavanoids ) ആണ്.
ഫൈറ്റോന്യൂട്രിയന്റ്സ് അടങ്ങിയ ആഹാരം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നതിന് ഫലപ്രദമായ ഒരു മാർഗമാണെന്നു യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (The U.S. Department of Agriculture (USDA)) നടത്തിയിട്ടുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ ദഹനേന്ദ്രിയങ്ങൾ, പല്ലുകളുടെ വെളുത്ത നിറം ലഭിക്കാൻ, ചർമ്മരോഗങ്ങൾ എന്നിവയ്ക്കായി ചരിത്രത്തിൽ ഉടനീളം സ്ട്രോബെറി ഒരു ഔഷധ പശ്ചാത്തലത്തിൽ ഉപയോഗിച്ചുവരുന്നു. സ്ട്രോബെറിയുടെ നാരുകളും, അവയിലടങ്ങിയിട്ടുള്ള ഫ്രക്ടോസും (fructose ) രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കും (സ്ട്രോബെറി സ്ലോറിലീസ് കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയതാണ്, പ്രമേഹ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള സഹായം).
കഷണങ്ങളാക്കി മുറിച്ച അര കപ്പ് സ്ട്രോബെറിയുടെ പോഷണ പട്ടിക നമ്മളെ അത്ഭുതപ്പെടുത്തും.
- വിറ്റാമിന് സി 49 മില്ലിഗ്രാം
- ഫോളേറ്റ് (Folate ) 20 മൈക്രോഗ്രാം
- മഗ്നീഷ്യം (Magnesium ) 11 മില്ലിഗ്രാം
- വിറ്റാമിന് ബി6 0.04 മില്ലിഗ്രാം
- റിബോഫ്ളാവിൻ (riboflavin) 0.02 മില്ലിഗ്രാം
- അയൺ (Iron ) 0.3 മില്ലിഗ്രാം
കൗതുകകരമായ വസ്തുതകൾ
ഒരു റോസാപ്പൂവിന്റെ മണം നിങ്ങൾ ആസ്വദിക്കുമ്പോൾ നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ സ്ട്രോബെറി റോസയുടെ ഒരു അകന്ന ബന്ധുവാണെന്നുള്ളത്? സ്ട്രോബെറി ഫ്രാഗ്രറിയ (Fragaria ) എന്ന ചെടിയിൽ താഴ്ന്ന നിലങ്ങളിൽ വളരുന്ന ഒരു കായയാണ്. സ്ട്രോബെറി ജെനസ്, ഫ്രാഗ്രറിയ, റോസ് (റോസെസെ) കുടുംബത്തിന്റെ ഭാഗമാണ്. മിക്ക സസ്യശാസ്ത്രജ്ഞരും പേരിൽ ബെറി ഉണ്ടെങ്കിലും ബെറി ആയി സ്ട്രോബെറിയെ അംഗീകരിക്കാറില്ല. യഥാർത്ഥ ബെറികളിൽ വിത്തുകൾ ഫലങ്ങളുടെ ഉൾഭാഗത്താണ് കാണുക. എന്നാൽ സ്ട്രോബെറിയിൽ വിത്തുകൾ പുറം തൊലിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ സ്ട്രോബെറി പുറത്ത് ഏകദേശം 200 വിത്തുകൾ ഉണ്ട്, എന്നാൽ ആ വിത്തുകൾ ശരിക്കും വിത്തുകൾ അല്ല! കഴിക്കുമ്പോൾ പല്ലിൽ തടയുന്ന ആ ചെറിയ വിത്തുകൾ യഥാർഥത്തിൽ ചെറിയ ഒരു പഴം ആണ്, അവയെ അകീൻസ് (Achenes ) എന്നാണ് അറിയപ്പെടുന്നത്. ആ ചെറിയ പഴങ്ങളിൽ ഓരോന്നിന്റെയും ഉള്ളിൽ അതിലും ചെറിയ വിത്തുകൾ ഉണ്ട്. പുറം ഭാഗത്തുള്ള ഈ വിത്തുകൾ നാരുകളുടെ നല്ല ഉറവിടം നൽകുന്നു.
സ്ട്രോബെറി കുട്ടികൾക്ക് എളുപ്പത്തിൽ കഴിക്കാവുന്നതും ധാരാളം ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നതുമായ ഫലമാണ്. സ്ട്രോബെറിയുടെ നിറം, അതുല്യമായ രൂപവും, ആകൃതിയും എല്ലാം തന്നെ കുട്ടികളെയും ആകർഷിക്കുന്നു. ഒരു ചെറിയ പുളി, മധുരം രണ്ടും സ്ട്രോബെറിയിലുണ്ട്. നിങ്ങൾക്കു പ്രഭാതഭക്ഷണങ്ങളായ ഓട്ട്സിന്റെ കൂടെയോ, കോൺഫ്ലേയ്ക്!സിന്റെ കൂടെയോ ചേർക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ ലഘുഭക്ഷണമായി സ്ട്രോബെറിയും മറ്റു പഴങ്ങളും നൽകാവുന്നതാണ്. സ്ട്രോബെറി എളുപ്പത്തിൽ ലഭ്യമാണെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ദൈനംദിന ആഹാരത്തിൽ തീർച്ചയായും ചേർക്കേണ്ട ഒരു പഴം തന്നെയാണ്.
ആരോഗ്യപരമായ പ്രയോജനങ്ങൾ
സ്ട്രോബെറി നല്ല ചാറുള്ള ഒരു ഫലമാണ്. ഇതിൽ വളരെ അധികം ധാതുക്കളും, കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കൂടാതെ ഇത് വൈറ്റമിൻ സിയുടെ വലിയൊരു സ്രോതസ്സാണ്. വൈറ്റമിൻ സി യുടെ കുറവു കൊണ്ടുണ്ടാകുന്ന സ്കർവി (scurvy ) പോലുള്ള അസുഖം ഉള്ളവർക്ക് സ്ട്രോബെറി അത്യുത്തമമാണ്. വൈറ്റമിൻ സി യുടെ കുറവ് കുട്ടികളിൽ പല്ലുകൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാം. വിറ്റാമിൻ സി കുട്ടികളിൽ പ്രതിരോധശേഷി വളർത്തുന്നതിനാൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, സിനസ്, വീക്കം, വിളർച്ച തുടങ്ങിയ രോഗപ്രതിരോധ സംവിധാനങ്ങൾ വളർത്താൻ കുഞ്ഞിന് ഇത് സഹായകരമാകും . വൈറ്റമിൻ സി, സൂര്യപ്രകാശത്തിന്റെ ദൂഷ്യ ഫലങ്ങളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യും. മാത്രമല്ല വൈറ്റമിൻ സി റെറ്റിന, കോർണിയ (retina and cornea) എന്നിവയെ കോട്ടമില്ലാതെ നില്ക്കാൻ സഹായിക്കുന്നു. സ്ട്രോബെറി അങ്ങനെ നമ്മളുടെ കുട്ടിയുടെ കണ്ണിന് വളരെ പ്രധാനമാണ്.
ഓരോ രക്ഷിതാവിനും അവരുടെ കുട്ടികൾ വളരെ മിടുക്കരും, ഉന്നതശ്രേണിയിലുള്ളവരാകണം എന്ന് ആഗ്രഹം ഉണ്ടാകും. സ്ട്രോബെറി കുട്ടിയുടെ മസ്തിഷ്ക ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. സ്ട്രോബെറിക്ക് നിങ്ങളുടെ കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ കഴിയും . സ്ട്രോബറിയുടെ ഗുണങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നു. സ്ട്രോബെറിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, വിറ്റാമിന് കെ, മഗ്നീഷ്യം എന്നിവ അസ്ഥി ആരോഗ്യത്തിന് വളരെ നല്ലതാണ് . അതിനാൽ സ്ട്രോബെറിയുടെ ഗുണങ്ങൾ മനസിലാക്കുകയും, അത് കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.
സ്ട്രോബെറിയിൽ ബയോടിൻ അംശം അടങ്ങിയിട്ടുണ്ട്, അത് മുടിയുടെയും, നഖങ്ങളുടെയും ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്നു . കൂടാതെ ആന്റിഓക്സിഡന്റ് ആയ എല്ലാജിക് ( ellagic ) ആസിഡ് അടങ്ങിയിട്ടുണ്ട്, അത് ചർമ്മത്തിന്റെ ഇലാസ്റ്റിക് നാരുകൾ ബലപ്പെടുത്തുകയും, അതുവഴി ചർമം വലിഞ്ഞു തുങ്ങുന്നതിൽ നിന്നും ഒരു പരിധിവരെ തടയുകയും ചെയ്യും . ബെറികൾ ചില ആളുകളിൽ അലർജി ഉണ്ടാക്കാറുണ്ട്, അതിനാൽ അങ്ങനെയുള്ളവർ ഡോക്ടറുടെ നിർദേശം അനുസരിച്ചാണ് ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്.
Content Highlights: about Benefits of Strawberry