കൂണുകൾ കൊണ്ടുള്ള തോരനും കറിയുമെല്ലാം നമുക്ക് പരിചിതമാണ് ഇടിവെട്ടി മഴപെയ്താൽ പറമ്പിൽ ഉണ്ടാവുന്ന കൂണുകൾ വിപണിയിൽ കാലഭേദമന്യേ സുലഭമാണ്. കൂണു കൊണ്ട് തയ്‌യാറാക്കാവുന്ന ബിരിയാണി പരിചയപ്പെടാം. എളുപ്പത്തിൽ തയ്‌യാറാക്കാവുന്ന ഈ വിഭവം രുചിയിലും കേമനാണ്.
ചേരുവകൾ
- ബിരിയാണി അരി – 3 കപ്പ്
- കൂൺ – 500 ഗ്രാം
- സവാള – 500 ഗ്രാം
- ഇഞ്ചി – ഒരുകഷ്ണം
- വെളുത്തുള്ളി – 6 അല്ലി
- പെരുംഞ്ചീരകം – അര ടീസ്പൂൺ
- കുരുമുളക് പൊടി – ഒരു ടീസ്പൂൺ
- നെയ്‌യ് – 100 ഗ്രാം
- അണ്ടിപ്പരിപ്പ് – 10 എണ്ണം
- മുന്തിരി – 10 എണ്ണം
- തക്കാളി സോസ് – കാൽക്കപ്പ്
- മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
- ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്‌യാറാക്കുന്നവിധം
കൂൺ വൃത്തിയായി നീളത്തിൽ അരിയുക. മഞ്ഞൾപൊടി, പെരിഞ്ചീരകപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കൂൺ വേവിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി അല്പം നെയ്‌യിൽ സവാള വഴറ്റുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർക്കുക. വേവിച്ചുവെച്ചിരിക്കുന്ന കൂൺ ഇതിൽ ചേർത്ത് നന്നായി ഇളക്കിച്ചേർക്കുക.
അരി കഴുകി വേവിച്ചെടുത്തതിൽ കൂൺ വേവിച്ചതും തക്കാളി സോസും ചേർത്ത് നന്നായി ഇളക്കി മൂടിവെച്ച് ചെറിയ തീയിൽ വേവിക്കുക. ബാക്കി നെയ്‌യിൽ ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ വറുത്ത് ചേർക്കുക. മല്ലിയില, കാരറ്റ് അരിഞ്ഞത്, കറിവേപ്പില എന്നിവകൂടി ചേർത്താൽ കൂൺ ബിരിയാണി റെഡി.
Content Highlight: Easy mushroom biryani Recipe