Tokyo Olympics 2020: സ്പ്രിന്റ് ഇനങ്ങളിലെ അവസാന വാക്കായ ഉസൈന്‍ ബോള്‍ട്ടിന്റെ അസാന്നിധ്യമാണ് ഇത്തവണ 100 മീറ്ററിലെ ഏറ്റവും വലിയ പ്രത്യേകത. തന്റെ പകരക്കാരന്‍ ആകാന്‍ ആര്‍ക്കും സാധിക്കില്ല എന്ന് ബോള്‍ട്ട് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിഹാസത്തിന്റെ അഭാവത്തില്‍ ആര് സ്വര്‍ണമണിയും എന്ന് കാത്തിരിക്കുകയാണ് ലോകം.
ബെയ്ജിങ്ങിലും, ലണ്ടണിലും, റിയോയിലും ട്രാക്കിന് പുറത്ത് ബോള്‍ട്ടിന്റെ തോല്‍വി പലരും പ്രവചിച്ചിരുന്നു. എന്നാല്‍ വിദഗ്ധരുടേയും പ്രായത്തിന്റേയും വെല്ലുവിളികളെ അയാള്‍ ട്രാക്കില്‍ മറികടന്നു. എന്തുകൊണ്ടാണ് താന്‍ ഒന്നാമനായി തുടരുന്നതെന്ന് ബോള്‍ട്ട് തെളിയിച്ചത് നാം കണ്ടതാണ്.
ബോള്‍ട്ട് മാത്രമല്ല, സമയത്തെ കീഴടക്കി കുതിക്കുന്ന പല മഹാരഥന്മാരും ടോക്കിയോയില്‍ 100 മീറ്റര്‍ പോരാട്ടത്തിനില്ല. നിലവിലെ ലോകചാമ്പ്യനായ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാറ്റ്ലിന്‍ തുടങ്ങിയവരും ഇത്തവണത്തെ നഷ്ടമാണ്. ഉത്തേജക മരുന്നാണ് കോള്‍മാനെ കുടുക്കിയത്.
100 മീറ്ററില്‍ അമേരിക്കയ്ക്ക് നഷ്ടമായ പ്രതാപം ട്രേവോൺ ബ്രോമെൽ തിരിച്ചു പിടിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. സീസണിലെ ഏറ്റവും മികച്ച സമയം ബ്രോമെലിന്റെ പേരിലാണ്. 9.77 സെക്കന്റ്. എന്നാല്‍ ഹീറ്റ്സില്‍ താരത്തിന് പിഴച്ചു.
മികച്ച തുടക്കം ലഭിച്ചില്ല. ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്തും. 10.05 സെക്കന്റ് ബ്രോമെല്‍ ഓടി തീര്‍ത്തത്. നാലാമതെത്തിയവരിലെ ഏറ്റവും മികച്ച സമയം കണ്ടെത്തിയതിനാലാണ് ബ്രോമലിന് ഫൈനലിലേക്ക് അവസരം ലഭിച്ചത്.
ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈന്റെ പേരിലാണ് സീസണിലെ മികച്ച രണ്ടാമത്തെ സമയം, 9.84 സെക്കന്റ്.
അമേരിക്കയുടെ തന്നെ റോണി ബേക്കറും, ഫ്രെഡ് കെര്‍ലെയും മെഡല്‍ പ്രതീക്ഷ പട്ടികയിലുള്ള താരമാണ്. ഹീറ്റ്സില്‍ 10.03 സെക്കന്റില്‍ അനായാസമാണ് റോണി ഫിനിഷ് ചെയ്തത്. ഫ്രെഡ് 9.97 സെക്കന്റിലുമാണ് 100 മീറ്റര്‍ അവസാനിപ്പിച്ചത്.
ഹീറ്റ്സിലെ ഏറ്റവും മികച്ച സമയം കുറിച്ചത് കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെയാണ്. 9.91 സക്കന്റിലാണ് അന്ദ്രെ ഓടി തീര്‍ത്തത്. 2016 ലെ വെങ്കല മെഡല്‍ ജേതാവായ അന്ദ്രേയ്ക്ക് ഇത്തവണ സ്വര്‍ണം ലഭിക്കുമോ എന്നതും കാത്തിരുന്ന് കാണണം.
എന്നാല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കുന്ന യോഹാന്‍ ബ്ലേക്ക് ഹീറ്റ്സില്‍ ഞെട്ടി. 10.06 സെക്കന്റില്‍ രണ്ടാമതായാണ് താരം ഫിനിഷ് ചെയ്തത്. ഇന്ന് വൈകുന്നേരമാണ് 100 മീറ്റര്‍ സെമി ഫൈനലും, ഫൈനലും നടക്കുന്നത്.
Also Read: Tokyo Olympics: ഒളിംപ്കിസ് ഹോക്കിയിൽ 41 വർഷത്തിന് ശേഷം ക്വാർട്ടർ പ്രവേശനം നേടി ഇന്ത്യൻ വനിതാ ടീം
The post Tokyo Olympics 2020: ബോള്‍ട്ട് യുഗത്തിന് ശേഷം ആര്? ടോക്കിയോയില്‍ ഇന്ന് തീ പാറും appeared first on Indian Express Malayalam.