“തൊലിയില്‍ ചൂണ്ടക്കൊളുത്ത് വീഴുമ്പോള്‍ ഇക്കിളിപ്പെട്ട പുഴ അവളിലേക്ക് എടുത്തുചാടി. കബടിക്കളത്തിലെ വേഗത കാലുകള്‍ തുപ്പലുതൊട്ട് മറിച്ചു. ഊഞ്ഞാലാട്ടത്തിലെന്നോണം കണങ്കാല് കുത്തിയുയര്‍ന്ന് ജാനകി സ്വന്തം ശരീരത്തിലേക്ക് പറന്നു…” ആർഷാകബനി എഴുതിയ കഥ
അരഞ്ഞാണം ഒരു രഹസ്യമാണ്. രഹസ്യമായ ആഭരണം എന്നതിനപ്പുറം ഒരു രഹസ്യം.ആ രഹസ്യത്തില്‍ മതിമറന്ന് നിന്നാണ് ചിന്നമാളു അരഞ്ഞാണം കഴുകുക. അടുക്കളപ്പുറത്ത് മണിക്കൂറുകള്‍ക്ക് മുന്‍പെ അലക്കുകാരത്തില്‍ അത് ഇട്ടുവെച്ചിട്ടുണ്ടാവും. വെള്ളിലപോലെ തിളങ്ങണം. ഓരോ പിരികള്‍ക്കിടയിലൂടെയും കൂര്‍പ്പിച്ചെടുത്ത ചകിരി ചുറ്റിക്കറങ്ങും.
അരഞ്ഞാണത്തിന്റെ ഓരോ കോശങ്ങളില്‍നിന്നും സ്വന്തം ശരീരത്തിന്റെ വിയര്‍പ്പും ചെളിയും ചിന്നമാളു കുത്തിയിളക്കും. കാര്‍ന്നോര് മരിച്ചിട്ടും ഈ തള്ളയ്ക്ക് ഇതെന്തിന്റെ സൂക്കേടാണ്, പിന്നാമ്പുറത്തൂടെ കടന്നുപോവുന്ന ഓരോ ആളും പിറുപിറുക്കും.
ജാനകി പുളിമരച്ചുവട്ടിലിരുന്ന് ഊഞ്ഞാലാടുകയായിരുന്നു. ഓരോ കുതിപ്പിലും പുളിപ്പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു. പുളിക്കൊമ്പ് താഴ്ന്നും ഉയര്‍ന്നും അവളെ രസിപ്പിച്ചുകൊണ്ടിരുന്നു. ജാനകി അച്ഛമ്മയുടെ തുള്ളിത്തെറിക്കുന്ന പുറംമടക്കുകളിലേക്ക് നോക്കി. മുയല്‍ക്കുഞ്ഞുങ്ങളായി തുള്ളിത്തെറിച്ച് വീണ്ടും പതുങ്ങുന്ന മടക്കുകള്‍. ചുവന്ന ബ്ലൗസിനിടയിലൂടെ തൊലിയുടെ കൈവരികളിലേക്ക് ഒലിച്ചിറങ്ങുന്ന ഉപ്പുചാലുകള്‍.
നിലത്ത് ചിതറിക്കിടക്കുന്ന പുളിനഖപ്പൂക്കളില്‍ കണങ്കാൽ കുത്തി ജാനകി ഊഞ്ഞാല്‍ മുന്നോട്ടേക്ക് പറത്തി. നഖം കടിച്ച് നിലത്തേക്ക് തുപ്പിത്തെറിപ്പിക്കുന്ന പെണ്ണാണെന്ന ഓര്‍മ്മയിലായിരുന്നു ഊഞ്ഞാലുകെട്ടിയാടുന്ന പുളിമരം. അതങ്ങനെ പൂത്തുലഞ്ഞുനിന്ന് ആയിരം വിരലുകളില്‍നിന്ന് നഖം കടിച്ച് കടിച്ച് തുപ്പിക്കൊണ്ടേയിരുന്നു.
വടക്കേ മുറ്റത്തുനിന്ന് നാരകമണമുള്ള തേനീച്ചകള്‍ മൂളിക്കൊണ്ട് കടന്നു പോയി. ഊഞ്ഞാലില്‍നിന്നിറങ്ങി കുട്ടിക്കളികളുടെ തട്ടുംമുട്ടും കേള്‍ക്കുന്ന ചായ്പിലേക്ക് ജാനകി നടന്നു. കുരുമുളക് ചണ്ടിയും അവയ്ക്കിടയില്‍ ഒളിച്ചു കളിക്കുന്ന നെല്‍വിത്തുകളുടേയും നിലം. വിളവുകളുടെ സൂക്ഷിപ്പു മുറി ഒഴിയുമ്പേഴെല്ലാം കുട്ടികളുടെ ഭരണത്തിന് കീഴിലാണ്.
പലതരം കുട്ടിഭക്ഷണങ്ങള്‍ പാകപ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍നിന്ന് ഉയര്‍ന്നു പൊന്തുന്ന സാങ്കല്‍പ്പിക പുക കുട്ടിശരീരങ്ങളെയെല്ലാം വിയര്‍പ്പില്‍ കുളിപ്പിച്ചിരിക്കുന്നു. ഇലകളെ എടുത്തുയര്‍ത്തി കുലുക്കിചിരിക്കുന്ന കാറ്റ് അയല്‍ക്കാരികളെന്ന വ്യാജേന ചായ്പിൽ നിറഞ്ഞുനില്‍ക്കുന്നു.
മരംകേറി നടക്കാതെ പെണ്ണുങ്ങള്‍ ചെയ്യുന്ന പണികള്‍ എന്തെങ്കിലും ചെയ്തൂടെ എന്ന പറച്ചില്‍ നൂറാവര്‍ത്തി ജാനകി കേട്ടുകഴിഞ്ഞതാണ്. മറ്റുള്ളവര്‍ പറയുന്ന ഈ ആണ്‍ പ്രവൃത്തികളിലേക്ക് കാല്‍നീട്ടുമ്പോൾ എല്ലായ്‌പ്പോഴും ഒരുതരം ആനന്ദം തോന്നാറുണ്ട്.
മീന്‍പിടുത്തമെന്നത് ഹരം കോര്‍ത്തെടുക്കുന്ന ഒരു പണിയാണ്. ആ രസത്തിലേക്ക് ജാനകിയെ കൊളുത്തിയിട്ടത് ചിന്നമാളുവാണ്. ആണുങ്ങളുടെ പുഴക്കടവിലേയ്ക്ക് ചിരട്ടകളില്‍ പുളയുന്ന ഞാഞൂലുകളുമായി അവര്‍ കടന്നുചെല്ലും. കയ്യിലുടക്കാതെ ചൂണ്ടക്കൊളുത്ത് അഴിച്ചെടുത്ത് കെണിമൂര്‍ച്ചയിലേക്ക് ഇര കോര്‍ക്കും. പിന്നെ അനങ്ങാതെ മനസ്സിനെ കൈയ്യില്‍ ഉറപ്പിക്കും. മരങ്ങളെപ്പോലെ വേരുകളാഴ്ത്തി നില്‍ക്കുന്ന ആ നില്‍പ്പിലാണ് ആഗ്രഹിക്കാനുള്ള ശക്തി മനസ്സിന് ഏറ്റവും ആഴത്തില്‍ ഉണ്ടാവുന്നതെന്ന രഹസ്യം അവള്‍ മനസ്സിലാക്കി കഴിഞ്ഞു. ചായ്പിൽ നിന്നിറങ്ങി ജാനകി ആണുങ്ങള്‍ക്കൊപ്പം ഞാഞ്ഞൂലുകളെ തേടിപ്പിടിക്കുന്ന പ്രവൃത്തിയില്‍ പങ്കുചേര്‍ന്നു.
പെണ്ണൊരുത്തിയുടെ അഴിഞ്ഞുലഞ്ഞ മുടിയാണെന്ന തോന്നലില്‍ സ്വാതന്ത്ര്യത്തോടെ പുഴ വിടര്‍ന്നുകിടക്കുന്നു. തൊലിയില്‍ ചൂണ്ടവീണുണ്ടാവുന്ന ഓളങ്ങള്‍ ജാനകി കണ്ണുകളില്‍ നിറച്ചു.
കബടി…കബടി…കബടി… ശ്വാസം പിടിച്ച് മനുഷ്യര്‍ മീനുകളായി കുതറിയും വെട്ടിച്ചുമോടുന്ന കളി. ശരീര ചലനത്തില്‍ സൂക്ഷ്മത നല്‍കുന്ന ആ നിമിഷങ്ങളെ വിജയിച്ചു കഴിഞ്ഞാല്‍ പലപ്പോഴും ഏറ്റവും ഉച്ചത്തില്‍ ഉയരുന്ന ശബ്ദം പെണ്‍കുട്ടികളുടേതാണ്. മുതിര്‍ന്നവരെ അരോചകപ്പെടുത്തുന്ന ആര്‍പ്പുവിളികള്‍ക്ക് ചിന്നമാളുവിന്റെ പൂര്‍ണ്ണപിന്തുണ ഉണ്ടായിരുന്നു. നിശബ്ദമായി കളികണ്ടു നില്‍ക്കുന്ന അവരുടെ മുഖത്തേക്ക് സൂര്യന്‍ വെള്ളിലകള്‍ കുടഞ്ഞിട്ട് കടന്നു പോവും.
മണ്ണിലോ വെള്ളത്തിലോ കുതിര്‍ന്ന് വിശ്രമിക്കുന്ന ഏതെങ്കിലും നിമിഷത്തിലാവും ചിന്നമാളുവിന്റെ വിളികള്‍ കൈയ്യിലേന്തിയ കാറ്റ് ജാനകിയുടെ തോളത്തു വന്ന് തൊട്ടുവിളിക്കുക.
കുട്ടകത്തില്‍ വാതക്കൊല്ലിയും അപ്പയും തിളപ്പിച്ചുവെച്ചിട്ടുണ്ടാവും. ശരീരത്തില്‍ നല്ലെണ്ണ പുരട്ടി കുളിമുറിയിലെ കല്ലുകള്‍ക്ക് മുകളില്‍ ചിന്നമാളു ജാനകിയെ കാത്തിരിക്കും. മെടഞ്ഞ ഓലകളാല്‍ മറച്ച പെണ്ണുങ്ങളുടെ കുളിമുറി. അവിടെ കുതറിയോടാന്‍ കാത്തുനില്‍ക്കുന്ന എണ്ണയുടെയും വാസന സോപ്പുകളുടെയും മണം. മണ്ണിലേക്ക് നൂണ്ടിറങ്ങാന്‍ പരവശപ്പെടുന്ന രക്തത്തുള്ളികള്‍ പലപ്പോഴും കല്ലുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കും.
വാഴയില ചെറുതായി കീറിയെടുത്ത ചകിരിയില്‍ ജാനകി സോപ്പ് പതപ്പിച്ചു. ശരീരത്തില്‍ നിന്നിളകിയ അഴുക്ക് ചെറുവഞ്ചികളായി കീഴ്‌പ്പോട്ട് തുഴഞ്ഞിറങ്ങുന്നു. അവ അരഞ്ഞാണത്തിന്റെ ചുഴികളില്‍ അകപ്പെടുന്നു. തലകുത്തനെ തൂങ്ങിയാടുന്ന പാമ്പാണ് താനെന്ന വിശ്വാസത്തില്‍ അരഞ്ഞാണത്തിന്റെ തുഞ്ച്. കുളിമുറിയിലെവിടെയെങ്കിലും സീല്‍ക്കാരം കേള്‍ക്കുന്നുണ്ടോ? ചെറിയ ശബ്ദങ്ങളെ അരിച്ചെടുക്കാന്‍ പാകത്തിന് ജാനകി ചെവികൂര്‍പ്പിച്ചു. അവളുടെ വിരലറ്റം അരഞ്ഞാണത്തിന്റെ ഓരോ പിരികളേയും തൊട്ടുമുന്നേറി.
ഓട്ടുവിളക്കുകള്‍ക്കായി മാറ്റിവെക്കപ്പെട്ട ഒരു വൈകുന്നേരം. പുളിയും ചാരവു മിട്ട് അവ തേച്ചുവെളുപ്പിക്കുന്ന തിരക്കിലാണ് ചിന്നമാളുവിന്റെ മരുമക്കള്‍. തങ്ങളുടെ സംസാരം ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് അവര്‍ കാഴ്ചയെ കറക്കി.
“ഈ പ്രായത്തിലും ആണുങ്ങളെ വശീകരിക്കുന്ന ഒരുതരം ഗന്ധം അമ്മയുടെ ശരീരത്തിലുണ്ട്,” ചെറിയ മരുമകള്‍ രാധ ഉറപ്പിച്ചുപറഞ്ഞു.
ഓരോ മരുമക്കളും അത് ശരിവെച്ചു.
“സന്ധ്യാനേരങ്ങളില്‍ വേലിക്കല്‍ ആരുടേയോ കാല്‍പ്പെരു മാറ്റം കേള്‍ക്കുന്നു,” എന്നായി മറ്റൊരുവള്‍.
“രാത്രിയിലാരോ ജനലിനരികിലൂടെ കടന്നുപോവുന്നു”വെന്ന് വേറൊരുവള്‍.
മിന്നാമിനുങ്ങുകളുടെ രാത്രികള്‍ വീണ്ടും കണ്ണുതുറന്നു. ഓട്ടുവിളക്കുകള്‍ തെളിയുകയും കെടുത്തപ്പെടുകയും ചെയ്തു. ആളുകളുടെ വിരലുകള്‍ പ്രകാശത്തെ നീട്ടിവരച്ചുകൊണ്ടിരുന്നു.
ഓലമേഞ്ഞ കക്കൂസിലിരുന്ന് ഒരുവള്‍ പുറത്തിരിക്കുന്നവളോട് സംസാരിച്ചു കൊണ്ടിരുന്നു.
“രാത്രിയൊന്നും തള്ളയ്ക്ക് വെളിക്കിറങ്ങാന്‍ വരാന്‍ ഒരുപേടീംമി ല്ല. വിളക്കുപോലും എടുക്കാറില്ല.” പുറത്തിരുന്നവള്‍ ഓട്ടുവിളക്കിന്റെ തീക്കട്ട നാളങ്ങളില്‍നിന്ന് കുത്തിയിളക്കി.
“ചിലപ്പോള്‍ തള്ളയ്ക്ക് വേറെവല്ല പണിയുമാവും,” രണ്ടുപേരും ഒരുമിച്ച് ചിരിച്ചു. ആ ചിരിയില്‍ ഓട്ടുവിളക്ക് അണഞ്ഞ് തട്ടിമറിഞ്ഞു.
അടുത്ത പകല്‍ വീട് ആളനക്കങ്ങള്‍ക്കൊണ്ട് നിറഞ്ഞു. ചിന്നമാളു അരഞ്ഞാണം അലക്കുകാരത്തില്‍ കുതിര്‍ക്കാനിട്ടിരുന്നു.
‘അമ്മ എന്താണ് കാണിക്കുന്നത്. വല്ല വിചാരവുമുണ്ടോ? ആളുകളെക്കൊണ്ട് പറയിപ്പിക്കാനായി മൂത്തവന്‍ സംസാരിച്ചുതുടങ്ങി.
‘ഒരു അരഞ്ഞാണവും ഇമ്മാതിരി കണ്ണില്‍ കുത്തുന്ന ബ്ലൗസുകളും. ആളുകള്‍ എന്തൊക്കെയാ സംസാരിക്കുന്നതെന്നറിയാമോ?
“രാത്രിയില്‍ ആരൊക്കെയാണ് ഇവിടെ വന്നുപോവുന്നത്,” ഇളയവന്‍ ഇടയ്ക്ക് കയറി.
ഉയരാന്‍ ശ്രമിച്ച ജാനകിയുടെ ശബ്ദത്തെ ചുറ്റുമുള്ളവര്‍ പിടിച്ചുഞെരിച്ചു. മിണ്ടരുത് തേവിടിശ്ശിയെന്ന് അവര്‍ ആക്രോശിച്ചു.
എല്ലാവരും നോക്കിനില്‍ക്കെ ചിന്നമാളു അണിഞ്ഞിരുന്ന മഞ്ഞ ബ്ലൗസിന്റെ കൊളുത്തുകള്‍ ഊരി. മുലകളെ വേദനിപ്പിക്കാത്ത വിധത്തില്‍ വെളുത്ത് നേര്‍ത്ത തുണിയിലെ കച്ച ഒട്ടിക്കിടക്കുന്നു. അലക്കുകാരത്തില്‍നിന്ന് അരഞ്ഞാണമെടുത്ത് ചിന്നമാളു ഊരിയെടുത്ത ബ്ലൗസിന് മുകളിലേക്കുവെച്ചു. മിഴിച്ച കണ്ണുകള്‍ക്ക് മുന്നിലൂടെ അവര്‍ മുറ്റത്തേക്കിറങ്ങി. കല്‍പ്പടവുകളും ഇടവഴിയും കടന്ന് പുഴക്കരയിലേക്ക്. ചിന്നമാളു തിണ്ടില്‍ കാല്‍നീട്ടിയിരുന്നു. മരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന ചൂണ്ടയില്‍ ഞാഞ്ഞൂലുകളെ കോര്‍ത്ത് പുഴയിലേക്ക് നീട്ടിയെറിഞ്ഞു. പിന്നാലെ ഓടിയെത്തിയ കാറ്റ് തന്റെ തണുത്ത കൈനീട്ടി അവരെ പുതപ്പിച്ചു. പതുക്കെ ഉടലില്‍ കാട്ടുപൂക്കളുടെ ഗന്ധം പടര്‍ന്നു.
കാറ്റും പുഴയും കൂടുതല്‍ സുന്ദരമാവുകയും, നാട്ടുകാരും വീട്ടുകാരും കൂടുതല്‍ പരിഭ്രാന്തരാവുകയും ചെയ്ത ആ ദിനം വര്‍ഷങ്ങള്‍ക്കുശേഷം ജാനകി ഓര്‍ത്തെടുത്തു. മാസങ്ങളുടെ അലച്ചിലിനുശേഷം വിവാഹമോചനം നേടിയ ദിനമായിരുന്നു അന്ന്.
ഓട്ടോയില്‍ നിന്നിറങ്ങി ജാനകി മാര്‍ക്കറ്റിന്റെ തിണര്‍ത്ത വഴികളിലൂടെ നടന്നു. പഴയകെട്ടിടങ്ങള്‍ മുറിപ്പെട്ട കവിള്‍ത്തടങ്ങള്‍ തട്ടിക്കുടഞ്ഞ് അവള്‍ക്ക് നേരെ ചിരിപടര്‍ത്തി. അരഞ്ഞാണംപോലെ നീണ്ടികിടക്കുന്ന വെള്ളിയാഭരണ കടകളുടെ നീണ്ടനിരയിലേക്ക് അവ വിരൽചൂണ്ടി.
തിരമാലപ്പിരികളുള്ള അരഞ്ഞാണത്തിന്റെ കൊളുത്ത് ജാനകി വയറില്‍ അമര്‍ന്ന് കിടക്കുന്ന രീതിയിലാക്കി. യോനിയില്‍ തട്ടുംവിധം അവളതിന്റെ തലപ്പുകള്‍ മുറിപ്പിച്ചു. പതുക്കെ തൊലിയില്‍ ചൂണ്ടക്കൊളുത്ത് വീഴുമ്പോള്‍ ഇക്കിളിപ്പെട്ട പുഴ അവളിലേക്ക് എടുത്തുചാടി. കബടിക്കളത്തിലെ വേഗത കാലുകള്‍ തുപ്പലുതൊട്ട് മറിച്ചു. ഊഞ്ഞാലാട്ടത്തിലെന്നോണം കണങ്കാൽ കുത്തിയുയര്‍ന്ന് ജാനകി സ്വന്തം ശരീരത്തിലേക്ക് പറന്നു.