“പക്ഷികളുടെ വയറ്റിൽ ദഹിച്ചു തീരുന്നു ഞാൻ നടന്ന ദൂരങ്ങൾ ” അമ്മുദീപ എഴുതിയ കവിത
വേനലിൽ
കുളത്തിലെ വെള്ളം
കൂവപ്പായസം പോലെ കുറുകി
ഒരു കൊക്ക്
അതിന്റെ മോളിലൂടെ അനായാസം നടന്നുപോയി
ഇലകൾ വീണ് മൂടിപ്പോയവഴി ചിക്കിച്ചികഞ്ഞെടുത്തു- പറക്കുന്നു, പക്ഷികൾ
പക്ഷികളുടെ വയറ്റിൽ ദഹിച്ചു തീരുന്നു
ഞാൻ നടന്ന ദൂരങ്ങൾ
അച്ഛൻ പോലുമറിയാതെ
അലമാരയുടെ സേഫ് ലോക്കറിൽ
അമ്മ സൂക്ഷിച്ചു വച്ചിരുന്ന
ആ മഹാരഹസ്യം
ഒളിച്ചു കാണാനിടയായി
കാപ്പിക്കളറും ക്രീമും നിറത്തിൽ
ഭംഗിയുള്ള
ഒരു മുള്ളൻപന്നി മുള്ള്
ഉറക്കത്തിൽ
വരയാടുകൾക്കൊപ്പം
ചെങ്കുത്തായ പാറകേറിപ്പോയി
പൂർവ്വജന്മത്തിൽ
ഞാനൊരു വരയാടായിരുന്നിരിക്കണം
അടുക്കളയുടെ നനഞ്ഞ തറ പക്ഷെ,
കുളമ്പുകൾക്ക് നന്നല്ല
ഇന്നൊന്ന് തെന്നിവീഴാൻ പോയി
ഇടശ്ശേരി
കുരുതിയൂത്ത നേരം
ഗ്രാമവഴി
പാതയുടെ തറ്റത്ത്
അലറിമരം
പൂക്കൾ
കുനിഞ്ഞു നില്ക്കുന്ന
മൂവന്തിയുടെ കാതിൽ
ചെണ്ടക്കോലുരുട്ടുംപോലെന്തോ
മിണ്ടികൊണ്ടിരിക്കുന്നു.