ഞാന്, ഷമീല്, വിശ്വന്ത്, ചൗഹാൻ; ഞങ്ങളാണ് ടീം.
ഇന്നും ഇന്നലേം തുടങ്ങിയതല്ല, കൊല്ലം നാലായി. തിന്നും കുടിച്ചും ചുരുട്ടീം വലിച്ചും ഉഡായിപ്പടിച്ചും ചങ്കും ചോരയും കൂട്ടി ഊട്ടി വളർത്തിയ ബന്ധമാണ്. അതുകൊണ്ടുതന്നെ രണ്ടു കൊല്ലത്തെ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സ് മൂന്ന് കൊല്ലമെടുത്താണ് ഞങ്ങൾ നാലും പൂർത്തിയാക്കിയത്. ഞാനും ചൗഹാനും ഇംഗ്ലീഷ് സാഹിത്യ കുതുകികളാണ്. ഷമീല് സോഷ്യോളജി, വിശ്വന്ത് ‘ചരിത്ര’ പുരുഷൻ.
ഹോസ്റ്റൽ വൈബും മദ്രാസ് ജീവിതവും ഹരം പിടിച്ച് വന്നപ്പൊഴേക്കും ‘ശ്ശ്ർ’ ന്ന് മൂന്ന് കൊല്ലം തീർന്നു. അങ്ങനാണ് ഇതേ യൂണിവേഴ്സിറ്റിയിൽ എംഫിലിന് ചേരാൻ തീരുമാനിച്ചത്. പത്തിരുപത്തഞ്ച് വയസ്സല്ലേയായുള്ളൂ… ‘ചില്ലാ’യി നടക്കേണ്ട പ്രായമാണ്. കുടുംബഭാരം തലയിൽ ചുമക്കേണ്ട ഗതികേടൊന്നും തൽക്കാലം നാലാൾക്കുമില്ല. കൂട്ടത്തിലെ ഏറ്റവും റിച്ച് വിശ്വന്താണ്. വിശ്വന്ത് വർമ്മ! വിശ്വന്തിൻ്റെ കൂടെ നടക്കാൻ തന്നെ ഒരു പൊലിവാണ്. ഞങ്ങടെയൊക്കെ തന്തമാര് അധ്വാനിച്ചുണ്ടാക്കി അണ്ണാക്കിൽ തള്ളിത്തരികയാണെങ്കിൽ, അവൻ ജനിച്ചതേ വായിൽ സ്വർണ്ണക്കരണ്ടിയുമായാണ്. നല്ല ഒന്നാന്തരം തിരോന്തരക്കാരനാണ്.
ഷമീല് കോഴിക്കോട്, ഞാൻ പാലക്കാട്. കൂട്ടത്തിലെ ജിമ്മനാണ് ചൗഹാൻ, ഹിന്ദിക്കാരൻ ചൗഹാൻ! അവൻ്റെയച്ഛനൊരു രാഷ്ട്രീയ നേതാവാണ്.
ആറ് മാസം കൂടി കഴിഞ്ഞാൽ കോഴ്സങ്ങ് തീരും. ഇനിയെന്ത്? എന്ന ചോദ്യം ഈച്ചയെ പോലെ തലക്കുമുകളിൽ വട്ടമിട്ട് ആർത്തു തുടങ്ങിയിട്ടുണ്ട്. എന്തായാലും പണിയെടുത്ത് സെറ്റിലാകാൻ സമയമായിട്ടില്ല. കുറേക്കാലം കൂടി ഇങ്ങനൊക്കെ ജോറായി ജീവിക്കണം. ‘Live the Moment’ ആണ് ഞങ്ങടെ ടാഗ് ലൈൻ. ഭാവിയെ പറ്റിയുള്ള വേവലാതികളോ ആശങ്കകളോയില്ലാതെ സുഖസുന്ദരമായി ഈ നിമിഷമങ്ങ് ജീവിക്കുക!
ഹോസ്റ്റൽ അതിനു പറ്റിയയിടമായിരുന്നു. ഇവിടെയെന്തും ‘പോകും!’ യൂണിവേഴ്സിറ്റി സർക്കാർ വകയാണ്. ഹോസ്റ്റലുമതെ. പക്ഷെ, ഭരണം വാർഡൻ ‘മൂർത്തി’യുടെയാണ്. വിശ്വന്തിൻ്റെ ഡിപ്പാർമെൻ്റ് മേധാവിയാണ് സത്യമൂർത്തി. മൂപ്പരുടെ പെറ്റാണ് വിശ്വന്ത്, അതുകൊണ്ടാകണം ഹോസ്റ്റലിലെ മറ്റുള്ളവരെ ചൊറിയുന്ന കൂട്ട് ഞങ്ങളെ ചൊറിയാൻ വരാറില്ല. ചൊറിയാൻ വരാത്തവരെ കേറി മാന്തുന്ന പരിപാടി ഞങ്ങൾക്കുമില്ല. ഹാ… ജീവിതം മൊത്തത്തിൽ നല്ലതാണ്. Life is beautiful and peaceful!
കുറച്ചൂടെ പീസാകണേൽ മുന്നൂറ്റിമുപ്പത്തിരണ്ടിൽ ചെല്ലണം. നമ്മടെ അല്പൻ ദിനേശന്റെ റൂമിൽ. ഹോസ്റ്റലിലെ സമാധാനത്തിൻ്റെ വെള്ളരിപ്രാവാണ് അല്പൻ. വടക്കൻ മലയാളിയാണ്. രണ്ടാഴ്ച്ച കൂടുമ്പൊ നിർബന്ധമായും നാട്ടീ പോകുന്ന ഒരേയൊരു ഹോസ്റ്റൽവാസി. ഓരോ പോക്കിനും ഹോസ്റ്റലിലെ ടീംസിന് ഒരാഴ്ച്ചത്തേക്ക് ‘ശാന്തി’യാകാനുള്ള മരുന്നുമായേ അവൻ തിരിച്ചു വരൂ. ഹോസ്റ്റലിലെ മുഴുവൻ റൂമിലും വരൾച്ച ബാധിച്ചാലും ഒരല്പം ‘പച്ച’പ്പെങ്കിലും ഇരുന്നൂറ്റിമുപ്പത്തിരണ്ടിൽ അവശേഷിക്കാതിരിക്കില്ല. അങ്ങനാണ് ദിനേശന് അല്പനനെന്ന പേര് വീണത്. അല്ലാതെ ‘അല്പത്തര’ വുമായി അല്പനൊരു ബന്ധവുമില്ല. നിത്യശാന്തിയുടെ അവസാന പച്ചത്തുരുത്താണ് അവൻ!
നേരമിപ്പോൾ രാത്രി പത്തേമുക്കാൽ. അല്പൻ്റെ മുറി ലക്ഷ്യം വച്ചിറങ്ങിയതാണ് ഞാൻ. നാല് ദിവസത്തെ വാഗമൺ ട്രിപ്പിൻ്റെ ഹാങ്ങോവർ ഒരു ‘സ്റ്റിക്കിൽ’ തീർക്കണം. ചൗഹാനും വിശ്വന്തും വന്നപാടേ സൈഡായി. അവര് മുന്നൂറ്റി രണ്ടിലാണ്, തൊട്ടടുത്ത മുറി തന്നെ. ഷമീലാണ് എൻ്റെ സഹമുറിയൻ. അവനുള്ള പച്ചപ്പും കയ്യിൽ കരുതി വേണം തിരികെ ചെല്ലാൻ. മുന്നൂറ്റിമുപ്പത്തിരണ്ട് ഒരൊന്നൊന്നൊര മുറി തന്നെയാണ്. അവിടെ നിന്ന് ജനലിലൂടെ നോക്കിയാൽ ഗ്രൗണ്ടിനപ്പുറത്തെ തടാകം കാണാം. തടാകത്തിനപ്പുറം പതിനാറ് നിലകളുള്ള ‘മരുതം ബ്രീസ്’ എന്ന ആഢംബര ഫ്ലാറ്റാണ്. ഫ്ലാറ്റിലെ പല നിറവെളിച്ചങ്ങൾ തടാക ജലത്തിൽ പ്രതിഫലിക്കുന്നതും നോക്കി, ആ മുറിയിലേക്ക് മാത്രം കടന്നുവരുന്നതെന്ന് അല്പനവകാശപ്പെടുന്ന ഇളം കാറ്റുമേറ്റ് സ്റ്റിക്ക് വലിക്കണം. ഹൈവ! അതാണ് ഫീൽ. പാരഡൈസ്!
മുന്നൂറ്റിമുപ്പത്തിരണ്ട് പതിവുപോലെ തുറന്നു തന്നാണ് കിടക്കുന്നത്. അല്പൻ്റെ ഹൃദയവും ശ്വാസകോശവും വിശാലമാണ്. അവൻ എല്ലാ അഭയാർത്ഥികളെയും സ്വീകരിച്ചിരുത്തും, വേണ്ട സേവനങ്ങൾ ചെയ്യും. മുറിക്ക് പുറത്ത് ചെരുപ്പഴിച്ചിടാൻ മറന്നില്ല. കാര്യമെന്തൊക്കെയായാലും അല്പൻ ഭക്തനും ശുചിത്വനുമാണ്.
വാതില് തള്ളിത്തുറന്ന് അകത്ത് കയറിയതേയോർമ്മയുളളൂ. ‘ഇത് അല്പൻ്റെ മുറി തന്നെയോ!’ യെന്ന് തല പെരുത്തു . ഇത്രനാൾ ശൂന്യമായി കിടന്നിരുന്ന ചുവരിൽ വെണ്ടക്കാ അക്ഷരത്തിൽ കറുത്ത മഷി കൊണ്ട് എന്തൊക്കെയോ എഴുതിയിരിക്കുന്നു. അത്ഭുതമെന്ന് പറയട്ടെ ഭാഷ തമിഴാണ്! മുറിയുടെ ഛായയാകെ മാറിയിരിക്കുന്നു. അലമാര ഭിത്തിയിലെ ശിവപാർവ്വതീ സ്റ്റിക്കറിനപ്പുറത്തായി താടിക്കാരനായൊരു വയസ്സൻ്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പടം. ചന്ദനത്തിരി കൊളുത്തിവക്കാറുള്ള മേശക്കു മുകളിൽ കുറേ പുസ്തകങ്ങൾ. മുറിക്കു മൂലയിൽ ഒന്നു രണ്ട് പുതിയ ബാഗുകൾ. ഇവനിതെന്തു പറ്റി?
മുറിയിലൊന്നൂടൊന്ന് കണ്ണോടിച്ചു. ഇല്ല, എങ്ങും പോകാൻ ചാൻസില്ല. അവൻ്റെ സാധനങ്ങളെല്ലാം അതത് സ്ഥാനത്തുണ്ട്. ഇങ്ങു വരട്ടെ, മുറിയിലെ പുതിയ ഛായകാച്ചലിൻ്റെ രഹസ്യം ചോദിച്ചറിഞ്ഞിട്ടു തന്നെ കാര്യം. അവനെത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമ തൽക്കാലമില്ല. അലമാരയിൽ നിന്നും പായ്ക്കറ്റ് തപ്പിപ്പിടിച്ചെടുത്ത്, പോക്കറ്റീന്ന് സിഗരറ്റുമെടുത്ത് സാധനം മൈക്ക് ചെയ്ത് കത്തിച്ചു. ജനലിനു പുറത്തേക്ക് നോക്കി ശാന്തനസ്ഥനായി ഇരുന്നു.
“ഓമലാളേ നിന്നെയോർത്ത്…
കാത്തിരിപ്പിൻ സൂചിമുനയിൽ…”
ഒരു പൊക… രണ്ടു പൊക… മൂന്ന് പൊകയെടുത്തു. പുറത്ത് നിലാവ്. നിലാവത്ത് ഒരു മുറി ചന്ദ്രൻ. തടാകത്തിനുള്ളിൽ ആരോ എൽ ഇ ഡി ലൈറ്റ് കത്തിച്ച് വച്ചതു പോലെ. ജലപ്പരപ്പിൻ്റെ തുമ്പത്തെത്തി നിൽക്കുന്നു അതിൻ്റെ തിളക്കം.
“മമ കിനാക്കൾ കോർത്ത് കോർത്ത്…
ഞാൻ നിനക്കൊരു മാല തീർത്തു…”
അല്പൻ്റെ അഡ്രസ്സില്ല. ഇവനിതെവിടെ പോയി കിടക്കുന്നു? ഇനീം വൈകിയാൽ ഷമീല് കൂമ്പിനിട്ടടിക്കും. കയ്യിലുള്ള സ്റ്റിക്ക് കുത്തിക്കെടുത്തി കസേരയിൽ നിന്നെഴുന്നേറ്റു. മുറിയാകെ സ്വർഗ്ഗപ്രതീതി. മാദകഗന്ധമുള്ള പൊക. പുറത്തേക്കിറങ്ങാനായി വാതിലിനടുത്തെത്തിയതേയോർമ്മയുളളൂ. മുന്നിൽ പന പോലൊരുത്തൻ പ്രത്യക്ഷപ്പെട്ടു. കയ്യിലെ ചുവന്ന ബക്കറ്റും നെഞ്ചിലെ കറുത്ത കട്ടി രോമങ്ങളുമാണ് ആദ്യം കണ്ണിൽ തടഞ്ഞത്. കറുത്ത് മെലിഞ്ഞ ശരീരം. ചന്ദ്രികാ സോപ്പിൻ്റെ മണം. തോളിൽ നിറം മങ്ങിയ നനഞ്ഞ തോർത്ത്. പതിയെ തലയുയർത്തി മേപ്പോട്ട് നോക്കി. ആറാറരയടി പൊക്കം വരും. കറുത്ത പുണ്യാളനെ കൂട്ടൊരുത്തൻ. നെഞ്ചിൽ മുട്ടുമാറ് വളർന്ന താടി. ഇടക്ക് രണ്ട് നര. തോളറ്റം മുടി, നീളൻ മീശ, കൂർത്ത കണ്ണ്. തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് നിൽപ്പ്. യാരിവൻ!
“യേതവനാടാ …?” ഒരു ഹൈപ്പിലങ്ങ് ചോദിച്ചതാണ്. അവൻ നിന്നിടത്തു നിന്നനങ്ങിയില്ല. മുറി മുഴുവൻ കണ്ണോടിച്ച് എന്നെയടിമുടി നോക്കി, എൻ്റെ വലതു കയ്യിലുണ്ടായിരുന്ന പച്ചപ്പിലൊരു പിടി പിടിച്ചു. പിടിച്ച പിടിയാലെ അവൻ സാധനം വാങ്ങി ജനലിലൂടെ പുറത്തേക്കൊരേറ്! എൻ്റെ നെഞ്ചൊന്നാളി. രക്തം തിളച്ചു. ഈ ഹോസ്റ്റലീ വന്ന് എൻ്റെ കയ്യിലെ സാധനം തട്ടിപ്പറിച്ച് വലിച്ചെറിയാൻ മാത്രം ധൈര്യമുള്ളൊരുത്തനോ!
“ടാ പന്ന മൈxx…” എന്നലറി വിളിച്ച് ഒരൊറ്റ തള്ള് തള്ളി. അവൻ കുലുങ്ങിയില്ല. അപാര ബലം!
അപമാനഭാരത്താലും കോപത്താലും ഞാൻ വിറച്ചു. ഒരു മുട്ടൻ തെറിയോടു കൂടെ കൈ ചുരുട്ടി അവൻ്റെ കഴുത്തിനിട്ട് കുത്താനാഞ്ഞു. അവൻ നിശബ്ദനായി എന്നാൽ പൂർവ്വാധികം ശക്തിയോടെ ഇടതുകയ്യാൽ അടി തടഞ്ഞു. ഞാനൊരു നിമിഷം നിശ്ചലനായി. ആളു കൂടി. അല്പനെങ്ങു നിന്നോ മണ്ടി പാഞ്ഞു വന്ന് എന്നെ പിടിച്ചു വലിച്ച് റൂമിനു പുറത്തോട്ടു കൊണ്ടുവന്നു. ഒന്നും സംഭവിക്കാത്തതു പോലെ തോളിലെ ഈറൻ തോർത്തെടുത്ത് വാതിലിന്മേൽ വിരിച്ചിടുന്ന അവനെ കഴുത്ത് വളച്ച് ഞാൻ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.
കുറച്ചപ്പുറത്ത് മാറി എന്നെ ചുമരിനോട് ചേർത്ത് നിർത്തി, താഴ്ന്ന ഒച്ചയിൽ അല്പൻ പറഞ്ഞു “അത് അരുൾ! പുതിയ റൂംമേറ്റ്. തമിഴ് എംഫിൽ അഡ്മിഷൻ. വന്നിട്ട് രണ്ടു ദിവസമായി. ഇനി ഒറ്റക്കുള്ള വാഴ്ച്ചയൊന്നും നടക്കുമെന്ന് തോന്നണില്ലളിയാ… നൈസായിട്ട് ഹാൻഡിൽ ചെയ്യുന്നതാ ബുദ്ധി, ഒടക്കണ്ട. റൂമിൽ സാധനമൊക്കെയുള്ളതല്ലേ?”
“അവനേത് മറ്റവനായാലും എനിക്കെന്താ? ഞാൻ വലിച്ചോണ്ടിരുന്ന സായ്നം വാങ്ങി വലിച്ചെറിയാൻ മാത്രം ഊക്കോ?”
ചുരുട്ടി പിടിച്ച എൻ്റെ കൈകളിൽ ഒന്നൂടെയമർത്തിയിട്ട് അല്പൻ തുടർന്നു. “ചുരുട്ടുന്നതിനോടും വലിക്കുന്നതിനോടുമൊന്നും ചങ്ങായിക്കെതിർപ്പില്ല, പക്ഷെ ആ മുറിക്കകത്ത് പൊക ചുറ്റിക്കാതിരിക്കാമോന്ന് ചോദിച്ചിരുന്നു. അത്ര വലിയ സീനുള്ള കക്ഷിയാണെന്ന് തോന്നണില്ലടാ… അങ്ങോട്ട് കേറി ചൊറിഞ്ഞാലേ ആള് റോങ്ങാകത്തുള്ളൂ. നീയൊന്നടങ്ങ്. സായ്നം ഞാൻ വേറെ തരാം. തത്കാലം നിൻ്റെ മുറീ കൊണ്ടുപോയി വലി.”
അല്പൻ തന്ന വിവരണം കേട്ട് തലക്കകത്തൊരു കലക്കമുണ്ടായി. ആകെ മൊത്തം കൺഫ്യൂഷൻ. പുതിയ സ്റ്റിക്കുമായി അല്പൻ തിരിച്ചു വരുന്നതു വരെ ചുമരും ചാരി ഞാനതേ നിൽപ്പ് നിന്നു.
സംഭവം നടന്നതിൻ്റെ പിറ്റേന്ന് മുന്നൂറ്റിരണ്ടിൽ ഞങ്ങളൊന്ന് കൂടി. രണ്ട് പെഗ്ഗ് ഓൾഡ് മങ്കിൻ്റെ പുറത്ത് ഒരു ലൈറ്റ്സും നീട്ടി വലിച്ചോണ്ട് കസേരയിൽ ചാഞ്ഞിരുന്ന ഷെമീലാണ് തുടക്കമിട്ടത്.
“നീയൊന്ന് മൂളിയാ മതി. ആ നായിൻ്റെ മോൻ്റെ കാര്യം ഞങ്ങളേറ്റു. അങ്ങനെയിപ്പൊ ആരും ഇവ്ടെ വന്നൊണ്ടാക്കണ്ട.”
ഷെമീലിനിത്തിരി എടുത്തുച്ചാട്ടം കൂടുതലാണ്. അസ്ഥാനത്തുള്ള അവൻ്റെ ആവേശം കാരണം പണി വാങ്ങിച്ചു കൂട്ടിയതിന് കയ്യും കണക്കുമില്ല.
“വേണ്ടടാ… തത്കാലമൊന്നും വേണ്ട. എനിക്കവനെയൊന്ന് അറിയാനുണ്ട്. അവനേതാ… എവിടുന്നാ…! വന്നു കയറി മൂന്ന് ദിവസമായില്ല, നമ്മടെ നെഞ്ചത്തോട്ട് കേറി മെയിനാവണേൽ അവൻ നിസാരക്കാരനല്ല. മൊത്തത്തിലൊരു സ്കെച്ചിങ്ങാവശ്യമാണ് ഷെമീലേ, എന്നിട്ട് മതി അടുത്ത നീക്കം.” കയ്യിലെ ഗ്ലാസ്സ് തിരികെ മേശമേൽ വച്ച് ഞാനാലോചനയിൽ മുഴുകി.
“ചോഡ് ദോ യാർ… നമ്മളെത്തറ കണ്ടതാ…ഇതാണോയിപ്പൊ വലിയ കാര്യം?” എന്നലസമായി പറഞ്ഞ് ”യേ ധർതീ… യേ നദിയാ… യേ റേനാ… ഔർ തും…” എന്ന പഴയ ഹിന്ദി പാട്ടിനോടൊപ്പം ചൗഹാൻ മെത്തയിലേക്ക് മറിഞ്ഞു.
ഒരൊറ്റ മാസത്തിൽ ചിതല് കണക്കെ ഹോസ്റ്റലൊന്നാകെ അരിച്ചു കയറുകയും ചർച്ചിക്കപ്പെടുകയും ചെയ്തത് രണ്ട് വിഷയങ്ങളാണ്.
ഒന്ന്: ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് മേധാവിയും മെൻസ് ഹോസ്റ്റൽ വാർഡനുമായ ഡോ.സത്യമൂർത്തിയുടെ വിരമിക്കൽ.
പേരിൽ മാത്രം സത്യമുള്ളവനാണ് മൂർത്തി എന്നത് ഹോസ്റ്റലിലെ പരസ്യമായ രഹസ്യമാണ്. കാലങ്ങളായി ഹോസ്റ്റലും ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റും അടക്കിഭരിക്കുന്നത് സത്യമൂർത്തിയാണ്. കോടികളുടെ ആസ്തിയും പ്രമുഖരുടെ കൂട്ടുകെട്ടുമുണ്ടെന്നാണ് കേട്ടുകേൾവി. സ്വന്തമായി ബെൻസുള്ള യൂണിവേഴ്സിറ്റിയിലെ ഒരേയൊരധ്യാപകൻ. നാല് നാലരയടി പൊക്കം. ചാടിയ കുംഭ, ദൃഢമായ കഷണ്ടിത്തല, നെറ്റിയിൽ സിന്ദൂരതിലകം, പല്ലിൽ മുറുക്കാൻ കറ, ചുണ്ടും നാക്കും ചോരനിറം.
ഇളം നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടുകളും കടും നിറത്തിലുള്ള പാർൻ്റ്സുകളും മാത്രമേ ധരിക്കൂ. ഇൻസൈഡ് മസ്റ്റാണ്. കയ്യിൽ സ്വർണ്ണ നിറമുള്ള വാച്ച്. എല്ലാം ബ്രാന്‍ഡഡ്. ഭൂരിഭാഗം അധ്യാപകർക്കും മൂർത്തി സാർ മൊഴിയുന്നതാണ് വേദവാക്യം. വിദ്യാർത്ഥികളിലുമുണ്ട് അയാൾക്ക് ശിങ്കിടികൾ. മൂർത്തിയെ വെറുപ്പിച്ചാൽ പിന്നെ സമാധാനമുള്ളൊരു കലാലയ ജീവിതമുണ്ടായില്ലെന്ന് എല്ലാവർക്കുമറിയാം. എത്രയോ വിദ്യാർത്ഥികളെ തോന്നും പോലെ ടെർമിനേറ്റ് ചെയ്തിരിക്കുന്നു, എത്ര പേർ സ്വയം രക്ഷപ്പെട്ടോടിയിരിക്കുന്നു. എന്നോടും ചൗഹാനോടും ഒരു നിസ്സംഗ ഭാവമാണ്. കൂട്ടത്തിൽ വിശ്വന്തിനോടാണ് മമത. ഷമീലിനോട് അത്ര താല്പര്യമില്ല. മൂർത്തിക്ക് വിരോധമുണ്ടാകാൻ പ്രത്യേക കാരണങ്ങൾ വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ചിലരെയയാൾക്ക് കണ്ണെടുത്താൽ കണ്ടൂടാ.
സത്യമൂർത്തിയുടെ വിരമിക്കലോടെ ഹോസ്റ്റലിനും യൂണിവേഴ്സിറ്റിക്കുമുണ്ടാകാൻ പോകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആർക്കും കഴിഞ്ഞിട്ടില്ല. അടിമകൾക്കും അനുയായികൾക്കും വലിയൊരു അടിയായിരുന്നു മൂർത്തിയുടെ വിരമിക്കൽ. ചുരുക്കം ചില അധ്യാപകരും വിദ്യാർത്ഥികളും മാത്രം അയാളുടെ അസാന്നിധ്യത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപന ദിനം കാത്തു കിടന്നു. എന്തായാലും, സത്യമൂർത്തിയുടെ വിരമിക്കൽ വാർത്ത ഇരു കൂട്ടരിലും രണ്ടു വിധത്തിലുള്ള ഞെട്ടലുണർത്തി.
വിഷയം രണ്ട്: അരുൾ. മുപ്പതുകാരനായ അരുളെന്ന തമിഴന് ഹോസ്റ്റലിൽ ലഭിച്ച ജനപ്രീതി. രണ്ടു മൂന്നാഴ്ച്ചക്കുള്ളിൽ ഹോസ്റ്റലിലെ സകലർക്കും അരുളിനോട് അടുപ്പമായി. വളരെ വേഗം കൂട്ടാകുന്ന പ്രകൃതം. വടപളനിക്കടുത്തുള്ള ഏതോ ഊരിൽ നിന്നാണ് വരവെന്ന് അന്വേഷിച്ചറിഞ്ഞു. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ എന്തായിരുന്നുവെന്നും എവിടെ നിന്നായിരുന്നുവെന്നും പിടിയില്ല.
വർത്തമാനം കട്ട തമിഴിലാണ്. മലയാളവും ഇംഗ്ലീഷും തിരിയും. ഈ മൂന്നു ഭാഷയിലെ പുസ്തകങ്ങളും വായിക്കും. കുറേ സിനിമകൾ കാണും. വല്ലപ്പോഴുമേ ഡിപ്പാർട്ട്മെൻ്റിൽ പോകൂ. ബാക്കി സമയങ്ങളിലെല്ലാം ഹോസ്റ്റലിലുണ്ടാകും. എല്ലാവരോടും വിശേഷങ്ങളാരായും. പിന്നീട് മറ്റാരുമായും ഒടക്കിയതായി കേട്ടില്ല. ഒരു ഊർജ്ജസ്വലനായ ബുദ്ധിജീവിയുടെ മട്ടാണ്. രാവിലെ നേരത്തേയെഴുന്നേറ്റ് നടക്കാനിറങ്ങും. ഗ്രൗണ്ടിനു ചുറ്റുമുള്ള നടത്തത്തിൽ കാണുന്നവരോടൊക്കെ മിണ്ടും. നേരെ മെസ്സിൽ ചെന്ന് ഒരു കട്ടൻ കുടിക്കും. മെസ്സിലെ തൊഴിലാളികളോടും വലിയ കൂട്ടാണ്.
അന്നത്തെ മുട്ടലിന് ശേഷം ഞങ്ങൾ പിന്നെയും അഭിമുഖം കണ്ടു. എപ്പൊഴും അരുൾ മിണ്ടാൻ തുനിഞ്ഞു. കാലങ്ങളായി പരിചയമുള്ളതു പോലെയാണ് പെരുമാറ്റം. അത്രയും ആഴമാണ് കാണുമ്പോഴുള്ള ചിരിക്ക്. അല്പൻ പറഞ്ഞതു പോലെ ‘പ്രശ്നക്കാരനല്ലന്ന്’ തന്നെ തോന്നി. എങ്കിലും ഉള്ളിൽ സ്വാഭാവികമായ ചില സംശയങ്ങൾ തികട്ടി. എന്തിനാണ് ഏതു നിമിഷവും യൂണിവേഴ്സിറ്റി എടുത്തു കളയാൻ പോകുന്നൊരു കോഴ്സിന് ഫീസ് കെട്ടി അഡ്മിഷനെടുത്തത്? അതും ഈ പ്രായത്തിൽ! ഞങ്ങളെ പോലെ മദ്രാസിൽ വൈബടിച്ചു നടക്കാനല്ലെന്നുറപ്പാണ്. എന്തിനാണ് ഈ ചെറുകാല കോഴ്സുമെടുത്തു വന്ന് എല്ലാവരോടും സൗഹൃദങ്ങൾ സ്ഥാപിക്കുന്നത്? ശരിക്കുമെന്തായിരിക്കാമുദ്ദേശം??
മറ്റാർക്കുമിത്തരമൊരു സംശയവുമില്ലെന്ന മട്ട് എല്ലാവരും അരുളിനെ സ്നേഹിച്ച് പോന്നു. പ്രത്യേകിച്ച് തമിഴ് പിള്ളേർ. വലിയ സൗഹൃദങ്ങൾ വിടർന്നു. ഹോസ്റ്റലിൽ രണ്ടാം നാളും പൈപ്പിൽ തണ്ണി വരാതായപ്പോൾ പാട്ടയും ബക്കറ്റുമെടുത്ത് വാർഡൻ്റെ മുറിക്ക് മുന്നിൽ കൊട്ടിപാടി സമരം ചെയ്ത അരുൾ ഞങ്ങളിലതിശയം നിറച്ചു. ‘സമരം’ ഞങ്ങൾക്കത്രയുമന്യമായ പ്രയോഗമായിരുന്നു. എന്നിട്ടും, അരുൾ മുന്നിൽ നടന്നപ്പോൾ പുറകെ ബക്കറ്റെടുത്ത് നെഞ്ചുവിരിച്ച് നടക്കാനുള്ള ധൈര്യത്തോളം വിശ്വാസവും സ്നേഹവും പലർക്കും അരുളിനോടുണ്ടായി. അല്പൻ ദിനേശൻ അക്കൂട്ടത്തിൽ മുമ്പന്തിയിലുണ്ടായിരുന്നു.
“അല്പനാളാകെ മാറിപോയി…” മുന്നൂറ്റിമുപ്പത്തിരണ്ടിലെ പച്ചപ്പും സമാധാനവും തേടി പോയി വരണ്ടുണങ്ങി തിരിച്ചു വന്ന വിശ്വന്ത് പ്രസ്താവിച്ചു. ശരിയാണ്,അല്പൻ ദിനേശനാകെ മാറിപ്പോയി. വലി കുറഞ്ഞു. വായന തുടങ്ങി. പഴയതുപോലെ മുന്നൂറ്റിമുപ്പത്തിരണ്ടിലേക്ക് ആർക്കുമെന്താ(നാ)വശ്യത്തിനും കയറി ചെല്ലാമെന്ന മട്ട് മാറി. ആ മുറിയുടെ വിശാലത മറ്റൊരർത്ഥത്തിലേക്ക് വ്യാപിച്ചു. വാതിലപ്പോഴും തുറന്നു തന്നെ കിടന്നു. പുസ്തകങ്ങളുടെ ഗന്ധം പുറത്തേക്ക് വമിച്ചു. ആർക്കും ചെല്ലാം. പുസ്തകങ്ങൾ വായിക്കാം. കവിത ചൊല്ലാം. എന്തിനെ പറ്റിയും സംസാരിച്ച് ആശ്വാസപ്പെടാം.
അരുൾ വല്ലപ്പോഴും മദ്യപിക്കും. ഒരു കൂട്ടത്തിനൊപ്പം ചേർന്ന്. അന്നാമുറിയൊരു സംഗീതക്കളരിയാകും. അരുളധികവും നിശബ്ദനായിരുന്ന് ചുറ്റിലും നിരീക്ഷിക്കും. ഇടക്ക് മാത്രം ചില മുദ്രാവാക്യങ്ങളുമുയരും.
“ചുയമരിയാതൈയിലാതു മൺമീതു…”
അർത്ഥമറിഞ്ഞാലുമില്ലെങ്കിലും കൂടിയിരിക്കുന്നവർ അതേറ്റു ചൊല്ലും. നാളുകൾ പിന്നെയും നീണ്ടു. വിരമിക്കലടുക്കുംന്തോറും ഡോ. സത്യമൂർത്തി ക്ഷീണിതനായി കാണപ്പെട്ടു. അധികാരം നഷ്ടപ്പെടുന്നതിൻ്റെ വിഷാദമാണയാൾക്കെന്ന് അല്പൻ പറയുകയുണ്ടായി. അയാളുടെ കണ്ണുകളിലെ ഗർവ്വും തിളക്കവും മങ്ങി. പലപ്പൊഴും നേരത്തേ വീട്ടിലേക്ക് തിരിച്ചു പോയി. അരുൾ കൂടുതലിടങ്ങളിലേക്കും മനുഷ്യരിലേക്കും ഒഴുകി. വോളിബോൾ ടീമുണ്ടാക്കാനും പുതിയ ഷട്ടിൽ കോർട്ടിന് അപേക്ഷ കൊടുക്കാനും ഗ്രൗണ്ടിനു ചുറ്റും വേപ്പിൻ തൈ നടാനും വിശേഷദിനങ്ങളിൽ ഭക്ഷണം വിളമ്പാനുമൊക്കെ അരുൾ തന്നെ മുമ്പന്തിയിൽ നിന്നു.
അരുളും സത്യമൂർത്തിയും തമ്മിൽ കാര്യമായ വർത്തമാനങ്ങൾ നടക്കാറുണ്ടെന്ന് ഷമീല് കണ്ടുപിടിച്ചു. ഒന്നിടവിട്ട വൈകുന്നേരങ്ങളിലെങ്കിലും അരുൾ വാർഡൻ്റെ മുറിയിൽ കയറി ചെല്ലാറുണ്ടെന്നും മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചിറക്കമെന്നും അവൻ നിരീക്ഷിക്കുകയുണ്ടായി.
“ലവര് തമ്മിലെന്താ എടപാട്?” ഷമീലിൻ്റെ ചോദ്യത്തിന് അല്പൻ കൈ മലർത്തി.
ഞാൻ അരുളിൻ കുറച്ചധികം ശ്രദ്ധ ചെലുത്തി. അരുൾ നടക്കുന്നത്, മിണ്ടുന്നത്, തോളിൽ കയ്യിട്ട് ചേർത്തുപിടിക്കുന്നത്, പുസ്തകം വായിക്കുന്നത്, ആലോചനയിൽ മുഴുകി ഏറെ നേരമിരിക്കുന്നത്. ചുറ്റുമുള്ളതൊക്കെയും അപ്രസക്തമാകും വിധം ഞാൻ അരുളിൽ മുഴുകി തുടങ്ങി. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിലൂടെ അരുളുമായി കൂടുതൽ അടുക്കാമെന്ന് തോന്നി. അല്പനോട് പറഞ്ഞ് കാര്യം സെറ്റാക്കാം. മറ്റാരും വേണ്ട, അരുളും ഞാനും പിന്നെ അല്പനും. നമ്മൾ മൂന്നാളും മാത്രം. അല്പൻ്റെ മുറിയും ഒരു ഫുൾ ബോട്ടിലും. കാര്യം സൂചിപ്പിച്ചതേയുള്ളൂ. “നമുക്ക് സെറ്റാക്കാമളിയാ…” എന്ന് അല്പനേറ്റു.
* * *
” കാറ്റ്രിനിലും മഴൈയിനിലും
കലങ്ക വൈക്കും ഇടിയിനിലും
കരയിനിലെ ഒതുങ്കി നിൻട്രാൽ വാഴും….”
മുന്നൂറ്റിമുപ്പത്തിരണ്ടിലെ സ്പീക്കർ പാടി. ചെറിയ മഴയുള്ള രാത്രി. പുറത്തെ തടാകത്തിലെ നിയോൺ പ്രതലത്തിൽ മഴ താളം പിടിച്ച് പെയ്തു. ഒരു ധ്യാനത്തിലെന്ന പോലെ വളരെ സാവധാനത്തിലാണ് അരുൾ മദ്യപിക്കുന്നത്. എനിക്കും അല്പനുമൊക്കെ ഒരു പെഗ്ഗ് ഒറ്റ കമിഴ്ത്തിൽ തീർത്ത് അച്ചാറ് തൊട്ടുനക്കിയേ ശീലമുള്ളൂ. ഓരോ സിപ്പിൻ്റെയുമൊടുവിൽ കണ്ണുകളടച്ചിരുന്ന് എന്തോ ഓർത്ത് അരുൾ ഇടക്ക് പുഞ്ചിരിക്കുകയും ഇടക്ക് പണിപ്പെട്ട് ഉമിനീരിറക്കുകയും ചെയ്തുകൊണ്ടിരുന്നു. കണ്ണ് തുറന്ന് ദൂരേക്കു തന്നെ നോക്കിയിരുന്ന് അരുൾ കരയുകയാണോ എന്ന് ഞാൻ സംശയിച്ചു.
“ഇതാരാണ്?” അരുളിനോടൊപ്പം മുന്നൂറ്റിമുപ്പത്തിരണ്ടിൽ താമസമാക്കിയ താടിക്കാരൻ്റെ ചുവർ ചിത്രം ചൂണ്ടി കുറേ കാലമായി ഉള്ളിലുണ്ടായിരുന്ന സംശയം ഞാനാരാഞ്ഞു. അരുൾ പതിയെ തല ചെരിച്ച് നെറ്റിയിൽ വീണുകിടന്ന മുടിയിഴകൾ പുറകോട്ട് വകഞ്ഞ് ചിത്രത്തിലേക്കുറ്റു നോക്കി.
“തന്തൈ പെരിയാർ.”
“അതൊരു പുഴയല്ലേ?”
“അത് നിങ്കൾക്ക്. ഞങ്കൾക്ക് വന്ത് കടവുൾ!”
അരുൾ പൂർവ്വാധികം ഭംഗിയായി ചിരിച്ചു.
“ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ… ഇവറെ മാതിരിതാ.. ” കുറച്ച് നേരത്തെ മൗനത്തിന് ശേഷം കൂട്ടിച്ചേർത്തു. എല്ലാം മനസിലായ മട്ടിൽ ഞാൻ തലയാട്ടി.
“ചുയമരിയാതൈലാതു മൺമീതു
ചുതന്തിരം നമുക്കേതു…?”
ഇതിൽ കൂടുതലൊന്നും അറിയാനില്ലെന്ന മട്ടിൽ അരുൾ ചൊല്ലി. പിന്നെ സമാധാനം നിറഞ്ഞ ഒച്ചയില്ലായ്മയിലേക്ക് തിരിച്ച് ചെന്നു.
ഞാനും അല്പനും പിന്നെയും പെഗ്ഗുകൾ കമിഴ്ത്തി. എന്തൊക്കെയോ പറഞ്ഞു. ഇടക്ക് പാട്ടു പാടി. അരുൾ ഒപ്പം ചേർന്നു. എങ്കിലും ഏറെ നേരവും എന്തൊക്കെയോ ആലോചനകളിൽ മുഴുകി. എന്നിരുന്നാലും ആ കൂടിച്ചേരലിന് ശേഷം അരുളുമായി ഒന്നൂടെയടുത്തു. ഓരോരുത്തർക്ക് മുന്നിലും താനെത്ര മാത്രം വെളിവാകണമെന്ന് അരുളിന് കൃത്യമായ ബോധ്യമുള്ളതു പോലെ.
പിറ്റേന്ന് രാവിലെ ഒന്നിച്ച് നടക്കാനിറങ്ങിയപ്പോൾ അയാളുടെ ശ്വസനത്തിന് പോലും കൃത്യമായ ചില അളവുകോലുകളുണ്ടെന്ന് തോന്നിച്ചു.
“ഉങ്കൾക്ക് കടവുളൈ നമ്പിക്കയിറുക്കാ?” ഗ്രൗണ്ടരികിലെ മരച്ചുവട്ടിലെത്തിയപ്പോൾ നടത്തത്തിൻ്റെ വേഗത കുറച്ച് അരുൾ ചോദിച്ചു.
ഞാൻ സന്ദേഹിച്ചു. “ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല.” ഞാൻ കുലുങ്ങിച്ചിരിച്ചു കൊണ്ട് ഉരുണ്ടുകളിച്ചു.
“അരുളിനോ?”
“മനിതരിൽ മട്ടുമേ നമ്പിക്കൈ.” അരുൾ എൻ്റെ മുഖത്തേക്ക് നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞു.
“നല്ലതേ സെയ്യ്. നല്ലതേ നടക്കും.”
ഞങ്ങൾ നടത്തം പിന്നെയും തുടർന്നു. തിരിച്ച് ഹോസ്റ്റൽ പടികൾ കയറുമ്പോൾ വീട്ടിൽ നിന്ന് അച്ഛൻ്റെ പതിവില്ലാത്ത ഫോൺ കോൾ.
“എന്നാച്ച്… ” എൻ്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകണം അരുളിടപെട്ടു.
“അമ്മക്ക് ആസ്തമയുടെ അസുഖമുള്ളതാണേ… ഇന്നലെ രാത്രി അധികമായി. തൊട്ടടുത്തെ ആശുപത്രീൽ അഡ്മിറ്റാക്കി. എനിക്കവിടം വരെയൊന്ന് പോണം.” പറഞ്ഞു തീരും മുന്നേ ഉച്ചത്തെ വെസ്റ്റ് കോസ്റ്റ് പിടിക്കാമെന്ന ഉദ്ദേശം വച്ച് ഞാൻ മുറിയിലേക്ക് ഓടിക്കയറി.
അരുൾ പുറകിലുണ്ടെന്നാണ് കരുതിയത്. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടില്ല. രണ്ട് ഷർട്ടും ഒരു പാൻ്റ്സും ബാഗിൽ തിരുകി ധൃതിപ്പെട്ട് താഴേക്കിറങ്ങുമ്പോൾ അരുളെവിടെനിന്നോ മണ്ടിക്കിതച്ച് വന്നു. എൻ്റെ തോളിൽ പിടിച്ച് കുറച്ച് പണം പോക്കറ്റിലിട്ടു തന്നു.
“ഏതാവത് എമർജൻസീന്നാ കണ്ടിപ്പാ കൂപ്പിട്.” ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. ഹോസ്റ്റൽ ഗേറ്റ് കടക്കുമ്പോൾ വെപ്രാളത്തിനിടയിലും ഞാൻ തിരിഞ്ഞ് നോക്കി. ഞാൻ കൺമറയുന്നതും നോക്കി പുറകിലൊരാൾ നിൽക്കാനുണ്ടെന്ന ബോധ്യത്തിൽ നിന്നുതിരുന്ന ധൈര്യമോ ആനന്ദമോ എന്നെ വന്ന് പൊതിയുന്നതറിഞ്ഞു.
ഓട്ടവും തിരക്കുകളുമൊക്കെയായി ഒന്നു രണ്ട് ദിവസം നീങ്ങി. അമ്മയുടെ ടെസ്റ്റ് റിസൾട്ടുകളും കാത്ത് ആശുപത്രി വരാന്തയിലിരിക്കുമ്പൊഴാണ് ഷമീലിൻ്റെ കോൾ വന്നത്. അറ്റന്‍ഡ് ചെയ്തപ്പോൾ അപ്പുറത്ത് അവൻ്റെ വിറയലോടെയുള്ള ശബ്ദം.
“എടാ… നീയെന്നാ തിരിച്ച് വരുന്നേ?”
“നാളെ തിരിക്കും. എന്താടാ? എന്തുപറ്റി?” ഷെമീലിൻ്റെ പരിഭ്രമം എന്നിലേക്കും പടർന്നു.
“അതേയ്, നീ സൂക്ഷിച്ച് പയ്യെ വന്നാ മതി. ഹോസ്റ്റലിന് ചുറ്റും ആൾക്കൂട്ടവും പോലീസുമൊക്കെയാണ്…”
കാരണമൊന്നുമില്ലാതെ എൻ്റെയടിവയറ്റീന്നൊരാന്തൽ നെഞ്ചിൻ വിടവിലേക്കരിച്ച് കയറി.
“എന്തേയ്? എന്താണ്ടായത്?” എൻ്റെയൊച്ചയും കനത്തു.
“മൂർത്തി ആത്മഹത്യ ചെയ്തടാ… ഇന്നലെ രാത്രി ഹോസ്റ്റലിൻ്റെ മൂന്നാം നെലേന്ന് ചാടി!” ഷെമീല് പറയുന്ന് ഉൾക്കൊള്ളാനാകാത്ത വിധം എൻ്റെ തലച്ചോറും ശരീരവും മരവിച്ചു.
റിട്ടയർമെൻ്റിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മെൻസ് ഹോസ്റ്റൽ വാർഡൻ ഡോ. സത്യമൂർത്തി കെട്ടിടത്തിൻ്റെ ഉച്ചിയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നു. അവിശ്വസനീയം!
നാളെയാകാൻ കാത്തുനിന്നില്ല. അമ്മയെയും അച്ഛനെയും വീട്ടിലെത്തിച്ച് പെട്ടന്ന് വരാമെന്നേറ്റ് അന്നു രാത്രി തന്നെ ചെന്നൈക്ക് തിരിച്ച് വണ്ടി കയറി. തിരക്കിനിടയിലും ആരെയൊക്കെയോ വിളിക്കാൻ ശ്രമിച്ചു. അരുളിൻ്റെ ഫോൺ ഓഫ്. പലരും ഫോണെടുത്തില്ല. അല്പൻ്റെ ഫോൺ മൂന്നാല് വട്ടം ഫുൾ റിങ് ചെയ്ത് നിന്നു.
മൊബൈൽ ഡാറ്റ ഓണാക്കി യൂട്യൂബിലെ സകല തമിഴ് ന്യൂസ് ചാനലുകളിലും പരതി. വാർത്ത പടർന്നു തുടങ്ങിയതേയുള്ളൂ. ആത്മഹത്യയെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. പോലീസുദ്യോഗസ്ഥർ വിവരം നൽകുന്നതും അപ്രകാരം തന്നെ. റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട് മൂർത്തി സാർ കടുത്ത വിഷാദത്തിലായിരുന്നു എന്നും കുടുംബ പ്രശ്നങ്ങൾ അലട്ടിയിരുന്നു എന്നും ഇത്യാദി കാരണങ്ങളുണ്ടാക്കിയ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതുമെന്നാണ് പ്രാഥമിക നിഗമനം.
ട്രെയിൻ കഞ്ചിക്കോട് – വാളയാർ ട്രാക്കിലൂടെ നീങ്ങിയപ്പോൾ നെറ്റ് കണക്ഷൻ ഏതാണ്ട് മുഴുവനായും വിച്ഛേദിക്കപ്പെട്ടു. ഫോൺ പാൻ്റ്സിൻ്റെ കീശയിലിട്ട് ഞാൻ നിഗൂഢമായ മഴക്കാല വനങ്ങൾ പുറകോട്ട് പായുന്നതും നോക്കിയിരുന്നു. ഇരുട്ട് കനത്ത് വന്നു.
തീർത്തും അപരിചിമായൊരന്തരീക്ഷത്തിലേക്കാണ് തിരിച്ചെത്തിയത്. ഹോസ്റ്റൽ പരിസരത്തെത്തിയത് മുതൽ ഭയപ്പെടുത്തുന്നൊരു നിശബ്ദത ചുറ്റിലും പൊതിഞ്ഞു. ഹോസ്റ്റലെത്തിയതും ഓടിച്ചെന്നത് മൂന്നാം നിലയിലേക്കാണ്. മുറിയിൽ വിശ്വന്തിനേം ചൗഹാനേം കണ്ടില്ല. ഷമീല് കമിഴ്ന്ന് കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു. അവനെ വിളിച്ചുണർത്താൻ തോന്നിയില്ല.
എത്രയും പെട്ടന്ന് അരുളിനെ കാണണം. മൂന്നു ദിവസം കൊണ്ട് ഇവിടെന്ത് സംഭവിച്ചെന്ന് വിശദമായി ചോദിച്ചറിയണം. അക്കാര്യം മാത്രമായി മനസ്സിൽ. മുന്നൂറ്റിമുപ്പത്തിരണ്ട് ലക്ഷ്യമാക്കി പടികളോടി കയറി. മുറി പതിവ് പോലെ തുറന്നു കിടക്കുന്നു. ചെരുപ്പഴിച്ച് വച്ച് “അല്പാ… അരുളേ…” ന്ന് നീട്ടി വിളിച്ചോണ്ട് അകത്തേക്ക് കയറി. ആരും വിളി കേട്ടില്ല. മുറിയാകെ ശൂന്യത. ഉള്ളിൽ പരിഭ്രമം നിറഞ്ഞു. മുറിയാകെ കണ്ണോടിച്ചു. പുസ്തകങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ചുമരിലെ ആണിയിൽ തൂക്കിയ അരുളിൻ്റെ ഐഡൻ്റിറ്റി കാർഡ് അപ്രത്യക്ഷമായിരിക്കുന്നു. എല്ലായ്പ്പോഴും മുറിക്ക് മൂലയിൽ ചാരിയിരുന്ന് വിശ്രമിച്ചിരുന്ന അരുളിൻ്റെ ബാഗവിടെ കാണാനുമില്ല. ഞാൻ നെറ്റിയിൽ കൈവച്ചോണ്ട് കട്ടിലിൽ അമർന്നിരുന്നു. നീറ്റലും നിരാശയും തോന്നി. പെട്ടന്ന് വാതിൽക്കൽ ചുവന്ന ബക്കറ്റുമായി അല്പൻ പ്രത്യക്ഷപ്പെട്ടു.
“അരുളെവിടെടാ…” ഞാൻ പൊടുന്നനെയെഴുന്നേറ്റു.
” പോയി!” അല്പൻ്റെ ഒറ്റവാക്കിൽ നിസ്സംഗത കുമിഞ്ഞു.
“എങ്ങോട്ട്?”
“അറിയില്ല.” അല്പൻ അയയിൽ നിന്നും കാപ്പി ടീഷർട്ടെടുത്ത് അലസമായി ധരിച്ചു.
“നിന്നോടൊന്നും പറഞ്ഞില്ലേ? അവനെപ്പൊ തിരിച്ച് വരും?” എനിക്ക് ദേഷ്യവും സങ്കടവും വന്നു.
“ഇനി ഇവിടൊന്നും ചെയ്യാനില്ലെന്നും സന്തോഷത്തോടെ തിരിച്ച് പോകുന്നുവെന്നും കുറിപ്പെഴുതി വച്ചിരുന്നു. അത്രതന്നെ.” അല്പൻ്റെ പ്രതീക്ഷ കെട്ട കണ്ണിൽ വിഷാദമുറവകെട്ടി.
കഴിഞ്ഞ പകുതിയിൽ എന്തൊക്കാണ് സംഭവിച്ചതെന്നറിയാതെ കഥക്ക് നടുക്ക് കയറി വന്ന കഥാപാത്രം കണക്കെ എനിക്ക് സ്വത്വപ്രതിസന്ധിയനുഭവപ്പെട്ടു.
“പോകുന്നോരൊക്കെ പോട്ടെടാ. അവൻ നമ്മളോട് കാണിച്ച സ്നേഹമൊക്കെ പൊള്ളയാ. ആർക്കും ആരോടും സ്നേഹോമില്ല അനുകമ്പേമില്ല. അരുളിനൊരു സ്നേഹിതനുണ്ടായിരുന്നു. അൻപ്. ഇവ്ടാണ് പഠിച്ചത്. ആറേഴ് വർഷം മുന്നേ ആ പയ്യൻ ഇതേ ഹോസ്റ്റലിൻ്റെ മണ്ടേന്ന് ചാടി ആത്മഹത്യ ചെയ്തു. അവൻ്റെ ഓർമ്മകളുള്ളോണ്ട് വന്നതാ അരുള്. മരിക്കും മുന്നേ അൻപൊരു കത്തെഴുതിയയച്ചിരുന്നു പോലും. ഇത്രയൊക്കയെ എനിക്കറിയുള്ളൂ.അവൻ്റെ കാര്യങ്ങൾ കഴിഞ്ഞ് കാണും. അവൻ പോയി. ആരോടുമൊന്നും ചോദിച്ചില്ല. പറഞ്ഞതുമില്ല. ഹാ… എങ്ങോട്ടേലും പോട്ടെടാ. ”
അല്പൻ പിന്നെയുമെന്തൊക്കെയോ പിറുപിറുത്തു. ഞാനൊന്നും കേട്ടില്ല. ഉള്ളിലെ കനം പെരുത്തുപെരുത്ത് വന്നു. എനിക്ക് ശ്വാസം മുട്ടി.
മുന്നൂറ്റിമുപ്പത്തിരണ്ടിൽ നിന്നുമിറങ്ങി എങ്ങനെയൊക്കെയോ ടെറസ്സിലേക്കുള്ള പടികൾ കയറി. മുകളെത്തിയപ്പോൾ ആഞ്ഞാഞ്ഞു കിതച്ചു. കഴിഞ്ഞ നാളുകളിൽ പെയ്ത മഴയുടെ ഒരിറ്റ് നനവ് പോലും ടെറസ്സിൽ ബാക്കിയാക്കാതെ വെയിലെല്ലാം നക്കി തുടച്ചിരിക്കുന്നു. ഒരു വൈകുന്നേരത്ത് അരുളുമൊത്ത് ഇവിടെ വന്നു നിന്നത് ഓർമ്മ വന്നു. അവനിപ്പൊഴും തൊട്ടടുത്തുള്ളതു പോലെ.
ഞാൻ പതിയെ മുന്നോട്ട് നീങ്ങി. അറ്റത്ത് നിന്ന് താഴോട്ട് എത്തി നോക്കി. താഴെ ഒന്നുരണ്ട് പോലീസുകാർ നിൽക്കുന്നു. ചോര കട്ടപിടിച്ച് കിടക്കുന്ന നിലത്തേക്ക് ശ്രദ്ധ പാഞ്ഞു. ഡോ. സത്യമൂർത്തിയുടെ മൃതശരീരം കിടന്നിടത്ത് അടയാളം വരച്ചിരിക്കുന്നു. നോക്കി നോക്കി നിൽക്കവെ എൻ്റെ കണ്ണിൽ വെള്ളം നിറഞ്ഞു, കൈത്തണ്ട വിറച്ചു, കാൽമുട്ട് വിറച്ചു. ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോൾ സത്യമൂർത്തിക്കഭിമുഖമായി ഇടതുവശത്ത് മെലിഞ്ഞ് നീണ്ട് മറ്റൊരു മൃതദേഹം കിടക്കുന്നെന്ന ആന്തലുണ്ടായി. കണ്ണുകൾ തുടച്ച് കൂർപ്പിച്ച് നോക്കി. ഇപ്പോൾ ശരിക്കും കാണാം. കമിഴ്ന്നു കിടക്കുന്ന മൃതദ്ദേഹത്തീന്ന് കറുത്ത് മെലിഞ്ഞ മുടി നീട്ടിവളർത്തിയൊരു പയ്യൻ പതുക്കെയെഴുന്നേറ്റ് നിന്ന് മുന്നോട്ട് നടക്കാനായുന്നു. ശരീരം കുഴയുന്നു, രണ്ടാമത്തെ കാൽവെപ്പിൽ അവൻ വീഴാൻ പോകുന്നു. എൻ്റെയപ്പുറത്ത് നിൽക്കുന്ന അരുൾ കൈവിരലുകൾ നീട്ടി “വീഴല്ലേ…” യെന്ന് അവനെ തൊടാനാഞ്ഞു.