1
ഒരിക്കൽ
മോന്തിയാവണ സമയത്ത്
കുഞ്ഞൂട്ടാ…
കുഞ്ഞൂട്ടാ…
എന്നൊരു വിളി കേട്ടു.
പാടത്തിനക്കരെ
വന്ന് നിന്ന്
ഉദയസൂര്യന്റെ പാവാടയുടുത്ത്
അവർ വിളിച്ചത് പോലെയായിരുന്നു
അത്.
ചുരം കയറി പോകുന്ന
എല്ലാ വഴികളും
അവരുടെ വീടിന്റെ ഇറയത്ത്
വന്നു നിൽക്കുന്ന
നേരങ്ങളിൽ
പിന്നെയും പിന്നെയും
ആ വിളി കേട്ടു.
കുഞ്ഞൂട്ടാ…
കുഞ്ഞൂട്ടാ…
2
കുട്ടിക്കാലം
അവസാനിച്ചത്
ഞാൻ അറിഞ്ഞിരുന്നില്ല.
ചോറിൽ വെളിച്ചെണ്ണയും
കല്ലുപ്പും കൂട്ടിക്കുഴച്ച്
രാത്രിയിൽ
അമ്പിളിമാമനെ ചൂണ്ടി
ഊട്ടിയ കാലമൊന്നും
എനിക്കുണ്ടായിരുന്നില്ല.
തലപ്പായക്കരികിൽ
ചുവരിനോട് ചേർന്ന്
പള്ളേലൊട്ടിക്കിടന്ന്
ഇരുട്ട് അണയ്ക്കാനോ
എനിക്കാരുമുണ്ടായിരുന്നില്ല.
അപ്പോഴെപ്പോഴോ
വീടിന്റെ വാതിൽക്കലൂടെ
കടന്നു പോയ
വേനലോ വെയിലോ
അറിഞ്ഞിരുന്നില്ല.
അറിഞ്ഞു.
ഞാനറിഞ്ഞു.
കുഞ്ഞൂട്ടാ…
കുഞ്ഞൂട്ടാ…
എന്നൊരു വിളി.
വിളിക്കാൻ
അവരുണ്ടായിരുന്നെന്ന്
പിന്നെയും പിന്നെയും
ഓർമിപ്പിക്കുന്ന അതേ വിളി.
അവർ അലക്കുക്കല്ലിൽ
തിരുമ്പാനിട്ട
തോർത്തുമുണ്ടിൽ
ഒരിക്കൽ എഴുതി.
“രാത്രിയിലേക്ക് മുറി തുറന്ന്
ഇരുട്ടിൽ വിരിഞ്ഞ വട്ടപ്പൂവ്
പറിച്ച്
എന്റെ മുടിയിൽ വെക്കുമ്പോൾ
ഇനിയൊരിക്കലും
പകൽ വരരുതേയെന്ന്
വെറുതെ പ്രാർത്ഥിച്ചു.”
3
കുഞ്ഞൂട്ടാ…
കുഞ്ഞൂട്ടാ…
ജനവാതിലിലൂടെ
തൊടിക്കപ്പുറത്ത് നിന്ന്
പുഴക്കക്കരയിൽ നിന്ന്
മലമുകളിൽ നിന്ന്
എത്രയെത്ര
കാലങ്ങളിൽ നിന്ന്
ഞാനത് കേട്ടു.
നാൽപ്പാമരവെള്ളത്തിൽ
നീ കുളിച്ചു കയറുന്ന
ഗർഭകാലത്ത്
എനിക്ക് കുളിരുന്ന പോലെ
അവരെന്നെ തൊട്ടു.
തൊട്ടതെല്ലാം
അവരുടെ
വിരലുകൾ…
വിഷാദങ്ങൾ…
വിരാമങ്ങൾ…
കാട് കുത്തൊലിച്ചവന്ന
ഒരു മഴക്കാലത്ത്
അവരെഴുതി.
“വന്നു
പെരുമഴക്കാലം കണക്കെ
വെളിച്ചത്തിന്റെ ഊക്ക്.
ഒരു പൂ പോലും സൂക്ഷിക്കാൻ
കഴിവില്ലാത്ത സ്ത്രീയെയെന്ന്
നീ അപ്പോളും പറഞ്ഞു.”
4
മരിക്കാൻ
സമയമായോ?
വേദനിക്കാണ്ടിരിക്കാനുള്ള
സൂത്രം പറഞ്ഞു താ.
കെട്ടിപിടിക്ക്….
വാരിത്താ…
മടിയിൽ കിടത്ത്.
കവിതയിൽ
കിടന്നും മറിഞ്ഞും
വേദനിച്ചപ്പോൾ
അവരാ വിളി മറന്നില്ല.
കുഞ്ഞൂട്ടാ…
കുഞ്ഞൂട്ടാ…
ഉറക്കമിളയ്ക്കണ്ട
ഉറങ്ങ്…
ഉറങ്ങ്…