എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും പോസിറ്റിവിറ്റി പകർന്നു തന്നവരിൽ പ്രധാനികളെ കുറിച്ചാണ് ഈ കുറിപ്പ്, ചിത്രശലഭങ്ങൾ. കുറച്ചുകാലം മുൻപ് ചിന്തകളിലേക്കും മനസ്സിലേക്കും അവിചാരിതമായി കടന്നുവന്ന്, നനുത്ത ചിറകടികളാൽ എന്റെ നോവിന്റെ ചൂടിനെ തണുപ്പിച്ച ദൈവത്തിന്റെ സന്ദേശങ്ങൾ.
ഏതാണ്ട് ഒന്നരവർഷം മുൻപാണ്. എനിക്കെന്റെ ആദ്യ പങ്കാളി പമ്മിയെ (അബ്ദുൽ ഫഹീം) നഷ്ടമായ സമയം. ആ കാലം, എനിക്കും മരണത്തിന് സമമായിരുന്നു. അന്ധകാരം മാത്രം നിറഞ്ഞ ഒരിടനാഴിയിലൂടെ അവസാനമില്ലാതെ നടക്കും പോലെ. ഉള്ളിലേക്കിത്തിരി വെളിച്ചം കൊണ്ടുവരാൻ ശ്രമിക്കാതെയിരുന്നില്ല. കൂട്ടുകാരായിരുന്നു അഭയം; കുടുംബവും. എങ്കിലും നിരന്തരമായ നോവും അരക്ഷിതാവസ്ഥയും എന്നെയും കുഞ്ഞുങ്ങളെയും പിന്തുടർന്നുകൊണ്ടേയിരുന്നു.
ആയിടെയാണ് പ്രിയ സ്നേഹിത സ്മിത എന്നോട് സംസാരത്തിനിടയിൽ എപ്പോഴോ ചിത്രശലഭങ്ങളെ കുറിച്ച് പറഞ്ഞത്. മരിച്ചുപോയവരാണ് ഒരുപക്ഷേ ചിത്രശലഭങ്ങൾ ആയി മാറുന്നത്, അവൾ പറഞ്ഞു. എന്റെ ഹൃദയം എന്തിനോ ഇടറി. അന്തരിച്ച സുഹൃത്ത് ഭൂഷേട്ടന്റെ വീട്ടിലൊരിക്കൽ പോയപ്പോൾ അവിടെ അപ്രതീക്ഷിതമായി അതിഥിയായെത്തിയ, മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ശലഭത്തെയും അന്നവൾ ഓർത്തു. പിന്നീടെപ്പോഴോ, പ്രണയം നഷ്ടമായ മറ്റൊരു പ്രിയ സുഹൃത്തിന്റെ ജീവിതത്തിലേക്ക് നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ആശ്വാസത്തിന്റെ ശലഭച്ചിറകടിയൊച്ചകളെ കുറിച്ച് ആത്മസുഹൃത്ത് ലേബിയും പറയുകയുണ്ടായി. അതിനുശേഷമാണ് അതുവരെ കാണാതിരുന്ന, ശ്രദ്ധിക്കാതിരുന്ന ചിത്രശലഭങ്ങളുടെ പിന്നാലെ ഞാൻ ഭ്രാന്തമായി അലയാൻ തുടങ്ങിയത്.
ജീവിതത്തിന്റെ വരൾച്ചയിലേക്ക് ചിത്രശലഭങ്ങളുടെ ഒരു പുഴ തന്നെ ഒഴുകി വരും പോലെയായിരുന്നു അത്. എന്റെ ചെറിയ മകൻ ഐഡുവിനെ (ഐഡൻ) സ്കൂളിൽ വിടാൻ ഇറങ്ങുമ്പോഴേക്കും ഞങ്ങളുടെ തലക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്ന വെളുത്ത ഒരു കുഞ്ഞുശലഭം. ഞങ്ങളുടെ കാൽചുവടുകൾക്ക് മുന്നിൽ വഴികാട്ടിക്കൊണ്ടെന്ന വണ്ണം മഞ്ഞനിറത്തിലുള്ള രണ്ടെണ്ണം. കുഞ്ഞിനെ ചേർത്തുപിടിച്ച് കണ്ണീരണിഞ്ഞ മുഖത്തോടെ ഞാൻ മുകളിലേക്ക് നോക്കുമ്പോൾ എൻറെ കവിളിലേക്ക് വിറക്കുന്ന കൈപ്പടം പോലെ താണു വരുന്ന, ചുറ്റിപ്പറക്കുന്ന, സ്വർണനിറമുള്ള മറ്റൊന്ന്.
ഞങ്ങളുടെ മുറിയുടെ ചുമരിൽ ഉറങ്ങിക്കിടക്കുന്ന ഐഡുവിനെ നോക്കിക്കൊണ്ട് സങ്കടത്തോടെ പതിഞ്ഞിരുന്ന ചാരനിറത്തിലുള്ള ഒരു ശലഭത്തെ കണ്ടപ്പോഴാണ് ഞാൻ അവയിൽ വിശ്വസിച്ചു തുടങ്ങിയത്. അതിനെ നിശബ്ദയായി നോക്കിനിൽക്കെ, ഏതോ സങ്കടത്തിലെന്നോണം പിതുക്കി വച്ച ഐഡുവിന്റെ കുഞ്ഞു ചുണ്ടുകൾ കാൺകെ, എന്റെ നെഞ്ചുപൊള്ളി.
“എന്റെ പാവം മോൻ,” ഞാൻ ഉള്ളിൽ വിതുമ്പി. ശലഭം ചാരനിറച്ചിറകുകൾ ഒന്നനക്കിയതു പോലെ തോന്നി. ഞാൻ പറഞ്ഞു, “പമ്മീ, നമ്മുടെ മോൻ…,” കരച്ചിലിന്റെ ഒരു കടൽ എന്നെ വന്നു മൂടി. എനിക്ക് ഭ്രാന്താവുകയാണോ എന്ന് ഞാൻ ഭയന്നു. നുണകളിൽ വിശ്വസിച്ച് അതിനെ ഓക്സിജൻ ആക്കുന്ന നിസ്സഹായയായ ഒരു ഭ്രാന്തി. പക്ഷേ അല്ല, അല്ല, ചിത്രശലഭങ്ങൾ സത്യമായിരുന്നു. ഓരോന്നായി, അവ എന്നെ തേടി വരാൻ തുടങ്ങി.
മുൻപ് ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് ബസ്സു കയറാനായി രാവിലെ പത്തു മിനിറ്റിലധികം നടക്കണമായിരുന്നു. ഉത്തരവാദിത്വങ്ങളുടെയും ഓട്ടത്തിന്റെയും ഇടയിൽ എനിക്ക് മാത്രമായി കിട്ടുന്ന ഒരല്പസമയമാണത്. വിഷാദത്തിലും ഇയർഫോണിലെ സംഗീതത്തിലും നനഞ്ഞ്, ഏറ്റവും ഏകാകിയും നഷ്ടപ്പെട്ടവളുമായി ഞാൻ ബസ് സ്റ്റോപ്പിലേക്ക് ക്ഷീണിച്ചു നടക്കും. അതിനിടെ ഓർമ്മകളിൽ പലപ്പോഴും കാലിടറും. വിതുമ്പലിനെയും കണ്ണീരിനെയും മറക്കാൻ ധരിച്ച മാസ്ക് നനഞ്ഞു കുതിരും.
ആ സമയത്താണ് വഴിയരികിലെ പച്ചക്കൂട്ടങ്ങൾക്കിടയിൽ നിന്ന്, കുഞ്ഞു തടാകത്തിന്റെ അരികുകളിൽ നിന്ന്, കാടുപിടിച്ചിരുണ്ട ഒഴിഞ്ഞ പറമ്പു മൂലകളിൽ നിന്ന് ഒക്കെ വെളുത്ത ശലഭക്കൂട്ടങ്ങൾ പറന്നുയരുക. ചിലത് എന്റെ തലക്കു മീതേ പറക്കും. കൈനീട്ടുമ്പോൾ നിമിഷനേരം കൊണ്ട് അപ്രത്യക്ഷരാകും. ഞാൻ ദയനീയമായി കൈവിരലുകൾ മടക്കും. വിരൽത്തുമ്പിനരികെ, അപ്പോൾ എവിടുന്നോ വന്ന ഒരു കുഞ്ഞു ശലഭം കരുണയോടെ വെള്ളച്ചിറകുകൾ വീശും. സന്തോഷവും സങ്കടവും പതഞ്ഞ് എന്റെ ഹൃദയം ഇപ്പോൾ നിലക്കും എന്ന മട്ടിൽ വിറച്ചു കൊണ്ടിരിക്കും. മറ്റു ചിലപ്പോൾ, ഒഴിഞ്ഞ ജീവിതത്തിന്റെ തണുപ്പിലിടറി വേച്ചു വേച്ചു നടന്നുപോകെ, കിരീടപ്പൂക്കളുടെ ചുവപ്പിൽ നിന്ന് എണ്ണിയാലൊടുങ്ങാത്ത മഞ്ഞശലഭങ്ങൾ പൂത്തിരിപോലെ ഉയർന്നുവരും. അവിടെ തറഞ്ഞു നിന്ന് ഞാൻ ഓരോന്നിനെയും നോക്കും. നെഞ്ചു പിടയും. ശബ്ദമില്ലാതെ, ഞാൻ അവരോട് ചോദിക്കും, “ഇതിൽ ഏതാണ് നീ?.”
ഒരിക്കൽ ഞാൻ ഐഡുവിനോട് പറഞ്ഞു, ചിത്രശലഭങ്ങൾ മരിച്ചുപോയ പപ്പയുടെ സന്ദേശങ്ങളാണ്. അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. അവനുണ്ടായ സന്തോഷം ഞാൻ പ്രതീക്ഷിക്കാത്ത വിധത്തിലായിരുന്നു. മുറ്റത്തെ അരിപ്പൂക്കാട്ടിൽ സ്ഥിരം തേൻ കുടിക്കാൻ വരുന്ന പൂമ്പാറ്റകൾ അവന്റെ കൂട്ടുകാരായി. അവ വരുമ്പോഴൊക്കെ സന്തോഷത്തിൽ അവൻ കൂവിയാർക്കും. എന്നെ വിളിച്ച് കാട്ടിത്തരും. അവർക്കു മുന്നിൽ, മുറ്റത്ത് ഫുട്ബോൾ തട്ടിക്കളിക്കുമ്പോൾ അവന്റെ മുഖത്ത് ഉണ്ടായിരുന്ന സുരക്ഷിതത്വം കണ്ട് എനിക്ക് കരച്ചിലും സന്തോഷവും വരും. പതുക്കെ, എന്നെപ്പോലെ അവനും ശലഭങ്ങൾക്ക് അവന്റേതായ വ്യാഖ്യാനങ്ങൾ നൽകി തുടങ്ങി. ആവട്ടെ എന്ന് ഞാനും കരുതി. കാലിനടിയിൽ നിന്ന് ഭൂമി ഒലിച്ചു പോയ ചിലർക്ക് താങ്ങിനിൽക്കാൻ എന്തെങ്കിലും ഒക്കെ വേണ്ടേ?, അതിനി ചില ഭ്രമകൽപ്പനകൾ ആണെങ്കിലും കൂടി.
ആയിടെ ഒരു രാത്രിയിലാണ് പുതുതായി ശല്യപ്പെടുത്തി തുടങ്ങിയ പാനിക് അറ്റാക്കുകളിൽ ഒന്ന് എന്നെ വല്ലാതെ അവശയാക്കിയത്. വേദനിക്കുന്ന നെഞ്ച് അമർത്തി തിരുമ്മിക്കൊണ്ട് ഞാൻ ശ്വാസം കിട്ടാതെ കരഞ്ഞു കൊണ്ടിരുന്നു. അത്തരം അവസരങ്ങളിൽ ഫോൺ ചെയ്യാറുള്ള സ്നേഹിതനെ പല തവണ വിളിക്കാൻ ഒരുങ്ങി, പക്ഷേ സാധിച്ചില്ല. അപ്പോഴാണ് നേരെ മുന്നിലുള്ള ഭിത്തിയിൽ, പുറത്തുനിന്നുള്ള ബൾബിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടത്.
ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അഗ്നിശലഭമായിരുന്നു അത്. കറുപ്പിൽ തീ പോലെ വെട്ടിത്തിളങ്ങിക്കൊണ്ട് അത് എന്നെ നോക്കി. പതുക്കെ, ഞാൻ ശാന്തയായി. അത് പറന്ന് എന്റെ തലയ്ക്ക് പുറകിൽ വന്നിരുന്നു. രാത്രി മുഴുവൻ, തന്റെയുള്ളിലെ അഗ്നി എന്നിലേക്ക് ലാവയായൊഴുക്കിക്കൊണ്ട്. ഞാൻ എപ്പോഴോ ഉറങ്ങി. എണീറ്റ് നോക്കിയപ്പോഴും അതവിടെ ഇരിപ്പുണ്ടായിരുന്നു. ഞാൻ അത്യാഗ്രഹിയായി, അതിൻറെ ഒരു ഫോട്ടോ എടുത്താലോ?, ഫോൺ എടുത്ത് ക്യാമറ ഓൺ ചെയ്തു തിരിഞ്ഞപ്പോഴേക്കും അത് അപ്രത്യക്ഷമായി.
പിന്നെ അങ്ങനെ ഒന്നിനെ കണ്ടത് ബെംഗളൂരുവിൽ വച്ചാണ്. മൂത്ത മകൻ ഗിച്ചുവിന്റെ (ഗസൽ) കോളേജിൽ അവന്റെ അറ്റൻഡൻസ് പ്രശ്നങ്ങൾ സംസാരിക്കാൻ വേണ്ടി പോയതായിരുന്നു ഞാൻ. അവന്റെ പപ്പയുടെ മരണം അവനെ വല്ലാതെ ഉലച്ച ഒരു സമയം. ഡിപ്രഷൻ, ഉറക്കമില്ലായ്മ, ഏകാഗ്രതയില്ലായ്മ. ആഴ്ചകളോളം കോളേജിൽ പോകാതിരുന്നതിനാൽ ആ സെമസ്റ്ററിലെ പരീക്ഷ എഴുതാൻ അവനെ അവർ അനുവദിച്ചില്ല.
എച്ച് ഒ ഡിയെ കാണാൻ രാവിലെ ട്രെയിനിറങ്ങി അവന്റെ കോളേജിൽ എത്തി. അവൻ താമസസ്ഥലത്തു നിന്നും വണ്ടിയോടിച്ചെത്തുന്നത് വരെയുള്ള ഒരു മണിക്കൂർ ഞാൻ ക്യാമ്പസിന്റെ പുറത്തുള്ള തിരക്കുള്ള റോഡരികിൽ ഒറ്റക്ക് നിന്നു. ഏതാണ്ട് രണ്ടു വർഷം മുൻപ് ഞാനും പമ്മിയും കൂടെ അവന്റെ അഡ്മിഷൻ ആവശ്യങ്ങൾക്കു വന്നപ്പോൾ കളി പറഞ്ഞും ചായ കുടിച്ചും അലസമായി കാത്തു നിന്ന അതേ സ്ഥലം. സ്ഥലകാലങ്ങൾ മറന്ന്, അനുതാപത്തോടെ നോക്കുന്ന കുട്ടികളെയും മറ്റു മനുഷ്യരെയും ശ്രദ്ധിക്കാതെ, ഞാൻ അത്രയും നേരം അവിടെ നിന്ന് കരഞ്ഞു. അപ്പോഴേക്കും ഗിച്ചു എത്തി. കണ്ണും മുഖവും തുടച്ച് അവനോടൊപ്പം ക്യാമ്പസിലേക്ക് കാലെടുത്തു വച്ചപ്പോഴാണ് ആ ശലഭം വന്നത്. ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പതുക്കെ വട്ടമിട്ട്, അത് എന്റെ കവിളിനരികിലേക്ക് വിറയലോടെ ചിറകുകൾ നീട്ടി. ഒരു നിമിഷം, മനസ്സിലെ തിരകൾ ഒന്നടങ്ങി. എവിടുന്നോ കിട്ടിയ ധൈര്യത്തോടെ ഞാൻ അകത്തേക്ക് നടന്നു.
കോളേജിൽ നിന്ന് ടി സി എടുത്തു പോകണമെന്നും ഉത്തരവാദിത്വം കാണിക്കണം എന്നും മറ്റും ക്ഷോഭിച്ച എച്ച് ഒ ഡി യോട് ഞാൻ സംയമനത്തോടെ കാര്യങ്ങൾ പറഞ്ഞു. ഇനി ക്ലാസുകൾ കഴിയുന്നതും മിസ്സാക്കില്ല എന്ന് ഉറപ്പും കൊടുത്തു. തകർന്ന, എന്നാൽ ഉള്ളുറപ്പുള്ള ഒരു അമ്മയുടെ ആ വാക്കുകളുടെ സത്യം ഒരുപക്ഷേ സ്ത്രീയായ എച്ച് ഒ ഡി ക്കും തൊട്ടെടുക്കാൻ ആയിട്ടുണ്ടാവണം. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിൽ ക്ഷമ പറഞ്ഞുകൊണ്ട് അവർ ഉടനെ തന്നെ ഗിച്ചുവിന് പുതിയ സെക്ഷൻ അലോട്ട് ചെയ്യാൻ തന്റെ അസിസ്റ്റന്റിന് നിർദ്ദേശം നൽകി. എന്റെ ഉള്ളിൽ ആശ്വാസത്തിന്റെ ശലഭച്ചിറകുകൾ തുടിച്ചു.
പിന്നീടോർക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് അന്നാ പൂമ്പാറ്റ അവിടെയെത്തിയത് എനിക്കുവേണ്ടി മാത്രമായിരുന്നു. എൻറെ കവിളിലെ കണ്ണീർ നനവ് തൊട്ടെടുക്കാൻ. എനിക്ക് കരുത്തുപകരാൻ. ബാംഗ്ലൂർ പോലെ ഒരു നഗരത്തിലെ തിരക്കുനിറഞ്ഞ ആ റോഡിൽ, ഒരു മരമോ ചെടിയോ പച്ചപ്പിന്റെ ഒരംശം പോലുമോ ഇല്ലാത്ത സിമൻ്റ് പാകിയ ആ ക്യാമ്പസിൽ ഒരു ചിത്രശലഭം ഉണ്ടാവേണ്ടുന്ന ഒരു സാധ്യതയുമില്ല. അതവിടെ അതിന്റെ നിയോഗത്തിനായി മാത്രം എത്തിച്ചേർന്നതാവണം.
കഴിഞ്ഞ ജൂണിലാണ് ജീവിതയാത്രയിൽ തുണയായി ഞാൻ സുഹൃത്തായിരുന്ന ശ്യാമിനെ എനിക്കൊപ്പം കൂട്ടിയത്. അന്ന്, പരസ്പരം മാല ചാർത്തിയതിന് ശേഷം എന്റെ സ്നേഹിതന്റെ കൈപിടിച്ച് അമ്പലമുറ്റത്ത് നിന്നപ്പോൾ, കണ്ണീരിലും പുഞ്ചിരിയിലും നനഞ്ഞ മനസ്സ് തേടിക്കൊണ്ടിരുന്നത് എന്റെ ചിത്രശലഭത്തെ ആയിരുന്നു. കാണാഞ്ഞപ്പോൾ ഉള്ളൊന്നിരുണ്ടു. പക്ഷേ അധികം വൈകാതെ, സ്നേഹത്തിന്റെ ചിറകടികൾ അവിടെയും എത്തി. തിളങ്ങുന്ന ഒരു മഞ്ഞ ശലഭം ഞങ്ങൾക്കു മുന്നിലൂടെ വഴികാട്ടിക്കൊണ്ടെന്നോണം പാറിപ്പറന്നു. എന്റെ മനസ്സ് എല്ലാ ആശങ്കകളും അകന്ന് ശാന്തമായി.
ഇന്നെനിക്ക് ശലഭങ്ങൾ ജീവിതത്തിലേക്ക് ഇറ്റു വീഴുന്ന പുഞ്ചിരികളാണ്. അവ എൻറെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഓണക്കാലമായതുകൊണ്ട് ഇവിടെ ഇപ്പോൾ നിറയെ ശലഭങ്ങളാണ്. ചുറ്റും എല്ലായ്പോഴും അവയുണ്ട്. ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോൾ അരികിലൂടെ അലസമായി പാറി, പേടിയോടെ സ്കൂട്ടറോടിച്ചു പഠിക്കുമ്പോൾ ഹാൻഡിലിനു ചുറ്റും ധൈര്യം നൽകിക്കൊണ്ട് പറന്ന്, മകനെ സ്കൂളിൽ അയക്കാൻ പോകുമ്പോൾ ഒപ്പം വന്ന്, എനിക്ക് സുരക്ഷിതത്വത്തിന്റെ ചൂട് പകരുന്നവ. ഒരു കാഴ്ചയിൽ തന്നെ എന്നിൽ പുഞ്ചിരി വിടർത്തുന്നവ. മരണത്തെയും ജയിക്കുന്ന പോസിറ്റിവിറ്റിയായി എന്റെ ബാക്കിയുള്ള ജന്മത്തെ താങ്ങിനിർത്തുന്നവ.
കുട്ടിക്കാലത്ത് ഏറെ ഇഷ്ടത്തോടെ വായിച്ച ഒരു കഥയായിരുന്നു എൻ. പ്രഭാകരന്റെ ‘ദൈവത്തിൻറെ പൂമ്പാറ്റ’, ഇപ്പോഴും ആ കഥയോർക്കുമ്പോൾ നെഞ്ചു പൊള്ളും. എന്റെ പൂമ്പാറ്റകൾ എനിക്കിപ്പോൾ ദൈവത്തിന്റേതു തന്നെയാണ്, മരിച്ചുപോയ എന്റെ കൂട്ടുകാരന്റെ സ്നേഹമാണ്. അതെന്റെ ഭ്രമ കൽപ്പനയാവാം. ചിലർക്കെങ്കിലും ലോജിക്കില്ലാത്ത വിഡ്ഢിത്തം ആവാം. പക്ഷേ കൊടും വേദനയിൽ മരവിച്ച ഒരുവളുടെ മനസ്സിലേക്ക് പുഞ്ചിരികളുടെ നനത്ത ചൂട് പരത്തുന്നതെന്നും ദൈവ സ്പർശമുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ചിരികൾ മിഥ്യയല്ല. അതിലും വലിയ സത്യമൊട്ട് വേറെയുമില്ല.