മാലിനി തരിച്ചുനിൽക്കുകയായിരുന്നു.
ചുറ്റും ആരൊക്കെയോ ഒച്ചത്തിൽ സംസാരിക്കുന്നു. കുറഞ്ഞനേരം കൊണ്ട് ചെറുതല്ലാത്ത ഒരാൾക്കൂട്ടം അവൾക്കു ചുറ്റും രൂപപ്പെട്ടിട്ടുണ്ട്. കുറച്ചുമുന്നേ അങ്ങോട്ടോടി വരുമ്പോൾ മൂന്നാലാളുകളേ അവിടെയുണ്ടായിരുന്നുള്ളൂ. നിൽക്കുന്നത് പള്ളിമുറ്റമാണെന്നും താൻ വന്നതൊരു മനസമ്മതത്തിനാണെന്നും വയലിന്റെ മന്ദ്രസ്ഥായിയിലുള്ള സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പാരിഷ് ഹാളിൽ കേക്ക് മുറിക്കലും വൈൻ പങ്കിടലും നടക്കുകയാണെന്നും മാലിനി മറന്നുപോയി. കുറച്ചുനിമിഷങ്ങൾക്കു മുന്നേവരെ താനും അതിനകത്തായിരുന്നു.വയലിൻ വായിക്കുന്ന പെൺകുട്ടിയുടെ ഭംഗിയുള്ള മുഖവും സിൽക്കു പോലത്തെ തലമുടിയും നല്ല രസം തോന്നിയിരുന്നു.സ്റ്റേജിലെ വെള്ളിവെളിച്ചത്തിൽ വധുവിന്റെ ഉള്ളിത്തൊലി നിറമുള്ള ഉടുപ്പിലെ കണ്ണാടിച്ചില്ലുകൾ വെട്ടിത്തിളങ്ങിയിരുന്നു. പൊൻനിറകസവു പാകിയ സാരികൾ ഹാളിലും സ്റ്റേജിലും തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. എത്ര സുഖമായിരുന്നു ആ ഇളംതണുപ്പിൽ അതൊക്കെയങ്ങനെ നോക്കിയിരിക്കാൻ.
ആരെയുമറിയാത്തതുകൊണ്ട്, തന്നെയറിയുന്ന ഒരാളേ അവിടെയുള്ളുവെന്നതു കൊണ്ട്, ആ ആൾ വളരെ തിരക്കിലുമായതുകൊണ്ട് മാലിനി സ്വസ്ഥയായിരുന്നു. കാഴ്ചകൾ കണ്ടിരിക്കാം, ഭക്ഷണം കഴിച്ചു മടങ്ങാം. ആരോടും ചിരിക്കണ്ട, പരിചയം പുതുക്കേണ്ട, വർത്തമാനങ്ങളും വിശേഷങ്ങളും പറയണ്ട. അവജ്ഞ നിറഞ്ഞ അടക്കംപറച്ചിലുകളോ കുത്തുവാക്കുകളോ കേട്ട് നോവണ്ട. സ്വസ്ഥം, സുഖം. പെട്ടന്ന് എല്ലാമവസാനിച്ചു. അവൾക്ക് അവിടെ നിന്നെണീറ്റു പോരേണ്ടിവന്നു.
പള്ളിമുറ്റത്ത് അവൾ നിൽക്കുന്ന ഭാഗത്ത് മതിലിനപ്പുറം വൻതാഴ്‌ചയിൽ സെമിത്തേരിയാണ്. കറുപ്പും വെളുപ്പും മാർബിൾ പതിച്ച കല്ലറകളിൽ തലയുയർത്തി നിൽക്കുന്ന കുരിശുകൾ. സൂക്ഷിച്ചു നോക്കിയാൽ ഇത്ര മുകളിൽ നിന്നും പലതിലെയും പേരുകൾ വായിച്ചെടുക്കാം. മരണവും ജീവിതവും തമ്മിലുള്ളത് കുത്തനെയുള്ള ഈ താഴ്ചയുടെ മാത്രം അകലമെന്നു മാലിനിയോർത്തു. സെമിത്തേരിക്കപ്പുറം കറുപ്പു ഛായയുള്ള പച്ചയിൽ നോക്കെത്താ ദൂരത്തോളം റബ്ബർതോട്ടം. അത്തരം കാഴ്ചകളിലേക്കു നോക്കി ഉദാസീനമായി നിൽക്കേണ്ട സമയമല്ലിത് എന്നവൾക്കു തോന്നുന്നില്ലായിരുന്നു.
ചുറ്റുമുള്ള ഒച്ചകൾക്കു കനം കൂടുകയും അതിലേക്ക് കൂടുതൽ ശബ്ദങ്ങൾ കലരുകയും ചെയ്യുന്നുണ്ട്. വേറെയും ആളുകൾ വരുന്നുണ്ടാവും. മാലിനി ആരെയും നോക്കിയില്ല.
അവളുടെ തലയിൽ പലതരം ദ്യശ്യങ്ങൾ കൂടിക്കലർന്നു. വളരെക്കാലങ്ങൾക്കു ശേഷമുള്ള യാത്രയായിരുന്നു. അടച്ചു ചെയ്ത മഴയുടെ ദിവസങ്ങൾക്കു ശേഷം എല്ലാമിങ്ങനെ തെളിഞ്ഞുവരികയാണ്. ഇളം വെയിൽ ,ഇളംകാറ്റ്. ഇളതായിരിക്കുമ്പോൾ എല്ലാം എത്ര നല്ലതാണെന്നു മാലിനി ആലോചിച്ചു. കാറോടിക്കുന്ന വിനീത് കുഞ്ഞായിരുന്നപ്പോൾ എന്തു രസമായിരുന്നു. തടിച്ചുരുണ്ട് എപ്പോഴും ചിരിക്കുന്ന കുഞ്ഞ്. ആർക്കു കണ്ടാലും കവിളത്തൊന്നു നുള്ളി ഓമനിക്കാൻ തോന്നും. അങ്കണവാടിയിൽ നിന്നു വരുമ്പോൾ എന്നുമവൻ ചുണ്ടുകൾ കൂർപ്പിച്ചു വിനീടെ കവിളില് പിച്ചി എന്നു പരാതി പറയുമായിരുന്നു… അവൻ തന്നെക്കുറിച്ചു പറയാൻ അന്നൊക്കെ വിനി എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. വിനീടെ ബാഗ്, വിനിക്ക് അപ്പം വേണം, വിനിക്ക് സിൽമ കാണണം…
മാലിനിക്ക് ചിരിയടക്കാനായില്ല. ഡ്രൈവ് ചെയ്യുന്ന വിനീതിന്റെ നീണ്ട വിരലുകളിൽ തൊട്ട് അവൾ വിനീ എന്നു വിളിച്ചു. അവന് അരിശം വന്നു.
അമ്മ ചുമ്മാതിരിക്ക് ആ പേരെനിക്കിഷ്ടമല്ലെന്ന് അറിയില്ലേ?
മാലിനിക്ക് പിന്നെയും ചിരി വന്നു. അവനെ വെറുതെ ശുണ്ഠി പിടിപ്പിക്കണമെന്ന് അവൾക്കു തോന്നി.
കുട്ടിക്കാലത്തിന്റേതായ ഒന്നും അവനിഷ്ടമല്ല. നീ പഠിച്ച സ്കൂൾ, നിന്റ കൂട്ടുകാർ… എന്നൊക്കെ പറയുന്നതു പോലും. വിനി എന്ന ഓമനവിളിപ്പേരും അവനെ പ്രകോപിപ്പിക്കുന്നു. വേദനയോടെയാണ് ആ വിളി താൻ ഒഴിവാക്കിയതെന്നു മാലിനി ഓർക്കാറുണ്ട്. വിനീതെന്നു വിളിക്കുമ്പോൾ അതു യാന്ത്രികമായതായും ഊഷ്മളമായ എന്തോ ഒന്നതിൽ ചോർന്നുപോയതായും മാലിനിക്കു തോന്നും. തൊട്ടിൽപ്രായത്തിൽ അവന്റെ വായയുടെ സുഗന്ധമായിരുന്നു മാലിനിയെ ഏറ്റവും കൊതിപ്പിച്ചിരുന്നത്. മുലപ്പാലിനൊപ്പം മറ്റെന്തൊക്കയോ കൂടിക്കലർന്ന അലൗകികമായൊരു സുഗന്ധം. സ്വർഗ്ഗത്തിന്റെ മണമെന്ന് അവളക്കാലത്തു ഡയറിയിൽ കുറിച്ചു വെച്ചിരുന്നു. വിനി എന്ന വിളിയിൽ ആ സുഗന്ധമുണ്ടെന്നു അവൾക്കു തോന്നുമായിരുന്നു.
വിനി എന്ന പേരിഷ്ടമല്ലെന്നു കനപ്പിച്ചു പറയുന്ന കാലത്ത് അവന് നല്ല നീളം വെച്ചു, തുടിപ്പും തടിയും പോയി, കണ്ണുകളിൽ അരിശം കലങ്ങിക്കിടന്നു. തൊട്ടതിനും പിടിച്ചതിനും ഒച്ചവെക്കാൻ തുടങ്ങി, ചുണ്ടുകൾക്കു മീതെ മീശയുടെ വരവറിയിച്ചു കറുപ്പുനിറം പതുങ്ങിക്കിടന്നു. ‘എന്നെ വിനിയെന്നു മേലാൽ വിളിച്ചേക്കരുത്. എനിക്കിഷ്ടമല്ല.’ കുട്ടിക്കാലത്തിന്റേതായി ബാക്കി നിൽക്കുന്ന നിഷ്കളങ്കതയും കൗമാരത്തിന്റെ നിഗൂഡതകളും കൂടിക്കലർന്നു മറ്റൊന്നായി മാറിത്തുടങ്ങിയ ശബ്ദത്തിൽ അവനുറക്കെ പറഞ്ഞപ്പോൾ മാലിനിയന്നു ഞെട്ടിപ്പോയിരുന്നു. അതിൽപ്പിന്നെ ഇന്നാണ് ആ പേരിൽ അവനെ വിളിക്കുന്നത്. ഇന്ന് എന്തും വിളിക്കാം, എന്തും പറയാം. ഏറെക്കാലത്തിനു ശേഷം ഞങ്ങളൊന്നിച്ചു യാത്ര ചെയ്യുകയാണ്.
വിനീതിന്റെ അരിശം പോലും ചുമ്മാ തമാശയ്ക്കാണ്. അവൻ എന്റെ കുഞ്ഞു വിനിയാണ്. മാലിനിയുടെ മുലകൾ പാലു നിറഞ്ഞിട്ടെന്നോണം കടഞ്ഞു. അവൾക്ക് അവനെ കെട്ടിപ്പിടിക്കണമെന്നു തോന്നി. തുടുപ്പും ചുവപ്പുമൊക്കെ മാഞ്ഞ് മെലിഞ്ഞ കവിളത്ത് അരുമയോടെ പിച്ചണം. അതിനു കവിളെവിടെയെന്നു അവൾ പിന്നെയും ചിരിച്ചു. മുഖം മുക്കാലും മറച്ച് താടിവളർന്നിരിക്കുകയാണ്.ഇന്നത്തെ യാത്ര പ്രമാണിച്ച് അല്പമൊന്നു ട്രിം ചെയ്തിട്ടുണ്ടെങ്കിലും.
വിനീത് ഓടിക്കുന്ന കാർ വളവുകളിലും തിരിവുകളിലും ഒഴുകിയിറങ്ങി. അവനെത്ര നന്നായി വണ്ടിയോടിക്കുന്നു! വീട്ടിൽ ഒരു സൈക്കിളുപോലുമില്ലാഞ്ഞിട്ടും ഇവനിതെവിടെ നിന്നു പഠിച്ചെടുത്തു? മാലിനിക്ക് അഭിമാനം തോന്നി. ഗിയറിൽ വിശ്രമിക്കുന്ന അവന്റെ കൈത്തലത്തിൽ അറിയാതെയെന്നോണം അവൾ തൊട്ടു.
മലഞ്ചെരുവിലെ വഴിയരികിൽ പുൽപ്പടർപ്പിൽ കുഞ്ഞുകുഞ്ഞു മഞ്ഞ, വയലറ്റ് പൂക്കൾ തലപൊക്കുന്നതു കണ്ട് അവൾക്കു കൈത്തണ്ടയിൽ രോമങ്ങളെഴുന്നു. പണ്ട് വീട്ടിൽ കർക്കടകത്തിലേ പൂക്കളമിടാൻ തുടങ്ങുമായിരുന്നു. അത്തം തുടങ്ങിയാൽ വിസ്തരിച്ചിടണം. ഓരോ ദിവസവും കളങ്ങളുടെ എണ്ണം കൂട്ടണം. അനിയത്തിക്കൊപ്പം കാടും മേടും മെതിച്ചു നടന്ന് എന്തോരം പൂക്കളിറുക്കുമായിരുന്നു. ഉടലിനും ഉടുപ്പിനുമൊക്കെ കാട്ടുപൂക്കളുടെ മണമാകും. ഇത്തരം കുഞ്ഞിപ്പൂക്കൾ പൂക്കളത്തിന്റെ നടുക്കു വിതറാനാണ്. ആദ്യം തുമ്പയുടെ വെണ്മ, അതിനെച്ചുറ്റി മഞ്ഞപ്പൂക്കൾ, പിന്നെ വയലറ്റ്…
“അമ്മയ്ക്ക് ഇറങ്ങണോ?”
ഏന്തി വലിഞ്ഞു നോക്കുന്നതു കണ്ടാവും വിനീത് ചോദിച്ചു. ഉച്ചയാകുമ്പോഴേക്ക് എത്തിയാൽ മതി. ഇഷ്ടം പോലെ സമയമുണ്ട്. അവളൊന്നും പറയുന്നതിനു മുന്നേ അവൻ വണ്ടി അരികു ചേർത്തുനിർത്തി. സാരിത്തുമ്പ് പൊക്കിപ്പിടിച്ച് മാലിനി ചെരുപ്പിടാതെ പുൽപ്പരപ്പിലേക്കിറങ്ങി. ഇനിയും വറ്റാത്ത നേർത്ത നനവും ഇളം ചൂടും. അവൾക്കടിമുടി കോരിത്തരിച്ചു. പൂക്കളെ നോവിക്കാതെ അവൾ ശ്രദ്ധയോടെ അറ്റത്തേക്കു നടന്നു. അഗാധമായ താഴ്ചയാണ്. “അധികം അരികിലേക്ക് പോണ്ട,” വിനീത് വിലക്കി.
“പോടാ ,മലമുകളിൽ ജനിച്ചു വളർന്ന എന്നോടാണോ നിന്റെ ഉപദേശമെന്നു,” മാലിനി കുസൃതി പറഞ്ഞു.
താഴെയെന്താണെന്നറിയാമെങ്കിലും ശീലം കൊണ്ടെന്നോണം എത്തിനോക്കി. കുനിഞ്ഞ് ഒരു കമ്മൽപ്പൂവ് പൊട്ടിച്ചു. “പണ്ട് കാതിലിടാൻ കമ്മലൊന്നുംല്ല ,കുത്തിയ ഓട്ട അടയാതിരിക്കാൻ അമ്മൂമ്മ പച്ചീർക്കില ഒടിച്ചു തിരുകിത്തരും. ഞങ്ങള് ഈ പൂവിന്റെ ഇതളു പറിച്ചു കളഞ്ഞിട്ട് ദാ ഈ മൊട്ടു പോലത്തെ ഭാഗം കാതിലിടും. കഴുത്തിലും കിട്ടുന്ന പൂക്കൾ കൊണ്ട് മാല കോർത്തണിയും. ശരിക്കും പുഷ്പകന്യകമാർ! വലിയ പെങ്കുട്ടിയായപ്പഴാ എനിക്കൊരു മൊട്ടുകമ്മൽ അച്ഛൻ വാങ്ങിത്തന്നത്. ഒമ്പതിൽ പഠിക്കുമ്പഴ്.പിന്നെ കല്യാണം വരെ അതായിരുന്നു. “
വിനീതിന് ആ പഴങ്കഥയിൽ ഒരു താല്പര്യവും കണ്ടില്ല. “നീയൊരു പെങ്കുട്ടിയായിരുന്നേല് ഇതൊക്കെ മനസ്സിലായേനെ…”മാലിനി പരിഭവിച്ചു.
“അമ്മക്ക് ഒരു പെൺകുട്ടിയെക്കൂടി പ്രസവിക്കാര്ന്നല്ലോ…” വിനീത് തർക്കുത്തരം പറഞ്ഞു.
അവർ രണ്ടാളും ഒരു മാത്ര വേദന നിറഞ്ഞ ചില സ്മൃതികളിലേക്കു തിരിച്ചു പോയി. പക്ഷേ ആ ഓർമ്മകൾ കൊണ്ട് ഇന്നത്തെ ദിവസം കലക്കാൻ മാലിനി ആഗ്രഹിച്ചില്ല.
“നിയ്യൊരു പെങ്കുട്ടിയെ കൊണ്ടുവരുമല്ലോ. ഞാൻ അവളോട് പറഞ്ഞോളാം.”
മാലിനിയുടെ തമാശയ്ക്ക് വിനീത് ചിരിച്ചില്ല. അവനും വിളുമ്പത്ത് വന്ന് താഴേക്ക് എത്തിനോക്കുകയും “അത്രേം അറ്റത്തു നിക്കണ്ട, മഴയത്ത് മണ്ണൊക്കെ കുതിർന്നിട്ടുണ്ടാവും, ഇടിയും…” എന്നു മാലിനി വിലക്കുകയും ചെയ്തു.
അവൾ കൈയ്യിലിരുന്ന പൂവ് വാസനിച്ചു. പണ്ടത്തെപ്പോലെ അതു കാതിൽ തിരുകാൻ കൊതി തോന്നി .നേർത്ത ഇക്കിളി, കാതോടുരുമ്മുന്ന മൃദുവായ തണുപ്പ്, കൊതിപ്പിക്കുന്ന പച്ചമണം. കാതിലെ കല്ലുപതിച്ച അരയന്നക്കമ്മലിൽ തൊട്ട് പൂക്കമ്മൽ മോഹം മാറ്റിവെച്ചു മാലിനി. അതൊക്കെ കുട്ടിക്കാലത്തിന്റെ മാത്രം രസങ്ങൾ.
അമ്മ അവിടെ നിൽക്കൂ. ഞാനൊരു ഫോട്ടോയെടുക്കട്ടെയെന്നു വിനീത് അവളെ ചായ്ച്ചും ചെരിച്ചുമൊക്കെ നിർത്തി ചിത്രങ്ങളെടുത്ത. “ഇനി മതിയെടാ” എന്നു പറയുന്നതു വരെ.അവരൊന്നിച്ചു സെൽഫികളുമെടുത്തിരുന്നു. മാലിനി ഞെട്ടലോടെ ഓർത്തു, അവന്റെയാ ഫോൺ തനിക്കു ചുറ്റും ആക്രോശിക്കുന്നവരിൽ ആരുടെയോ കൈയ്യിലുണ്ട്. അവരത് വെപ്രാളത്തോടെ പരതുന്നുണ്ട്. രാവിലെയെടുത്ത ചിത്രങ്ങൾ ഞാൻ ശരിക്കൊന്നു കണ്ടതുപോലുമില്ല. അതൊന്നും ഡിലീറ്റു ചെയ്തു കളയല്ലേ എന്നവൾ ശബ്ദമില്ലാതെ കെഞ്ചി. അവൾക്കു മൂത്രമൊഴിക്കാൻ മുട്ടുന്നതു പോലെ തോന്നി. ശബ്ദങ്ങളിൽ നിന്നും മൂത്രശങ്കയിൽ നിന്നും രക്ഷപെടാൻ അവൾ പിന്നെയും രാവിലത്തെ യാത്രയിലേക്കു തിരിച്ചു പോയി. അന്നേരം
ഗാലറിയിലെ ഫോട്ടോകളിലും അവളുടെ മുഖത്തും മാറി മാറി നോക്കി വിനീത് പറയുകയായിരുന്നു “അമ്മയുടെ മുഖത്തെ കറുത്തപാടുകളൊക്കെ മാഞ്ഞു ,അമ്മ സുന്ദരിയായിരിക്കുന്നു.”
മാലിനിക്കു സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. വിനീതിനെ ഗർഭിണിയായിരിക്കുന്ന സമയത്താണ് മുഖത്ത് കരിമംഗല്യം പടർന്നത്.ഗർഭകാലത്തെ ഹോർമോൺ ചേഞ്ചസ് എന്ന സയൻസിനു പകരം ഡോക്ടർ ഉള്ളിലുള്ളത് ആൺകുട്ടിയായിരിക്കുമെന്നു സമാശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു. ആണിനെ ഗർഭം ധരിക്കുമ്പോഴാണത്രേ അമ്മയ്ക്കിങ്ങനെ വൈരൂപ്യം വരിക.
ആൺകുട്ടിയെ പ്രസവിച്ചിട്ടും കാക്കക്കാലുകൊണ്ടു വരച്ച പോലുള്ള പാടുകൾ വിട്ടു പോയില്ല. മങ്ങിയും തെളിഞ്ഞും കൂടുതൽ പടർന്നും അതു മാലിനിയുടെ ജീവിതത്തിനൊപ്പം വളർന്നു. പലപ്പോഴും ആളുകളുടെ മുഖത്തുനോക്കാൻ ആത്മവിശ്വാസമില്ലാതായി. അതൊക്കെ മാഞ്ഞുവെന്നു വിനീത് പറയുമ്പോൾ അതവൻ ശ്രദ്ധിച്ചിരുന്നു എന്നോർത്ത് മാലിനിക്കു ലജ്ജ തോന്നി. കറിച്ചട്ടീടെ മൂട്ടിൽ മുഖമുരച്ച പോലുണ്ട്, നിന്നേം കൂട്ടി എവിടേലും പോകാൻ നാണക്കേടാണെന്ന പരിഹാസത്തിന്റെ മുനയിൽ കോർക്കപ്പെട്ട പല പല വിശേഷ ദിവസങ്ങൾ! വിനീത് ഞാനും പോണില്ലെന്ന് അവൾക്കു കൂട്ടിരുന്നിട്ടുണ്ട്. അന്നവൻ ചെറിയ കുട്ടിയായിരുന്നു.
മാലിനിക്ക് പിന്നെയും മുലകൾ കടഞ്ഞു. അവളുടെ ഭാവഭേദം മനസ്സിലായിട്ടാവും വിനീത് വിഷയം മാറ്റിയത്. അവൻ അവർ പങ്കെടുക്കാൻ പോകുന്ന കല്യാണത്തെക്കുറിച്ചു ചോദിച്ചു. ഞാൻ അമ്മേടെ ഡ്രൈവർ മാത്രാണ് ട്ടോ, കല്യാണത്തിനും ഉണ്ണാനുമൊന്നും വരില്ലെന്നു കളി പറഞ്ഞു. അതു പറ്റില്ലെന്നും വന്നേ മതിയാവൂ, നിന്നെ ബെറ്റിക്ക് പരിചയപ്പെടുത്തണമെന്നും മാലിനി വാശി പിടിച്ചു.
കൃത്യം ഒരാഴ്ച മുമ്പ് വന്ന ഫോൺകോൾ. അതിനു മുമ്പും ശേഷവുമെന്ന് ജീവിതം രണ്ടായി പകുക്കാമെന്നു അവളന്നേരം ഓർത്തിരുന്നു. ബെറ്റിയുമായുള്ള സൗഹൃദം അതിഗാഢമായിരുന്നു. അവളുടെ വീട്ടുകാർ ആ മലമുകളിലേക്ക് താമസത്തിനു വന്ന കാലം മുതൽ .ഒന്നിച്ചു മലയിറങ്ങി സ്കൂളിൽപ്പോയി, ബസു കേറി അടുത്ത നഗരത്തിലെ കോളേജിൽപ്പോയി. ഒരിക്കലും പരസ്പരമുള്ള ബന്ധമറ്റു പോവില്ലെന്നു ഉറപ്പായിരുന്നു. അത്ര ആഴത്തിലേക്കു പടർന്നത് എങ്ങനെ വാടിക്കരിഞ്ഞു പോവാനാണ്! എന്നിട്ടും മുപ്പതു വർഷങ്ങൾ കാണുകയോ മിണ്ടുകയോ ചെയ്യാതെ, ജീവിച്ചിരിപ്പുണ്ടെന്നു പോലും അറിയാതെ…
പാറക്കൂട്ടങ്ങൾക്കിടയിലുടെ എടുത്തുചാടുന്ന തോടു കടന്ന് റബ്ബർത്തോട്ടത്തിലെ തണൽ പതിഞ്ഞ വഴിയിലൂടെ നടന്നാലെത്തുന്ന ബെറ്റിയുടെ വീട്. അവിടെയെപ്പോഴും കിളച്ചിട്ട പച്ചമണ്ണിന്റെ മണമായിരുന്നു. വെള്ളം കുടിച്ചു വീർത്ത മഴക്കാലമണ്ണ്, വരണ്ടുണങ്ങി പൊടിഞ്ഞുതിരുന്ന വേനൽ മണ്ണ്, കുളിരും നനവുമുള്ള മഞ്ഞുകാലത്തെ മണ്ണ്… ഓരോ കാലത്തും ഓരോതരം ഗന്ധങ്ങൾ.
മാലിനി കാണുമ്പോഴൊക്കെ ആ വീട്ടിലെ ആരുടെയെങ്കിലും കൈയ്യിൽ തൂമ്പായുണ്ടാകും. ആണോ പെണ്ണോയെന്നു ഭേദമില്ലാതെ കിളച്ച് കിളച്ച് അവർ മണ്ണിനെ മെരുക്കിയെടുത്തുകൊണ്ടിരുന്നു. അവിടെച്ചെല്ലുമ്പോഴൊക്കെ മാലിനി മൂക്കുവിടർത്തി മണ്ണിന്റെ ഉന്മാദകരമായ മണം ആവോളം വലിച്ചെടുക്കുമായിരുന്നു.
” നിന്റെ വീട്ടിനു ചുറ്റും തരിശായിക്കിടക്കുന്ന പറമ്പു കാണുമ്പോൾ എനിക്കു കൈ തരിക്കുവാ. നിന്റച്ഛൻ സമ്മതിച്ചാ ഒരു തൂമ്പ മതി, ഞാൻ തന്നെ അതു മുഴുക്കെ കെളച്ച് കപ്പയിട്ടു കാണിച്ചു തരാം.” എന്നു ബെറ്റി പറയുമായിരുന്നു.
നമ്മള് ഒരേ മതമാരുന്നേല് നിന്റെ ആങ്ങളേ ഞാനും എന്റെ നേരെ മൂത്തതിനെ നിനക്കും കെട്ടാരുന്നു എന്ന നടക്കാത്ത പദ്ധതികളുണ്ടാക്കി അവൾ വിഷാദിച്ചു. ഒരേ മതമായിരുന്നാലും അതു നടക്കില്ലെന്നു മാലിനിക്കുള്ളിൽ ഒരു കുഞ്ഞിക്കിളി ചിറകടിച്ചു. രഹസ്യത്തിന്റെ അരിപ്രാവ്. അവൾക്ക് ഇക്കിളിയായി. ബെറ്റിയോടു പോലും പറയാത്ത പ്രണയം.
മലയാളം സാറ് ക്ലാസിൽ നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്കെന്ന് മാലിനീവൃത്തത്തിന്റെ ലക്ഷണം പഠിപ്പിക്കുന്നതിനിടയിൽ നനമയയുഗമെനിക്ക് കെട്ടണം മാലിനിയെ എന്നു നോട്ട്ബുക്കിലെഴുതി എല്ലാർക്കും കാണിച്ചു കൊടുത്ത വികൃതി. അവനിപ്പോൾ അവർ കോളേജിൽ പോകുന്ന സെന്റ് ജോർജ് ബസിലെ കണ്ടക്ടറാണ്.
നനമയയുഗമെന്താണെന്നറിയില്ലെങ്കിലും കെട്ടണം മാലിനിയെ എന്നു ബസിൽ നിന്നിറങ്ങുമ്പോൾ ഉരുമ്മി നിന്നു മറ്റാരും കേൾക്കാതെ രഹസ്യം പറയുന്നുണ്ട് ,ബുക്കിലേക്കു തിരുകുന്ന കത്തിലും അതേ ആവശ്യമാണ്.ഡിഗ്രി പരീക്ഷയ്ക്ക് ഹാൾടിക്കറ്റുവാങ്ങാനിറങ്ങിയ ദിവസം അവനൊപ്പം ഓടിപ്പോയി. അപ്പോഴേക്ക് വീട്ടിലറിഞ്ഞ് ആകെ പ്രശ്നമായിരുന്നു.
ബെറ്റി കൂടെയുണ്ടെന്ന ഉറപ്പിലാണ് വീട്ടിൽ നിന്നു വിട്ടതു തന്നെ. അവളോടു ഒരക്ഷരം പറയാതെ ഒളിച്ചോടി. പിന്നെയൊരിക്കലും മലമുകളിലെ സ്വന്തം വീട്ടിലേക്കു പോകാൻ കഴിഞ്ഞില്ല. ബെറ്റി തന്നോട് ക്ഷമിച്ചിട്ടുമുണ്ടാവില്ല. എന്നിട്ടും മുപ്പതു വർഷങ്ങൾക്കു ശേഷം അവൾ വിളിക്കുന്നു.
“നമ്പർ കിട്ടാൻ കഷ്ടപ്പെട്ടു, നീയെന്തൊരു മുങ്ങലാ മുങ്ങിയത് പെണ്ണേ? ഒരു ഒഴികഴിവും പറയണ്ട, മോളുടെ കല്യാണമാണ്, നീ വന്നേ മതിയാവൂ.” എന്ന് ഇന്നലെക്കണ്ടു പിരിഞ്ഞവരെപ്പോലെ, നാളെ എട്ടുമണിയുടെ സെന്റ് ജോർജിൽ കോളേജിൽ പോകാമെന്ന് പറയുന്ന ലാഘവത്തോടെ അവൾ പറയുന്നു ,കുടുകുടെ ചിരിക്കുന്നു.
.” നീ പോയേപ്പിന്നെ നിന്റെ ആങ്ങളമാര് എന്റെ വീട്ടിൽവന്നു പറയാത്ത ചീത്തയൊന്നുമില്ല. ഞാനറിഞ്ഞിട്ടാണിതെല്ലാം എന്നാണവര്. ഇതിനൊക്കെ കൂട്ടുനിന്നെന്നും പറഞ്ഞ് എന്റെ ചാച്ചനും ആങ്ങളമാരും എന്നെ തല്ലിച്ചതച്ചു .പഠിത്തം നിർത്തിക്കോളാനുള്ള കല്പനേം. എത്ര വിളമ്പിത്തന്നതാ,എന്നോടിതു ചെയ്തല്ലോന്നു നിന്റെ അമ്മ വഴിയരികിൽ കാത്തുനിന്നു നെഞ്ചത്തടിച്ചു കരഞ്ഞു. മനസാവാചാ അറിയാത്ത കാര്യത്തിന് അഞ്ചാറു മാസം ഞാനനുഭവിച്ചു. നീയന്നേരം മധുവിധുവിലായിരിക്കും. അതിനൊക്കെ എനിക്കു പകരം ചോദിക്കണം. നീ വന്നേ മതിയാവൂ.”
ബെറ്റി പിന്നെയും കുടുകുടെ ചിരിച്ചു.
മാലിനിക്ക് നിലംകുഴിഞ്ഞ് താഴേക്കാഴ്ന്നു പോകുന്നതു പോലെ തോന്നി. ചുറ്റും ഇളക്കിമറിച്ച പച്ചമണ്ണിന്റെ സുഗന്ധം പരന്നു. കണ്ണുകൾ ഈറനായി.
” അമ്മേടെ പേരെന്തു നല്ലതായിരുന്നു ദേവമാലിനി! അതെന്തിനാ ചുരുക്കി മാലിനീന്ന് ആക്കിയത്? ദേവമാലിനി!”
വിനീത് അരുമയോടെ ആ പേരു പിന്നെയുമുരുവിട്ടു. അവരന്നേരം മലയിറങ്ങിക്കഴിഞ്ഞിരുന്നു. അടിവാരത്ത് ഏതോ തട്ടുകടയിൽ നിന്നു വിനീത് ചായ വാങ്ങിത്തന്നു. വണ്ടിയിലിരുന്നു തന്നെ മാലിനിയതു കുടിച്ചു. ആദ്യമായാണ് ഇതിലേ കാറിൽ വരുന്നത്.
താഴെയുള്ള മാരിയമ്മൻ കോവിലിൽ നിന്നു പൂജിച്ചു തന്ന മഞ്ഞച്ചരടിൽ കോർത്ത താലിയുമായി അയാൾക്കൊപ്പം മലകയറിയത് ബസ്സിലായിരുന്നു. ചിരപരിചിതമായിരുന്ന വഴികളും വള്ളികളും തോട്ടങ്ങളും തോടുമൊക്കെ വിട്ട് തീർത്തും വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള വേറൊരു മല! പിന്നെ അപൂർവ്വം സന്ദർഭങ്ങളിലേ താഴെ ഇറങ്ങി വന്നിട്ടുള്ളൂ.
അമ്മയ്ക്കാ കല്യാണത്തിനു പോകണമെങ്കിൽ ഞാൻ കൊണ്ടു പോകാം എന്നു വിനീത് പറഞ്ഞപ്പോൾ അതു കാറിലായിരിക്കും എന്നു മാലിനി ഓർത്തതേയില്ലായിരുന്നു.
“എന്റെ അച്ഛന്റെ ഓരോ പ്രാന്തായിരുന്നു. മക്കൾക്കൊക്കെ പുറത്തുപറയാൻ നാണക്കേടുണ്ടാക്കുന്ന മാതിരി പേരുകൾ. എന്റനിയത്തിക്ക് സ്വപ്നകന്യകാന്നായിരുന്നു പേരിട്ടത്.”
മാലിനി അറിയാതെ ചിരിച്ചു പോയി! സ്വപ്നകന്യകയെന്നു ഉരുവിട്ട് അച്ചാച്ചൻ ആളു കിടുവായിരുന്നല്ലേ എന്ന് വിനീതും ഉറക്കെച്ചിരിച്ചു. അവനൊരിക്കലും കാണാത്ത അച്ചാച്ചനും കുഞ്ഞമ്മയും. എപ്പോഴും ഉമ്മറത്ത് ചാരുകസേരയിൽക്കിടന്ന് പഴകി മഞ്ഞച്ച പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്ന അച്ഛൻ! സ്വപ്ന എന്നു എല്ലാരോടും പേരു ചുരുക്കിപ്പറയാറുള്ള അനിയത്തി! അച്ഛന്റെ പുസ്തകങ്ങൾ പോലെ മഞ്ഞച്ചും ചിതലരിച്ചും പോയ ഓർമ്മകൾ.
മനുഷ്യമാലിനി പോലുമല്ലാത്ത തനിക്ക് ദേവമാലിനി എന്നു പേരിട്ടുതന്ന അച്ഛൻ പേരിലെങ്കിലും മകൾ സമ്പന്നയാവട്ടെയെന്നു മോഹിച്ചിട്ടുണ്ടാവും.. ആധാർ കാർഡിൽ നിന്നാണു വിനീതാ പേരു കണ്ടുപിടിച്ചത്. മാലിനി അങ്ങനായിരുന്നു തന്റെ മുഴുവൻ പേരെന്ന കാര്യമൊക്കെ എന്നേ മറന്നിരുന്നു.
“മനുഷ്യരു കളിയാക്കും, എന്നെപ്പോലെ കോലം കെട്ട ദാരിദ്ര്യം പിടിച്ച ഒരു സ്ത്രീ ദേവമാലിനീന്നുള്ള പേരും കൊണ്ടു നടന്നാൽ .മാലിനീന്നു മാത്രമാകുമ്പോ വല്യ പ്രശ്നമില്ല.”
വിനീത് വിഷാദത്തോടെ ചിരിച്ചു. അവർ നഗരത്തിലേക്കെത്തുകയായിരുന്നു. പഠിച്ച കോളേജിന്റെ കമാനം, തൂക്കിയിട്ട സാരികൾ കണ്ടു കൊതിച്ചിരുന്ന തുണിക്കടകൾ, പുഴയോരത്തെ പൂന്തോട്ടമുള്ള ഹോട്ടൽ ,
ബസ് സ്റ്റാൻഡ്, എല്ലാം മാറിയിരിക്കുന്നു, എന്നിട്ടും മുപ്പതുവർഷത്തിനു ശേഷം കാണുമ്പോഴും ഇതാണത് എന്നോർമ്മിപ്പിക്കുന്നതെന്തൊക്കെയോ അവശേഷിപ്പിച്ചു കൊണ്ട് മാലിനി നിശ്ശബ്ദയായി എല്ലാം കണ്ണിലേക്കും മനസ്സിലേക്കും വലിച്ചെടുത്തു.
“മിണ്ടാതെ നിൽക്കുന്നതു കണ്ടോ തള്ളേം മകനും! രണ്ടും കൂടി കൂട്ടുകച്ചവടമാരിക്കും. ആരു വിളിച്ചിട്ടാ ഇവര് വന്നത്? അതെനിക്കറിയണം. എടാ ജോസുകുട്ടി, തോമാച്ചാ… ഇവരെ ആരേലും വിളിച്ചിട്ടൊണ്ടോ? കല്യാണമൊള്ളടത്തു വലിഞ്ഞുകേറി വന്ന്…”
കനത്ത ശബ്ദത്തിലുള്ള ഒരൊച്ച മാലിനിയുടെ ചിന്തകളെ വലിച്ചുകീറി. വിളിക്കാതെ വന്നവളല്ല, വിളിച്ചവൾ സ്റ്റേജിലാണ്, തിരക്കിലാണ്. അവൾ ഒന്നുമൊന്നും അറിയാതിരിക്കട്ടെ. പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞിട്ട് സാവകാശം അവൾക്കടുത്തു ചെല്ലാമെന്നായിരുന്നു വിചാരിച്ചത്.
ഓഫ് വൈറ്റ് സാരിയിൽ അതിസുന്ദരിയും കൂടുതൽ ചെറുപ്പക്കാരിയുമായ ബെറ്റിയെ അകന്നുനിന്നു കണ്ണുനിറയെ കണ്ടു. ഓരോതവണയും താനവൾക്കടുത്തേക്കു ചെല്ലില്ലെന്നും ഒന്നും മിണ്ടാതെ തിരിച്ചുപോകുകയേ ഉള്ളുവെന്നും മാലിനിക്കു തോന്നിക്കൊണ്ടിരുന്നു. എന്നിട്ട് അവളെ വിളിക്കണം, വരാത്തതിനു പരിഭവിക്കുന്നവളോട് ഇവിടത്തെ ഓരോ കാഴ്ചകളും വർണ്ണിക്കണം, ആറേഴുനിലയുള്ള ചുവപ്പുകേക്ക്, സ്റ്റേജിലെ അലങ്കാരങ്ങൾ ,വിളമ്പിയ വിഭവങ്ങൾഅവളുടെ ഉയർത്തിക്കെട്ടിയ മുടിയിൽ ചൂടിയിരിക്കുന്ന നക്ഷത്രക്ലിപ്പിനെക്കുറിച്ചടക്കം പറയണം. നേരിട്ട് അവളുടെ മുന്നിൽപ്പോയി നിന്ന് മാലിനിയാണെന്നു പരിചയം പുതുക്കാൻ ഈ ജന്മം കഴിയില്ലെന്നു അവൾക്കു തോന്നി. ദൂരെയിരുന്നിങ്ങനെ എല്ലാം കണ്ടാൽ മതി. അപ്പോഴാണ് ഏതോ ഒരാൾ അവളെ തട്ടി വിളിച്ചതും നിങ്ങടെ കൂടെയല്ലേ ആ മെറൂൺ ഷർട്ടിട്ട പയ്യൻ വന്നത്, അങ്ങോട്ടു വിളിക്കുന്നു എന്നവളെ മതിലിനരികിലേക്കു വിളിപ്പിച്ചതും. അതു കഴിഞ്ഞിട്ട് മണിക്കൂറുകളായി എന്നും
മതിലിനോടു ചേർന്ന സെമിത്തേരിക്കരികിൽ താനീ നില്പു തുടങ്ങിയിട്ട് വർഷങ്ങളായി എന്നുമാണ് മാലിനിക്കു തോന്നിയത്.
ആളുകൾ കൂടിവരുന്നു. സ്ത്രീകൾ കുറച്ചകലെ മാറിനിന്നു നോക്കുന്നു. അവരുടെ കണ്ണുകളിൽ പരിഹാസവും അവജ്ഞയുമായിരിക്കും. താൻ വിനീതിനടുത്താണെന്നും അവന്റ കൈത്തണ്ടയിൽ തന്റെ കൈ കോർത്തിട്ടുണ്ടെന്നും മാത്രം മാലിനിക്കറിയാം. അവന്റെ ഉടൽ വിറയ്ക്കുന്നുണ്ട്. അവളുടെ കൈകൾ കൂടുതലമർന്നു, “അരുത് വിനീ നീ ധൈര്യമായിരിക്ക്,” എന്നു പറയാൻ അവളാഗ്രഹിച്ചു. അവളുടെ തലയ്ക്കുള്ളിൽ പിന്നെയുമേതൊക്കെയോ ദൃശ്യങ്ങൾ കൂടിക്കലങ്ങി.
വിനീതിന്റെ ചെറുപ്രായമായിരുന്നു. അക്കാലത്ത് മാലിനി ടൗണിലെ ആശുപത്രിയിൽ ക്ലീനിങ് ജോലിക്കു പോയിരുന്നു. ഏഴു മണിക്കെത്തിയാൽ രണ്ടുമണി വരെ നിന്നു തിരിയാനാവാത്ത വിധം ജോലികൾ. രോഗത്തിന്റെയും ദുരിതത്തിന്റെയും മാലിന്യങ്ങൾ നീക്കിയും വൃത്തിയാക്കിയും അവൾക്കു മനംമറിയും. എനിക്കിതു വയ്യ, ഞാനിതു ചെയ്യില്ല എന്നു ഓരോ നിമിഷവും മനസ്സും ശരീരവും പ്രതിരോധിക്കും. പക്ഷേ അവൾക്കു വേറെ വഴികളില്ല.
നനമയയുഗമെനിക്കു കെട്ടണം മാലിനിയെ എന്നു വാശി പിടിച്ചും സ്നേഹം കൊണ്ടു പൊറുതിമുട്ടിച്ചും കൂടെ കൂട്ടിക്കൊണ്ടു വന്നവന്റെ കൗതുകമെല്ലാം അടങ്ങിക്കഴിഞ്ഞിരുന്നു. വളരെ സ്വാഭാവികമായി അയാളുടെ മനോഭാവം തട്ടണം മാലിനിയെ എന്നു മാറി. നനമയയുഗവും എട്ടുമൊക്കെ എന്താണെന്നു പഠിക്കുന്ന കാലത്തേ മനസ്സിലായിട്ടില്ല. പക്ഷേ ഏതുവിധേനയും മാലിനിയെ തട്ടണം. “നിന്നെക്കെട്ടിയതോടെ എന്റെ കഷ്ടകാലം തുടങ്ങി, നീ ചത്താലേ എനിക്കു സമാധാനമുള്ളൂ ,നിന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും…” പ്രണയത്തിന്റെ മധുരമൂറുന്ന വാക്കുകളുടെ സ്ഥാനത്ത് ഇത്തരം പരുഷമായ വാക്കുകൾ സ്ഥലം പിടിച്ചതും അതെല്ലാം തന്നെ ഇല്ലാതാക്കുന്നതിലാണവസാനിക്കുന്നതെന്നതും അവളെ ഭയപ്പെടുത്തിയിരുന്നു
ഒരുദിവസം അതു സംഭവിച്ചേക്കും. അവൾ പേടിക്കും. അവളിൽ ജീവിതത്തോടുള്ള കൊതി നുരഞ്ഞുപൊന്തും. എനിക്കു ജീവിക്കണം ,ഈ പിശാചിന്റെ കൈ കൊണ്ട് ചാവാൻ ഞാനാഗ്രഹിക്കുന്നില്ല. വിനീത് ചെറുതാണ്, അവനൊറ്റയ്ക്കാവരുത്. പ്രണയകാലത്ത് -പറഞ്ഞു കൊതിപ്പിച്ച ആ ജീവിതം അവളെ നോക്കി കൊഞ്ഞനം കുത്തും. അതും വിശ്വസിച്ച് ഇറങ്ങിപ്പോന്നതിലെ വിഡ്ഡിത്തമോർത്ത് നെഞ്ചത്തടിക്കാൻ തോന്നും. കൈയ്യിലുണ്ടായിരുന്നതെല്ലാം എന്നേക്കുമായി ചോർന്നു പോയവളുടെ നിസ്സഹായതയായിരുന്നു മാലിനിക്ക് .
അവൾ വീട്ടിലുള്ളപ്പോഴൊക്കെ കാരണങ്ങളുണ്ടാക്കി അയാൾ തല്ലിച്ചതച്ചു. അപമാനിച്ചു – വീട്ടിൽ നിന്നു സ്വത്തു വാങ്ങിക്കൊണ്ടു വാടീ എന്ന് വാതിലടച്ചു വീടിനു പുറത്താക്കി.ആഞ്ഞൊന്നു തള്ളിയാൽ വാതിലും ഓലച്ചുവരുമൊക്കെ പൊളിഞ്ഞുവരുമെങ്കിലും അവളതിനു തുനിയില്ല .ഇരുട്ടിൽ പേടിച്ചും തണുത്തു വിറച്ചും ഇറയത്തു കുത്തിയിരിക്കും. പുലർച്ചേ ഒന്നുമുണ്ടാകാത്ത മാതിരി അടുക്കളവാതിലിലൂടെ അകത്തു കടന്ന് ഉള്ളതുവെച്ചുണ്ടാക്കി വിനീതിനെ ഉണർത്തി കുളിക്കാനും കഴിക്കാനുമൊക്കെ നിർദേശങ്ങൾ കൊടുത്ത് അവൾ ഓടും.
ഏഴരയ്ക്ക് ഡ്യൂട്ടിക്കു കയറണം. രാത്രി ഒരു പോള കണ്ണടയാത്തതു കൊണ്ട് കനം തൂങ്ങും. എവിടെങ്കിലുമൊന്നിരുന്നാൽ മതി അവൾ ബോധംകെട്ടുറങ്ങി വീഴും. അതുകൊണ്ട് എവിടേമിരിക്കാതെ, ഒരിടത്തുമൊന്നു ചാരി നിൽക്കുക പോലും ചെയ്യാതെ അവൾ സദാ ചൂലും മോപ്പുമായി ഇടനാഴികളിലൂടെ നടക്കും, കക്കൂസുകളിലും കുളിമുറികളിലും ലോഷനും ബ്രഷുമായി കേറിയിറങ്ങും. ഛർദിയുടെയും മലമൂത്രങ്ങളുടെയും അവശിഷ്ടങ്ങൾ തുടച്ചു നീക്കും. ദുർഗന്ധം വമിക്കുന്ന വേസ്റ്റ്ബിന്നുകളുമായി മൂന്നാലുനില നടന്നു കേറും. അവിടെ ജോലി ചെയ്യുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ഓർക്കാൻ കഴിയാത്ത വിധത്തിൽ അവളാ വൃത്തികേടുകളിൽ ആണ്ടു മുഴുകിയിരിക്കുകയാവും.
രണ്ടരയ്ക്ക് യൂണിഫോം മാറ്റി പുറത്തിറങ്ങുമ്പോൾ കണ്ണുകൾ മഞ്ഞളിക്കും, വായിൽ പിത്തരസമൂറും. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന് ഓർമ്മ വരുമ്പോൾ തല കറങ്ങും. തിരിച്ചു ചെല്ലേണ്ടത് ആ വീട്ടിലേക്കാണല്ലോ എന്നോർക്കുമ്പോൾ ഏതെങ്കിലും വണ്ടിക്കു മുന്നിലേക്ക് എടുത്തുചാടാൻ തോന്നും.
ബസ്സ് കയറാതെ വെയിലത്ത് അവൾ മൂന്നാലു കിലോമീറ്റർ നടക്കും. അത്രയും വൈകിയെത്തിയാൽ മതിയല്ലോ. പക്ഷേ വിനീത് വീട്ടിലുണ്ടെന്നും അവൻ ഒറ്റയ്ക്കാണെന്നും അവൾ ഓർക്കാതെ പോയി. അയാൾക്ക് അവനെ ഇഷ്ടമായിരുന്നു, ലാളിക്കുകയും പലഹാരങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് വീട്ടിൽ അവളില്ലെങ്കിലും വിനീതിനു ഒന്നും പേടിക്കാനില്ല അവളോടു മാത്രമായിരുന്നു അയാളുടെ കലിപ്പ്.
വീട്ടിൽ നിന്നു മാറിനിൽക്കാനാവുന്ന സമയം അവൾ ദീർഘിപ്പിക്കും. ചിലപ്പോൾ രണ്ടു ഷിഫ്റ്റുകൾ ഒന്നിച്ചു ജോലി ചെയ്ത് നടുവൊടിക്കും. രാത്രി തിരിച്ചെത്തുമ്പോൾ ആരുടെ കൂടെക്കെടന്നിട്ടു വരുന്നതാടീ എന്ന് അയാളുടെ തെറിയും ചവിട്ടും. എന്നിട്ടും രാത്രി കിടക്കുമ്പോ വിനീതിനെ കെട്ടിപ്പിടിച്ച് അവൾ ആശ്വസിക്കും ഇന്ന് ഞാൻ ഇരട്ടി സമ്പാദിച്ചിട്ടുണ്ട്. കൂടുതൽ പണിയെടുത്തു തളർന്നതുകൊണ്ട് കിടന്നതും മറ്റൊന്നുമോർക്കാതെ ഉറങ്ങാനും പറ്റും.
അവളുടെ സമ്പാദ്യം മെല്ലയേ വളരുന്നുള്ളു. പക്ഷേ അതു വളർന്നാലേ അവൾക്കു രക്ഷപെടാനാവൂ. മാലിനി അതുമാത്രം ആലോചിച്ചു.അതുമാത്രം സ്വപ്നം കണ്ടു. തന്റെ കൈവലയത്തിനുള്ളിൽ വിനീതിന്റെ നെഞ്ച് താളംതെറ്റി മിടിക്കുന്നതവൾക്കറിയാനാവാതെ പോയി.
സ്കൂളിൽ നിന്ന് വിനീതിന്റെ ടീച്ചർ വിളിക്കുമ്പോൾ മാലിനി ലേബർ റൂമിലെ ടേബിൾ വൃത്തിയാക്കുകയായിരുന്നു. രക്തവും പഞ്ഞിത്തുണ്ടുകളും അല്പം മുമ്പ് അതിൽക്കിടന്ന സ്ത്രീ സഹിച്ച വേദനയുടെ അവശിഷ്ടങ്ങളും അവൾ അറപ്പോടെ നീക്കി. അണുനാശിനി കൊണ്ടു തുടച്ചു. വേറൊരാൾ പിറവിയുടെ വേദനയുമായി കാത്തുനിൽക്കുന്നു. അവളുടെ വിളറിയമുഖത്തേക്കു നോക്കി മാലിനി സഹാനുഭൂതിയോടെ ചിരിച്ചത് ആ സ്ത്രീ ശ്രദ്ധിച്ചതു പോലുമില്ല. പാഴായിപ്പോയ ആ ചിരി മായ്ച്ചു കളയാതെയാണ് മാലിനി ഫോണെടുത്തത്. അഞ്ചു മിസ്ഡ് കാളുകൾ .”എത്രനേരമായി വിളിക്കുന്നു” എന്ന ചാടിക്കടിക്കൽ. എത്രയും പെട്ടന്ന് സ്കൂളിലെത്തണമെന്ന ശാസന.
വിനീതിന് എന്തെങ്കിലും പറ്റിയിരിക്കുമെന്നറിഞ്ഞിട്ടും ഡ്യൂട്ടി കഴിയാതെ ഇറങ്ങുന്നതെങ്ങനെയെന്നോർത്താണ് മാലിനി ആ നേരത്ത് വേവലാതിപ്പെട്ടത്. എന്തെങ്കിലും വികൃതി കാട്ടിക്കാണം, ചിലപ്പോ വീണ് കൈയ്യോ കാലോ ഒടിഞ്ഞിരിക്കും. പനി പിടിച്ചിട്ടുണ്ടാവും. വളരെ ഗുരുതരമായ എന്തേലുമാണെങ്കിൽ ടീച്ചർ ഇങ്ങനെയല്ലല്ലോ സംസാരിക്കുക.അതുമല്ല എന്തേലും ആരോഗ്യപ്രശ്നമാണെങ്കിൽ അവനെ കൊണ്ടുവരേണ്ടത് ഈ ആശുപത്രിയിലേക്കാണല്ലോ. അവൾ സമാധാനിച്ചു.
ഡ്യൂട്ടി കഴിഞ്ഞിട്ടേ മാലിനി സ്കൂളിലെത്തിയുള്ളു. വിനീത് ക്ലാസിലായിരുന്നു. ടീച്ചർക്കു പകരം സ്കൂളിലെ കൗൺസെലറാണ് സംസാരിച്ചത്. കണ്ടാൽ കോളേജിൽ പഠിക്കുകയാണെന്നു തോന്നിപ്പിക്കുന്ന മെലിഞ്ഞു നേർത്തൊരു പെൺകുട്ടി. അവൾ കസേരയിലിരിക്കുന്ന മാലിനിയുടെ കൈകൾ പിടിച്ചു. നിങ്ങളുടെ മകൻ കടുത്ത ഡിപ്രഷനിലൂടെ കടന്നുപോവുകയാണെന്നും അവൻ വർഷങ്ങളായി ഒന്നിലധികം പേരാൽ സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെടുകയാണെന്നും കുട്ടി വീണു കിട്ടിയ ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിക്കാൻ ശ്രമിക്കുന്നതു കണ്ടാണ് അവനോട് സംസാരിച്ചതെന്നും ആ പെൺകുട്ടി പറഞ്ഞു. മാലിനിക്ക് ഒന്നും മനസ്സിലായില്ല.
“സെക്ഷ്വലി …? അവനൊരാൺ കുട്ടിയല്ലേ?”അവൾ നിഷ്കളങ്കതയോടെ ചോദിച്ചു.
ക്ലാസ് ടീച്ചർ കയറി വന്ന്, സ്വന്തം മകനിങ്ങനെയൊരു പ്രശ്നമുണ്ടെന്നു തിരിച്ചറിയാത്ത നിങ്ങളൊരു അമ്മയാണോ എന്നു കയർത്തു.
“ആരാണവനെ…?” മാലിനി വിക്കി വിക്കി ചോദിച്ചു.
“അത് പൊലീസ് കണ്ടുപിടിക്കട്ടെ, ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്… വഴിയേ പോയവരൊന്നുമല്ല, നാലുവയസ്സു മുതൽ അവനെ… നിങ്ങളൊരമ്മയാണോ? അതോ ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നോ?”
അവർ പിന്നെയും ചോദിച്ചു.
പൊലീസ്, കേസ്… മാലിനി പേടിച്ചു. അവളുടെ ഉടലാകെ വിറച്ചു. വിനീതിനെ കാണണമെന്നും കെട്ടിപ്പിടിക്കണമെന്നും മോഹിച്ചു. ഒരിക്കലും ഒരു സൂചന പോലും തന്നില്ലല്ലോയെന്നു ഉള്ളു കൊണ്ടു പരിഭവിച്ചു. ചിലപ്പോൾ തന്നിട്ടുണ്ടാകുമെന്നും തിരിച്ചറിയാതെ പോയതു തന്റെ കഴിവുകേടാണെന്നും സ്വയം പിച്ചിക്കീറി. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ… അവനെ അയാൾക്കൊപ്പം വീട്ടിലാക്കിപ്പോയ ഓരോ ദിവസത്തെയുമോർത്തു ഭ്രാന്തു പിടിച്ചു.
“പൊലീസിനെ വിളിക്കാം.ഗാലറിയിൽ ചിത്രങ്ങളൊന്നും കാണുന്നില്ല. ഒക്കെ അപ് ലോഡു ചെയ്തിട്ട് ഡിലീറ്റാക്കീതായിരിക്കും.”
മാലിനി ഞെട്ടലോടെ പളളിമുറ്റത്തേക്കു തിരിച്ചെത്തി. വിനീതിന്റെ ഫോൺ പരതിത്തീർന്നതുകൊണ്ടാവാം ഉച്ചത്തിൽ ചർച്ചകൾ നടക്കുന്നു.
“അതിനുള്ള സമയവൊന്നുമായിട്ടില്ലന്നേ. ഞാൻ കുറെനേരം നോട്ടു ചെയ്തിട്ടാ പിടിച്ചത്. അതിനെടേൽ ഡിലീറ്റു ചെയ്യാനൊന്നും ഇവന് നേരം കിട്ടീട്ടില്ല.”
“അതിനെന്നാ സമയം വേണം? ഈ ടെക്നോളജീന്നൊക്കെ പറയുന്നത് സ്പീഡും കൂടാ… ഒന്നു ഞെക്കിയാൽപ്പോരേ? എവിടൊക്കെ എത്തിക്കാണും. എന്റമ്മേടെം പെങ്ങന്മാരടേം പടം ഇപ്പം വല്ല പോൺ സൈറ്റിലുമെത്തിക്കാണും.”
“എത്തിയാലും തിരിച്ചറിയാനൊന്നും പോണില്ലടാ… മുഖമില്ലല്ലോ. അതു വിട്. ഇവനേതാണ്ട് സൈക്കോയാ… രണ്ടു തല്ലും കൊടുത്ത് ഒള്ള പടങ്ങളും ഡിലീറ്റ് ചെയ്തേച്ച് പറഞ്ഞു വിട്. പാവം അതിന്റെ തള്ളേം നിക്കുന്നു. ഇവന്റെ കൊണവതിയാരത്തിന് ഇവരെന്നാ പിഴച്ചു?”
” റെജിച്ചായൻ അങ്ങനെ പറയരുത്. മൊഖമില്ലേലെന്നാ? എന്നാത്തിനൊക്കെ ഒപയോഗിക്കാം. നമ്മടെ അമ്മപെങ്ങന്മാരടെ പിന്നാമ്പുറോം മുൻഭാഗോമൊക്കെ വല്ലോന്മാരും കണ്ടാസ്വദിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റത്തില്ല.. ആരു വിളിച്ചിട്ടാ ഇവൻ തള്ളേം കൂട്ടി വന്നേക്കുന്നതെന്ന് ആദ്യമറിയണം.”
എന്നതാടാ സംഗതിയെന്ന് അപ്പോഴങ്ങോട്ടേക്കു വന്ന ഒരാളുടെ ചോദ്യത്തിനുള്ള വിശദീകരണം വീണ്ടും മാലിനി കേട്ടു. നാലാമത്തെയോ അഞ്ചാമത്തെയോ തവണ. അതു പറയുന്ന, മുടി നീട്ടിവളർത്തിയ പയ്യന് വിനീതിന്റെ പ്രായമേയുള്ളു. ദേഷ്യം കൊണ്ടു മുഖം ചുവന്നു തുടുത്തിരിക്കുന്നു. ശബ്ദത്തിൽ ക്രൗര്യം.
“എന്റെ ബെന്നിപ്പാപ്പാ, പള്ളീൽ നിക്കുമ്പഴേ ഞാനിവനെ നോട്ടമിട്ടതാ. പെണ്ണുങ്ങടെ പൊറകുവശവാ എവന്റെ വീക്നെസ്സ്… വീഡിയോയോ ഫോട്ടോയോ ഏതാണ്ടെടുക്കുവാ. കെട്ടും കുർബ്ബാനേം കഴിഞ്ഞ് എല്ലാരും പൊറത്തെറങ്ങീപ്പം എവൻ ഫോണുമെടുത്ത് നമ്മടെ പെണ്ണുങ്ങടെ പൊറകെത്തന്നെ… കഴുത്തിന് കുത്തിപ്പിടിച്ച് ഫോണിങ്ങു വാങ്ങിച്ചു. ഇരിക്കുന്ന കണ്ടില്ലേ പഞ്ചപാവത്തെക്കൂട്ട്… പെർവർട്ടാ. വല്ല മയക്കുമരുന്നും അടിച്ചിട്ടൊണ്ടോന്ന് ആർക്കറിയാം? തള്ളേമൊണ്ട് കൂടെ.”
അവന്റെ ഫോണിൽ നിന്നു ചിത്രങ്ങളെന്തേലും കിട്ടിയോ എന്നു ബെന്നിപ്പാപ്പന്റെ അന്വേഷണത്തിന് ഇല്ലന്നേ, പഠിച്ച കള്ളനാ, എങ്ങോട്ടോ മാറ്റിക്കളഞ്ഞു… അവനെടുക്കുന്നത് ഞാൻ കണ്ടതല്ലേ? അതിനാത്തൊണ്ട് .
ഫോൺ തിരിച്ചുകൊടുക്കല്ല്.സൈബർ സെല്ലില് കേസു കൊടുക്കണം. അങ്ങനങ്ങ് വെറുതെ വിടാൻ പറ്റത്തില്ലല്ലോ” എന്ന് നീളൻമുടിക്കാരൻ ഒച്ച വെച്ചു.
മാലിനി ആളുകൾക്കിടയിലൂടെ വിനീതിനെ നോക്കി. ഭയന്നു വിളറിയ അവന്റ കണ്ണുകൾ നിസ്സഹായതയോടെ ആരെയോ പരതുന്നതു പോലെ അവൾക്കു തോന്നി. വർഷങ്ങൾക്കു മുന്നേ ഒരു ഏഴാംക്ലാസുകാരൻ അവളെ നോക്കിയ അതേ നോട്ടം! കൗൺസെലറുടെയും ടീച്ചർമാരുടെയും ആക്രമണത്തിൽ നിന്നു രക്ഷപെട്ട് മാലിനി പുറത്തേക്കിറങ്ങിയതായിരുന്നു.
തനിക്കൊരു മനുഷ്യരൂപമില്ലെന്നും ഓരോ അവയവങ്ങളായി ഉരുകിയൊലിക്കുകയാണെ ന്നും അവൾക്കു തോന്നുന്നുണ്ടായിരുന്നു. പുറത്ത് മുഖം കുനിച്ച് വിനീത് നിൽക്കുന്നു. എപ്പോഴോ മുഖമുയർത്തുമ്പോൾ കലങ്ങി നിറഞ്ഞ ആഴക്കണ്ണുകൾ. ലോകത്തിലെ മുഴുവൻ സങ്കടവും തിങ്ങിനിറഞ്ഞതുപോലെ. മാലിനി ആർത്തലച്ച് അവനിലേക്കോടിച്ചെന്നു. അമർത്തിയമർത്തി കെട്ടിപ്പിടിച്ചു. സ്കൂൾ വിടുന്ന സമയമായിരുന്നു. കുട്ടികളും ടീച്ചർമാരും നാടകം കാണുന്നതു പോലെ നോക്കിനിന്നു. പിന്നീടവനുമൊത്ത് ചവിട്ടിയ ദുരിതപാതകളും അവനെ വീണ്ടെടുക്കാൻ നടത്തിയ യുദ്ധങ്ങളുമൊക്കെ മാലിനിക്കുള്ളിലേക്കിരച്ചു കയറി. എന്നിട്ട് അവനെ മുഴുവനായി വീണ്ടു കിട്ടിയോ? അവൾക്കു നിയന്ത്രണം വിട്ടു. എല്ലായിടത്തും തോൽക്കാനായി വിട്ടുകൊടുക്കാനുള്ളതല്ല എന്റെ മകന്റെ ജീവിതം.
” ഒരു നിമിഷം…” അവൾ ആവുന്നത്ര ഉച്ചത്തിൽ അലറിയപ്പോൾ
ചുറ്റുമുള്ള ആരവം ഒന്നടങ്ങി.
“നിങ്ങൾ അവന്റെ ഫോൺ നോക്കിയല്ലോ. അതിൽ നിങ്ങളുടെ സ്ത്രീകളുടെ മോശം പടങ്ങളുണ്ടെങ്കിൽ ഡിലീറ്റ് ചെയ്യ്. അതിൽ ഞാനും അവനും കൂടിയുള്ള ചിത്രങ്ങളുണ്ട്, അത് തൊട്ടു പോകരുത്. ബെറ്റി വിളിച്ചിട്ട് വന്നതാണു ഞങ്ങൾ. അതല്ല പൊലീസിൽ പരാതിപ്പെടണമെങ്കിൽ അത് ചെയ്യ്. വെറുതെ അവനെയിങ്ങനെ പിടിച്ചു വെച്ച് പേടിപ്പിക്കാനോ വിചാരണ ചെയ്യാനോ ശ്രമിക്കരുത്. ഇപ്പോത്തന്നെ ഒരുപാടായി. പൊലീസിനെ വിളിക്ക് “
ചുറ്റുമുള്ള ആൾവലയം അയഞ്ഞു പൊട്ടുന്നതും പലരും തിരിച്ചുപോവുന്നതും മാലിനി കണ്ടു. “ഫോണിൽ ഒന്നുമില്ലല്ലോ, തിരിച്ചു കൊടുത്തേക്ക്, പൊലീസും കേസുമൊക്കെ തലവേദനയാ.” എന്നാരോ പറഞ്ഞു.
“ബെറ്റിയെ വിളിച്ച് ഇവരു സത്യമാണോ പറയുന്നതെന്നു ചോദിക്ക്…” എന്ന നിർദ്ദേശത്തെ “അവളിപ്പോ സ്റ്റേജില് തെരക്കിലാ, അതിനെടേല്…” എന്നു മറ്റാരോ തടഞ്ഞു.
“പൊയ്ക്കോ…” എന്ന അനുമതിയെ ആ നീളൻ മുടിക്കാരൻ ദുർബ്ബലമായെതിർത്തെങ്കിലും “വിട്ടു കളയെടാ… ചിലപ്പോ നിനക്കു തോന്നീതാവും.” എന്ന് ഏതോ മുതിർന്ന ശബ്ദം തടഞ്ഞു. സെക്കന്റുകൾ കൊണ്ട് അവിടെ മാലിനിയും വിനീതും മാത്രമായി.
വിനീതിന്റെ കൈ പിടിച്ചുവലിച്ച് പാർക്കിങിലേക്ക് അതിവേഗത്തിൽ നടക്കുമ്പോൾ തങ്ങളുടെ മടക്കയാത്രയെക്കുറിച്ചോർത്തു മാലിനി ഭയന്നു. സന്തോഷവും സംസാരങ്ങളുമില്ലാതെ വലിഞ്ഞു മുറുകിയ മണിക്കൂറുകൾ. അതു തനിക്കു താങ്ങാൻ പറ്റില്ല. വണ്ടി തിരിച്ചെടുത്തു റോഡിലേക്കിറക്കുമ്പോൾ അവൾ സ്വാഭാവികമായി ചോദിച്ചു.
”കേട്ടിട്ടുണ്ടോ നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്ന്ന്? പണ്ടു വൃത്തം പഠിപ്പിക്കുമ്പോ സാറ് തല്ലിപ്പഠിപ്പിച്ചതാ. പക്ഷേ നിങ്ങൾക്ക് അതൊന്നും പഠിക്കാനില്ലാരുന്നല്ലോ. ലഘു ഗുര … യതി.. നിനക്കതൊന്നും അറിയാൻ സാധ്യതയില്ല. ആ അവസാനത്തേത് തട്ടണം മാലിനിക്ക്… കറക്ടാ.എപ്പോഴും എല്ലാടത്ത് ന്നും തട്ടും മുട്ടും കിട്ടാനുള്ള ആളാണ് മാലിനി… വൃത്തമായാലും മനുഷ്യസ്ത്രീയായാലും തട്ടു കിട്ടും. അതിനു മാത്രമൊരു മാറ്റവുമില്ല.”
വിനീത് മനസ്സിലാവാത്ത പോലെ തലതിരിച്ചു നോക്കി. അവന്റെ കണ്ണുകൾ ചുവന്നും മുഖം വിളറിയും!
“ഒന്നുമില്ല, നമുക്ക് ഒരു സദ്യ മിസ്സായി. പോണവഴി ഏതേലും നല്ല ഹോട്ടലിൽ നിർത്ത്. എനിക്കൊന്നു മൂത്രോമൊഴിക്കണം.”
ബെറ്റിയുടെ നമ്പർ ബ്ലോക്കു ചെയ്യുന്നതിനിടയിൽ കോളേജിനടുത്ത് പുഴയോരത്ത് ഒരു വല്യ ഹോട്ടലൊണ്ട്, പണ്ട് ഞങ്ങൾ കൊതിയോടെ നോക്കുമാരുന്നു. ഒരിക്കലും കേറാൻ പറ്റീട്ടില്ല, അവിടെക്കേറാമെന്നു കൂടി മാലിനി കൂട്ടിച്ചേർത്തു.