ഓരോ സ്ഥലങ്ങളിലും ഔദ്യോഗിക യാത്രകൾ പോകുമ്പോൾ രാഷ്ട്രത്തലവൻമാരും മറ്റും ആ പ്രദേശങ്ങളിലെ തനത് ഭക്ഷണവും മറ്റും കഴിച്ചു നോക്കുന്നത് കൊതുകകരമായ വാർത്തയാവാറുണ്ട്. എന്നാൽ ഒരു രാജ്യത്ത് പോയി മറ്റൊരു രാജ്യത്തെ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാലോ. അത്തരത്തിലൊരു സംഭവമാണ് യു.കെ ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകൾ പുറത്തു വിടുന്നത്. യു.എസ് പ്രഡിഡണ്ടായിരുന്ന ബിൽ ക്ലിന്റൺ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചപ്പോൾ ചായ സത്ക്കാരത്തിന് പകരം ഇന്ത്യൻ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചതായാണ് വെളിപ്പെടുത്തൽ.
അന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രീട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറിനെ സന്ദർശിച്ച ക്ലിന്റൺ ബ്രിട്ടീഷ് രാജ്ഞിയോടൊപ്പം ചായ കുടിക്കുന്നതിന് പകരം ടൂറിസ്റ്റുകളെ പോലെ പുറത്ത് ഷോപ്പിംഗിന് പോകാനും ഇന്ത്യൻ ഭക്ഷണം കഴിക്കാനും തീരുമാനിക്കുകയായിരുന്നുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
അന്ന് ബിൽ ക്ലിന്റൺ തന്റെ ഔദ്യോഗിക സംഭാഷണത്തിന് ശേഷം ബാക്കി സമയം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തോടൊപ്പം ബ്രിട്ടൻ സന്ദർശിച്ച മറ്റ് അമേരിക്കൻ ഉദ്യോഗസ്ഥ സംഘത്തിന് കൃത്യമായ ഉത്തരം ഇല്ലായിരുന്നുവെന്നുമാണ് റിപ്പോർട്ട്. നോർത്ത് വെസ്റ്റ് ലണ്ടനിൽ നിന്ന് ഏകദേശം 30 മൈൽ ദൂരെയുള്ള ബക്കിങ്ങാംഷയറിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന് യുകെ ഉദ്യോഗസ്ഥർ ക്ലിന്റണ്റെ കൂടെ വന്നവരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ അവർക്കതിൽ താൽപര്യമുണ്ടായിരുന്നില്ല.
എന്നാൽ അവസാനം ക്ലിന്റണും കുടുംബത്തിനും ഇന്ത്യൻ ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. പ്രസിഡണ്ടും സംഘവും ഭക്ഷണം കഴിച്ചത് ലണ്ടനിലെ ലെ പോണ്ട് ഡി ലാ ടൂർ എന്ന ഫ്രഞ്ച് ഹോട്ടലിൽ നിന്നാണ്. ഹാലിബട്ട്, സാൽമൺ, സോൾ തുടങ്ങിയ മത്സ്യങ്ങൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും മുയലിറച്ചിയുമാണ് അവർ കഴിച്ചത്. 265 പൗണ്ട് അഥവാ 27000ത്തോളം രൂപയായിരുന്നു ഭക്ഷണത്തിന്റെ ബിൽ.
Content Highlights: Bill Clinton Rejected Queen Elizabeths Tea To Eat Indian Food And Be A Tourist In UK