ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എങ്കിൽ സ്വർണം ചേർത്ത ഐസക്രീം ആണെങ്കിലോ. ദുബായ് സ്കൂപ്പി കഫേയിലാണ് ഈ വിലയേറിയ ഐസക്രീം വിളമ്പുന്നത്. ബ്ലാക്ക് ഡയമണ്ട് എന്ന ഈ ഐസ്ക്രീമിന്റെ വില 60,000 രൂപയാണ്.
നടിയും ട്രാവൽ വ്ളോഗറുമായ ഷെനാസ് ട്രഷറിയാണ് ദുബായ് സന്ദർശനത്തിനിടെ ഈ ഐസ്ക്രീമിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഒരു ഐസ്ക്രീമിന് 60,000 രൂപ! കഴിക്കാവുന്ന സ്വർണം, ദുബായിൽ മാത്രം. ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്ക്രീം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഐസ്ക്രീം കഴിക്കുന്ന വീഡിയോയ്ക്ക് അടിക്കുറിപ്പായി ഷെനാസ് കുറിച്ചത് ഇങ്ങനെ്.
2015 മുതലാണ് കഫേ ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീം വിൽക്കാൻ ആരംഭിച്ചത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം ഈ മഡഗാസ്കർ വാനില ഐസ്ക്രീമിന് മുകളിൽ തൂകിയാണ് വിളമ്പുന്നത്. ഇറാനിയൻ കുങ്കുമപ്പൂവും ബ്ലാക്ക് ട്രഫിളും ഐസ്ക്രീമിൽ ചേർക്കുന്നുണ്ട്.
ഇത് കഴിക്കാൻ ചെലവാക്കുന്ന പണം കൊണ്ട് ഒരു ദുബായ് യാത്ര തന്നെ പ്ലാൻ ചെയ്യാമെന്ന് ഷെനാസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് കമന്റായി ഒരാൾ കുറിച്ചു. സ്വർണ്ണത്തിന് പോഷക ഗുണങ്ങളൊന്നുമില്ലല്ലോ എന്നാണ് മറ്റൊരാൾ കുറിക്കുന്നത്.
സ്കൂപ്പി കഫെ പലപ്പോഴും ഇതുപോലുള്ള രസകരവും വ്യത്യസ്തവുമായ വിഭവങ്ങൾ അവതരിപ്പിക്കാറുണ്ട്. അടുത്തിടെ, 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം അടങ്ങിയ ഒരു കോഫിയുടെ ചിത്രം കഫേ പങ്കുവച്ചിരുന്നു.
Content Highlights: Dubais Black Diamond Ice Cream With 23k Edible Gold Costs Rs 60,000