മസാലക്കൂട്ടുകൾ അധികമില്ലാതെ അസ്സൽ ചിക്കൻ കറി തയ്യാറാക്കി മോഹൻലാൽ. രുചിച്ചു നോക്കി സൂപ്പെറെന്ന് തലകുലുക്കി ഭാര്യ സുചിത്ര. കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നുള്ള തന്റെ പാചകപരീക്ഷണത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് പങ്കുവച്ചത്. സ്പെഷ്യൽ ചിക്കൻ കറി രുചിച്ചു നോക്കാൻ ഒപ്പം സുഹൃത്തായ സമീർ ഹംസയും ഉണ്ടായിരുന്നു.
അധികം മസാലകൾ ഒന്നും ഇല്ലാതെ ചതച്ചെടുത്ത ചേരുവകൾ കൊണ്ടാണ് ചിക്കൻ തയ്യാറാക്കുന്നത്. ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റൽ മുളക്, കുറച്ച് ഗരം മസാല, മഞ്ഞൾ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്) എന്നിവയാണ് ചേരുവകൾ. പാചകത്തിന്റെ ഓരോ ഘട്ടവും വിശദമായി തന്നെ താരം ആരാധകർക്കു വേണ്ടി പങ്കുവയ്ക്കുന്നുണ്ട്.
ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകൾ എല്ലാം ഉപ്പ് ചേർത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച തേങ്ങയും ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേർക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കാം. ഒന്നാന്തരം രുചിയിൽ മസാല ഇല്ലാത്ത ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ റെഡി.
Content Highlights: Mohanlal Special Chicken Recipe Cooking Video