കേരളത്തിൽ തെങ്ങുപോലെ മുക്കിലും മൂലയിലും കാണപ്പെടുന്ന ഒന്നാണ് പപ്പായ. വീട്ടുവളപ്പിൽ പ്രത്യേകിച്ച് പരിചരണം ഒന്നുമില്ലെങ്കിൽ കൂടി നന്നായി വളരുന്ന ഒന്നാണ് പപ്പായ. ശരീരത്തിലെ സാധാരണ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ. പപ്പായയുടെ പഴം മാത്രമല്ല, ഇലയും കുരുവും എല്ലാം തന്നെ ഉപയോഗപ്രദമാണ്. വെറുതെയല്ല ക്രിസ്റ്റഫർ കൊളംബസ് നൂറുകണക്കിന് വർഷം മുൻപേ പപ്പായയെ മാലാഖമാരുടെ ഫലം എന്നു വിളിച്ചത്.
ഉഷ്ണമേഖലകളിൽ വളരുന്ന ഒന്നാണ് പപ്പായ. മെക്സിക്കോ ആണ് ഇതിന്റെ ജന്മദേശം. പോർച്ചുഗീസ് സഞ്ചാരികൾ വഴിയാണ് പപ്പായ ഇന്ത്യയിൽ എത്തുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ പപ്പായ ഉത്‌പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
വർഷത്തിൽ 5.5 മില്യൺ ടൺ പപ്പായ ഇവിടെ ഉത്‌പാദിപ്പിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്‌യപ്പെടുന്ന നാലാമത് സ്ഥാനത്തുള്ള ഫലമാണ് പപ്പായ (വാഴപ്പഴം, ഓറഞ്ച്, മാമ്പഴം തുടങ്ങിയ ലോകത്തിലെ ഏറ്റവും സാധാരണമായ ഉത്‌പന്നങ്ങളിൽ മറ്റു മൂന്നിനങ്ങൾ). ജനപ്രീതിയും വർധിച്ച ഡിമാൻഡും കാരണം, വികസ്വര സമ്പദ്ഘടനകളിലേക്ക് പപ്പായ കയറ്റുമതി വളരെ പ്രധാനമായിരിക്കുന്നു.
ഈ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലും പപ്പായയ്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ തോത് കുറഞ്ഞവർക്ക് അത് ഉയർത്താൻ പപ്പായ സഹായിക്കും എന്നുള്ള അറിവാണ് ഇതിനു പിന്നിലെ രഹസ്യം.
പപ്പായയുടെ ഉപയോഗങ്ങൾ
കണ്ണുകളുടെ ആരോഗ്യത്തിന്: വിറ്റാമിൻ എ സമ്പുഷ്ടമാണ് പപ്പായ. മാത്രമല്ല ബീറ്റ-കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ, ക്രിപ്റ്റോക്സാന്തിൻ തുടങ്ങിയ ഫ്ളാവനോയ്‌ഡുകളും അടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ വേണ്ടതാണ്.
പപ്പായ കഴിക്കുന്നതു വഴി മക്ലാർ ഡിജിൻേറഷൻ തടയാൻ ഒരു പരിധിവരെ കഴിയും.
ഹൃദയത്തിന്റെ ആരോഗ്യത്തിന്
ഉയർന്ന കൊളസ്ട്രോൾ കൊണ്ട് ഉണ്ടാകുന്ന പ്രധാനമായ രണ്ട് അവസ്ഥകളാണ് -പക്ഷാഘാതവും ഹൃദയാഘാതവും. പപ്പായയിൽ അടങ്ങിയിട്ടുള്ള നാരുകളും നിരോക്സീകാരികളും രക്തധമനികളിൽ കൊളസ്ട്രോൾ അടിയുന്നതിനെ പ്രതിരോധിക്കും.
പപ്പയിൻ: പച്ച പപ്പായയുടെ തൊലിയിൽ നിന്ന് ഊറിവരുന്ന വെള്ള ദ്രാവകമാണ് പപ്പയിൻ. രണ്ടര-മൂന്ന് മാസം പ്രായമായ കായകളിൽ നിന്നാണ് കറ ശേഖരിക്കുന്നത്. പപ്പയിൻ എന്ന പ്രോട്ടിയസ് എൻസൈം കൊണ്ട് സമൃദ്ധമാണ്. മാംസ ഉത്‌പന്നങ്ങൾ പാചകം ചെയ്‌യുമ്പോൾ മയപ്പെടുത്താൻ ഇതിന്റെ പച്ചക്കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പപ്പായ പഴുക്കുമ്പോൾ പപ്പയിൻ രാസമാറ്റം സംഭവിച്ച് ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്ക് പരിഹാരമായി പപ്പയിൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്.
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പപ്പായയിൽ വളരെ കുറഞ്ഞ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും ദഹനത്തിനും സഹായകമാവുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പയിൻ എൻസൈമിന് കട്ടിയുള്ള പ്രോട്ടീൻ നാരുകളെപ്പോലും തകർക്കാൻ കഴിവുള്ളതിനാൽ ദഹനപ്രക്രിയ എളുപ്പമാകുന്നു.
പച്ചക്കായയിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പയിൻ കൂടുതലായുള്ളത്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പെയിൻ, കൈമോ പാപ്പെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയ്‌ഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന കോശജ്വലനം കുറയ്‍ക്കാൻ സഹായിക്കും.
അർബുദത്തെ പ്രതിരോധിക്കാൻ
പപ്പായ ഉപയോഗിക്കുന്നത് ചില കാൻസറുകൾക്കെതിരേ ഫലപ്രദമാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ട്യൂമറുകളുടെ വളർച്ചയെക്കുറിച്ച് പഠിച്ചപ്പോൾ പപ്പായ ഉപയോഗിക്കുന്നത് അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്തു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
പപ്പയിൻ അനേകം മരുന്നുകളിൽ ഉപയോഗപ്പെടുത്തുന്നു. പപ്പായയിൽ കരോട്ടിൻ, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണ് പപ്പായ.
സൗന്ദര്യ സംരക്ഷണത്തിന്
പപ്പായയിൽ, വൈറ്റമിൻ ഇ, എ, സി തുടങ്ങിയവയും ബീറ്റാ കരോട്ടിൻ പോലെയുള്ള നിരോക്സീകാരികളും അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റു ലക്ഷണങ്ങളെയും പ്രതിരോധിക്കും. പപ്പായയുടെ ഒരു ചെറിയ കഷണം ഏതാനും മിനിറ്റ് സമയം മുഖത്ത് ഉരസിയ ശേഷം കഴുകിക്കളയുക. ഇത് ചർമത്തിന് തിളക്കം നൽകാൻ സഹായിക്കും. പപ്പായയിൽ കാണപ്പെടുന്ന പപ്പയിൻ ചർമത്തിന്റെ അഴുക്കുകൾ നീക്കംചെയ്ത് മൃദുത്വം സംരക്ഷിക്കാൻ സഹായിക്കുന്നു.
ഒരു ചെറിയ പപ്പായയിൽ 152 ഗ്രാം കാണാവുന്നത്.
കലോറി: 59
കാർബോഹൈഡ്രേറ്റ്: 15 ഗ്രാം
നാരുകൾ: 3 ഗ്രാം
പ്രോട്ടീൻ:1 ഗ്രാം
വിറ്റാമിൻ സി: 157%
ആർ.ഡി.ഐ ( Reference Daily Intake- പ്രതിദിനം നിർദ്ദേശിച്ചിട്ടുള്ള അളവ്)
വിറ്റാമിൻ എ: 33 %
ആർ.ഡി.ഐ ഫോളേറ്റ്
(വിറ്റാമിൻ ബി 9 %)
14 % ആർ.ഡി.ഐ പൊട്ടാസിയം: 11 % ആർ.ഡി.ഐ
ചെറിയ തോതിൽ കാൽസ്യം മഗ്നീഷ്യം, വിറ്റാമിൻ ബി 1,ബി 3,ബി 5,ഇ,കെ എന്നിവയും
തലമുടിയുടെ സംരക്ഷണം
പപ്പായയിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ, എൻസൈമുകൾ, വൈറ്റമിനുകൾ തലമുടി ശക്തിയോടെ വളരുന്നതിനു സഹായിക്കും. മിക്ക ഹെയർ കെയർ ഉത്‌പന്നങ്ങളിലും പപ്പായ ചേരുവയാകുന്നതിന്റെ കാരണമിതാണ്. തലയോട്ടിയിൽ പപ്പായ പുരട്ടുന്നത് താരനെതിരേ ഫലപ്രദമാണ്.
വളരെ ഔഷധമൂല്യമുള്ള ഒരു ഫലമാണ് പപ്പായ എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ പപ്പായ കഴിക്കുന്നത് നല്ലതിനേക്കാൾ ഏറെ ദോഷം ചെയ്‌യും. ഉദാഹരണത്തിന്, ഗർഭകാലത്ത് പപ്പായ കഴിക്കുന്നത് നല്ലതല്ല. പപ്പായ ഒരു ചൂടുള്ള ഫലമായാണ് കണക്കാക്കപ്പെടുന്നത്. അസംസ്കൃതവും അർധവളർച്ചയ്‍ക്ക് വിധേയമായതുമായ പപ്പായകളിൽ അടങ്ങിയിരിക്കുന്ന ലാറ്റെക്സ് ഗർഭാശയത്തിലെ സങ്കോചങ്ങൾക്ക് ഇടയാക്കും. ഗർഭിണിയാണെങ്കിൽ പപ്പായ കഴിക്കുന്നത് ഒഴിവാക്കാൻ പറയുന്നത് ഇതുകൊണ്ടാണ്.
രക്തസമ്മർദത്തിന് മരുന്നു കഴിക്കുന്നവർ പപ്പായ കഴിച്ചാൽ ബി.പി. വല്ലാതെ താഴാൻ സാധ്യതയുമുണ്ട്. അതിനാൽ, തീർച്ചയായും നിങ്ങളുടെ ഡോക്‍ടറോട് ചോദിച്ചതിനു ശേഷം മാത്രം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Content Highlights: pappaya and its benefits