പച്ചക്കറികളുടെ കൂട്ടത്തിൽ വലിപ്പം കൊണ്ടു തന്നെ മന്നനാണ് മത്തങ്ങ. എന്നാൽ, ഗുണങ്ങളിലും മത്തങ്ങ മന്നനാണെന്നുള്ളത് ഒട്ടുമുക്കാൽ പേർക്കും അറിയില്ല. വിറ്റാമിനുകളുടെയും (എ, സി, ഇ) ധാതുക്കളുടെയുമൊക്കെ (ബീറ്റാ കരോട്ടിൻ) കലവറയാണ് മത്തങ്ങ.
മത്തങ്ങ മാത്രമല്ല, അതിന്റെ ഉള്ളിൽ കാണപ്പെടുന്ന വിത്തുകളും (കുരു) വളരെ പോഷകസമൃദ്ധമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ (യു.എസ്.ഡി.എ.) ന്യൂട്രീഷണൽ
ഡേറ്റാബേസ് അനുസരിച്ച് രണ്ട് ടേബിൾസ്പൂൺ മത്തങ്ങ വിത്തുകളിൽ അടങ്ങിയിട്ടുള്ളത് ഇവയാണ്:
125 കലോറി
- 15 ഗ്രാം കാർബോ ഹൈഡ്രേറ്റ് (0 ഗ്രാം പഞ്ചസാരയും അഞ്ച് ഗ്രാം ഫൈബറും ഉൾപ്പെടുന്നു)
- പ്രോട്ടീൻ അഞ്ച് ഗ്രാം
- ദൈനംദിന ശരീരത്തിന് ആവശ്യമായ ഇരുമ്പ് അഞ്ച് ഗ്രാം
- മത്തങ്ങയുടെ ആരോഗ്യാനുകൂല്യങ്ങളെ കുറിച്ച് നോക്കാം:
- കണ്ണ്: മങ്ങിയ വെളിച്ചത്തിൽ നന്നായി കാണുന്നതിന് കണ്ണുകളെ സഹായിക്കുന്നതിന് വിറ്റാമിൻ എ യുടെ പങ്ക് വളരെ വലുതാണ്. ഒരു കപ്പ് പാകംചെയ്‌യപ്പെട്ട മത്തങ്ങയിൽ, നമ്മുടെ ശരീരത്തിന് പ്രതിദിനം വേണ്ടുന്ന വിറ്റാമിൻ എ കൂടുതൽ അടങ്ങിയിരിക്കുന്നു എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത്.
- മത്തങ്ങയിൽ സിങ്ക് ധാതുവിന്റെ അളവും ധാരാളം ഉണ്ട്. അത് നമ്മുടെ റെറ്റിന ആരോഗ്യമുള്ളതായി സൂക്ഷിക്കാൻ സഹായിക്കുന്നു.
രോഗപ്രതിരോധ ശക്തി
മത്തങ്ങ ഒരുനേരം കഴിക്കുന്നതു വഴി നമ്മുടെ ദിവസേനയുള്ള ആവശ്യത്തിന്റെ എട്ടു ശതമാനം റിബഫ്ലാവിൻ ലഭിക്കും. റിബഫ്ലാവിൻ (വിറ്റാമിൻ ബി-2 എന്നും പറയും) ബാക്‍ടീരിയ കൊണ്ടുള്ള അണുബാധകൾക്കെതിരേ പോരാടാൻ ശരീരത്തെ സഹായിക്കുന്നു.
പതിവായി കഴിക്കുകയാണെങ്കിൽ, വ്യത്യസ്ത തരത്തിലുള്ള കാൻസറിന്റെ സാധ്യത കുറയ്‍ക്കാൻ മത്തങ്ങ സഹായിക്കും, ചില തരത്തിലുള്ള സ്തനാർബുദങ്ങൾ ഉൾപ്പെടെ. ശക്തമായ ആന്റി ഓക്സിഡന്റ് ശേഷി ഉള്ളതുകൊണ്ടാണിത് സാധിക്കുന്നത്.
മറ്റ് ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികൾ പോലെ മത്തങ്ങയിലും ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റ് ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങൾ പ്രകാരം, ബീറ്റാ കരോട്ടിൻ കാൻസർ പ്രതിരോധത്തിന് ഒരു പരിഹാരമാകാം.
മത്തങ്ങ വിത്ത് അടങ്ങിയ ഭക്ഷണക്രമം വയർ, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയിൽ പിടിപെട്ടേക്കാവുന്ന കാൻസർ സാധ്യത കുറയ്‍ക്കുന്നു.
അമിതവണ്ണം
ശരീരഭാരം കുറയ്‍ക്കാൻ അനുയോജ്യമായ പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിൽ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അതുകൊണ്ടുതന്നെ, കലോറിയിൽ ഏറ്റവും താഴ്ന്നതാണ്. എന്നാൽ, നാരുകളുടെ അളവ് വളരെ കൂടുതലുമാണ്. അരക്കപ്പ് മത്തങ്ങയിൽ കലോറിയുടെ അളവ് 40 ആണ്. 8 ഗ്രാം ഭക്ഷണ നാരുകളും മത്തങ്ങയുടെ ഉള്ളിൽ അടങ്ങിയിരിക്കുന്നു.
ഹൃദയം/ രക്തസമ്മർദം
മത്തങ്ങ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. അവയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ വളരെ ഉത്തമമാണ്. മഗ്നീഷ്യം ശരീരത്തിലുടനീളം കാത്സ്യം, പൊട്ടാസ്യം എന്നിവ എത്തിക്കാൻ സഹായിക്കുന്നു. നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെയും രക്തത്തിലെ പഞ്ചസാരയുടെ പരിപാലനത്തെയും മെറ്റബോളിസത്തെയും സഹായിക്കുന്നു.
ഹാർവാർഡ് യൂണിവേഴ്സിറ്റി പഠനം ചൂണ്ടിക്കാണിക്കുന്നത് ദിവസേനയുള്ള മഗ്നീഷ്യത്തിന്റെ ഉപയോഗം പ്രമേഹ രോഗബാധയെ 33 ശതമാനം കുറയ്‍ക്കുന്നതായി കണ്ടുവെന്നാണ്. മറ്റു പഠനങ്ങൾ കാണിക്കുന്നത് മഗ്നീഷ്യം വിഷാദത്തിനും മൈഗ്രെയിനിനും കുറവുണ്ടാക്കും എന്നാണ്.
ഉറക്കം
മത്തങ്ങ എങ്ങനെ സുഖനിദ്ര നൽകും എന്നല്ലേ? ശരീരത്തിന്റെ സുഖം, വിശ്രമം എന്നിവയ്‍ക്ക് വേണ്ട ന്യൂറോ ട്രാൻസ്മിറ്റർ സെറോടോണിൻ ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന അമിനോ ആസിഡ് ആണ് ട്രിപ്റ്റോഫാൻ. മത്തങ്ങ വിത്തുകൾ ട്രിപ്റ്റോഫാനിന്റെ കലവറയാണ്.
ഇത് മെച്ചപ്പെട്ട ഉറക്കം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സെറോടോണിൻ നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചർമസംരക്ഷണം
മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ, ആൽഫ കരോട്ടിൻ എന്നീ ഘടകങ്ങൾ ചർമത്തിന് തിളക്കവും ഓജസും നൽകും. വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ് മത്തങ്ങ.
മൃദുലമായ ചർമത്തിന് ദോഷകരമായതും ചുളിവുകൾ തുടങ്ങിയവയ്‍ക്ക് കാരണം ആയേക്കാവുന്നതുമായ ഫ്രീ റാഡിക്കൽ ഓക്സിഡിറ്റീവ് തകരാറുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതാണ് വിറ്റാമിൻ സി യുടെ പ്രധാന ധർമം.
മത്തങ്ങ ജ്യൂസ് തേൻ ചേർത്ത് ചർമത്തിൽ പുരട്ടുന്നത് ചർമത്തിന് തിളക്കം വർധിക്കാൻ സഹായിക്കും. ചർമത്തിന്റെ ഈർപ്പം നിലനിർത്താനും മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും മത്തങ്ങ ജ്യൂസിൽ ചെറുനാരങ്ങാ നീര്, തൈര്, എന്നിവ കലർത്തി മുഖത്തു പുരട്ടി കുറച്ചുസമയത്തിനു ശേഷം കഴുകിക്കളഞ്ഞാൽ മതി.
മുടി
മത്തങ്ങയിൽ ധാരാളമായി ഉള്ള ഒന്നാണ് പൊട്ടാസ്യം. പൊട്ടാസ്യം ആരോഗ്യമുള്ള മുടി വളരുന്നതിന് സഹായിക്കുന്നു. മത്തങ്ങയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ സിങ്ക്, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് എന്നിവപോലുള്ള പോഷകങ്ങളാൽ സമൃദ്ധമാണ്.
മത്തങ്ങയുടെ വിത്തിൽ ലിനോലിയേക്കും ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ആന്റിജൻ ലെൻസുകളുടെ അളവ് കൂട്ടുന്നതിന് സഹായിക്കും (ആന്റിജന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകാം എന്ന് വിശ്വസിക്കപ്പെടുന്നു).
മത്തങ്ങയുടെ കൗതുക വിശേഷങ്ങൾ
അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എല്ലാ വർഷവും ഒക്‍ടോബർ 31-ന് ഹാലോവീൻ എന്ന പേരിൽ ഒരു ആഘോഷം നടത്താറുണ്ട്. ഹാലോവീൻ സമയത്ത് എവിടെ തിരിഞ്ഞാലും കാണാവുന്ന ഒരു കാഴ്ചയാണ് ഭംഗിയായി കൊത്തിവച്ചിരിക്കുന്ന മത്തങ്ങകൾ.
ഒക്‍ടോബർ മാസത്തിൽ മത്തങ്ങ വിളയിക്കുന്ന തോട്ടങ്ങളിൽ പോയി നമുക്കിഷ്ടമുള്ള മത്തങ്ങ പറിച്ചെടുക്കാനും അത് വാങ്ങിക്കാനും സാധിക്കും. മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും വിവിധ തരത്തിലുള്ള മത്സരങ്ങളും ഉണ്ടാകാറുണ്ട്.
പ്രധാനമായി മത്തങ്ങയിൽ തീർത്ത കൊത്തുപണികളും പ്രച്ഛന്നവേഷ മത്സരവും ഉണ്ടാകും. മിക്ക വീടുകളുടെയും മുന്നിൽ ഹാലോവീൻ സമയത്ത് മത്തങ്ങ വച്ചിരിക്കുന്നതും കാണാം. അന്നേ ദിവസം കുട്ടികളും മുതിർന്നവരും വത്യസ്തമായ ഹാലോവീൻ വേഷങ്ങൾ അണിഞ്ഞ് നിരത്തിലൂടെ നടക്കുകയും, കാർണിവലുകളിൽ പങ്കെടുക്കുകയും ചെയ്‌യും.
കുട്ടികൾ അയൽവീടുകൾ തോറും കയറിയിറങ്ങി Trick or Treat എന്നു പറഞ്ഞുകൊണ്ട് അവിടെ നിന്ന് മിഠായികൾ ശേഖരിക്കും. ഹാലോവീൻ സമയത്ത് വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങളും കറികളും മത്തങ്ങ, മത്തങ്ങവിത്ത് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ളവയായിരിക്കും.
ലോകത്തെ ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം 2624.6 പൗണ്ട്സ് ആണ് (അതായത് 1190.5 കിലോഗ്രാം). ബെൽജിയം നാട്ടുകാരനായ മാതിയസ് വില്ലേമിൻസ് ആണ് ഈ മത്തങ്ങയുടെ ഉടമ. അമേരിക്കൻ ഐക്യനാടുകളിൽ 80 ശതമാനത്തോളം മത്തങ്ങയുടെയും വാങ്ങലും വിതരണവും നടക്കുന്നത് ഒക്‍ടോബർ മാസത്തിലാണ്.
Content Highlights: benefits of pumpkin