ഫ്രെഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. എങ്കിൽ ലോകത്തിലെ ഏറ്റവും വിലയേറിയതെന്ന് റെക്കോർഡ് നേടിയ ഫ്രെഞ്ച് ഫ്രൈസ് കഴിച്ചാലോ. പക്ഷേ ചില്ലറയൊന്നുമല്ല വില. 15000 രൂപ (200 യു.എസ് ഡോളർ) മുടക്കണം. മാൻഹാട്ടനിലെ സെറീൻഡിപിറ്റി ത്രീ എന്ന റസ്റ്റൊറന്റിലാണ് ഈ ലക്ഷ്വറി ഫ്രെഞ്ച് ഫ്രൈസ് വിളമ്പുന്നത്.
ഷെഫുമാരായ ജോ കാൽഡെറോണും ഫ്രെഡ്രിക്ക് ഷോൺ കീവെർട്ട് എന്നിവർ ചേർന്നാണ് ഈ വിലയേറിയ ഫ്രൈസ് തയ്‌യാറാക്കിയത്. പല രാജ്യങ്ങളിൽ നിന്നു കൊണ്ടുവന്ന വിലയേറിയ ചേരുവകളാണ് ഈ ഫ്രൈസിനെ വ്യത്യസ്തമാക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള കേജ് ഫ്രീ ഗൂസ് ഫാറ്റ്, ഇറ്റലിയിൽ നിന്നുള്ള ബ്ലാക്ക് സമ്മർ ടഫിൾസ്, ജേഴ്സി പശുവിന്റെ പാലിൽ നിന്നുള്ള ക്രീം, ലെബാനക് ഷാംപെയിൻ.. ഇങ്ങനെ ലക്ഷ്വറിയായ ചേരുവകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് വേൾഡ് ഗിന്നസ് റെക്കോർഡ്സിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നുണ്ട്.
ഗൂസ്‌ഫാറ്റിൽ പാകം ചെയ്‌യുന്നതിനാൽ സാധാരണ ഫ്രൈസിനേക്കാൾ രുചികരവും ആരോഗ്യകരവും ആകുമെന്നാണ് ഷെഫ് ജോ യുടെ അഭിപ്രായം. ഫ്രൈസിനെ 23 കാരറ്റ് എഡിബിൾ ഗോൾഡ് ഡസ്റ്റിൽ അലങ്കരിച്ചാണ് വിളമ്പുന്നത്.
Content Highlights: New York Restaurant Sets World Record for Creating Most Expensive French Fries