നല്ലൊരു ഊണിന്റെ ഒപ്പം അച്ചാറും ഉണ്ടെങ്കിൽ ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാം. ഈന്തപ്പഴവും നാരങ്ങയും ചേർത്ത് അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം.ട
ചേരുവകൾ
- ചെറുനാരങ്ങ – 15 എണ്ണം
- ഈന്തപ്പഴം – 20-25
- വെളുത്തുള്ളി – 20 അല്ലി
- ഇഞ്ചി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- പച്ചമുളക് – 4 എണ്ണം
- മുളക്പൊടി – 1 ടേബിൾസ്പൂൺ
- കാശ്മീരി മുളക്പൊടി – 3 ടേബിൾസ്പൂൺ
- കായപ്പൊടി – 3/4 ടീസ്പൂൺ
- ഉലുവപ്പൊടി – 1/2 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- കറിവേപ്പില – 2 തണ്ട്
- വിനാഗിരി – 1/4 കപ്പ്
- പഞ്ചസാര – 1/2 ടേബിൾസ്പൂൺ
- ചൂടുവെള്ളം – 1 1/2 കപ്പ്
- ഉപ്പ് – പാകത്തിന്
- നല്ലെണ്ണ/വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നാരങ്ങ ആവിയിൽ 20 മിനുട്ട് നന്നായി പുഴുങ്ങി ആറിയ ശേഷം നാലായി മുറിച്ചു ഉപ്പും 1/4 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് യോജിപ്പിച്ചു 5 മണിക്കൂർ വെക്കുക.
മുളക്പൊടി അല്പം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ യോജിപ്പിച്ചു വെക്കുക.
ചൂടായ പാത്രത്തിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു അതിലേക്ക് നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് കറിവേപ്പില ചേർത്ത് വഴറ്റുക.
അധികം മൂത്ത് ചുവന്നു പോകുന്നതിന് മുൻപ് തന്നെ വെള്ളത്തിൽ കുഴച്ച മുളക്പൊടി ചേർത്ത് വഴറ്റുക.
എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം കുരുകളഞ്ഞു രണ്ടായി മുറിച്ച ഈന്തപ്പഴം ചേർത്ത് യോജിപ്പിച്ചു കൊടുക്കുക.
അതിലേക്ക് തിളച്ച വെള്ളം ചേർത്ത് ഇളക്കി നാരങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. (അധികസമയം നാരങ്ങ ആ വെള്ളത്തിൽ വേവിക്കരുത്, കയ്പ്പ് വരും അച്ചാറിൽ)
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
അതിലേക്ക് വിനാഗിരി കൂടെ ചേർത്ത് കൊടുക്കുക.
(പുളിക്ക് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ആവാം.)
ചാറ് കുറുകി വരുമ്പോൾ 1/4 ടേബിൾസ്പൂൺ പഞ്ചസാര/ശർക്കര കൂടി ചേർത്ത് യോജിപിപ്പിച്ചു തീ അണച്ചു വെക്കുക.
ആറിയ ശേഷം വായുകടക്കാത്ത രീതിയിൽ കുപ്പിയിൽ ആക്കി സൂക്ഷിക്കാം.
*ഈർപ്പം തട്ടാതെ സൂക്ഷിച്ചാൽ 1 മാസത്തോളം കേടുകൂടാതെ ഇരിക്കും.
അത് കഴിഞ്ഞാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
*കുപ്പിപാത്രത്തിലോ ഭരണിയിലോ സൂക്ഷിക്കാൻ പ്രത്യകം ശ്രദ്ധിക്കുക.
*നാരങ്ങ മുറിക്കുന്ന സമയത്ത് കുരു കളഞ്ഞാൽ അച്ചാറിൽ കയ്പ്പ് വരുന്നത് തടയാം
Content Highlights: lemon dates pickle recipe