ഒരു ബർഗറിന് എത്ര വിലവരും, 100, 200, 300… ഇനി എത്ര സ്പെഷ്യൽ ചേരുവ ചേർത്താലും 1000 രൂപ വരെ മുടക്കാം. എന്നാൽ അങ്ങനെയല്ലെന്നാണ് പുതിയ വാർത്ത. നാല് ലക്ഷം രൂപയാണ്( 4,200 യൂറോ- 4.12 ലക്ഷം രൂപ) ഗോൾഡൻ ബോയി എന്ന് പേരിട്ട ഈ ബർഗറിന്റെ വില. ഡച്ച് ഷെഫായ റോബർട്ട് ജെയിൻ ഡെ വാനാണ് ഈ കിങ് ബാംബർഗറിന്റെ പിന്നിൽ.
ഇതിന്റെ സവിശേഷ ചേരുവകളാണ് ബർഗറിനെ വിലയേറിയതാക്കുന്നത്. ട്രഫിൽ (മഷ്റൂം), വിലയേറിയ വാഗ്യു എ 5 മീറ്റ്, കിംഗ് ക്രാബ്, സ്റ്റർജിയൻ മത്സ്യത്തിന്റെ മുട്ടകൾ, താറാവ് മുട്ട കൊണ്ടുള്ള മയോണൈസ്, ഡോം പെരിഗൺ ഷാംപെയ്നും മുകളിൽ ഗോൾഡൻ ലീഫും കൊണ്ടുള്ള ബൺ, ബാലിയിൽ നിന്ന് ലഭിക്കുന്ന ഒരു കപ്പിന് നൂറ് ഡോളർ വരെ വിലവരുന്ന കോപി ല്വാക്ക് എന്ന കോഫി… എന്നിങ്ങനെ അതിശയിപ്പിക്കുന്ന വളരെ വിലയുള്ള ചേരുവകൾ ചേർത്താണ് ഇത് തയാറാക്കിയിരിക്കുന്നത്.
കത്തിയും മുള്ളും ഉപയോഗിച്ചൊന്നുമല്ല ഇത് കഴിക്കേണ്ടത്. കൈയിൽ പിടിച്ചു തന്നെ കഴിക്കണമെന്നാണ് ഷെഫിന്റെ നിർദേശം. കാരണം ഇത് ഗോൾഡൻ ലീഫിൽ പൊതിഞ്ഞതാണ്. ബർഗർ കഴിച്ചുകഴിയുമ്പോൾ വിരലുകളും സ്വർണനിറമാകും എന്നാണ് ഷെഫ് റോബർട്ട് പറയുന്നത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ എന്ന റെക്കോർഡ് അമേരിക്കയിലെ ഒരു റസ്റ്ററന്റിനായിരുന്നു, വില 4200 പൗണ്ട് (ഏകദേശം 3 ലക്ഷം 72 ആയിരം രൂപ). 352.44 കിലോഗ്രാം ഭാരം ഉണ്ട്, ഇത് ഒരാൾക്ക് കഴിച്ച് തീർക്കാൻ കഴിയില്ല. അതിനാൽ ഇതിനെക്കാൾ മികച്ചതും ഒരാൾക്കു കഴിച്ചു തീർക്കാൻ പറ്റുന്നതുമായ ബർഗർ തയ്‌യാറാക്കാനായിരുന്നു തന്റെ ശ്രമമെന്നും റോബർട്ട്.
ബർഗർ വിൽപനയിലൂടെ ലഭിച്ച പണം നെതർലൻഡ്സിലെ ഫുഡ് ബാങ്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയ്‍ക്കാണ് റോബർട്ട് നൽകിയത്. റസ്റ്ററന്റുകൾ പ്രവർത്തിക്കാത്ത കോവിഡ് കാലത്ത് എന്തെങ്കിലും ചെയ്‌യണം എന്ന ആഗ്രഹത്തിലാണ് ഈ ഒരു സ്പെഷൽ ബർഗർ തയ്‌യാറാക്കിയതെന്നും റോബർട്ട് പറയുന്നു.
Content Highlights: the worlds most expensive burger