കൊച്ചി: കല്യാണം കഴിഞ്ഞ് ഗൾഫിലേക്കു പോയ ഇത്താത്ത നാട്ടിലേക്കു വരുമ്പോൾ സോനം സമ്മാനമായി ആവശ്യപ്പെട്ടത് അറേബ്യൻ കുനാഫയാണ്. കുനാഫയോ, അതെന്തു കുന്തം എന്ന് അദ്ഭുതപ്പെട്ട ഇത്താത്ത അനുജത്തിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ സൂപ്പർമാർക്കറ്റുകൾ കയറിയിറങ്ങി. പക്ഷേ, സാധനം കണ്ടില്ല. ഒടുവിൽ നാട്ടിലേക്കു പോരുന്നതിന്റെ തലേ ദിവസം ഇത്താത്ത സാധനം സംഘടിപ്പിച്ചു. ഗൂഗിളിൽ പാചകക്കുറിപ്പ് തിരഞ്ഞു കണ്ടുപിടിച്ച്, അറേബ്യൻ സ്റ്റൈലിൽ കുനാഫ തയ്യാറാക്കുമ്പോൾ സോനം കരുതിയില്ല, അതു തങ്ങളുടെ ഭാവി മാറ്റി മറിക്കുമെന്ന്. കുനാഫ ഹിറ്റായതോടെ വീട്ടിൽനിന്ന് സുഹൃത്തുക്കളിലേക്കും പിന്നെ മറ്റുള്ളവരിലേക്കും സഞ്ചരിച്ചു. ഇന്ന് കുനാഫയും ബക്ലാവയും അടക്കമുള്ള അറേബ്യൻ വിഭവങ്ങളുടെ റാണിമാരാണ് ഈ ഇത്താത്തയും അനുജത്തിയും.
എളമക്കര സ്വദേശികളായ സനം സഫീദും അനുജത്തി സോനം സഫീദും ഇപ്പോൾ യു.എ.ഇ.യിൽനിന്നും ഈജിപ്തിൽനിന്നുമൊക്കെ ചേരുവകൾ എത്തിച്ച് അറേബ്യൻ വിഭവങ്ങളുടെ വലിയൊരു ലോകമാണ് കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ സൃഷ്ടിക്കുന്നത്.
രുചിയുടെ അദ്ഭുതങ്ങൾ
എൻജിനീയറിങ് പഠിച്ച സനവും ബി.കോം കഴിഞ്ഞ സോനവും അറേബ്യൻ രുചിയുടെ സാധ്യതകൾ തേടിപ്പിടിച്ചു. വീട്ടിൽ ഉമ്മ സജ്നയുടെ സഹായത്തോടെയാണ് ആദ്യം കുനാഫ തയ്യാറാക്കിയിരുന്നത്. പപ്പ സഫീദും പരീക്ഷണങ്ങൾക്ക് പിന്തുണയേകി. ആദ്യമായി കുനാഫ ഉണ്ടാക്കിയപ്പോൾ സ്റ്റോറിയായി ഇൻസ്റ്റഗ്രാമിൽ ഇട്ടു. അതോടെ പല ഭാഗത്തുനിന്നും വിളി വന്നുതുടങ്ങി. ആവശ്യക്കാർ കൂടിയതോടെ സ്വീറ്റ് സ്മിത്ത് എന്ന പേരിൽ സ്റ്റോർ തുടങ്ങി. ഇപ്പോൾ വരുമാനത്തിനൊപ്പം കുറച്ചുപേർക്ക് ജോലി നൽകുന്ന ഇടമായി സ്വീറ്റ് സ്മിത്ത് മാറി – സോനം, കുനാഫയുടെ പിറവിയുടെ കഥ പറഞ്ഞു.
ബക്ലാവയും ഉംഅലിയും
കുനാഫ ഹിറ്റായതോടെ അറേബ്യൻ വിഭവങ്ങളുടെ മറ്റു സാധ്യതകളിലേക്കായി സഞ്ചാരം. എത്തിയത് ബക്ലാവയും ഉംഅലിയും പോലുള്ള വിഭവങ്ങളിൽ. അറേബ്യൻ മധുര വിഭവങ്ങളുടെ ലോകത്തേക്കുള്ള യാത്ര രസമുള്ള അനുഭവമാണ്. തുടക്കത്തിൽ ന്യൂട്ടെല്ല, ക്ലാസിക് എന്നീ രണ്ടുതരം കുനാഫകളാണ് ഉണ്ടാക്കിയത്. പിന്നീട് പുതിയ രുചിക്കൂട്ടുകളിലേക്ക് വ്യാപിപ്പിച്ചു. കിളിക്കൂട് പോലെയാണ് കാഴ്ചയിൽ ബക്ലാവ. നട്ട്സും പിസ്തയും ചോക്ലേറ്റുമൊക്കെ ചേർത്താണ് ഈ പരമ്പരാഗത അറേബ്യൻ വിഭവമുണ്ടാക്കുന്നത്. എന്റെ മകൻ ഈസയുടേയും മകൾ ഐറയുടേയും പേരു ചേർത്ത് ഇസ്ഐറ എന്ന പേരിലാണ് ബക്ലാവ തയ്യാറാക്കുന്നത്. ഈജിപ്തിൽനിന്നുള്ള തകർപ്പൻ ഐറ്റമാണ് ഉംഅലി. ക്രീമും നട്ട്സും തന്നെയാണ് ഉംഅലിയുടെ രുചിയുടെ രഹസ്യം – സനം പറഞ്ഞു.
പെൺകുട്ടികളേ ഇതിലേ
ബി.കോമിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോനം ആദ്യമായി കുനാഫ ഉണ്ടാക്കി രുചിയുടെ ലോകത്തേക്ക് യാത്ര തുടങ്ങുന്നത്. ഇന്നിപ്പോൾ ഇതിലൂടെ നല്ലൊരു വരുമാന മാർഗം തുറന്നുകിട്ടി. എൻജിനീയറിങ് കഴിഞ്ഞ ഇത്താത്തയ്ക്കും പാചകം മോശം കാര്യമായി തോന്നിയിട്ടില്ല. വിദേശത്തു നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല. ജീവിതത്തിൽ അതുവരെ കാണുകയോ കഴിക്കുകയോ ചെയ്യാതിരുന്ന ഒരു സാധനം ജീവിതം മാറ്റിമറിച്ചാൽ അതിനെക്കാൾ വലിയൊരു ത്രില്ലുണ്ടോ? – സോനത്തിന്റെ ചോദ്യത്തിന് ഉത്തരംപോലെ സനം പുഞ്ചിരിച്ചു.
Content Highlights: Two sisters success in Arabic special food restaurant