തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ മാർഗം ഇന്ത്യയിലെത്തിയ പഴവർഗ്ഗമാണ് കൈതച്ചക്ക. കൈതച്ചക്കയ്ക്ക് പൈനാപ്പിൾ എന്ന പേരെങ്ങനെ വന്നു? പൈൻ മരങ്ങളുടെ കായയെ പൈൻകോൺ എന്നാണ് വിളിക്കുന്നത്.
കൈതച്ചക്കയുടെ ആകൃതിയും രൂപവും പൈൻകോണിന്റെ പോലെയാണ്, മാത്രമല്ല കൈതച്ചക്ക ആപ്പിളിനെ പോലെ കട്ടിയുള്ളതും, രുചിയുള്ളതുമാണ്, ഇതൊക്കെ കൊണ്ടാകാം കൈതച്ചക്കയ്ക്ക് പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
രുചി കൊണ്ട് മാത്രമല്ല ആരോഗ്യഗുണങ്ങൾ കൊണ്ടും വളരെ സമ്പുഷ്ടമാണ് കൈതച്ചക്ക. ഉല്പാദനത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ലോകത്തു ആറാം സ്ഥാനത്താണ് ഇന്ത്യ. കേരളത്തിന്റെ കാലാവസ്ഥ പൈനാപ്പിൾ കൃഷിക്ക് അനുയോജ്യമാണ്. വില അധികം അല്ലാത്തതും, യഥേഷ്ടം ലഭ്യമായതുമായ ഒരു പഴമാണ് കൈതച്ചക്ക.
പൈനാപ്പിൾ എന്നത് വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിന് സി, ഇ, എ, കെ എന്നിവയും, ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന് എന്നിവയും, കൂടാതെ ധാരാളം നാരുകളും, ആന്റി-ഓക്സിഡന്റ്സും വളരെ അധികമുള്ളതാണ് പൈനാപ്പിൾ.
അമേരിക്കൻ ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾട്റിന്റെ പഠനങ്ങൾ ചുണ്ടി കാണിക്കുന്നത് ഒരു കപ്പ് പൈനാപ്പിൾ ജ്യൂസിലുള്ളതു 25 മി.ഗ്രാം വിറ്റാമിൻ സി (അല്ലെങ്കിൽ ദൈനംദിന മൂല്യത്തിന്റെ 42 ശതമാനം) അടങ്ങിയിരിക്കുന്നു എന്നതാണ്.
പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങൾ
വാതരോഗത്തിനു വേദനസംഹാരി
സന്ധികളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ പൈനാപ്പിളിലുണ്ട്. കൈതച്ചക്കയിലടങ്ങിയിട്ടുള്ള ഒരു എൻസൈം ആയ ബ്രോമെലെയ്ൻ വേദന ശമിപ്പിക്കുന്നതിനു സഹായിക്കും. അതുവഴി ചലനശേഷി മെച്ചപ്പെടും. അതുപോലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് കൈതച്ചക്കയെ പ്രകൃതിയുടെ ആസ്പിരിൻ എന്ന് വിളിക്കുന്നത്.
കണ്ണുകളുടെ ആരോഗ്യത്തിന്
ബീറ്റ കരോട്ടിന് എന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ വേണ്ടപ്പെട്ട ഒന്നാണ്. പൈനാപ്പിളിൽ ഇത് ധാരാളം ഉണ്ട്. കാഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചത്തകരാറുകൾ ഒരു പരിധിവരെ പരിഹരിക്കാൻ ഭക്ഷണരീതിയിൽ കൈതച്ചക്ക ഉൾപ്പെടുത്തുന്നത് വഴി സാധിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന്
ശരീരത്തിലെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് പൊട്ടാസ്യം. പൈനാപ്പിൾ പൊട്ടാസിയം ലഭിക്കുന്നതിനുള്ള നല്ല ഉറവിടം ആണ്. മെഡിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു കപ്പ് പൈനാപ്പിളിൽ 1 മില്ലിഗ്രാം സോഡിയം, 195 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട് എന്നതാണ്.
എല്ലുകളുടെ ആരോഗ്യത്തിന്
വൈറ്റമിൻ സി, അസ്കോർബിക് ആസിഡ് എന്നിവ കാരണം പൈനാപ്പിൾ സന്ധികളെ പോഷിപ്പിക്കുന്നു. ആരോഗ്യകരമായ ടിഷ്യു ഉണ്ടാക്കാൻ അസ്ഥികൾ, തരുണാസ്ഥികൾ, ലിഗമന്റുകൾ എല്ലാം കൊളാജെൻ വളരെ വേണ്ടതാണ്. വൈറ്റമിൻ സി നിങ്ങളുടെ സന്ധികൾ ശക്തമായി നിലനിർത്താൻ ആവശ്യമായ കൊളാജെൻ ഉണ്ടാക്കുന്നതിനു സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തെ വേണ്ടുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവയും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.
അമിതവണ്ണം കുറയ്ക്കാൻ
ഒരു കപ്പ് പുതിയ പൈനാപ്പിളിൽ 80 കലോറിയും, 22 ഗ്രാം കാർബോസ്, 1 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം ഫൈബർ എന്നിവയും ഉണ്ട്. പ്രതിദിന വിറ്റാമിൻ സി ആവശ്യം 100 ശതമാനത്തിലധികം വരും. താഴ്ന്ന കലോറി ഭക്ഷണക്രമം കഴിക്കുമ്പോൾ, പൈനാപ്പിൾ പോലെ നല്ല ആരോഗ്യം നിലനിർത്തുന്ന പോഷകഗുണങ്ങളുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പൈനാപ്പിൾ താഴ്ന്ന ഊർജ്ജ സാന്ദ്രതയുണ്ട്, അതായത് ഇതിന്റെ അളവ് താരതമ്യേന കുറച്ച് കലോറി നൽകും. ഇത് നാരുകളുടെ നല്ല സ്രോതസ്സാണ്, അതുവഴി ദഹനപ്രക്രിയ നന്നാക്കും. അതുവഴി ശരീരത്തിലെ ജീവൽ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു.
ദഹനസഹായി
കൈതച്ചക്കയിലെ ബ്രോമിലൈൻ എൻസൈം പ്രോട്ടീനെ ചെറുകണങ്ങളാക്കി അതിന്റെ ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല നാരുകളുടെ നല്ലൊരു ഉറവിടവുമാണ് പൈനാപ്പിൾ.
ചില പൈനാപ്പിൾ കൗതുകവിശേഷങ്ങൾ
- നൂറിൽ കൂടുതൽ പൈനാപ്പിൾ വർഗങ്ങൾ ലോകമെമ്പാടും കൃഷി ചെയ്യപ്പെടുന്നുണ്ട്.
- 2016 ൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിചെയ്തത് കോസ്റ്റ റിക്കയിലാണ്.
- 100 ഗ്രാം പൈനാപ്പിളിൽ 50 കലോറിയെ ഉള്ളു.
- ലോകത്തെ ഏറ്റവും ഭാരമുള്ള പൈനാപ്പിൾ 8.06 കിലോഗ്രാം (17 lb 12 oz) ഉള്ളതാണ്.
- ലോകത്തെ ഏറ്റവും വിലയുള്ള പൈനാപ്പിൾ ബ്രിട്ടനിൽ ഉള്ളതാണ്. അതിന്റെ വില12,800 ഡോളറാണ്.
Content Highlights: benifits of pineapple