കടലില്ലാത്ത കോട്ടയത്ത്, നാട്ടുകാരുടെ നാവിൽ രുചിയുടെ കപ്പലോടിച്ച, സ്നേഹം സെർവ് ചെയ്ത, ഉപ്പിലിട്ട ഓർമ്മയാണ് ബെസ്റ്റോട്ടൽ. കേരളം രൂപം കൊള്ളുന്നതിനും മുമ്പ് തലശേരിയിൽ നിന്നും മലബാറിന്റെ ബൗണ്ടറി കടന്ന് പി എം രാഘവൻ അടിച്ച സ്വാദിന്റെ സിക്സറാണ് കോട്ടയംകാരായ ഞങ്ങൾക്ക് ബെസ്റ്റോട്ടൽ. ആഹാരത്തിന്റെ രുചി വൈവിധ്യം മാത്രമായിരന്നില്ല ആ ഹോട്ടൽ വിളമ്പിയത്. സ്നേഹത്തിന്റെ, കൂട്ടായ്മയുടെ, സർഗാത്മകതയുടെ തുടങ്ങി മനുഷ്യനാവശ്യമായ എല്ലാത്തിന്റെയും ചേരുവകൾ ചേർന്നതാണ് ബെസ്റ്റോട്ടൽ.
ബെസ്റ്റോട്ടലിനേക്കാൾ പഴക്കമുണ്ട് എനിക്ക് അവിടുത്തെ കുറിച്ചുള്ള ഓർമ്മകൾക്ക്. ആ ഹോട്ടൽ അവിടെ വരുന്നതിന് മുമ്പ് അവിടെ സിനിമാ ടാക്കീസ് ആയിരന്നു. സെൻട്രൽ ടാക്കീസ്. അതുകൊണ്ടാണ് പിന്നീട് ആ ജംക്‌ഷന് സെൻട്രൽ ജംക്ഷൻ എന്ന പേര് വന്നത്. അവിടെയായിരന്നു എന്റെ വലിയച്ഛൻ ( അച്ഛന്റെ ചേട്ടൻ) ജോലി ചെയ്തിരുന്ന സ്വരാജ് മോട്ടേഴ്സ് എന്ന ബസ് സ്ഥാപനത്തിന്റെ ഓഫീസ്. ഇവിടെത്തന്നെ ബസ്സുകളും പാർക്ക് ചെയ്യുമായിരുന്നു.
അവിടെ ചെന്ന് വലിയച്ഛനെ കൈമണി അടിച്ച് നിൽക്കുമായിരന്നു കുട്ടിക്കാലത്ത്. കുറേ കഴിയുമ്പോൾ അദ്ദേഹത്തിന്റെ കെയറോഫിൽ സെൻട്രൽ തിയറ്ററിൽ കയറി സിനിമകാണാൻ പറ്റും. അങ്ങനെയാണ് ദിലീപ് കുമാറിന്റെ ആനും ശിവാജിഗണേശന്റെ പരാശക്തിയുമൊക്കെ കണ്ടത്. അങ്ങനെ സ്ക്രീൻ ജീവിതം ആസ്വദിച്ച് ജീവിക്കുന്ന കാലത്താണ് ഇടിത്തീ പോലെ സെൻട്രൽ ടാക്കീസ് നിർത്തുന്നുവെന്ന് അറിയുന്നത്. ഞങ്ങൾക്ക് ആകെ വിഷമമായി. എന്തൊരു കഷ്ടമാണിത്. ഞങ്ങളുടെ തിയറ്റർ പൂട്ടുന്നു. പകരം ബെസ്റ്റോട്ടൽ വരുന്നു എന്നാണ് അറിയിപ്പ്. കുറച്ച് കഴിഞ്ഞ് ബെസ്റ്റോട്ടൽ തുടങ്ങി.
1944ൽ കോട്ടയത്ത് ആരംഭിച്ചിരുന്ന ബെസ്റ്റ് ബേക്കറിയുടെ തുടർച്ചയായാണ് 1954ൽ ബെസ്റ്റോട്ടൽ തുടങ്ങുന്നത്. അതായത് കോട്ടയംകാരുടെ നാവിൽ ബെസ്റ്റോട്ടൽ പത്ത് വർഷം മുമ്പ് തന്നെ ഇടം നേടിയിരുന്നു. സെൻട്രൽ തിയറ്റിലെ ബാൽക്കണിയും ഫസ്റ്റ്ക്ലാസുമൊക്കെ നിലനിർത്തിക്കൊണ്ട് 22 മുറികളോടെയാണ് ഹോട്ടൽ ആരംഭിച്ചത്.
ഈ ഹോട്ടലിൽ താമസിക്കാൻ എത്തുന്ന പല പ്രമുഖരെയും അന്ന് കണ്ടിട്ടുണ്ട്. യേശുദാസ്, കെ എസ് ജോർജ്, കെ പി ഉമ്മർ എന്നിങ്ങനെ പല നിലകളിൽ പ്രമുഖരായവരൊക്കെ അവിടെ താമസിക്കുമായിരുന്നു. യേശുദാസിനെ അവിടെ വച്ചാണ് ആദ്യമായി കണ്ടത്. അങ്ങനെ പലരെയും അവിടെ കണ്ടുമുട്ടിയിരുന്നു.
അക്കാലത്ത് ജി അരവിന്ദൻ ( പരേതനായ സിനിമാ സംവിധായകൻ), അരവിന്ദന്റെ അനിയൻ ഗോപൻ, സേതു എന്നിവരുടെ അനിയനായാണ് ഞാൻ അവിടെ വളർന്നത്. ബെസ്റ്റോട്ടലിനൊപ്പമാണ് ഞാനും വളർന്നത്. എന്റെ അനിയന്മാരായണ് വേണുവും രാജീവ് വിജയരാഘവനുമൊക്കെ ( സിനിമാ ഫൊട്ടോഗ്രാഫർ, സംവിധായകൻ) അവിടെ വളർന്നത്. ഞങ്ങളെല്ലാം ബെസ്റ്റോട്ടലിലെ സാംസ്കാരിക പാചകവിധിയുടെ സ്വാദറിഞ്ഞ് വളർന്നവരാണ്.
കോട്ടയത്ത് സി എം എസ് കോളജിൽ പഠിക്കുമ്പോൾ ബെസ്റ്റോട്ടലിൽ പ്രത്യകതരം രുചിയുള്ള കേക്കുണ്ടായിരന്നു. കേക്കും കാപ്പിയും കൂടെ അഞ്ച് അണയായിരുന്നു അന്ന് വില. കാപ്പിക്ക് മൂന്ന് അണ, കേക്കിന് രണ്ടണ. പക്ഷേ പലപ്പോഴും വായിൽ കപ്പലോടിക്കാൻ മാത്രമേ പറ്റുകയുള്ളൂ കോളജിൽ പഠിക്കുമ്പോൾ അത്രയും പൈസ ഉണ്ടാകുമായിരുന്നില്ല.
പിന്നീട്, ജോലിയൊക്കെ കിട്ടിയ ശേഷം അവിടെ നിന്നും ഇതൊക്കെ നിരവധി തവണ കഴിച്ചിട്ടുണ്ട്. അവിടുത്തെ ബ്രേക്ക് ഫാസ്റ്റും ഊണുമൊക്കെ മറ്റൊരിടത്തും കിട്ടാത്ത രുചിയാണ്. അപ്പവും മട്ടൺ സ്റ്റൂവും ബെസ്റ്റ് ബെസ്റ്റോട്ടിലേത് തന്നെ. ബെസ്റ്റോട്ടൽ കോട്ടയത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. പഠിച്ച് ജോലി കിട്ടി വളരുമ്പോഴൊക്കെ ഈ ഹോട്ടൽ രുചിമാത്രമായിരുന്നില്ല, സന്തോഷവും അഭിമാനവുമായിരുന്നു ഞങ്ങളുടെ സന്തോഷവും സന്താപവുമെല്ലാം ആ ഹോട്ടലിനെ ചുറ്റിപ്പറ്റിയായിരുന്നു.
ഹോട്ടലിലെ ഓർമ്മകൾക്കൊപ്പം മറക്കാനാവാത്ത പേരുകളാണ് മമ്പള്ളി ലക്ഷ്മണൻ, കോട്ടയം ഇ പി കുര്യൻ എന്നിവരുടേത്. അതുപോലെ തന്നെ അവിടുത്തെ ജീവനക്കാരനായിരുന്ന വർഗീസിനെയും. അവിടെ ആഹാരത്തോടൊപ്പം സ്നേഹം ആണ് വിളമ്പിയിരുന്നത്. അവിടെ ബാൽക്കണിയിൽ വച്ച് ഞങ്ങൾ മീറ്റിങ് ഒക്കെ നടത്തിയിട്ടുണ്ട്. അച്ചൻ കുഞ്ഞിന് ( സിനിമാ നടൻ) അവിടെ വച്ച് സ്വീകരണം നൽകിയത് ഞങ്ങളൊക്കെ ചേർന്നായിരുന്നു. അന്ന് അദ്ദേഹം വളരെ വികാരാധീനാനായി പ്രസംഗിച്ചതൊക്കെ ഇപ്പോഴും ഓർമ്മയിലുണ്ട്.
തലേശ്ശേരിയൽ നിന്നുമെത്തിയ രാഘവൻ വലിയ ടെന്നീസ് ചാമ്പ്യനുമായിരന്നു. തിരുവിതാംകുറിലെ ടെന്നീസ് ചാമ്പ്യനായിരന്ന അമ്പി സ്വാമി എന്ന ചിദംബരത്തിന്റെ നാടായിരുന്നു കോട്ടയം. ഇവർ തമ്മിൽ വാശിയേറിയ ടെന്നീസ് മത്സരം അവിടെ ക്ലബ്ബിൽ നടക്കുന്നത് കണ്ടത് കുട്ടിക്കാല ഓർമ്മകളിലൊന്നാണ്. അന്ന് മാത്തുക്കുട്ടിച്ചായൻ ( മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ എം മാത്യു) വെള്ള പാന്റസും കൈയ്യുള്ള ബനിയുമൊക്കെയിട്ട് അവിടെ ടെന്നീസ് കളിക്കാൻ വന്നതുമൊക്കെ ഞാൻ കണ്ടിട്ടുള്ളതായി ഓർക്കുന്നുണ്ട്.
ബെസ്റ്റോട്ടൽ ഹോട്ടൽ മാത്രമായിരുന്നില്ല, അതൊരു മീറ്റിങ് പോയിന്റായിരുന്നു;മെൽറ്റിങ് പോയിന്റും. പലതും ഉരുകിയൊലിച്ച് പുതുരൂപം കൈവരിച്ച ഇടം. സൗഹൃദങ്ങൾക്ക് സ്നേഹത്തിന്റെ മസാലക്കൂട്ട് ചേർന്ന ഇടം.സർഗാത്മകയ്ക്ക് പുതുഭാവുകത്വത്തിന്റെ ചിന്തകൾക്ക് എരിവ് പകർന്ന ഇടം. അങ്ങനെ കോട്ടയത്തിന്റെ സാംസ്കാരിക ഭൂമികയുടെ ആരുഢമായിരുന്നു ബെസ്റ്റോട്ടൽ.
രാഘവന്റെ മകൻ ഗോപു ഇത്രയും കാലം ഈ ഹോട്ടൽ നടത്തിയത് തന്നെ സന്തോഷകരമായ കാര്യമാണ്. ഇനി മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്തിനാലായിരിക്കണം നിർത്തുന്നത്. ആ രുചിക്ക് പകരം നൽകാൻ സ്നേഹം മാത്രമേ ഞങ്ങൾ കോട്ടയംകാർക്കുള്ളൂ. ഏഴ് പതിറ്റാണ്ടോളം കോട്ടയം കാരുടെ രുചിമുകുളങ്ങളിൽ നിറഞ്ഞു നിന്ന ബെസ്റ്റോട്ടൽ പൂട്ടുന്നതിന് മുമ്പ് ഒരിക്കൽ കൂടി പോകണം അടുത്തമാസം കോട്ടയത്തെ ബെസ്റ്റോട്ടലിൽ പോകണം എന്ന് ആഗ്രഹമുണ്ട്.
The post ബെസ്റ്റോട്ടൽ: സ്നേഹത്തിന്റെ ഉപ്പും മുളകും appeared first on Indian Express Malayalam.