ഡോക്ടർ എം എസ്. വല്യത്താൻ. ഋഷി തുല്യനായി ഞാൻ കണ്ടിരുന്ന പ്രിയ ബന്ധു. എല്ലാ കാര്യങ്ങൾക്കും എല്ലാ സഹായവുമായി എപ്പോഴും കൂടെയുണ്ടായിരുന്ന ആൾ. എനിക്ക് ആദ്യമായി ക്യാൻസർ ബാധിച്ചപ്പോൾ ഒരു മണിക്കൂറോളം എന്നോട് സംസാരിച്ച് മനസ്സ് ഒരു പ്രതിരോധ മാർഗമായി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് ഉപദേശിച്ചു തന്ന ആൾ. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന പുസ്തകത്തിൽ ഞാൻ പറഞ്ഞിരിക്കുന്നതുപോലെ, “ഉലയുന്ന തോണി”യായിരുന്നു എന്റെ മനസ്സ് അപ്രതീക്ഷിതമായ ഷോക്കിൽ. ആ തോണി നേരെ നിർത്തിയ ആളായിരുന്നു അദ്ദേഹം. അന്ന് തന്ന പുസ്തകങ്ങളും ഉപദേശങ്ങളും ക്യാൻസറിന്റെ രണ്ടാം വരവിലും എന്നെ പിടിച്ചുനിർത്തി. ബാലേട്ടന് അതേ അസുഖമായപ്പോഴും മണിപ്പാലിൽ നിന്ന് ആ സ്നേഹസ്വരം എന്നെ തേടിവന്നു. ബാലേട്ടനും അദ്ദേഹവും തമ്മിൽ കുറേ സാമ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു പേരും മദ്യവിരോധികൾ, പുകവിരോധികൾ, സസ്യാഹാരികൾ, കർമ്മമാണ് ഈശ്വരാരാധന എന്ന് വിശ്വസിച്ചിരുന്നവർ, കുടുംബത്തെ അമിതമായി സ്നേഹിച്ചിരുന്നവർ… അന്ത്യവും ഏതാണ്ട് ഒരുപോലെ.
യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് റിസർച്ച് ഫോറത്തിന്റെ മാസം തോറുമുള്ള മീറ്റിങ്ങിൽ ഒന്നിൽ ഞങ്ങൾ ഗവേഷകരോട് സംസാരിക്കാൻ ഡോ. കെ. അയ്യപ്പപ്പണിക്കർ ക്ഷണിച്ചത് ഡോ. എം എസ്. വല്യത്താനെ ആയിരുന്നു. മുഖത്ത് ഐശ്വര്യമുള്ള പുഞ്ചിരിയോടു കൂടി വല്യത്താൻ ഹൃദയത്തിന്റെ രഹസ്യങ്ങളെ കുറിച്ചുള്ള പ്രഭാഷണം ആരംഭിച്ചു. അനർഗള പ്രവാഹമായി ഒഴുകുന്ന ഇംഗ്ലീഷ്. വളരെ വ്യക്തതയോടുകൂടി മെഡിക്കൽ സയൻസിന്റെ കണ്ടുപിടുത്തങ്ങൾ, ഹൃദയത്തിനെ കുറിച്ചുള്ള ശാസ്ത്രീയവും മാനവികവുമായ അറിവുകൾ, തുടങ്ങിയവയൊക്കെ സാഹിത്യ ഗവേഷകർക്ക് മനസ്സിലാക്കിത്തന്നു.
ഇംഗ്ലീഷ് സാഹിത്യത്തിലെ ഉദ്ധരണികൾ കൊണ്ടാണ് അദ്ദേഹം ഞങ്ങൾക്ക് മെഡിക്കൽ സയൻസിന്റെ സങ്കേതങ്ങൾ വിശദീകരിച്ചു തന്നത്. ഹൃദയം കാല്പനിക വികാരങ്ങളുടെയും ചിലപ്പോൾ വികാരവിക്ഷോഭങ്ങളുടെയും ഇരിപ്പിടമായി, അമൂർത്തമായി, കണ്ടിരുന്ന ഞങ്ങൾക്ക് ഹൃദയത്തിന്റെ മൂർത്തരൂപം കാണിച്ചുതരികയായിരുന്നു ആ പ്രഭാഷണത്തിൽ. ആ വാക്കുകളിലൂടെ ഹൃദയത്തിന്റെ നാല് അറകളിലും രക്തം സംഗീതമയമായി ഒഴുകുന്നത് ഞങ്ങൾ കണ്ടു. പ്രഭാഷണം കഴിഞ്ഞ് സാഹിത്യ വിദ്യാർഥികളുടെ ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും വ്യക്തമായ, തമാശ കലർന്ന, ഉത്തരങ്ങൾ. ഇതൊക്കെ കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ഓർത്തത് ഏതാനും ദിവസങ്ങൾക്കു മുമ്പ് വെള്ളായണിക്കായലിന്റെ തീരത്ത് കസേരകളിൽ ഇരുന്ന് അദ്ദേഹവും എന്റെ അച്ഛനും തമ്മിൽ നടത്തിയ സംഭാഷണമായിരുന്നു.
(ഡോക്ടറുടെ മകൾ മന്നയെ വിവാഹം കഴിച്ചത് എന്റെ കുഞ്ഞമ്മയുടെ മകൻ ഡോ. സുരേഷ് പിള്ളയായിരുന്നു. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധുത്വം). അപ്പോൾ സ്ഫുടതയോടെ ഒഴുകുന്ന മലയാളമായിരുന്നു അദ്ദേഹത്തിന്റെത്. രണ്ടു ഭാഷകളിലും ഒരേ അനായാസത. ഈ വിശ്വപൗരന് എത്ര ഭാഷകൾ അറിയാമായിരിക്കും എന്ന് ഞാൻ വെറുതെ ചിന്തിച്ചു. സംസാരിച്ചിരിക്കുന്ന അവർക്ക് കരിക്കിൻ വെള്ളവുമായി എത്തിയ ഞാൻ ഒരു വാചകം കേട്ടു “കല്യാണം കഴിഞ്ഞ് മോൾ ഇങ്ങോട്ട് പോന്നുകഴിഞ്ഞപ്പോഴാണ് കാളിദാസന്റെ ശാകുന്തളത്തിൽ കണ്വ മഹർഷി ശകുന്തളയുടെ വിയോഗം താങ്ങാനാവാതെ പറയുന്ന വാക്കുകളുടെ അർത്ഥം എനിക്ക് മനസ്സിലായത്.” തുടർന്ന് അദ്ദേഹം ആ ശ്ലോകം ആലപിച്ചു. “സംസ്കൃതം അറിയാമല്ലോ, അല്ലേ?” എന്ന ചോദ്യത്തോടെ അച്ഛന് സംസ്കൃതവും മലയാളവും കലർന്ന ഭാഷയിൽ അത് വിശദീകരിച്ചു കൊടുത്തു.
കാളിദാസനെ ഇത്ര നന്നായി അറിയുന്ന ഭിഷഗ്വരനോ? പിന്നീട് നേരിട്ട് സംസാരിച്ചപ്പോൾ ഞാൻ മനസ്സിലാക്കി, കാളിദാസനെ മാത്രമല്ല, ഷേക്സ്പിയറെയും അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹം നന്നായി അറിയാത്ത മേഖലകൾ ചുരുക്കം. ഭാരതത്തിലെ പ്രാചീന ആയുർവേദ ഭിഷഗ്വരന്മാർക്കൊപ്പം പടിഞ്ഞാറൻ നാട്ടിലെ ശ്രേഷ്ഠ സംഗീതജ്ഞരെ കുറിച്ചും നല്ല അറിവ്. ചലിക്കുന്ന വിജ്ഞാന കോശം എന്ന് തന്നെ പറയാം. മൊസാർട്ടിനെ കുറിച്ച് എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ പീറ്റർ ഷാഫറിന്റെ ‘Amadeus’ എന്ന നാടകത്തെ കുറിച്ച് പറഞ്ഞു. “അത് ഞാൻ അന്വേഷിച്ചു നടക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ” എന്റെ കയ്യിൽ ഉണ്ട്” എന്നു പറഞ്ഞ് ഞാൻ പുസ്തകം എത്തിച്ചു കൊടുത്തു. ആവശ്യം കഴിഞ്ഞ ഉടൻ അദ്ദേഹം അത് തിരിച്ച് തരികയും ചെയ്തു.
ഒരു ഡോക്ടർ എന്ന നിലയിലും ഡോ. വല്യത്താൻ അനുകരണീയമായ മാതൃകയായിരുന്നു. ആവശ്യമില്ലാത്ത ടെസ്റ്റുകളും മരുന്നുകളും ഒക്കെ അദ്ദേഹം ഒഴിവാക്കുമായിരുന്നു. ബാലേട്ടന്റെ ഒരു ബന്ധു ഒരിക്കൽ ഞങ്ങളെ ഫോണിൽ വിളിച്ചു. തൊട്ടടുത്ത വീട്ടിലെ ഒരു ചെറിയ പെൺകുട്ടിക്ക് ഹൃദയത്തിന് ഗുരുതരമായ അസുഖം ഉണ്ടെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും അല്ലെങ്കിൽ മരിച്ചുപോകുമെന്നും ഒരു പ്രശസ്ത ആശുപത്രിയിലെ പ്രശസ്തനായ കാർഡിയോളജിസ്റ്റ് പറഞ്ഞുവത്രേ. അതോടെ ആ കുടുംബം ആകെ തളർന്നു. അവർക്ക് ഡോക്ടർ വല്യത്താനെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം. മന്ന വഴി വിവരം അറിയിച്ചപ്പോൾ പിറ്റേദിവസം തന്നെ വന്നുകൊള്ളാൻ അദ്ദേഹം അനുവാദം നൽകി. അവർ തിരുവനന്തപുരത്ത് എത്തിയപ്പോൾ ഞങ്ങളുടെ വീട്ടിലാണ് ആദ്യം വന്നത്. മുഖത്ത് ഘനീഭവിച്ച ദുഃഖവും പേടിയുമായി ആരോടും മിണ്ടാതെ ചടഞ്ഞിരുന്ന ആ പെൺകുട്ടി ശ്രീചിത്രയിൽ നിന്ന് തിരികെ വന്നത് വിടർന്ന ചിരിയും ഉത്സാഹവും ആയിട്ടായിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം ഡോ. വല്യത്താൻ ചോദിച്ചുവത്രേ “ആരാണ് നിങ്ങളെ പേടിപ്പിച്ചത്? ഈ കുഞ്ഞിന്റെ ഹൃദയത്തിന് യാതൊരു തകരാറുമില്ല. ഒരു മരുന്നും ആവശ്യമില്ല.” ആ കുട്ടി ഇന്ന് രണ്ട് മക്കളുടെ അമ്മയായി സുഖമായി ജീവിക്കുന്നു.
താൻ ആദ്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്ത ആൾ ഇന്നും തന്നെ ആ വാർഷിക ദിനത്തിൽ വിളിക്കാറുണ്ട് എന്ന് ആർദ്രതയോടെ ഡോക്ടർ പല മീറ്റിങ്ങുകളിലും പറഞ്ഞിട്ടുണ്ട്. ‘മയൂരശിഖ’ എന്ന തന്റെ ജീവിതകഥയിലും അത് നമുക്ക് കാണാം. പണ്ഡിതയായ അമ്മയുടെ ശിക്ഷണം രൂപപ്പെടുത്തിയ ഭാഷയും സൗന്ദര്യബോധവും. മെഡിക്കൽ സയൻസിൽ മാത്രമല്ല സാഹിത്യത്തിലും സംഗീതത്തിലും ഉള്ള അവബോധം. അനീതികളോട് കുട്ടിക്കാലം മുതൽ തോന്നിയ അമർഷം. രാഷ്ട്രീയ നേതാക്കളോട്, അത് അച്യുതമേനോനായാലും കരുണാകരനായാലും, സൂക്ഷിച്ച സമദൂരസിദ്ധാന്തം, ഇതൊക്കെ വെള്ളായണിയിൽ വരുമ്പോൾ സംഭാഷണ വിഷയങ്ങൾ ആയിരുന്നു.
കേൾക്കുന്നവരെ ജ്ഞാനത്തിൽ ധനികരാക്കുന്ന സംഭാഷണങ്ങളായിരുന്നു അവ. ഒരിക്കൽ അച്ഛനുമായി ഭഗവദ് ഗീതയെക്കുറിച്ച് സംസാരിക്കുമ്പോൾ സ്ഥിതപ്രജ്ഞൻ എന്ന വാക്കിന്റെ, ആശയത്തിന്റെ അർത്ഥതലങ്ങളിലേക്ക് സംഭാഷണം തിരിഞ്ഞു. കേട്ട് നിന്നപ്പോൾ എനിക്ക് തോന്നി, ആ വാക്ക് ഡോ. വല്യത്താനാണ് ഏറ്റവും ചേരുക എന്ന്. അദ്ദേഹം തിരുവനന്തപുരം വിട്ട് മണിപ്പാലിലേക്ക് ചേക്കേറിയപ്പോൾ എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നിയിരുന്നു. എനിക്ക് നഷ്ടമായത് വിജ്ഞാനഖനികളായ ആ സംഭാഷണങ്ങൾ.
ലാളിത്യവും വിനയവും ആയിരുന്നു ഡോക്ടർ വല്യത്താന്റെ മുഖമുദ്രകൾ. ഡിസി ബുക്സ് നടത്തിയ അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിൽ ആശംസയുമായി ഞാനും ഉണ്ടായിരുന്നു. തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, “ചന്ദ്രികയെപ്പോലെ ഭാഷ നല്ലവണ്ണം സ്വാധീനത്തിലുള്ള ഒരാളുടെ മുന്നിൽ നിന്ന് പ്രസംഗിക്കാൻ എനിക്ക് സത്യം പറഞ്ഞാൽ സങ്കോചമുണ്ട്”. അദ്ദേഹത്തെക്കുറിച്ച് ഞാൻ പറയേണ്ട വാക്കുകൾ! വല്ലപ്പോഴും മാത്രം ഭൂമിയിൽ സംഭവിക്കുന്ന അത്ഭുതങ്ങളിൽ ഒന്നാണ് ഡോക്ടർ എം. എസ്. വല്യത്താനെ പോലെയുള്ള പുണ്യ ജന്മങ്ങൾ.