‘ഉയരങ്ങളിലെ സ്വര്‍ഗങ്ങളെ,
മേഘങ്ങളില്‍ നിന്ന് എന്റെ നീതി മഴയായി പെയ്തിറങ്ങട്ടെ.
ഭൂമി അതിന്റെ വിശാലത തുറന്നിടട്ടെ.
മോക്ഷം മുളച്ചു പൊങ്ങട്ടെ, ഒപ്പം നിത്യമായ നീതിയും.
എന്തെന്നാല്‍ ഇതിന്റെയെല്ലാം സൃഷ്ടാവ് നാഥനായ ഞാനാകുന്നു.’
തുടക്കം
ആദിയില്‍ മഴയുണ്ടായി. നിലയ്ക്കാത്ത മഴ. സഹസ്രാബ്ദങ്ങളോളം അതങ്ങനെ നിന്നു പെയ്തു. ഇരുട്ടിന്റെ പെയ്ത്ത്. കത്തുന്ന ഭൂമിയുടെ നെഞ്ചകം അത് തണുപ്പിച്ചു. പൊള്ളിയടര്‍ന്ന പ്രതലത്തില്‍ തണുപ്പാര്‍ന്ന ജലം നിറച്ചു. ഒടുവില്‍ ആദ്യകിരണം എത്തി നോക്കി. അപ്പോള്‍ ആ ജലപ്പെരുക്കത്തിലൂടെ, ഒരിലയില്‍ എന്ന പോലെ, ഒരു കുഞ്ഞു ജീവകണം തെന്നിത്തെറിച്ചും ഒഴുകിയും ചുഴികളില്‍ ഉലഞ്ഞും പോകുന്നത് കാണ്‍മാനായി. പിന്നെയും ശതകോടി വര്‍ഷങ്ങള്‍. മീനായും ആമയായും പന്നിയായും പാതിമനുഷ്യനായും പിന്നീട് പൂര്‍ണമനുഷ്യനുമായി പരിണമിച്ചു, ജീവന്‍.
അന്ത്യനാളിലും വരും, എല്ലാം വിഴുങ്ങുന്ന മേഘം. അരികു കൂര്‍ത്ത മിന്നലുകള്‍ ഭൂമിയെ കുത്തിമറിക്കും. പിറകെ പ്രളയമഴ. നിലയ്ക്കാത്ത മഴ, അത് നീതിമാനും അല്ലാത്തവനും മുകളില്‍ ഒരു പോലെ പെയ്തിറങ്ങും. നന്‍മ-തിന്‍മകളും പാപ-പുണ്യങ്ങളും പ്രളയജലത്തില്‍ ആണ്ടു പോകും. കറുപ്പും വെളുപ്പുമെന്ന അവസ്ഥകള്‍ തീരാപ്പെയ്ത്തില്‍ കലങ്ങിക്കലര്‍ന്ന് ഒന്നാകും.
‘സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളെ,
പാപത്തിനും പുണ്യത്തിനും മേല്‍ അവന്‍ സൂര്യനെ പ്രകാശിപ്പിക്കുന്നു.
നീതിമാന്‍മാര്‍ക്കും അല്ലാത്തവര്‍ക്കും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.’
ആദിക്കും അന്ത്യത്തിനുമിടയില്‍ ജീവിതവും ഇങ്ങനെ പല മഴക്കാലങ്ങളില്‍ മുളച്ചും തളിര്‍ത്തും മുങ്ങിയും താണും ഉയര്‍ന്നും ഒഴുകിയും നിശ്ചലമായും പിന്നെയും ഒഴുകിയും മുന്നോട്ട് പോകും. മനുഷ്യന്‍ പാപം ചെയ്യും. ചിലപ്പോള്‍ പശ്ചാത്തപിക്കും, അപൂര്‍വ്വമായെങ്കിലും അഗാധമായ തിരിച്ചറിവുകളിലൂടെ അതിജീവിക്കും. തെറ്റും ശരിയും ഏതെന്നറിയാതെ പകച്ചു പോകുന്നവരും വലിയ മഴക്കാലങ്ങളില്‍ കുടയില്ലാതെ നനയും. അത്തരം നില്‍പ്പുകളില്‍ നിത്യമായ നീതിയും അറ്റമില്ലാത്ത കരുണയും പിഞ്ഞിപ്പോകാത്ത സ്‌നേഹവും ഒരുവള്‍ക്ക് /ഒരുവന് വന്നു ചേരുന്നതിനെ നമുക്ക് അനുഗ്രഹം എന്ന് വിളിക്കാം. അമ്മ നെറുകയില്‍ ചുണ്ടമര്‍ത്തും പോലൊരു അനുഭവം. സാധാരണ മനുഷ്യര്‍ നിത്യവും അനുഭവിക്കേണ്ടി വരുന്ന ദുരിതപ്പെയ്ത്തില്‍ നിന്നുള്ള അതിജീവനം അവിടെ തുടങ്ങുകയായി. അത്തരമൊരു ജീവിതസത്യത്തിന്റെ നേര്‍സാക്ഷ്യമാണ് ‘ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’എന്ന സിനിമ.
കണ്ണീരും സ്‌നേഹവും കലരുന്നു. പുഴയും തോടുകളും ഒന്നാവുന്നു. വഴികള്‍ തെളിയുന്നു, പിന്നെ മങ്ങുന്നു. യാത്ര തുടരുകയാണ്. അതിന് നടുവില്‍ നിശ്ചലയാഥാര്‍ഥ്യമായി മരണം. അമ്മ- മകന്‍, അമ്മ- കുഞ്ഞ്… ഇവര്‍ ചെന്നുപെട്ട ദ്വീപ്. ചുറ്റും മഴ, പ്രളയജലം, ജീവിതമെന്ന കുത്തൊഴുക്ക്.
അന്തമറ്റ ചോദ്യോത്തരങ്ങള്‍, അനന്ത സാധ്യതകള്‍
ഇങ്ങനെ എത്രയെത്ര ചുഴികളില്‍ കറങ്ങിത്താഴ്ന്നാണ് മനുഷ്യാവസ്ഥ മുന്നോട്ടൊഴുകുന്നത്. ചിലപ്പോഴൊക്കെ, എല്ലാം കൈവിട്ടൊരു ഒഴുക്കായി മാറും, ജീവിതം. കര്‍മ്മങ്ങളുടെ വേലിയേറ്റവും ഇറക്കവും എവിടെയൊക്കെയോ കൊണ്ടെത്തിക്കും. സര്‍വ്വ വിശ്വാസങ്ങളും ഉറപ്പുകളും മഴപ്പെയ്ത്തില്‍ ഒഴുകിപ്പോകും. കര്‍മ്മവുമായി നാം മുഖാമുഖം വരും. ‘നീ നിന്നോട് നീതി ചെയ്‌തോ’ എന്ന ചോദ്യം ഉയരും. അവരവരോട് നീതി ചെയ്യാത്ത ഒരാള്‍ക്ക് എങ്ങിനെ മറ്റുള്ളവരോട് നീതി ചെയ്യാനാകും? മനുഷ്യന്റെ നീതിയും ദൈവത്തിന്റെ നീതിയും ഒന്നാണോ? കുറ്റവും ശിക്ഷയും ആരു വിധിക്കും? എന്താണ് ശരി? എന്താണ് തെറ്റ്?
മനുഷ്യന്‍ ഉണ്ടായ കാലത്തോളം പഴക്കമുള്ള ഈ ചോദ്യങ്ങള്‍ കുട്ടനാട്ടിലെ ഒരു ക്രിസ്തീയ കുടുംബത്തിലേക്ക് സന്നിവേശിപ്പിച്ചതാണ് ‘ഉള്ളൊഴുക്ക്’. മുന്നോട്ടു വെക്കുന്ന ചോദ്യങ്ങളാലും ഉത്തരങ്ങളാലുമാണ് ഈ ചലച്ചിത്രം വ്യത്യസ്തവും പ്രസക്തവും ആകുന്നത്.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ ഏത് സ്വത്വത്തിനും ചില സന്ധികളില്‍ ചില തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരും. അതു വരെയുള്ള വിശ്വാസങ്ങളും അറിവുകളും അഴിച്ചു വെച്ച് സത്യത്തെ മുഖാമുഖം കാണേണ്ടി വരും. സത്യവും കരുണയും കൈപിടിക്കുന്ന അപൂര്‍വ്വത. നേരിനെ നേരായി അംഗീകരിക്കുന്നതിന്റെ ധീരത. ഉര്‍വ്വശി അവതരിപ്പിച്ച ‘ലീലാമ്മ’യെന്ന അമ്മച്ചിയും പാര്‍വ്വതിയുടെ ‘അഞ്ജു’ എന്ന മരുമകളും കൈ പിടിച്ച്, ഇടുപ്പറ്റം വെള്ളത്തിലൂടെ നടത്തുന്ന ജീവിതയാത്രയുടെ സന്ദേശം ലളിതമനോഹരമാകുന്നത് ഇവിടെയാണ്. കരുണയുടെ തോണികള്‍ തണല്‍ തീരങ്ങളണയും. ജീവിത യാത്രയുടെ ഈ തുഴച്ചില്‍ ദൂരങ്ങളിലെവിടെയെക്കെയോ നമ്മുടെ നേരുകളൈയും വീഴ്ചകളെയും തിരിച്ചറിയാനുള്ള അവസരങ്ങളുമായി മുന്നിലെത്തും. അതിസാധാരണമായ രീതിയില്‍ ഈ അസാധാരണ സിനിമ മുന്നോട്ട് വെക്കുന്നത് അന്തമറ്റ ചോദ്യോത്തരങ്ങളുടെ അനന്ത സാധ്യതകളാണ്.
രണ്ടു പെണ്ണുങ്ങള്‍, പല ജലരാശികള്‍
മരണത്തില്‍ നിന്ന് ജീവന്റെ പുതുനാമ്പ് ഉയിര്‍പ്പു നടത്തണമെങ്കില്‍ സ്‌നേഹനദിയിലൂടെ, കണ്ണീര്‍ മഴയിലൂടെ ഏറെ മുങ്ങിത്താഴണം, പിന്നെ ഉയര്‍ന്നു താഴ്ന്ന് വീണ്ടും പൊങ്ങണം. ആ യാത്രയുടെ ആവേഗങ്ങളും ആവര്‍ത്തനവുമാണ് ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലാകെ. കണ്ണില്‍ നിന്ന് മറയില്ല, രണ്ടു പെണ്ണുങ്ങളും അവരുടെ പല ജലരാശികളില്‍ ഒഴുകിപ്പരന്ന് പിരിഞ്ഞൊന്നായ ജീവിതങ്ങളും.
തോരാമഴയില്‍ മുങ്ങിത്താഴുന്നൊരു ദേശം. സങ്കടപ്പെയ്ത്തിലും പാപങ്ങളുടെ ഇടിമിന്നലുകളിലും ഉഴലുന്ന രണ്ടു സ്ത്രീകള്‍. അവര്‍ക്ക് ചുറ്റും കുടുംബവും ബന്ധങ്ങളും ബന്ധനങ്ങളുമുണ്ട്. ഒപ്പം, ഇഷ്ടവും അനിഷ്ടവും നല്ലതും ചീത്തയുമെല്ലാമുണ്ട്. പാപവും മരണവും ശരിയും തെറ്റുമുണ്ട്. മതമുണ്ട്, പത്തു കല്‍പ്പനകളുണ്ട്, നേരും നെറിയും ബന്ധുവും സുഹൃത്തും ശത്രുക്കളും ഉണ്ട്. പള്ളിയുണ്ട്, നാടും നാട്ടാരുമുണ്ട്. പാപം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന ചരിത്ര പശ്ചാത്തലമുണ്ട്. വഴി മാറിയവരെ തിരികെയെത്തിക്കുന്ന മത-രാഷ്ട്രീയ ഗുണ്ടായിസത്തിന്റെ സമകാലമുണ്ട്. ഇങ്ങനെ അനേകം ഒഴുക്കുകള്‍ ചേര്‍ന്നൊഴുകുന്ന ഒരിടമാണ് ‘ഉള്ളൊഴുക്ക്.’
രോഗവും രോഗപീഡയും മരണവും ഭയവും അകത്തും പുറത്തുമുള്ള മൂന്ന് ജീവിതങ്ങള്‍ – ലീലാമ്മ എന്ന അമ്മച്ചി, മകനായ തോമസുകുട്ടി (അയാള്‍ നിത്യരോഗി, പിന്നീട് നിത്യനിദ്രക്ക് കാത്തിരിക്കേണ്ടി വരുന്ന ഒരു മൃതന്‍), തോമസുകുട്ടിയുടെ ഭാര്യ അഞ്ജു. പ്രണയമെന്ന് ധരിച്ച് അവള്‍ ചെന്നു പറ്റുന്നൊരു ചെറുപ്പക്കാരന്‍. അവന്റെ ജീവിതത്തില്‍, സ്‌നേഹവും ആസക്തിയും തന്‍േറടവും നിലപാടില്ലായ്മയും സ്വപ്‌നവും യാഥാര്‍ത്ഥ്യവും സ്വത്തിനോടുള്ള ആര്‍ത്തിയും സാമ്പത്തിക പ്രയാസങ്ങളും എല്ലാമുണ്ട്. പിന്നെ, കര്‍ത്താവിന്റെ മണവാട്ടിയായിട്ടും വിശ്വാസ നിയമങ്ങള്‍ക്കപ്പുറം ജീവിതത്തെ കാണാന്‍ പഠിച്ച സിസ്റ്റര്‍ ആന്റി, മകളുടെ ജീവിതം സാമ്പത്തിക – കുടുംബ ഭദ്രതക്ക് ബലി നല്‍കിയ അമ്മ, പതിവ് സാമൂഹിക രീതികളുടെ വേലിക്കെട്ടുകള്‍ വാശിയോടെ ഉറപ്പിക്കുന്ന അച്ഛന്‍, എന്തിനും ഏതിനും നാട്ടുനടപ്പിനെയും സ്വന്തം സൗകര്യത്തെയും കൂട്ടുപിടിക്കുന്ന പെങ്ങള്‍ – കുട്ടനാടിന്റെ മാറിലൂടെ ഈ മനുഷ്യര്‍ നടന്നും നീന്തിയും തുഴഞ്ഞും പോകുന്ന പല മുങ്ങിപ്പൊങ്ങലുകള്‍. അതാണ് ചുരുക്കത്തില്‍ ‘ഉള്ളൊഴുക്ക്’ എന്ന സിനിമ.
തിരിഞ്ഞൊഴുകുന്ന പുഴ, ജീവിതച്ചുഴികളുടെ പിയത്ത
അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്,
അന്യന്റെ ഭാര്യയെ മോഹിക്കരുത് ,
വ്യഭിചാരം അരുത്
( പുറപ്പാടിന്റെ പുസ്തകം)
അവന്‍ വ്യഭിചരിച്ചു. അന്യന്റെ ഭാര്യയുമായി മനസ്സും ഉടലും കൊരുത്തു വെച്ചു. അന്യന്റെ ഭാര്യയാകും മുന്‍പെ അവളെ മോഹിച്ചു. അതും കഴിഞ്ഞ് അന്യന്റെ വസ്തുക്കളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു, അതും അതിന്റെ ഉടമയായവന്‍ മരിച്ചതിന് തൊട്ടു പിറകെ. അവളോ? അവള്‍, വിവാഹേതര ബന്ധത്തില്‍ ആശ്വസിച്ചു. കള്ളം പറഞ്ഞു. പലതും മറച്ചു വെച്ചു. എന്നിട്ട് സ്വന്തം മനസ്സിലേക്കും ശരീരത്തിലേക്കും ഉറ്റുനോക്കി ഇറ്റു സ്വാതന്ത്ര്യവും സ്‌നേഹസുഖങ്ങളും തേടിപ്പോയി. അതില്‍ ഖേദിച്ചില്ല, പാപബോധം കൊണ്ട് ഉരുകിയില്ല. പങ്കാളിയുടെ ഇല്ലായ്മയാല്‍ പാതിവഴിക്ക് അറ്റുപോയ സാധാരണ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ അവള്‍ കരുത്തുകാട്ടി. അതേ സമയം, അവളുടെ ജീവിതം അപ്പാടെ മാറ്റിയേക്കാവുന്ന സത്യങ്ങള്‍ മൂടിവെക്കാന്‍ അമ്മയും ഭര്‍തൃമാതാവും മടിച്ചില്ല. പള്ളിയിലെ കൊച്ചച്ചനും അവളോട് സത്യം പറഞ്ഞില്ല. മരിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ പോലും ഭര്‍ത്താവ് അവളോട് മാരകരോഗവിവരങ്ങള്‍ തുറന്ന് പറഞ്ഞില്ല. എന്നിട്ടും രോഗപീഡയില്‍ വലയുമ്പോഴെല്ലാം അവള്‍ ഭര്‍ത്താവിനെ പരിചരിച്ചു, മരുന്നും ഭക്ഷണവും കൊടുത്തു, ചര്‍ദ്ദില്‍ തുടച്ചു, അരികില്‍ കിടന്നു, പേടി മാറ്റാന്‍ കൈകളില്‍ മുറുകെപ്പിടിച്ചു. അതിനിടെ, ആശ്വാസം തേടി ഇടക്കിടെ നദിക്കക്കരെ പ്രിയപ്പെട്ടവനെ അന്വേഷിച്ചു പോയി. ജലദേശങ്ങള്‍ മുറിച്ചു കടന്നുള്ള ആ പോക്കിനൊടുവില്‍ അവള്‍ മടങ്ങിയത് വയറ്റിലെ ജലരാശിയില്‍ ഒരു കുഞ്ഞുടലുമായിട്ടായിരുന്നു. അവളുടെ ഗര്‍ഭം അറിയും മുന്‍പ് ഭര്‍ത്താവ് മരിച്ചു.
മകന്റെ കുഞ്ഞിനെ ഹൃദയത്തില്‍ ചേര്‍ത്ത ലീലാമ്മ അത് മറ്റൊരാളുടെ കുഞ്ഞാണെന്ന് അറിയുന്നിടത്താണ് ഈ സിനിമയില്‍ നീതി ഒരു കഥാപാത്രമായി കടന്നു വരുന്നത്. അതു വരെ അസത്യവും പാതി സത്യവും നിറഞ്ഞാടിയ ജീവിതങ്ങള്‍ ഒന്നു നിശ്ചലമായി. വെള്ളം പൊങ്ങി. ഒപ്പം, കണ്ണീരും സംശയവും ഈര്‍ഷ്യയും കൂടി പൊങ്ങിപ്പരന്നു. തോമസുകുട്ടിയെ അടക്കാന്‍ കഴിയുന്നില്ല. നാടും വീടും സെമിത്തേരിയും വെള്ളത്തിനടിയില്‍. ജീവിതം സ്തംഭിച്ചു, എന്നാല്‍ അടിയൊഴുക്കുകളും പ്രളയവും ശക്തിയാര്‍ജിച്ചു. വഴി തെറ്റിയ കുഞ്ഞാടിനെ സമൂഹമെന്ന ബലിത്തറയില്‍ കുരുതി കൊടുക്കാന്‍ കളം ഒരുങ്ങി. അവിടെയാണ് യഥാര്‍ഥത്തില്‍ കഥയെന്ന പുഴ തിരിഞ്ഞൊഴുകിത്തുടങ്ങുന്നത്. ‘ഘര്‍വാപസി’യെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് കഥ വ്യത്യസ്ഥമാകുന്നതും ഇവിടെയാണ്.
മകന്റെ അടക്കം വൈകിപ്പിച്ചു പോലും മരുമകളുടെ മനസും തീരുമാനങ്ങളും മാറ്റാന്‍ ലീലാമ്മ ശ്രമിക്കുന്നു. മകന്റെ കുഞ്ഞല്ല മരുമകളുടെ വയറ്റില്‍ എന്നറിയാമായിരുന്നിട്ടും അവര്‍ മനസിന്റെ വാതിലുകള്‍ അടച്ചിടാതെ കാത്തു നിന്നു. പ്രണയിച്ചവനൊപ്പം പോകുമെന്ന വാശിയില്‍ നില്‍ക്കുന്ന മരുമകളെ ചെറുപ്പത്തിനെ എല്ലാവരും എതിര്‍ത്തപ്പോഴും ലീലാമ്മ ഉറപ്പോടെ, സൗമ്യമായി, ശാന്തമായി അവളെ ഉള്ളിലേക്ക് എടുത്തു. അപ്പോള്‍ മുതല്‍ ലീലാമ്മ അവരായി മാറുകയാണ്, സമൂഹവും കുടുംബവും മതവും ചാര്‍ത്തിക്കൊടുത്ത സര്‍വ്വതും അഴിച്ചു വെക്കുകയാണ്. അവര്‍ യാഥാര്‍ഥ്യങ്ങള്‍ കണ്ടു, കേട്ടു, തിരിച്ചറിഞ്ഞു. ഇനി ചെയ്യേണ്ടത് ശരിയായി തന്നെ ചെയ്യാമെന്ന് ഉറപ്പിച്ചു. ബഹളവും അലറിക്കരയലും പൊട്ടിത്തെറിയും ഇല്ല. എല്ലാ പ്രതികരണങ്ങളും ചെയ്തികളും ഒരു അണ്ടര്‍സ്റ്റേറ്റ്‌മെന്റ് പോലെ അതിന്റെ ശക്തിയാര്‍ജിച്ചു. കുടുംബ കല്ലറ വേണ്ട. നഗരത്തിലെ സെമിത്തേരി മതി മകനെ അടക്കാന്‍ എന്ന് പറയുമ്പോള്‍ സങ്കടക്കടലിനും മീതെ പ്രായോഗികതയുടെ വള്ളം ഇറക്കി ആ അമ്മ. അനന്തമായ ഓളപ്പരപ്പിലൂടെ മരുമകളെ ഒപ്പം നിറുത്തി, പ്രാര്‍ഥന ഉരുവിട്ട്, ബന്ധുക്കള്‍ക്കും വികാരിക്കും ഒപ്പം മകന്റെ ശരീരവും പിറക്കാത്ത കുഞ്ഞിന്റെ സാന്നിധ്യവുമായി വള്ളത്തിലേറി പോകുന്ന ഒരൊറ്റ സീന്‍ മതി ഈ ചലച്ചിത്രത്തിന്റെ ഉള്ളാഴങ്ങള്‍ തിരിച്ചറിയാന്‍. എന്തൊരു യാത്രയാണത്!
പിയത്തയെ ഓര്‍മ്മിപ്പിക്കുന്നു ഈ സങ്കട യാത്ര. ഉള്ളില്‍ ജീവിതച്ചുഴികള്‍. പുറമെ പ്രളയജലം. മരുമകളുടെ വയറ്റിലെ ജീവജലത്തില്‍ കുഞ്ഞനക്കങ്ങള്‍. മരണത്തിന്റെ ജലരാശിയില്‍ തണുപ്പു പുതച്ച് തോമസുകുട്ടി. എന്തെന്നും ഏതെന്നുമറിയാത്ത അനിശ്ചിതത്വങ്ങളുടെ, നിസ്സഹായതയുടെ പുഴയായി ലീലാമ്മ. മഴ നനഞ്ഞു കുതിര്‍ന്ന സംസ്‌ക്കാര ശുശ്രൂഷയ്ക്കിടെ എപ്പോഴോ ആവാം കരുണയുടെ കടലായ അവര്‍ ‘പുനരുത്ഥാനവും ജീവനും ഞാനാകുന്നു’ എന്ന നിത്യസത്യം തിരിച്ചറിഞ്ഞിരിക്കുക. ചെറുപ്പത്തില്‍ ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് കുഞ്ഞുങ്ങളുടെ കൈ പിടിച്ച് കുട്ടനാട്ടിലെ വെള്ളവും ചെളിയും നീന്തിക്കയറിയ ഉറപ്പിന്റെ, രാത്രികളില്‍ ഉറക്കം അകന്നു പോയപ്പോള്‍ ‘ഈശോയേ ഈശോയേ’ എന്നു വിളിച്ചു കൊണ്ട് ചൊല്ലിത്തീര്‍ത്ത കൊന്തയുടെ പുണ്യത്തിന്റെ ആകെത്തുകയാണ് ജീവിതം എന്ന സത്യത്തിന് മുന്നിലെ ലീലാമ്മയുടെ ശാന്തമായ തലകുനിക്കല്‍. സഹനവും സ്‌നേഹവുമാണ് അതിജീവനമെന്ന പൊരുള്‍ അവരില്‍ നിറയുന്നത് അങ്ങനെയാണ്.
ജീവിതത്തിന്റെ കൈരേഖ, മാനസാന്തരത്തിന്റെ പാത
ലീലാമ്മ ഒറ്റയ്ക്കായിരുന്നില്ല. സമാന്തര രേഖയില്‍ മാനസാന്തരം മറ്റൊരു മനസ്സിനെ കൂടി മാറ്റിമറിക്കുന്നുണ്ടായിരുന്നു. ഇനിയൊരിക്കലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചു വരില്ലെന്ന് ആണയിട്ട അഞ്ജുവിന്റെ ജീവിതം പുതിയ തിരിച്ചറിവുകളില്‍ ആടിയുലയുകയായിരുന്നു. കാമുകനായിരുന്നു അവളുടെ പാഠപുസ്തകം. സെമിത്തേരിയുടെ ഓരത്ത് വെച്ച് സംസാരിക്കുമ്പോള്‍ അയാള്‍ അവളെ പഠിപ്പിച്ചത് ജീവിതത്തെക്കുറിച്ച് അവളതു വരെ പഠിക്കാത്ത സത്യങ്ങളായിരുന്നു. പണവും സ്വത്തുമില്ലാതെ എങ്ങിനെ ജീവിക്കുമെന്ന അയാളുടെ ചോദ്യത്തിന് മുന്നില്‍ നിന്ന് തിരിഞ്ഞു നടക്കുക മാത്രമായിരുന്നു അവളുടെ ഗതി. ഒരു വ്യക്തിക്ക്, ഒരു പെണ്ണിന് ജീവല്‍ പ്രധാനമായിരുന്നു ആ തിരിഞ്ഞു നടപ്പ്. അതൊരു തിരിച്ചു പിടിക്കലാണ്, മടക്കയാത്രയല്ല. തന്റെ വയറ്റിലെ കുഞ്ഞിനെ, നീതിയെന്ന രൂപരഹിത സാന്നിധ്യത്തെ, ആത്മാഭിമാനത്തെ, പിന്നെ കലവറയില്ലാത്ത സ്‌നേഹത്തെയും കരുണയെയും അവള്‍ തിരികെപ്പിടിച്ചു. അവ്യക്തവും ഭീതിതവുമായ നാളെയില്‍ നിന്ന് ഇന്നിന്റെ ശരിയിലേക്ക് അവള്‍ തിരിച്ചുനടന്നു.
രണ്ടു പെണ്ണുങ്ങള്‍ മടങ്ങുകയാണ് ജീവിതത്തിലേക്ക്, ജീവജലത്തിലേക്ക്, ഒരു പിറവിയുടെ പ്രതീക്ഷയിലേക്ക്.
അസാമാന്യ കൈയ്യൊതുക്കമുള്ള തിരക്കഥയാണ് ‘ഉള്ളൊഴുക്കിന്റെ’ നട്ടെല്ല്. കുട്ടനാടിന്റെ ചെളിയും വെള്ളവും ഭാഷയും മനുഷ്യരും ക്യാമറയിലൂടെ വന്ന് തിരക്കഥയ്ക്ക് ജീവന്‍ നല്‍കി. ദൈവവും നീതിയും മരണവും പത്തു കല്‍പ്പനകളും പുതുപിറവിയും വാക്കിലും നോക്കിലും നിശ്ശബ്ദ സാന്നിധ്യമായി ഓരോ ഫ്രെയിമിലും നിറഞ്ഞു. എന്നാൽ മതപരമോ, സാമൂഹികമോ ആയ ഒരു പ്രസ്താവനയോ ബിംബമോ ഈ ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നില്ല. ആന്തരികമാണ് അതിന്റെ നില്‍പ്പ്. സര്‍വ്വതിലും മതം നിറഞ്ഞ ജീവിത പരിസരങ്ങളില്‍ ഈ കൈയ്യൊതുക്കം മറ്റൊരു സന്ദേശമാണ് നല്‍കുന്നത്.
പെണ്ണുങ്ങളുടെ ഉള്‍ക്കരുത്തും മൃദുലതയും ആഴവും കാണിച്ചു തന്നു, ഉര്‍വ്വശിയും പാര്‍വ്വതിയും. വീണ്ടും വീണ്ടും ക്രിസ്തുവിലേക്ക് അടുപ്പിച്ചു, സംവിധായകന്‍ ക്രിസ്റ്റോ ടോമി. അക്ഷരങ്ങളോടുള്ള അഗാധമായ ബഹുമാനമുള്ള ഒരാള്‍ക്ക് മാത്രം കഴിയാവുന്ന വിധം അക്ഷരത്തെ ദൃശ്യഭാഷയിലേക്ക് പകര്‍ത്തി, ക്യാമറാമാന്‍ ഷെഹനാദ്.
പുഴ മുതല്‍ പുനര്‍ജനി വരെ
പ്രകൃതി (മഴ, പുഴ, പ്രളയം) ഇത്രത്തോളം നിറഞ്ഞു നില്‍ക്കുന്ന ഒരു സിനിമ അടുത്തൊന്നും മലയാളത്തില്‍ കണ്ടിട്ടില്ല. പ്രകൃതി ഇതിലൊരു കഥാപാത്രം. ഇരുണ്ട, പെയ്യുന്ന അന്തരീക്ഷം, വലിയ ജലപ്പരപ്പ്, തുരുത്ത് പോലുള്ള ഒറ്റപ്പെടല്‍, ഉള്ളാലെ ദ്വീപുകള്‍ പോലെ കഴിയുന്ന മനുഷ്യര്‍, കാഴ്ചക്കാരായി സമൂഹം. പേടിപ്പെടുത്തിയും എല്ലാം മാറ്റിമറിച്ചും അഭയമായും സ്വാന്തനമായും നിറയുന്ന മഴ. ശരിയും തെറ്റും, മരണവും അതിജീവനവും പാപവും പുണ്യവും എല്ലാം ഒന്നാണോ എന്ന് തോന്നിപ്പിക്കുന്ന പ്രകൃതിയുടെ വിലയനം.
അതിലും ശക്തമാണ് അമ്മയും മകളുമായുള്ള അഞ്ജുവിന്റെയും ലീലാമ്മയുടെയും ഒന്നിക്കല്‍. സ്വന്തം അമ്മയോടില്ലാത്ത വിധം അഞ്ജുവിന് ലീലാമ്മയെ മനസ്സിലാവുന്നു. മകളോടാവാത്ത വിധം ലീലാമ്മക്ക് മരുമകളെ അംഗീകരിക്കാനാവുന്നു. ഭര്‍തൃഗൃഹവും അമ്മായിയമ്മ-മരുമകള്‍ എന്ന സവിശേഷബന്ധവും എല്ലാം മഴപ്പെയ്ത്തില്‍ മായുന്നു. സങ്കടക്കടലില്‍ നിന്ന് മുങ്ങിപ്പൊങ്ങുമ്പോള്‍ ശേഷിക്കുന്നത് അമ്മയും മകളുമെന്ന രണ്ടു പെണ്ണുങ്ങള്‍, ഏറെ സഹിച്ചവര്‍, പൊരുതുന്നവര്‍, ഇനിയും സഹിക്കാനും പൊറുക്കാനും കെല്‍പ്പുള്ളവര്‍.
‘ഉള്ളൊഴുക്ക്’ കണ്ടുകണ്ടിരിക്കെ ഉള്ള് ഒഴുകിപ്പോയി. കണ്ണും മനസ്സും നിറഞ്ഞ് തുളമ്പി. ആന്തരികമായ ഉള്ളൊഴുക്കുകള്‍ സ്ത്രീയെന്ന നിലയില്‍ നിറുത്തി വിറപ്പിച്ചു, വേദനിപ്പിച്ചു. ലീലാമ്മയും അഞ്ജുവും കൂടി മനസ്സിനെയാകെ വലിച്ചു കീറിക്കളഞ്ഞു. മഴ പിന്നെയും പിന്നെയും പെയ്തു. പാപവും പുണ്യവും തെറ്റും ശരിയും മരണവും ജീവിതവും നിന്നു നനഞ്ഞു. രണ്ട് പെണ്‍ ജീവിതങ്ങള്‍ പുഴയായി, മഴയായി, കണ്ണീരായി, ഗര്‍ഭാശയത്തിലെ അമ്‌നിയോട്ടിക്ക് ഫ്‌ളൂയിഡായി, പുനര്‍ജനിയായി.
ഒടുക്കം
ഒടുക്കം തുറന്നു കിടന്ന ആ കല്ലറയുടെ വാതുക്കല്‍ അവര്‍ നിന്നു കരഞ്ഞു. ആദിമമായ ഒരു നിലവിളി. ഭൂമിയുടെ അന്തരാളങ്ങളില്‍ നിന്നെന്ന പോലെ അത് ആര്‍ത്തലച്ചു പൊങ്ങിപ്പരന്നു. ദിക്കുകള്‍ സ്തംഭിച്ചു. കാറ്റ് നിശ്ചലമായി. രണ്ട് മാലാഖമാര്‍ മാത്രം അവിടെ കാണപ്പെട്ടു.
അവള്‍ കരഞ്ഞു കൊണ്ട് ചുറ്റും നോക്കി. അല്‍പ്പം അകലെ ഒരാള്‍ നില്‍ക്കുന്നു. അയാള്‍ ചോദിച്ചു
‘സ്ത്രീയെ നിങ്ങള്‍ എന്തിന് കരയുന്നു? ആരെയാണ് നിങ്ങള്‍ തിരയുന്നത്?’
അയാള്‍ അവിടുത്തെ തോട്ടക്കാരനെന്നു കരുതി അവള്‍ പറഞ്ഞു.
‘താങ്കള്‍ അദ്ദേഹത്തെ എടുത്തു കൊണ്ട് പോയെങ്കില്‍ പറയൂ, എവിടെ വെച്ചു ആ ശരീരം? ഞാന്‍ പോയി കൊണ്ടു വരാം’
അയാള്‍ വിളിച്ചു: ‘മറിയം’
അവര്‍ കരഞ്ഞു കൊണ്ട് അയാളെ നോക്കി, എന്നിട്ട് ഉറക്കെ വിളിച്ചു
‘ഗുരോ’
‘എന്നെ പിടിച്ചു വെക്കാതിരിക്കുക, എന്തെന്നാല്‍ ഞാന്‍ പിതാവിന്റെ അടുത്തേക്ക് ആരോഹണം ചെയ്യുകയാണ്. പോകുക, നീ പോയി പറയൂ എന്റെ സഹോദരങ്ങളോട് – ഞാന്‍ എന്റെയും നിങ്ങളുടെയും പിതാവിന്റെ സമീപത്തേക്ക് പോകുന്നു, എന്റെയും നിങ്ങളുടെയും ദൈവത്തിലേക്ക് പോകുന്നു.’
മഗ്ദലേനിലെ മറിയം ശിഷ്യന്‍മാരുടെ സമീപത്തേക്ക് ഓടി.
‘ഞാന്‍ നാഥനെ കണ്ടു’ – അവന്‍ പറഞ്ഞത് അവള്‍ അവരോട് പറഞ്ഞു.
എല്ലാ ഉയിര്‍പ്പുകള്‍ക്കും സ്തുതി.