കെ.സുരേന്ദ്രൻ| ഫയൽ ഫോട്ടോ:
സി.സുനിൽകുമാർ, മാതൃഭൂമി
കോഴിക്കോട്: സ്വർണക്കള്ളക്കടത്ത് കേസ് സിപിഎം നേതാക്കളിലേക്ക് തിരിയുമ്പോൾ അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്ക് കൊടകര കേസിൽ ഹാജരാവാൻ നോട്ടീസ് നൽകിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തനിക്കെതിരെ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് കേസുകളെല്ലാം ഇപ്പോൾ നേരെ എത്തുന്നത് സിപിഎം നേതാക്കളിലേക്കാണ്. അർജുൻ ആയങ്കി പറയുന്നത് കൊടി സുനിയാണ് ഇതിനൊക്കെ പിന്നിൽ ആണെന്നാണ്. കൊടി സുനിയാണ് പിന്നിലെങ്കിൽ ഇതെല്ലാം ചെയ്യുന്നത് എകെജി സെന്ററാണെന്ന് ഉറപ്പായി.
സ്വർണക്കള്ളക്കടത്തിന്റെ പൂർണമായ വിവരങ്ങൾ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്ക് നോട്ടീസ് അയച്ചത്. കേസുകളെ കണ്ട് ഒളിച്ചോടുന്നവരല്ല ബിജെപി നേതാക്കൾ. കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും നിയമവാഴ്ചയോട് സഹകരിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഒന്നും മറച്ചുവെക്കാനില്ലെന്ന് ആദ്യം മുതൽ പറഞ്ഞിട്ടുണ്ട്.
സിപിഎം നേതാക്കളുടെ താൽപര്യം സംരക്ഷിക്കാൻ ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയാണ്. എന്നാൽ വിളിച്ചുവരുത്തുന്നതിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. ആസൂത്രിതമായ നീക്കമാണ് സിപിഎം പോലീസിനെ ഉപയോഗിച്ച് നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
താൻ ഇത്തരം കള്ളക്കേസുകൾ ഗൗരവമായി എടുക്കുന്നില്ല. എന്നാൽ ബിജെപി ഇതിനെതിരെ നിയമപരമായി നേരിടും. താൻ എത്രയോകേസുകൾ കണ്ടിട്ടുണ്ട്. കേസ് വരും പോകും. പൊതുപ്രവർത്തനജീവിതത്തിൽ ഇതൊക്കെ പലതവണ കണ്ടിട്ടുണ്ട്. ഇതിനേക്കാൾ വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയിൽ പോയിട്ടില്ല.സുരേന്ദ്രൻപറഞ്ഞു.
ചോദ്യം ചെയ്യാൻ വിളിച്ചതിന് പറഞ്ഞ സമയത്ത് തന്നെ ഹാജരാവണമെന്ന് ഒരു നിയമവുമില്ല. എപ്പോൾ ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ല. ഈ കേസിൽ പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കൊടകര കുഴൽപ്പണക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കെ. സുരേന്ദ്രന് നേട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.