കുഞ്ഞുന്നാളിൽ എനിക്ക് ജപ്പാൻ ജനറൽ നോളജ് ക്ലാസ്സിലെ ‘ഉദയസൂര്യന്റെ നാടേത്’ എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമായിരുന്നു.കുറച്ചുകൂടി മുതിർന്നപ്പോൾ ആറ്റം ബോംബ് തകർത്ത ഹിരോഷിമാ, നാഗസാക്കി എന്ന നഗരങ്ങളും അവിടുത്തെ സ്വസ്ഥത കളയുന്ന കഥകളുമായി മാറി ഈ രാജ്യം.
ഇടയ്ക്കിടെ പത്രത്തിൽ വരുന്ന ‘ജപ്പാനിൽ ഭൂചലനം ‘ എന്ന വാർത്ത ദൂരെയെവിടെയോ നടക്കുന്ന സംഭവത്തോട് സ്വഭാവികമായി പുലർത്തുന്ന നിസ്സംഗതയോടെയാണ് വായിച്ചിരുന്നത് എങ്കിലും റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ കോബെയിലെ ആ ഭൂമികുലുക്കത്തിന്റെ വാർത്തയും പടങ്ങളും അന്നത്തെ മനോരമ പത്രത്തിന്റെ മുൻ പേജിൽ വായിച്ചത് എന്തുകൊണ്ടോ ഇപ്പോഴും കൂടെ തന്നെയുണ്ട്.
ആദ്യമായിട്ട് ഒരു ജാപ്പനീസ് കുട്ടിയെ കാണുന്നത് സി ഡി എസ്സിൽ പഠിക്കുമ്പോഴാണ്.നേർത്ത ശബ്ദത്തിൽ, വളരെ വിനയത്തിൽ സംസാരിക്കുന്ന ഒരു കോലൻ മുടിക്കാരി! എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി വന്ന ആ കുട്ടിയെ പൊന്മുടിയിൽ ഒരു പേപ്പർ ഫാക്ടറി കാണിക്കാൻ കൊണ്ടുപോയത് ഓർമ്മയുണ്ട്.
ഷിക്കാഗോയിൽ ജാപ്പനീസ് കടകൾ അന്വേഷിച്ച് അലഞ്ഞുനടന്നത് കുട്ടികളുണ്ടായതിനു ശേഷമാണ്. അമേരിക്കൻ കടകളിൽ കിട്ടുന്നത് ഒരു ഭംഗിയും പകിട്ടുമില്ലാത്ത മഞ്ഞ നിറത്തിലുള്ള വരണ്ട ‘എച്ച് ബി’ പെൻസിലുകൾ. അതു വയ്ക്കുന്നതിന് കിട്ടുന്ന പ്ലാസ്റ്റിക് പൗച്ചുകളാണെങ്കിലോ?മുഷിഞ്ഞ കറുപ്പോ നീലയോ നിറത്തിൽ, മഞ്ഞ എച്ച് ബി പെൻസിലിനെക്കാൾ, പരുക്കൻ പൗച്ചുകൾ! സ്നേഹത്തോടെ പിന്നെയും പിന്നെയും തുറന്നുനോക്കാനും, തൊട്ടുതലോടാനും തോന്നിപ്പിക്കുന്ന, ഓമനത്തമുള്ള പൂച്ചകുട്ടികളും,പൂക്കളും, പഴങ്ങളും ചിതറികിടക്കുന്ന പെൻസിലും, പെൻസിൽബോക്സും, സ്കൂൾ ബാഗും വാങ്ങണമെങ്കിൽ ജാപ്പനീസ്, കൊറിയൻ കടകൾ തന്നെയായിരുന്നു ശരണം.
പിന്നീടെപ്പോഴൊ മുറകാമിയുടെ നാടായി എനിക്ക് ജപ്പാൻ. മുറകാമിയുടെ ‘സ്ലീപ്പ്’ എന്ന കഥ വായിച്ച് അതിലെ ഭാര്യ ഞാൻ തന്നെയല്ലെ എന്ന് അത്ഭുതപ്പെട്ട് അക്കഥ കുറഞ്ഞത് ഒരു ഇരുപതുതവണയെങ്കിലും വായിച്ചു കാണണം.
ഭർത്താവുറങ്ങി എന്ന് ഉറപ്പാകുമ്പോൾ ശബ്ദം കേൾപ്പിക്കാതെ എഴുന്നേറ്റ് പോയി ബ്രാണ്ടി സിപ്പ് ചെയ്ത്, സ്ട്രോബറി കഴിച്ചുകൊണ്ട് ‘അന്നാ കരേനീന’ വായിക്കുന്ന, പേരില്ലാത്ത ഭാര്യ ഞാൻ തന്നെയായിരുന്നു. ബ്രാണ്ടിക്ക് പകരം സ്പാർക്ക്ളിങ് വൈനും, സ്ട്രോബറിയ്ക്ക് പകരം കശുവണ്ടിയുമാണ് കൊറിച്ചതെന്ന വ്യത്യാസം മാത്രം. വായിച്ചത് ‘അന്നാ കരെനീനാ’ തന്നെ!
ആവേശത്തോടെ മുറകാമിയെ തേടി ലൈബ്രറിയിൽ തിരഞ്ഞു നടന്ന എന്റെ കൈയിൽ ഇത്തവണ കിട്ടിയത് ‘നോർവീജിയൻ വുഡ്സ്’. രണ്ട് മില്ല്യൻ കോപ്പികളിൽ കൂടുതൽ വിറ്റഴിഞ്ഞു എന്ന് പറയപ്പെടുന്ന ഈ നോവൽ എനിക്ക് ദഹിച്ചതേയില്ല. അതു വായിച്ച് എനിക്ക് തലയ്ക്ക് വട്ടു പിടിച്ചത് പോലെ. എനിക്ക് പറ്റിയത് മുറകാമിയുടെ ചെറുകഥകൾ തന്നെ എന്ന തിരിച്ചറിവ് തന്നു ആ നോവൽ.
“മുറകാമിയുടെ കഥാപാത്രങ്ങൾ എന്തുകൊണ്ട് പിസ്സയും പാസ്റ്റയും സ്റ്റേയ്ക്കും കഴിക്കുന്നു, എല്ലാ ഫിറ്റ്സ്ജെറാൾഡിനെയും, റൊസ്സീനിയെയും കേൾക്കുന്നു?” എന്ന് ന്യൂയോർക്കറിൽ ജോഷ്വാ റോത് മാൻ (Joshua Rothman) ചോദിച്ച അതേ ചോദ്യം എന്റെ ഉള്ളിലും വന്നു.
എന്റെ ഇഷ്ടപ്പെട്ട കഥ സ്ലീപ്പിലെ (The Sleep) നായിക കുടിക്കുന്നത് ഫ്രഞ്ച് കോനിയ (French Cognac). ജപ്പാനിൽ നല്ല വീര്യം കൂടിയ സാകെ കിട്ടുമ്പോൾ അതുകുടിക്കാതെ റെമി മാർട്ടിൻ (കോനിയ) കുടിക്കുന്നതു കണ്ട് കഥയുടെ പശ്ചാത്തല നഗരമേതെന്ന് ഒരു അരിച്ച് പിടിച്ച് പരിശോധിക്കൽ ഞാൻ നടത്തി. അങ്ങനെ മുറകാമി കഥകളെ നുള്ളി കീറി പരിശോധിച്ച്, അതിലെത്ര ശതമാനം ജപ്പാനുണ്ടെന്ന് നോക്കുമ്പോൾ അമേരിക്ക കൂടുതലുള്ള ‘ബറ്റാകുസൈയ്’ കഥകളാണ് മുറകാമി എഴുതുന്നത് എന്ന് അതേ ലേഖനത്തിൽ വായിച്ചത് ഓർത്തു. പ്രാദേശികത കുറവുള്ളതു കൊണ്ടാണോ മുറകാമി കഥകൾക്ക് ഇന്റർനാഷണൽ അപ്പീൽ കൂടുതൽ വന്നത്? എന്തെങ്കിലും ആവട്ടെ ‘സ്ലീപ്പ്’ എന്ന് ഒറ്റ കഥകൊണ്ട് മുറകാമിയെന്നെ തൊട്ടു.
ഇത്രയും പറഞ്ഞത് ഞങ്ങൾ ജൂണിൽ നടത്തിയ ജപ്പാൻ യാത്രയെകുറിച്ച് പറയാനാണ്.
ജപ്പാൻ കണ്ടേ മതിയാകൂ എന്ന കലശലായ ആഗ്രഹം ഉള്ളിൽ കയറിയത് ആമിയുടെ ആത്മസുഹൃത്തായ നിയോറി ഇടയ്ക്കിടെ വീട്ടിൽ വന്ന് താമസിക്കാൻ തുടങ്ങിയപ്പോഴാണ്. ആമിയുടെ സുഹൃത്തുക്കളായ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് ‘ഹോം എവേ ഫ്രം ഹോം’ ആയിരുന്നു ഞങ്ങളുടെ വീട്.
അവധി ദിവസങ്ങളിൽ പാക്കിസ്താൻ, ജോർദാൻ, ടുനീഷ്യ, നേപ്പാൾ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഞങ്ങളുടെ വീട്ടിൽ ഒത്തൊരുമയോടെ ഒരുമിച്ച് ഉണ്ടു, ഉറങ്ങി. വീട്ടിൽ നോമ്പ് തുറന്നു. നിസ്‌ക്കരിക്കാൻ സ്പെഷ്യൽ മാറ്റ് പുതുതായി വാങ്ങി. ഹലാൽ ഭക്ഷണം, ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം, സീഫുഡ് വിഭവങ്ങൾ ഒക്കെ വച്ച് ഈ രാജ്യങ്ങൾ ഞങ്ങളോടൊപ്പം താങ്ക്സ്ഗിവിംഗും, ക്രിസ്മസ്സും ഒക്കെ ആഘോഷിച്ചു. നിയോറിക്കുവേണ്ടി ആർലിംഗ്ടൺ ഹൈറ്റ്‌സ് റോഡിലെ മിറ്റ്സുവായിൽ കയറി എന്തു വാങ്ങണമെന്നറിയാതെ അന്തം വിട്ട് നിന്നു. എന്തായാലും നിയോറിയുടെ നാട് എന്ന ചിന്ത മാത്രം മതിയായിരുന്നു കാണാത്ത ജപ്പാനെ സ്നേഹിച്ചുതുടങ്ങാൻ.
ആദ്യമായിട്ട് പോകുന്നതല്ലെ. ഒത്തിരി സ്ഥലങ്ങളിൽ പോകാതെ , ടോക്യൊ, കിയൊട്ടൊ എന്നീ രണ്ടു സ്ഥലങ്ങൾ മാത്രം മതി എന്ന് നിശ്ചയിച്ചു. ടിക്കറ്റ് എടുത്തു. ഓരോരുത്തരും അവരവർക്ക് ചെയ്യാനുള്ളതിന്റെ ലിസ്റ്റ് തയാറാക്കി. ഭർത്താവിന് ടോക്യോയിലെ ഫിഷ്മാർക്കറ്റിൽ പോകണം.
ആമിക്ക്, ടോക്യോയിൽ വഴിയോര ഭക്ഷണം കിട്ടുന്ന സ്ഥലത്ത് പോയി റാമണും ഊഡോൺ നൂഡിൽസും കഴിക്കണം. ഡിസ്നിലാന്റിൽ പോകണം. കിയൊട്ടോയിലെ ആയിരം കവാടങ്ങളുള്ള ക്ഷേത്രത്തിൽ പോകണം.
മിയക്ക്, ടോക്യോയിലെ സ്റ്റേഷനറികടയിൽനിന്ന് പേന, പെൻസിൽ തുടങ്ങിയ ലൊട്ടുലൊടുക്ക് സാധനങ്ങൾ വാങ്ങണം. ജാപ്പനീസ് മോചിയും, ഒനീഗരിയും, മാച്ചയും, ബേക്കറി സാധനങ്ങളും കഴിക്കണം. കിയോട്ടോയിലെ ബാംബൂ ഗാർഡനിൽ പോകണം.
എനിക്ക്, ഹാച്ചികോയുടെ പ്രതിമ കാണണം, കിമോണോ ഇട്ട് വെറുതേ നടക്കണം, ടീ സെറിമണി ചെയ്യണം.
ഇതെല്ലാം ഉൾക്കൊള്ളിച്ച് ഒരു ഐറ്റിനറി തയ്യാറാക്കി. നെരീറ്റാ എയർപ്പോർട്ടിൽ നിന്ന് ഏകദേശം ഒരുമണിക്കൂർ ഉണ്ടായിരുന്നു ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിലേയ്ക്ക്. ഏതുരാജ്യവും ആദ്യമായി കാണുമ്പോൾ തോന്നുന്ന ആവേശവും കൗതുകവും തുളുമ്പുന്ന മനസ്സോടെയാണ് ഞങ്ങൾ ടാക്സിയിൽ കയറിയത്.
പെട്ടികളെല്ലാം വളരെ ശ്രദ്ധയോടെയും ചിട്ടയോടെയും പുറകിൽ അടുക്കി, ഞങ്ങൾ വണ്ടിയ്ക്കുള്ളിൽ കംഫർട്ടബിൾ ആയി ഇരുന്നോ എന്ന് ശ്രദ്ധിച്ച്, ഏസിയുടെ തണുപ്പ് പാകത്തിനാണെന്ന് ഉറപ്പ് വരുത്തി ജാപ്പനീസ് ഡ്രൈവർ ഏറ്റവും വിനയത്തോടെ വന്ന് ഡ്രൈവർ സീറ്റിലിരുന്നു. ഇതിനിടയിൽ ചുരുങ്ങിയത് മൂന്ന് കുമ്പിടലെങ്കിലും നടത്തിയിട്ടുണ്ടാവണം. ആദ്യാനുഭവമായതുകൊണ്ട് ഞങ്ങളും വിട്ടുകൊടുത്തില്ല. മറുപടികുമ്പിടൽ ഞങ്ങളും നടത്തി. ഇനിയങ്ങോട്ട് ജപ്പാനിൽ കഴിയുന്ന പതിമൂന്നു ദിവസവും പാലിക്കേണ്ട മര്യാദകളിലൊന്നാണ് ഈ തല കുമ്പിടൽ എന്ന് ഒരേകദേശ ധാരണ ഇമിഗ്രേഷൻ കൗണ്ടർ മുതൽ കിട്ടിയിരുന്നതുകൊണ്ട് ഞങ്ങൾ ഒരുങ്ങിയാണിരുന്നത്.
വണ്ടി ഓടിത്തുടങ്ങി. ആദ്യകാഴ്ചകൾക്ക് മധുരം കൂടുമല്ലൊ. ചില സ്ഥലങ്ങൾ കാണുമ്പോൾ ഇത് എറണാകുളം പോലെ, ചിലസ്ഥലങ്ങൾ അമേരിക്കപോലെ , ചിലത് തൊടുപുഴ പോലെ എന്ന റണ്ണിംഗ് കമന്ററിയോടെ യാത്ര മുന്നേറികൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഞങ്ങളുടെ കാർ സൈഡ് റോഡിൽ കൂടി വന്ന മറ്റൊരു കാറിന് വേണ്ടി നിർത്താതെ ഓടിക്കാൻ ശ്രമിച്ചു.
ആ വണ്ടിക്കാരൻ നീട്ടി ഹോണടിച്ചു.
കേരളത്തിൽ വളർന്നവർക്ക് ഹോണടി അത്ര പുത്തരിയല്ല. സന്തോഷം വന്നാലും സങ്കടം വന്നാലും, അക്ഷമ വന്നാലും, ഇനി ഒന്നും വന്നില്ലേലും ഞങ്ങൾ ഹോണടിച്ചിരിക്കും. പക്ഷേ, അമേരിക്കയിൽ ഹോണടി ഗുരുതരമായ മര്യാദാ ലംഘനമാണ് . ആൾക്കാർ അതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാനെ പറ്റില്ല. നടുവിരൽ പൊക്കികാണിച്ചും, കാറിന്റെ ചില്ല് താഴ്‌ത്തി തല പുറത്തേയ്ക്കിട്ട് നല്ല ചീത്ത പറഞ്ഞും പ്രതിഷേധം അറിയിക്കുന്നത് സർവ്വസാധാരണം. കൂടുതൽ അരിശക്കാർ തോക്കെടുക്കാനും സാധ്യതയുള്ളതിനാൽ ജീവനിൽ കൊതിയുള്ളവർ ഹോണടിക്കാനുള്ള അദമ്യമായ ആഗ്രഹത്തെ അടക്കിനിർത്തും.
ഞങ്ങളുടെ കാറിന്റെ ഡ്രൈവർ വണ്ടി നിർത്തി. പിറകൊട്ട് തിരിഞ്ഞ് ജാപ്പനീസ് ഭാഷയിൽ എന്തൊ പറഞ്ഞു. ‘ഗുളു ഗുളു’ എന്നൊരു ശബ്ദം മാത്രമായി തോന്നിയത്കൊണ്ടും, ഫോണെടുത്ത് ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്യാനുള്ള സാവകാശം അയാൾ തരാത്തതുകൊണ്ടും എന്താ പറഞ്ഞതെന്ന് മനസ്സിലായില്ല.
ആ വണ്ടിക്കാരനും കാർ നിർത്തി. രണ്ടുപേരും പുറത്തിറങ്ങി.
ഇന്നെന്തെങ്കിലുമൊക്കെ നടക്കും എന്നുകരുതി ആകാംഷയോടെ സീറ്റിൽ നിന്നൽപം പൊങ്ങി അവരെ സസൂക്ഷമം നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ അകത്തിരുന്നു. കാറിന്റെ ചില്ല് പൊങ്ങിയാണോ, വാതിൽ പൂട്ടിയാണോ കിടക്കുന്നതെന്ന് ഭർത്താവ് ഉറപ്പുവരുത്തി. ജപ്പാനിൽ നിന്ന് നല്ല ജാപ്പനീസ് തല്ലും വാങ്ങി പോകാനാണ് വിധിയെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെയെന്ന് വിധിക്ക് വിട്ടുകൊടുത്ത് ഞങ്ങൾ വണ്ടിയിൽ വീർപ്പുമുട്ടിയിരുന്നു.
രണ്ട് ഡ്രൈവർമാരും പരസ്പരം നോക്കി തലകുമ്പിട്ടു. ചുവടുകൾ വച്ച് തൊട്ടടുത്തെത്തി. ദേ പിന്നേം! ഒരു കുമ്പിടൽ കൂടി! പിന്നെകാണുന്നത് രണ്ടുപേരും വളരെ ശാന്തമായി, ബഹുമാനപൂർവ്വം എന്തൊക്കെയോ സംസാരിക്കുന്നതാണ്. രണ്ടുമൂന്ന് മിനുറ്റ് എടുത്ത വർത്തമാനം തീർന്ന് യാത്ര പറയുന്നതിനുമുൻപായി അവർ വീണ്ടും ഒന്നുകൂടി വിശാലമായ കുമ്പിടൽ നടത്തി.അതിനുശേഷം തിരിഞ്ഞ് നടന്ന് അവരവരുടെ വണ്ടിയിൽ കയറി.
ഉച്ചത്തിലുള്ള സംസാരമില്ല ചീത്ത വാക്കുകളുടെ പ്രവാഹമില്ല
വീട്ടിലോ സെമിത്തേരിയിലോ സമാധാനമായി കിടക്കുന്ന അപ്പൻ, അമ്മ ബന്ധുക്കളെ ഓമനപ്പേരുകളൊന്നും വിളിക്കാതെ, അവരെ സമാധാനമായി കിടക്കാൻ വിട്ടുകൊണ്ട് അവർ രണ്ടുപരും പിൻവാങ്ങിയിരിക്കുന്നു.
“നിങ്ങൾ കണ്ടതാണ് ഞങ്ങളുടെ റോഡ് റേജ്” എന്ന് ഹോട്ടലിൽ ഞങ്ങളെ കാത്തുനിന്നിരുന്ന നിയോറി പറഞ്ഞു.
അങ്ങനെ ജപ്പാനിൽ കാലുകുത്തിയ ദിവസം തന്നെ അതിമനോഹരമായ ഒരു ജാപ്പനീസ് റോഡ് റേജിന് സാക്ഷ്യം വഹിച്ചു.
ഇവിടുത്തെ റോഡ് റേജ് ഇത്ര മനോഹരമെങ്കിൽ ഇനിയുള്ള കാഴ്ചകൾ എങ്ങനെയായിരിക്കും എന്ന് ഞാൻ ഭർത്താവിനോടും മക്കളോടും പറഞ്ഞു.
“തൽക്കാലം ഇരിക്കാനൊരു സോഫയും കിടക്കാൻ ഒരു കട്ടിലും കിട്ടിയിരുന്നെങ്കിൽ എന്റെ നടുവിന് മനോഹരമായ ഒരു അനുഭവമാകുമായിരുന്നു” എന്ന് മൂത്ത മകൾ ആമി പറഞ്ഞു.
ഞങ്ങളെത്തുന്നതിനും മൂന്നു ദിവസം മുൻപേ ആമി ജപ്പാനിലെത്തിയിരുന്നു. നിയോറിയുടെ വീട്ടിലായിരുന്നു അവൾ ആ മൂന്നുദിവസവും താമസിച്ചത്. തനതുരീതിയിലുള്ള ജാപ്പനീസ് വീടും കാര്യങ്ങളുമായിരുന്നു നിയോറിയുടേത്.
റ്ററ്റാമി മാറ്റിൽ നിലത്ത് മൂന്നുദിവസവും കിടന്നതുകൊണ്ട് ഹോട്ടലിലെ കട്ടിൽ കണ്ടതേ അവളതിലേയ്ക്കൊരു വീഴ്ചയായിരുന്നു.
ജാപ്പനീസ് ഹോട്ടലിലാണ് താമസം ശരിയാക്കിയിരുന്നത്. ഹോട്ടലിലെ വിശാലമായ ലോബിയിൽ എന്നെ അത്ഭുതപ്പെടുത്തിയത് ഫർണ്ണിച്ചറുകളുടെ അഭാവമാണ്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലം. യാത്ര ചെയ്ത് ക്ഷീണിച്ചാണ് നിൽക്കുന്നത്. പേപ്പർ വർക്ക് തീരുന്നതുവരെ എവിടെയെങ്കിലും ഇരുന്ന് ക്ഷീണം തീർക്കാമെന്ന് വിചാരിച്ചാൽ അതിനൊരു വഴിയുമില്ല. ഡോക്ടേഴ്സ് ഓഫീസിലെ പോലെ നാലഞ്ച് കസേരകൾ മാത്രം ആ വലിയ ഹാളിന്റെ ഒരു സൈഡിൽ അടുത്തടുത്തായി ഇട്ടിരിക്കുന്നതാണ് അവിടെയുള്ള ആകെ ഫർണ്ണിച്ചർ. ജാപ്പനീസ് സംസ്‌ക്കാരത്തിലെ ഒഴിഞ്ഞ ഇടങ്ങളുടെ പ്രസക്തിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല.
“ഇത്രേം സ്ഥലമുണ്ടല്ലൊ, ഒരു സോഫയെങ്കിലും ഇവർക്കിവിടെ ഇടാമായിരുന്നു” എന്ന് നിന്ന് കാൽ കഴച്ച ഞങ്ങൾ പറഞ്ഞിട്ടും നിയോറിക്ക് ഒരു കുലുക്കവുമില്ല. കൊക്കെത്ര കുളം കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ചിരിച്ചുകൊണ്ട് ഒരേ നിൽപ്പ്.
“ഇന്ന് പുറത്തുപോകുമ്പോൾ കൈയിൽ ഒരു ട്രാഷ് ബാഗ് കരുതിക്കോ” എന്ന് മാത്രം നിയോറി മുന്നറിയിപ്പ് തന്നു.
പൊതുസ്ഥലങ്ങളിലൊരിടത്തും ട്രാഷ് ക്യാനുകൾ ഇല്ല. എന്നാൽ വഴിയിൽ ഒരിടത്തും ആരും ഒരു വേസ്റ്റ് പോലുമിട്ട് റോഡ് വൃത്തികേടാക്കുന്നുമില്ല. ആൾക്കാർ അവരുടെ കൈയിൽ കരുതിയിരിക്കുന്ന ബാഗിലിട്ട് അത് വീട്ടിൽകൊണ്ടുപോയികളയുകയാണ് പതിവത്രെ.
കിയോട്ടോയിലെ ഫാമിലിഡ്രാമ
ഒരു കുടുംബം അവധിക്കായി പോയാല്‍ ചുരുങ്ങിയത് ഒരു വഴക്കെങ്കിലും നടത്തിയിരിക്കും എന്നത് ലോകവ്യാപകമായുളള സത്യമാണെന്ന് പറയപ്പെടുന്നു. ഞങ്ങളുടെ കാര്യത്തിൽ അത് തികച്ചും ശരിയായി. കിയോട്ടൊയിലാണ് ഞങ്ങളുടെ വഴക്ക് സംഭവിച്ചത്.
ജപ്പാന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ കിയോട്ടോയിൽ ചെലവഴിക്കുന്നത് ആകെ ഒരു ദിവസം. ടോക്യോയിൽ നിന്ന് ബുള്ളറ്റ് ട്രയിനെടുത്ത് ഇവിടെ എത്താൻ തന്നെ രണ്ടുമണിക്കൂറിൽ കൂടുതൽ എടുത്തു.
ടോക്യോയിൽ എത്തിയപ്പോൾ തന്നെ ആമി കാലു മാറിയിരുന്നു. അവളുടെ ലിസ്റ്റിൽ സ്ഥലങ്ങളുടെ എണ്ണം കൂടുകയും, ഞങ്ങൾ ഓരോ ദിവസവും നടക്കുന്ന സ്റ്റെപ്സിന്റെ എണ്ണം മുപ്പതിനായിരം കവിയുകയും ചെയ്തുതുടങ്ങി.
കിയോട്ടൊയിലെത്തിയപ്പോഴും ഇതു തന്നെ സ്ഥിതി. ഞങ്ങളുടെകാലിനും ക്ഷമയ്ക്കും മുപ്പതിനായിരം സ്റ്റെപ്സ് എടുക്കാനുള്ള ത്രാണിയില്ലായിരുന്നു.
വഴിയിൽ കാണുന്ന കൊച്ചു കഫേകളിൽ ഇരിക്കുക, ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മധുരപലഹാരങ്ങൾ രുചിച്ചു നോക്കുക, പ്രത്യേകത തോന്നുന്ന സ്ഥലങ്ങളിൽ നിന്ന് ഫോട്ടോയെടുക്കുക എന്നീ കലാപരിപാടികൾനടത്തി പോകാനുള്ള മൂഡിലാണ് ഞാനും ഭർത്താവും. കുട്ടികളുടെ ധൃതിയുമായി ഞങ്ങളുടെ അലസഗമനമങ്ങ് യോജിച്ച് പോകുന്നില്ല.
ആയിരം കവാടങ്ങളുടെ ക്ഷേത്രമെത്തിയപ്പോഴേയ്ക്കും ദേഷ്യപ്പെട്ട് നാലുപേരും നാലുവഴിക്കായി. ആ വലിയ അമ്പലത്തിന്റെ ഏതെങ്കിലും പരിസരത്ത് വച്ച് കൂട്ടിമുട്ടിയാൽ ഞങ്ങൾ ആലുവാ മണൽപ്പുറത്ത് വച്ച് കണ്ട പരിചയം പോലുംകാണിച്ചില്ല. അമ്പലത്തിന്റെ നടയിൽ നീണ്ടുനിവർന്ന് കിടന്ന് ഉറങ്ങിയാലൊ എന്നു വരെ ആലോചിച്ചു. അത്രയ്ക്കുണ്ടായിരുന്നു ക്ഷീണം.
ഇതുപോലൊരു ആൾക്കൂട്ടത്തിൽ വച്ചായിരിക്കുമൊ നീലകണ്ണുള്ള ഒമ്പതുവയസ്സുകാരി കുഞ്ഞുസയൂരിയോട് ഒരു അപരിചിതൻ ഏറ്റവും ദയയോടെ പെരുമാറിയത്? പണവും തൂവാലയും സമ്മാനിച്ചത്? ആർതർ ഗോൾഡന്റെ ‘മെമ്മോയേസ് ഓഫ് എ ഗെയ്ഷ’ (Memoirs of a Geisha) വായിച്ച് ഈ വഴികളിലൂടെയെല്ലാം ഞാനെത്രയോ തവണ ഇതിനുമുൻപും നടന്നിരിക്കുന്നു.
കിയോട്ടോയുടെ പഴമയാണ് ആ നഗരത്തിന്റെ ഭംഗി. ഇവിടെ ഒരു മൂന്നുദിവസമെങ്കിലും താമസിക്കേണ്ടതായിരുന്നു എന്ന് ചിന്തിച്ചിരിക്കുമ്പോൾ അടുത്തത് ബാംബൂ ഗാർഡൻ എന്ന മെസ്സേജ് മിയ ഫാമിലി ഗ്രൂപ്പിലേക്കിട്ടു.
മുളങ്കാടിന്റെ നടുവിൽ ഇരിക്കുമ്പോൾ ‘ഷിൻറിന്‍ യോകു’ (Forest Bathing) എന്ന ജാപ്പനീസ് ആശയത്തെകുറിച്ച് ചിന്തിച്ചു. ഇവിടെ, ഈ വലിയ മരങ്ങൾ നിറഞ്ഞ കാട്ടിൽ ഒറ്റയ്‌ക്കിരിക്കുന്നത് പ്രശാന്തതയിലും , സമാധാനത്തിലും മുങ്ങി നിവരുന്നത് പോലെയായിരുന്നു. ആകാശം മുട്ടെ വളർന്ന് നിൽക്കുന്ന മുളകളുടെ വലിപ്പവും പ്രായവും, വായുവിൽ കലർന്ന അവയുടെ വന്യതയും ആസ്വദിച്ച് ഒരു മണിക്കൂർ അവിടെ ഇരുന്നപ്പോഴെയ്ക്കും വഴക്കുകളും തർക്കങ്ങളും ഒഴിഞ്ഞു പോയി. കാടിന്റെ ആഴത്തെ അനുഭവിച്ച്, മണ്ണിനെപുണർന്ന്, സ്വച്ഛ്ന്ദമായിരുന്നപ്പോൾ മരങ്ങൾ ചെവിയിൽ പറഞ്ഞു തന്ന വിവേകസൂക്തം ഇത്:
“സ്ഥലങ്ങൾ കണ്ടു തീർക്കാനുള്ളതല്ല യാത്രകൾ. കുറേ സ്ഥലങ്ങൾ ഓടി നടന്ന് കണ്ടിട്ടെന്തിന്? പകരം, കാണുന്ന സ്ഥലങ്ങളിലെ നല്ല കാഴ്ചകൾ കണ്ടും മിണ്ടിയും അനുഭവിച്ചും പോകുന്നതല്ലേ നല്ലത്. എല്ലാവരും ഒരുമിച്ചായിരിക്കുക എന്നതിൽപരം ഭാഗ്യം വേറെയെന്താണ്?”
മിയ സ്പോട്ടിഫൈ തുറന്ന് ഫീബി ബ്രിഡ്ജേഴ്സ് (Phoebe Bridgers)എഴുതിയ ഒരു പാട്ട് ഞങ്ങളെ കേൾപ്പിച്ചു.
“Day off in Kyoto
Got bored at the temple
Looked around at the 7 eleven …….”
എന്ന് തുടങ്ങുന്ന വരികൾ കേട്ടാൽ ഇവര് കിയോട്ടോയെകുറിച്ചാണ് പാടുന്നതെന്ന് തോന്നും. പക്ഷേ അല്ല. സ്വന്തം പിതാവുമായുള്ള പിരിമുറുക്കങ്ങളാണ് നാലുതവണ ഗ്രാമി കിട്ടിയ ഗായിക ആ പാട്ടിൽ മുഴുവൻ എഴുതിയിരിക്കുന്നത്.
ഫാമിലിഡ്രാമയും കിയോട്ടോയും തമ്മിൽ എന്തോ ബന്ധമുണ്ടെന്നുള്ള നിഗമനത്തിലെത്തി മിയ. പക്ഷേ, മിയയുടെ ലിസ്റ്റിലെ ബാംബൂ ഗാർഡനിൽ ‘ഷിന്റിൻ യോകു’ ചെയ്തതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. അവിടെനിന്ന് സന്തോഷത്തോടെ തിരിച്ച് ട്രെയിനിൽ ടോക്യോയിലേയ്ക്ക്.
ജപ്പാനിലെ ട്രെയിൻ യാത്രാ സൗകര്യം എടുത്തുപറയേണ്ട കാര്യമാണ്. പക്ഷെ ആദ്യമായി ജപ്പാനിലെത്തുന്നവർ ‘ഹാൻസലും ഗ്രെറ്റലും’ മുത്തശ്ശിക്കഥയിലെന്ന പോലെ ബ്രെഡ് പൊടിയോ നൂലുണ്ടയോ മറ്റൊ കൈയിൽ കരുതിയെ റയിൽവേ സ്റ്റേഷനിലേയ്ക്ക് കയറാവൂ. അല്ലെങ്കിൽ വിവരമറിയും.
ആമിയുടെ സുഹൃത്ത് നിയോറി ഓരോ ദിവസവും മെസ്സേജ് അയക്കും, ഞാൻ ഇന്ന എക്സിറ്റിൽ ഇന്ന കടയുടെ മുന്നിലുണ്ട്. അങ്ങോട്ട് പോരെയെന്ന്.
പുറത്തേയ്ക്കിറങ്ങാൻ ചുരുങ്ങിയത് ഒരു നൂറ്റമ്പത് എക്സിറ്റുകളെങ്കിലും കാണും.
പുറത്തേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കൂ എന്ന് പറഞ്ഞ് പണ്ട് പൂമ്പാറ്റയിലും ബാലരമയിലും വന്നിരുന്ന, മേസിനകത്തുപെട്ട, ചുണ്ടെലിയുടെ അവസ്ഥയാണ് ഞങ്ങളുടേത്. ഗൂഗിൾ മാപ്പൊക്കെ കൈയിൽ പിടിച്ചാണ് ഈ ചുണ്ടെലികളുടെ നടപ്പെങ്കിലും ചില ദിവസങ്ങളിൽ രണ്ട് മണിക്കൂറിൽ കൂടുതൽ എടുത്തിട്ടുണ്ട് പുറത്തുകടക്കാൻ.
പക്ഷേ, ഷിബുയാ സ്റ്റേഷനിൽ ആ പ്രശ്നമുണ്ടായില്ല. ഭാഗ്യത്തിന് അവിടെ ആകെ അഞ്ച് എക്സിറ്റുകളേ ഉണ്ടായിരുന്നുള്ളു. നൂറിൽ കൂടുതൽ എക്സിറ്റുകൾ അതിസാഹസികമായി കൈകാര്യം ചെയ്തവർക്ക് അഞ്ച് വെറും പുഷ്പം പോലെ!
എന്റെ ലിസ്റ്റിലെ, ഹാച്ചികോയുടെ പ്രതിമ കാണുക എന്ന ആഗ്രഹപ്രകാരം വന്നതാണ് ഷിബുയ സ്റ്റേഷനിൽ.കരയാൻ ഒത്തിരി കാരണങ്ങളുണ്ടായിരുന്ന, മകളുടെ അസുഖകാലത്ത് കണ്ട സിനിമയാണ് ഹാച്ചി. ഹാചികോയുടെ പ്രിയപ്പെട്ട ഉടമസ്ഥനായ പ്രൊഫസ്സർ ആയി അഭിനയിച്ചത് റിച്ചാർഡ് ഗിയർ ആയിരുന്നു. എന്നും റയിൽവേ സ്റ്റേഷനിൽ വന്ന്, മരിച്ചുപോയ പ്രൊഫസ്സറെ, കാത്തിരിക്കുന്ന ഹാച്ചി ഒരു നൊമ്പരമായിരുന്നു. കണ്ണുനിറഞ്ഞാണ് അന്ന് ആ സിനിമ കണ്ടുതീർത്തത്. ഒന്നും രണ്ടും വർഷമല്ല, ഒമ്പത് വർഷമാണ് ഈ സ്നേഹക്കാരൻ നായ അതിന്റെ ഉടമസ്ഥനെ കാത്തിരുന്നത്. അന്ന് തീരുമാനിച്ചതാണ് എന്നെങ്കിലും ജപ്പാനിൽപോകാൻ അവസരം കിട്ടിയാൽ ഇവിടെ ഷിബുയാസ്റ്റേഷനിൽ വന്ന് ഈ പ്രതിമ കാണണമെന്ന്.
നീണ്ട ലൈനുണ്ടായിരുന്നു പ്രതിമക്കുമുന്നിൽ. വേർപാട്, വിരഹം, കാത്തിരിപ്പ് ഇത് മൂന്നും ഘനീഭവിച്ച് കിടന്ന ആ സ്റ്റേഷൻ പരിസരത്ത് നിന്നപ്പോൾ, ഒരു മിണ്ടാപ്രാണിയിൽ നിന്നാണെങ്കിൽ പോലും ഉപാധികളില്ലാതെ സ്നേഹിക്കപ്പെട്ട ആ മനുഷ്യൻ എത്ര ഭാഗ്യവാനാണ് എന്നോർത്തു. പ്രൊഫസ്സറുടെ ഓർമ്മയോട് ഹാച്ചികൊ പുലർത്തിയ കലർപ്പില്ലാത്ത സ്നേഹവും വിശ്വസ്തതയും ആരെയാണ് മോഹിപ്പിക്കാത്തത് ?
ഇതിനിടയിൽ മറക്കാതെ മറ്റൊരു കാര്യമെഴുതട്ടെ. പതിനൊന്ന് ദിവസത്തെ താമസംകഴിഞ്ഞ് ചെക്ക് ഔട്ട് ചെയ്യാൻ, പെട്ടികൾ താഴെ ലോബിയിൽ എത്തിക്കാൻ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഫോൺ ചെയ്തു. ലഗേജ് ട്രോളിയുമായി വന്നത് വളരെ പെറ്റീറ്റ് ആയ ഒരു സ്ത്രീ ജീവനക്കാരി.
വീട്ടിൽ പെട്ടി അടുക്കുന്നത് എന്റെ ജോലി. എടുത്ത് വണ്ടിയിൽ വയ്ക്കുന്നത് ശാരീരിക ബലം കൂടുതലുള്ള ഭർത്താവിന്റെ ജോലി. ഈ വലിയ പെട്ടികൾ അവർക്ക് തനിയെ എടുക്കാൻ പറ്റുമോ എന്നൊരു പേടിയോടെ ഞാനും ഭർത്താവും സഹായിക്കാൻ മുതിർന്നപ്പോൾ അവർ ‘നോ, നോ’ എന്ന് പറഞ്ഞ് കൈ കൊണ്ട് വിലക്കി.ഭാരമുള്ള ആ മൂന്നു പെട്ടികളും അവർ തനിയെ എടുത്ത് ട്രോളിയിൽ വച്ച് മുറിയിൽ നിന്നിറങ്ങി.
പലരാജ്യങ്ങളിൽ പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ഹോട്ടൽ മുറിയിൽ പെട്ടികൾ എടുക്കാൻ സ്ത്രീകൾ വരുന്നത് കാണുന്നത്. പുരുഷന് ചെയ്യാവുന്നതെല്ലാമൊന്നും സ്ത്രീക്ക് ചെയ്യാൻ പറ്റില്ല പ്രത്യേകിച്ച് കായബലം കൂടുതൽ വേണ്ട ജോലികൾ എന്ന് കരുതിയത് ജപ്പാൻകാർ തിരുത്തി പറയുന്നതുപോലെ തോന്നി.
ജപ്പാനിൽ കണ്ട പലകാര്യങ്ങളും മറ്റൊരിടത്തും കാണാത്ത കാഴ്ചകളായിരുന്നു. റോഡ് റേജും പെട്ടികളെടുക്കാൻ സ്ത്രീജീവനക്കാർ വന്നതുമൊക്കെ ഏറ്റവും ചെറിയ കാര്യങ്ങൾ. പകൽ മുഴുവൻ ഞങ്ങളുടെ കൂടെ കറങ്ങിയിട്ട് രാത്രി പന്ത്രണ്ട് മണിക്കുള്ള അവസാനത്തെ ട്രെയിനിലാണ് നിയോറി വീട്ടിലേക്ക് പോയിരുന്നത്. എനിക്കെന്തൊ വല്ലാത്ത പേടിയായിരുന്നു അത്. കേരളവും ഇന്ത്യയും തന്ന പേടിയാണത്. അമേരിക്കയിലെ താമസം ഒരു പരിധി വരെ ആ പേടി കുറച്ചെങ്കിലും രാത്രിയിൽ കുട്ടികൾ തനിയെ പുറത്ത് പോകുന്നതിലുള്ള ഭയം ഡി എൻ എ യിലുറച്ചുപോയി.
“അമ്മാ, ഇവിടെ രാത്രിയെന്നോ പകലെന്നോ ഇല്ല. സ്ത്രീകൾ സുരക്ഷിതരാണ് . ആരും ശല്യപ്പെടുത്തില്ല. നിങ്ങളുടെ ഫോണോ, ബാഗോ എവിടെയെങ്കിലും മറന്നുവച്ചുവെന്നിരിക്കട്ടെ. ഇത് ജപ്പാനാണ്. അതു നിങ്ങൾക്ക് തിരിച്ച് കിട്ടിയിരിക്കും. “
എത്ര ഉറപ്പോടെയാണ് നിയോറി സ്വന്തം രാജ്യത്തെക്കുറിച്ച് പറഞ്ഞത്!
നിയോറി തന്റെ രാജ്യത്തെകുറിച്ച് പറഞ്ഞ അതേ ഉറപ്പോടെ എന്നാണ് എനിക്ക് എന്റെ ഇന്ത്യയെക്കുറിച്ച് പറയാൻ പറ്റുന്നത്?
ഉദയസൂര്യന്റെ നാടുമാത്രമായി മനസ്സിൽ ആദ്യം പതിഞ്ഞ ജപ്പാൻ ഇപ്പോൾ ഒത്തിരിയൊത്തിരി നല്ലകാര്യങ്ങളുടെയും, മര്യാദകളുടെയും ആകെത്തുകയായി മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. എന്റെ മക്കൾ വിളിക്കുന്നതുപോലെ അമ്മ എന്ന് എന്നെ അഭിസംബോധന ചെയ്യുന്ന മറ്റൊരു മകളുള്ള രാജ്യം കൂടിയായി മാറിയിരിക്കുന്നു ഇന്നെനിക്ക് ജപ്പാൻ.